ഹോം » പൊതുവാര്‍ത്ത » 

കേരളത്തിന്‌ 12,010 കോടിയുടെ വാര്‍ഷികപദ്ധതി

July 28, 2011

ന്യൂദല്‍ഹി: കേരളത്തിന്റെ 12,010 കോടി രൂപയുടെ വാര്‍ഷികപദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ്‌ ആലുവാലിയയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്‌ എന്നിവരും നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനമുണ്ടായത്‌. 11,030 കോടി രൂപ ആവശ്യപ്പെട്ടപ്പോഴാണ്‌ 12,010 രൂപ അനുവദിച്ചത്‌.
കേന്ദ്രാവിഷ്കൃത പദ്ധതിക്കുള്ള സഹായം ഉള്‍പ്പെടെയാണിത്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 1985 കോടി രൂപ അധികമാണിത്‌. കഴിഞ്ഞവര്‍ഷത്തെ പദ്ധതി അടങ്കല്‍ 10,025 കോടിയുടേതായിരുന്നു. കൊച്ചി മെട്രോയുടെ പ്രാഥമിക ചെലവുകള്‍ക്കായി 25 കോടി രൂപ നീക്കിവെച്ചതിനും ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര ഗ്രാമവികസനമന്ത്രി ജയ്‌റാം രമേശുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. ഗ്രാമവികസന പരിപാടികള്‍ നടപ്പാക്കുന്നതിന്‌ കേരളത്തിന്‌ എല്ലാവിധ പിന്തുണയും നല്‍കുമെന്ന്‌ ജയറാം രമേശ്‌ പറഞ്ഞു. ഗ്രാമതലങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, റോഡുകള്‍ നിര്‍മ്മിക്കുക, ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കുക എന്നീ രംഗങ്ങളില്‍ എല്ലാവിധ സഹായവും കേരളത്തിനു നല്‍കുമെന്ന്‌ അദ്ദേഹം ഉറപ്പുനല്‍കി.
കേരളത്തില്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കുന്നത്‌ ഫാസ്റ്റ്‌ ട്രാക്ക്‌ സ്കീമില്‍പ്പെടുത്തി സാമ്പത്തിക സഹായം നല്‍കണമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞു.
കന്നുകാലി വളര്‍ത്തല്‍, ജീവിത മാര്‍ഗ്ഗത്തിനുളള വിവിധ തൊഴിലുകള്‍, ഭവനങ്ങളുടെയും ടോയ്‌ലറ്റുകളുടെയും നിര്‍മ്മാണം എന്നിവ കൂടി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. തൊഴിലുറപ്പ്‌ പദ്ധതി, ഇന്ദിരാ ആവാസ്‌ യോജന, സമ്പൂര്‍ണ്ണ ശുചിത്വ ദൗത്യം എന്നിവ സംയോജിപ്പിച്ചിട്ടുണ്ടെന്ന്‌ ജയറാം രമേശ്‌ പറഞ്ഞു. സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്‌, കൃഷി മന്ത്രി കെ.പി.മോഹനന്‍, തുറമുഖവകുപ്പ്‌ മന്ത്രി കെ.ബാബു, ജനശ്രീ മിഷന്‍ ഡയറക്ടര്‍ എം.എം.ഹസ്സന്‍ എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Related News from Archive
Editor's Pick