നിങ്ങൾ തിരഞ്ഞത് ടി.എസ്. നീലാംബരന്‍ ഏകദേശം 11 ഫലങ്ങൾ, 0.015 സെക്കൻഡ്
മനോജ് വധത്തിനു പിന്നില്‍ 'നായനാര്‍' സംഘം

കൊച്ചി: സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്നത് ഇഎംഎസും എകെജിയും നായനാരും! അന്തരിച്ച, മുതിര്‍ന്ന നേതാക്കളുടെ സ്മരണകളെപ്പോലും അപമാനിക്കും വിധമാണ് പാര്‍ട്ടിയിലെ കൊലയാളി സംഘങ്ങള്‍ക്കു വിളിപ്പേര് നല്‍കുന്നത്. കൊലപാതകമടക്കമുള്ള പാര്‍ട്ടി ഓപ്പറേഷനുകള്‍ക്കുവേണ്ടിയുള്ള ഗുണ്ടാ സംഘങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ അന്തരിച്ച നേതാക്കളുടേതാണ്. തങ്ങള്‍ ചെയ്യുന്നത് മഹത്തായ എന്തോ കാര്യമാണ് എന്ന് അവരെ ബോധ്യപ്പെടുത്താനാണ് കൊലയാളി സംഘത്തിന് വലിയ നേതാക്കളുടെ പേരിടുന്നതെന്നാണ് പോലീസ് വിലയിരുത്തല്‍. ഇതോടെ എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാകുന്നു. നേതൃത്വത്തിന് വേണ്ടതും അതാണ്. എന്നാല്‍ എല്ലാവരും ബഹുമാനിക്കുന്ന നേതാക്കളുടെ പേര് കൊലയാളി സംഘങ്ങള്‍ക്കിടുന്നത് ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിട്ടുമുണ്ട്. മനോജ് വധത്തെ തുടര്‍ന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊലയാളി സംഘങ്ങളെക്കുറിച്ച് സൂചനയുള്ളത്. ഇ.കെ. നായനാരുടെ പേരിലുള്ള കൊലയാളി സംഘത്തിനായിരുന്നു മനോജ് വധത്തിന്റെ ചുമതല. പാര്‍ട്ടി ജില്ലാസെക്രട്ടറി നേരിട്ടാണ് ഇത്തരം കൊലയാളി സംഘങ്ങളെ ദൗത്യം ഏല്‍പ്പിക്കുന്നത്. നിഷ്ഠൂര കൃത്യങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളായ ഗുണ്ടകളുമാണ് ഓരോ സംഘത്തിലുമുണ്ടാവുക. ടി.പി. ചന്ദ്രശേഖരന്‍ വധത്തിലും ഇത്തരം കൊലയാളി സംഘമാണ് പ്രവര്‍ത്തിച്ചത്. അന്ന് കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കണ്ണൂര്‍ ജില്ലാ നേതൃത്വം അക്രമി സംഘത്തെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. സമാനമായ സംഘമാണ് മനോജ് വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചത്. സിപിഎമ്മിന് കേരളത്തിലുടനീളം ഇത്തരം സംഘങ്ങളുണ്ടെങ്കിലും മറ്റു ജില്ലകളില്‍ പലയിടത്തും ഇപ്പോള്‍ ഇവ നിര്‍ജ്ജീവമാണ്. ഏരിയ കമ്മിറ്റികളാണ് ഇത്തരം സംഘങ്ങളെ നിലനിര്‍ത്തുന്നത്. ഏരിയകമ്മിറ്റിയിലെ മുഴുവന്‍ നേതാക്കള്‍ക്കും ഇവര്‍ ആരൊക്കെയെന്നോ എന്തുചെയ്യുന്നുവെന്നോ അറിയില്ല. ഒന്നോ രണ്ടോ അംഗങ്ങള്‍ക്ക് മാത്രമാകും ചുമതല. പാര്‍ട്ടിസ്ഥാപനങ്ങളില്‍ ചെറിയ ജോലികള്‍ നല്‍കിയാണ് ഇവരെ നിലനിര്‍ത്തുന്നത്. ജോലി ഒരു മറ മാത്രമാണ്. പ്രധാനജോലി പാര്‍ട്ടിക്കുവേണ്ടി കൊലപാതകങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുക എന്നതുതന്നെ. ഇതിനായി ധാരാളം പണവും ഇവര്‍ക്ക് നല്‍കുന്നുണ്ട്. മനോജ് വധത്തിനായി കൊലയാളി സംഘത്തെ തയ്യാറാക്കാന്‍ ഇരുപത് ലക്ഷം രൂപയോളം പാര്‍ട്ടി നല്‍കിയതായാണ് വിവരം. ടി.പി. വധത്തിനു വേണ്ടിയും അന്‍പത് ലക്ഷം രൂപയോളം പാര്‍ട്ടി കൊടിസുനിക്കും സംഘത്തിനുമായി നല്‍കിയിരുന്നു. കേസുകളില്‍ പിടിക്കപ്പെടില്ലെന്നും പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടുത്തിക്കൊള്ളാമെന്നും നേതൃത്വം ഉറപ്പു നല്‍കും. ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശമില്ലാതെ ഈ കൊലയാളി സംഘങ്ങള്‍ ഓപ്പറേഷന്‍ നടത്തരുതെന്നാണ് ചട്ടം. എന്നാല്‍ ചിലസമയത്ത് ഈ ഗുണ്ടകള്‍ സ്വന്തം നിലക്ക് ചില ഓപ്പറേഷനുകള്‍ സംഘടിപ്പിക്കും. പലപ്പോഴും പണത്തിനു വേണ്ടിയായിരിക്കും ഇത്. ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കാറുമുണ്ട്. പാര്‍ട്ടിക്ക് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാകും. ഇത്തരം പാര്‍ട്ടി ക്രിമിനല്‍ സംഘങ്ങള്‍ സംസ്ഥാനത്ത് സിപിഎമ്മിന് എന്നും ഉണ്ടായിരുന്നു. ഇപ്പോള്‍ പലതും നിര്‍ജ്ജീവമാണ്, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഒരു കാലത്ത് പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപകമായിരുന്നു. പിന്നീട് ഇവര്‍ പലരും പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങളായി മാറി. ഇതോടെ പാര്‍ട്ടിക്ക് ഇവരുടെ മേലുള്ള നിയന്ത്രണം കുറഞ്ഞു. തൃശ്ശൂര്‍ ചിയ്യാരം കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വന്‍ ഗുണ്ടാ സംഘങ്ങളെ പാര്‍ട്ടി വളര്‍ത്തിയെടുത്തിരുന്നു. പിന്നീട് ഈ ഗുണ്ടാ സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി കൊന്നൊടുക്കുകയായിരുന്നു.അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.എസ്. നീലാംബരന്‍

//www.janmabhumidaily.com/news223922

തിരുപ്പിറവി തൃശൂരില്‍ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു

…, ബി.ഗോപാലകൃഷ്ണന്‍, എ.നാഗേഷ്, ജന്മഭൂമി യൂണിറ്റ് മാനേജര്‍ പി.സുധാകരന്‍, ബ്യൂറോ ചീഫ് ടി.എസ്. നീലാംബരന്‍, അസി. മാര്‍ക്കറ്റിങ്ങ് മാനേജര്‍ ടി.ആര്‍.രമേശ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് സ്മിത വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. …

//www.janmabhumidaily.com/news534835

കാക്കിയിട്ട കുറ്റം

… പലതും കെട്ടിച്ചമച്ചതാണെന്നാണ്. റിപ്പോര്‍ട്ടിംഗ്: കെ.ഡി. ഹരികുമാര്‍ (കോട്ടയം), ടി.എസ്. നീലാംബരന്‍ (തൃശൂര്‍), സി. രാജ (തിരുവനന്തപുരം). …

//www.janmabhumidaily.com/news504777

അടിയന്തരാവസ്ഥയിലെ ജന്മഭൂമി പ്രവര്‍ത്തനം മാതൃകാപരം: അബ്ദുള്‍ ഖാദര്‍

…, നാരായണന്‍ നമ്പൂതിരി, രവി ചങ്കത്ത്, ടി.ബി.ജയപ്രകാശ്, പി.പി.ഉണ്ണികൃഷ്ണന്‍, എ.എന്‍.പ്രതീഷ്, അഡ്വ. പവിത്രന്‍, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു. ടി.എസ്. നീലാംബരന്‍ സ്വാഗതവും ടി. നിരാമയന്‍ നന്ദിയും പറഞ്ഞു.…

//www.janmabhumidaily.com/news468497

പാര്‍ട്ടിയില്‍ അതൃപ്തി; പി.ജയരാജന്‍ ഒറ്റപ്പെട്ടു, പിണറായിയും പ്രതിരോധത്തില്‍

കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ പാര്‍ട്ടി നടപടി വേണമെന്ന് ആവശ്യമുയരുന്നു. കണ്ണൂര്‍ജില്ലയില്‍ ജയരാജന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന കൊലപാതക പരമ്പരകള്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എതിര്‍വിഭാഗം പാര്‍ട്ടിക്കുള്ളില്‍ നീക്കം ശക്തമാക്കിയത്. ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ട സാഹചര്യമാണ് ഇപ്പോള്‍. തെക്കന്‍ ജില്ലകളില്‍ നിന്നൂള്ള നേതാക്കളാണ് പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പരാതി രേഖാമൂലം അയച്ചിട്ടുണ്ട്. പിണറായി വിജയന്‍ ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ജയരാജന്റെ വ്യക്തിപരമായ വൈരാഗ്യങ്ങളാണ് അടുത്തകാലത്തുണ്ടായ കൊലകള്‍ക്ക് കാരണമായതെന്നും എതിര്‍വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഷുക്കൂര്‍ വധം, സൈനുദ്ദീന്‍ വധം,ടിപിവധം, ഫസല്‍ വധം എന്നിവയെല്ലാം ജയരാജന്റെ താത്പര്യപ്രകാരം നടന്നതായിരുന്നു. കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിലും ജയരാജന്റെ സ്വകാര്യ ഗുണ്ടാസംഘമായിരുന്നു. ഇപ്പോള്‍ കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതും ജയരാജന്റെ താത്പര്യപ്രകാരം മാത്രമായിരുന്നു. പാര്‍ട്ടിക്ക് ഇതുകൊണ്ട് എന്തു പ്രയോജനം എന്ന് നേതൃത്വം ചിന്തിക്കണം.  നേതാക്കള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ച ഇങ്ങനെയാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബിയും കോടിയേരിയും ജയരാജന്റെ നിലപാടില്‍ അതൃപ്തിയുള്ളവരാണ്. ടി.പി വധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഗുണ്ടാസംഘം പിടിയിലായതോടെയാണ്  ജയരാജന്‍ പ്രതിരോധത്തിലായത്. സാമൂഹ്യ വിരുദ്ധരെ പാര്‍ട്ടി അണികളെന്ന പേരില്‍ സംരക്ഷിക്കുകയും ഗുണ്ടാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന ശൈലിയാണ് ജയരാജന്റേതെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നു. പി.ശശി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ഒഴിവിലാണ് പി.ജയരാജന്‍ സെക്രട്ടറിയായത്. ഇതിനുശേഷം കൊലപാതക പരമ്പരയാണ് ജില്ലയില്‍ അരങ്ങേറിയത്. വി.എസിന്റെ വിശ്വസ്തനായറിയപ്പെടുന്ന ഒരു നേതാവ് ചൂണ്ടിക്കാട്ടുന്നു. ടി.പി വധക്കേസില്‍ വിഎസ്  മാത്രമാണ് എതിര്‍പ്പുമായി രംഗത്തെത്തിയതെങ്കില്‍ ഇക്കുറി ഔദ്യോഗിക പക്ഷത്തുനിന്നു തന്നെ ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്. പാര്‍ട്ടിക്കുളളിലെ എതിര്‍പ്പ് രൂക്ഷമായതോടെ ജയരാജനെ പരസ്യമായി ന്യായീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പിണറായിയും. പി.ജയരാജനല്ലാതെ മറ്റാരും പരസ്യ പ്രസ്താവനകളുമായി രംഗത്തു വരാഞ്ഞതും ശ്രദ്ധേയമായി. സിബിഐ അന്വേഷണത്തെ വിമര്‍ശിച്ച് രംഗത്തു വരാന്‍ പാര്‍ട്ടി നിയോഗിച്ചത് സംസ്ഥാനകമ്മിറ്റി അംഗമായ എം.വി ജയരാജനെ മാത്രമാണ്. പി. ജയരാജന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം എത്രമാത്രം പ്രതിരോധത്തിലായിരിക്കുന്നുവെന്നതിന്റെ സൂചനയാണിത്. മകന്‍ ഫേസ് ബുക്ക് പോസ്റ്റുമായി പ്രത്യക്ഷപ്പെട്ടതും ജയരാജന്റെ നില പരുങ്ങലിലാക്കുക���ായിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ മൊബൈലില്‍ ഷുക്കൂറിന്റെ ഫോട്ടോ തിരിച്ചറിഞ്ഞ് കൊല്ലാന്‍ കല്പന കൊടുത്തു എന്നതാണ് ജയരാജനെതിരായ കേസ്. ടി.പി ചന്ദ്രശേഖരന്‍ വധത്തിലും കൊലയാളി സംഘത്തെ ഏര്‍പ്പാടാക്കിയത് ജയരാജനാണെന്ന് ആര്‍.എം.പി ആരോപിച്ചിരുന്നു. ടി.എസ്. നീലാംബരന്‍

//www.janmabhumidaily.com/news222447

പുനഃസംഘടന: ഗ്രൂപ്പുകള്‍ക്കുള്ളിലും പോര്; സ്പീക്കറാകാന്‍ ആളില്ല

കൊച്ചി: ഗ്രൂപ്പുകള്‍ക്കുള്ളിലും പോര് മൂര്‍ച്ഛിച്ചതോടെയാണ് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന കീറാമുട്ടിയായത്. മന്ത്രിപദ മോഹികളുടെ എണ്ണം ഏറിയതാണ് പ്രശ്‌നമായത്.
ഒന്നോ രണ്ടോ പേരെ മാറ്റി പകരക്കാരെ കൊണ്ടുവരാമെന്ന കണക്കുകൂട്ടല്‍ ഇനി നടക്കില്ല. പുനഃസംഘടന ഉണ്ടെങ്കില്‍ സമൂലമായ അഴിച്ചുപണി വേണ്ടിവരും. മന്ത്രിസ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിനേക്കാള്‍ ശക്തമാണ് ഗ്രൂപ്പുകള്‍ക്കുള്ളിലെ വടംവലികള്‍. ജി. കാര്‍ത്തികേയനേയും ബെന്നി ബഹനാനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ട്.
ബെന്നി ബഹനാനുവേണ്ടി സഭാനേതൃത്വവും സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ട്. ബെന്നി ബഹനാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കെ. ബാബുവിനെ ഒഴിവാക്കേണ്ടി വരും. ഇത് സാമുദായിക സന്തുലനം തെറ്റിക്കും. കെ. ബാബു ഒഴിയാനും തയ്യാറല്ല. കെ.സി. ജോസഫിനെ ഒഴിവാക്കി കാര്‍ത്തികേയനെ ഉള്‍പ്പെടുത്തണമെന്ന തീരുമാനത്തിനും തിരിച്ചടി നേരിട്ടു. ഒഴിയാന്‍ സന്നദ്ധനല്ലെന്ന നിലപാടിലാണ് കെ.സി. ജോസഫ്. ഐ ഗ്രൂപ്പില്‍ സ്ഥിതി ഇതിലും വഷളാണ്. കെ. മുരളീധരന്‍, വി.ഡി. സതീശന്‍ എന്നീ പേരുകള്‍ മുഖ്യമന്ത്രിതന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഗ്രൂപ്പ് നേതാവായ ചെന്നിത്തലയ്ക്ക് ഇരുവരോടും താല്‍പ്പര്യമില്ല. ഐ ഗ്രൂപ്പില്‍നിന്ന് പുതിയ ഒരാളെ മന്ത്രിസഭയിലെടുക്കണമെങ്കില്‍ ഗ്രൂപ്പിലെ ഒരു മന്ത്രി ഒഴിയണം. സി.എന്‍. ബാലകൃഷ്ണന്‍ ഒഴിയട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. എന്നാല്‍ ഒഴിയാന്‍ തയ്യാറല്ലെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് എന്നും ഉറച്ച പിന്തുണ നല്‍കുന്ന തൃശൂര്‍ ജില്ലയില്‍ നിന്ന് മന്ത്രിയില്ലാതാകുന്ന സാഹചര്യവും സി.എന്‍. ബാലകൃഷ്ണന്‍ ഒഴിഞ്ഞാല്‍ ഉണ്ടാകും.
തൃശൂര്‍ ജില്ലയില്‍നിന്ന് തേറമ്പിലിന്റെയും ടി.എന്‍. പ്രതാപന്റെയും പേരുകള്‍ ഉയരുന്നുണ്ടെങ്കിലും നേതൃത്വത്തിന് വലിയ താല്‍പ്പര്യമില്ല. സി.എന്‍. ബാലകൃഷ്ണനെ ഒഴിവാക്കി ജില്ലയില്‍ നിന്ന് ഇവരെ ആരെയെങ്കിലും മന്ത്രിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് വിലയിരുത്തല്‍. സ്പീക്കര്‍ പദവി ആര്‍ക്കുവേണമെങ്കിലും നല്‍കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ അതേറ്റെടുക്കാന്‍ ആളില്ല.
കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ സ്പീക്കറാകാനില്ല എന്ന് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. സ്പീക്കറായാല്‍ പാര്‍ട്ടി പദവി രാജിവെക്കേണ്ടിവരുമെന്നതിനാല്‍ താല്‍പര്യമില്ല. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമാണ് കാര്‍ത്തികേയന്റെ രാജിയെന്നാണ് വിലയിരുത്തല്‍. പുനഃസംഘടന യാഥാര്‍ത്ഥ്യമായാല്‍ നഷ്ടം ഐ ഗ്രൂപ്പിനാവും. ഇപ്പോള്‍ മന്ത്രിമാരുടെ എണ്ണത്തിലും വകുപ്പുകളുടെ കാര്യത്തിലും ഐ ഗ്രൂപ്പിനുള്ള മേല്‍ക്കൈ നഷ്ടമാകും.
ഐ ഗ്രൂപ്പിന്റെ എതിര്‍പ്പിനു കാരണമിതാണ്. പാര്‍ട്ടിയിലും ഭരണത്തിലും തന്റെ മേല്‍ക്കൈ നഷ്ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭയില്‍ മേല്‍ക്കൈ നേടാനായാല്‍ അതുവഴി പാര്‍ട്ടിയിലും സ്വാധീനമുറപ്പിക്കാനാകുമെന്നദ്ദേഹംകരുതുന്നു.
ആഭ്യന്തരവകുപ്പും റവന്യൂ വകുപ്പും പോയതോടെ എ ഗ്രൂപ്പിലെ അണികളും നിരാശയിലാണ്. തന്നോടാലോചിക്കാതെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നതില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിഷേധത്തിലാണ്. വിവിധ കാരണങ്ങളാല്‍ പുനഃസംഘടനയെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ സുധീരനൊപ്പം നില്‍ക്കുന്നുവെന്ന അവസ്ഥയുണ്ട്.
എ.കെ. ആന്റണിയോട് അടുപ്പവും വിധേയത്വവും പുലര്‍ത്തുന്ന എ ഗ്രൂപ്പുകാര്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളെ വിമര്‍ശനബുദ്ധ്യാ ആണ് കാണുന്നത്. ആന്റണിയെ ദല്‍ഹിക്കയച്ചതുമുതല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തുടര്‍ന്നുവന്ന തന്റെ സുവര്‍ണകാലം നഷ്ടമാകുന്നത് ഉമ്മന്‍ചാണ്ടിയും തിരിച്ചറിയുന്നുണ്ട്. പുനഃസംഘടന ഉമ്മന്‍ചാണ്ടിയുടെ മാത്രം ആവശ്യമാണെന്ന ധാരണ സൃഷ്ടിക്കാന്‍ മറുവിഭാഗത്തിനായിട്ടുമുണ്ട്.
ടി.എസ്. നീലാംബരന്‍

//www.janmabhumidaily.com/news214912

കാലത്തിന്റെ കാന്‍വാസില്‍ ചിത്രം വരച്ചൊരാള്‍

കൊച്ചി: കാലത്തിന്റെ കാന്‍വാസില്‍ ചിത്രം വരക്കാനായിരുന്നു ദേവനിഷ്ടം. കലാപത്തിന്റെ സ്വരമുണ്ടായിരുന്നു ദേവന്റെ ചിത്രങ്ങള്‍ക്കും വാക്കുകള്‍ക്കും. ചിത്രകലയുടെ നടപ്പു രീതികളില്‍ നിന്നുള്ള കലഹമായിരുന്നു രചനാവഴികളില്‍ ദേവനെ വേറിട്ടു നടത്തിയത്‌. കേരളത്തിന്റെ ചിത്രമെഴുത്ത്‌ രീതികളില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ്‌ വിശിത്തുടങ്ങുകയായിരുന്നു അപ്പോള്‍. കെ.സി.എസ്‌ ഒരു വിഗ്രഹമായി പലരേയും മോഹിപ്പിച്ച കാലത്താണ്‌ ദേവനും ചിത്രമെഴുത്തിന്റെ സങ്കേതങ്ങള്‍ തേടി മദിരാശിയിലേക്ക്‌ വണ്ടി കയറിയത്‌.
വരകളും വര്‍ണ്ണങ്ങളും ജീവിതത്തെ പുതുക്കിപ്പണിയുന്നതിന്റെ രസതന്ത്രം അതിനുമുന്‍പേ മനസ്സിലുണ്ടായതു കൊണ്ടാവണം മദിരാശിയില്‍ നിന്ന്‌ അധികം വൈകും മുന്‍പേ ദേവന്‍ മലയാളത്തിന്റെ മണ്ണിലേക്ക്‌ മടങ്ങിയെത്തി. ചിന്തകളിലും എഴുത്തുകളിലും നവീനഭാവുകത്വത്തിന്റെ ശൈലീഭേദം സംഭവിക്കുകയായിരുന്നു മലയാളത്തിലപ്പോള്‍. ദേവന്‍ ഇതിന്റെ മുന്നണിയില്‍ തന്നെ ഉണ്ടായിരുന്നു. കെസിഎസ്‌ സ്കൂളിന്റെ ആദ്യ സെലിബ്രിറ്റി എന്ന നിലയില്‍ ദേവന്‍ പിന്നീട്‌ കേരളത്തില്‍ കൊണ്ടാടപ്പെടുകയായിരുന്നു.
ആധുനിക ചിത്രകലയുടെ വക്താക്കളായി പിന്നീട്‌ കടന്നുവന്നവരിലെല്ലാം കെസിഎസിന്റെതെന്ന പോലെ ദേവന്റെയും മുദ്ര പതിഞ്ഞിരുന്നു. ചിത്രവും ശില്‍പ്പവും സൗന്ദര്യാനുഭൂതി മാത്രമല്ല ദേവന്റെ സൃഷ്ടികളില്‍. സന്നിഗ്ധമായ ജീവിതത്തിന്റെ വേവലാതികളായിരുന്നു ആ സൃഷ്ടികളില്‍ പലതിന്റേയും കാതല്‍. മനുഷ്യര്‍ കുറച്ചു കൂടി ഭേദപ്പെട്ട ജീവിതത്തിന്‌ അവകാശികളാണെന്ന്‌ ദേവന്‍ തന്റെ സൃഷ്ടികളിലൂടെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.
സൃഷ്ടിയുടെ പൊരുള്‍ അധ്വാനമാണ്‌ എന്ന സിദ്ധാന്തമായിരുന്നു ദേവനെ നയിച്ചിരുന്നത്‌. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ വിയര്‍പ്പു നാറ്റങ്ങളോടും ആകുലതകളോടും എന്നും മമത പുലര്‍ത്തിപ്പോന്നു ആ കലാകാരന്‍. മണ്ണിലും കല്ലിലും പ്രകൃതിയിലും അധ്വാനം കൊണ്ട്‌ കവിത വിരിയിക്കുന്നവരാണ്‌ യഥാര്‍ത്ഥ കലാകാരന്‍മാര്‍ എന്ന വാദം എന്നും ദേവനുണ്ടായിരുന്നു. ദേവന്‍ കഥാപാത്രങ്ങളുടെ ശരീരശാസ്ത്രവും ഇതിനോട്‌ നീതി പുലര്‍ത്തുന്നതായിരുന്നു. ആഢ്യത്വത്തിന്റെ അരമനക്കാഴ്ചകളില്‍ നിന്ന്‌ ദേവന്‍ ചിത്രങ്ങള്‍ മലയാളിയെ സാധാരണ ജീവിത പരിസരങ്ങളിലേക്ക്‌ പറിച്ചു നട്ടു. ആ ചിത്രങ്ങളില്‍ - ശില്‍പ്പങ്ങളിലും തങ്ങളുടെ തന്നെ പ്രതിരൂപങ്ങള്‍ കണ്ട്‌ അവര്‍ അമ്പരന്നു. കല എന്നത്‌ കൂടുതല്‍ അന്തസ്സാര്‍ന്ന ഒരു ജീവിതത്തിനു വേണ്ടിയുള്ള അന്വേഷണം കൂടിയാണെന്ന സത്യം അവര്‍ പഠിക്കുകയായിരുന്നു. ജീവിത നിഷേധങ്ങള്‍ക്കെതിരെ കരുത്താര്‍ന്ന ഒരു പോരാട്ടത്തിന്റെ ശക്തിയുണ്ടായിരുന്നു ആ വരകള്‍ക്കും വരികള്‍ക്കും.
കെസിഎസിനേപ്പോലെ തന്നെ ദേവനെ പിടികൂടിയ മറ്റൊരാള്‍ ഗോവിന്ദനായിരുന്നു. ചിത്രരചനയുടെ സങ്കേതങ്ങളേപ്പോലെ തന്നെ ജീവിതത്തിന്റെ പ്രത്യയശാസ്ത്ര സാങ്കേതികതയും മദിരാശിക്കാലത്ത്‌ ഗോവിന്ദനില്‍ നിന്ന്‌ ദേവന്‍ സ്വന്തമാക്കി. സൃഷ്ടികള്‍ക്ക്‌ കരുത്തു പകരുന്നതില്‍ ഈ ജീവിതാവബോധം ദേവനെ ഏറെ സഹായിച്ചിട്ടുണ്ടാകണം. ആധുനികതയുടെ അകമ്പടിയോടെ അരങ്ങേറിയ കലയുടെ ,കലാകാരന്റേയും അരാഷ്ട്രീയവത്കരണത്തിന്റെ കാലത്ത്‌ തികഞ്ഞ രാഷ്ട്രീയബോധത്തോടെ തലയുയര്‍ത്തി നിന്നു ദേവനിലെ കലാകാരന്‍. വാക്കുകള്‍ കൊണ്ടും വരകള്‍ കൊണ്ടും പലരുമായി നിരന്തരം കലഹിച്ചു കൊണ്ട്‌. ആ കലാപങ്ങളോരോന്നും മലയാളിയുടെ സാംസ്കാരിക പരിസങ്ങളെ, രാഷ്ട്രീയത്തെ അത്രമേല്‍ നവീകരിക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യുന്നതായിരുന്നു. അടിസ്ഥാനവിഭാഗങ്ങളുടെ ജീവിതരാഷ്ട്രീയത്തോടൊപ്പം കരുതലോടെ നിലയുറപ്പിക്കുമ്പോഴും വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചതിക്കുഴികള്‍ക്കെതിരെ അദ്ദേഹം ജാഗ്രത പാലിച്ചു.
കമ്യൂണിസത്തിന്റെ വാരിക്കുഴിയില്‍ വീഴാത്ത അക്കാലത്തെ അപൂര്‍വ്വം കൊമ്പന്‍മാരിലൊരാളായിരുന്നു ദേവന്‍. അക്കാദമിക്‌ സ്ഥാനമാനങ്ങളുടെ ഉടുത്തുകെട്ടുകളേക്കാള്‍ അദ്ദേഹം വിലമതിച്ചത്‌ ജീവിതത്തിന്റെ നേരുകളെയായിരുന്നു. അതുകൊണ്ടാകണം ദേവനിലെ കലാകാരനേയോ മനുഷ്യസ്നേഹിയേയോ വിലക്കെടുക്കാന്‍ ആര്‍ക്കും കഴിയാതെ പോയത്‌. പ്രത്യയശാസ്ത്ര നിലപാടുകളുടെ തകരച്ചെണ്ടകള്‍ ഉറക്കെ മുഴങ്ങിക്കൊണ്ടിരുന്നപ്പോഴും ആ നേര്‍ത്ത ദേവസ്പന്ദനത്തിനായി എപ്പോഴും മലയാളം കാത്തിരുന്നതും ആ നേരു കൊണ്ടായിരുന്നു. പൊള്ളിക്കുന്നതായിരുന്നു പലപ്പോഴും ആ ഇടപെടലുകള്‍. പക്ഷേ ധീരതയുടെയും സത്യത്തിന്റേയും സൗന്ദര്യങ്ങള്‍ ആ ഇടപെടലുകള്‍ക്ക്‌ വല്ലാത്തൊരു ആകര്‍ഷണം നല്‍കി.
ആരോടെന്നതായിരുന്നില്ല ഓരോ കലാപത്തിന്റെയും കാതല്‍. എന്തിനെന്നതായിരുന്നു. പ്രതിഭകളും വാഴ്ത്തപ്പെട്ടവരും പോലും പലപ്പോഴും ആ പൊള്ളല്‍ അനുഭവിച്ചറിഞ്ഞു. ചിത്രകാരന്‍, ശില്‍പ്പി എന്ന നിലയിലെല്ലാമുള്ള സൗന്ദര്യാരാധനയുടെ സമാന്തരമായി രാഷ്ട്രീയ മനസ്സിനെ കൊണ്ടു നടക്കാന്‍ കഴിഞ്ഞതാണ്‌ ദേവന്‍ എന്ന മനുഷ്യസ്നേഹിയുടെ ജീവിതത്തെ ഇത്രയേറെ ശ്രദ്ധേയമാക്കുന്നത്‌. സാഹിത്യവിമര്‍ശനവും കലാവിമര്‍ശനവും ആദ്യകാലം മുതല്‍ ദേവനെപ്പം ഉണ്ടായിരുന്നു. ജാഗ്രതയോടെയുള്ള ആ ഇടപെടലുകളാണ്‌ പിന്നീട്‌ രാഷ്ട്രീയ വിമര്‍ശനത്തിന്റെ കുന്തമുന ആ ചിന്തകള്‍ക്ക്‌ നല്‍കിയത്‌. അരങ്ങൊഴിയുമ്പോഴും ആ വാക്കുകളും വരകളും അവശേഷിപ്പിക്കുന്ന കരുത്തിന്റെയും കരുതലിന്റെയും സൗന്ദര്യം ബാക്കിയാകുന്നു.
ടി.എസ്. നീലാംബരന്‍

//www.janmabhumidaily.com/news195727

കൊച്ചി മെട്രോ: ശ്രീധരന്‍ രാജിക്ക്‌

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ മുഖ്യഉപദേഷ്ടാവ്‌ ഇ. ശ്രീധരന്‍ രാജിക്കൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കെ.എം ആര്‍എല്ലിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണിത്‌. ശ്രീധരന്‍ രാജിവച്ചാലും ഡിഎംആര്‍സിയുടെ മേല്‍നോട്ട ചുമതല തുടര്‍ന്നേക്കും. തനിക്ക്‌ തുടരാന്‍ താത്പര്യമില്ലെന്ന്‌ ശ്രീധരന്‍ ബന്ധപ്പെട്ടവരെ അറിയിച്ചതായാണ്‌ വിവരം. ഡിഎംആര്‍സിയുടേയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും അനുമതിക്കായി കാത്തിരിക്കുകയാണ്‌ അദ്ദേഹം. മെട്രോ നിര്‍മ്മാണം മുന്‍കൂട്ടി തീരുമാനിച്ച സമയത്ത്‌ പൂര്‍ത്തിയാവില്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടല്ല ഉണ്ടാകുന്നതെന്നും പല പ്രാവശ്യം മുഖ്യമന്ത്രി അടക്കമുള്ളവരെ ഇക്കാര്യം അറിയിച്ചിട്ടും ഒരു മാറ്റവുമില്ലെന്നും ഈ നിലയില്‍ തുടരാന്‍ താത്പര്യമില്ലെന്നുമാണ്‌ ശ്രീധരന്റെ നിലപാട്‌. മെട്രോക്കായി ആദ്യഘട്ടത്തില്‍ കോച്ചുകള്‍ വാങ്ങുന്നതിന്‌ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയുമായി ഡിഎംആര്‍സി കരാറിലെത്തിയിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത ചൈനീസ്‌ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക്‌ മതിയായ ഗുണനിലവാരമില്ലെന്ന്‌ ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കെഎംആര്‍എല്ലും ഈ കരാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ പുതിയ ടെണ്ടര്‍ ക്ഷണിച്ച്‌ അതിന്റെ മറവില്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക്‌ കരാര്‍ നല്‍കാനൊരുങ്ങുകയാണ്‌ സര്‍ക്കാര്‍. 800 കോടിയുടേതാണ്‌ കരാര്‍. ഇതിനു പിന്നില്‍ വന്‍ അഴിമതി ഉള്ളതായും സംശയമുയര്‍ന്നിട്ടുണ്ട്‌. യൂറോപ്യന്‍ കമ്പനികളേക്കാള്‍ നിലവാരമുള്ളത്‌ ഹ്യുണ്ടായിയുടെ കോച്ചുകള്‍ക്കാണെന്നാണ്‌ ശ്രീധരന്റെ നിലപാട്‌. എന്നാല്‍ ശ്രീധരന്റെ അഭിപ്രായം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. മാത്രമല്ല തുടര്‍ന്നുള്ള പര്‍ച്ചേസുകളില്‍ ഡിഎംആര്‍സിയോ ശ്രീധരനോ ഇടപെടേണ്ടതില്ല എന്നും കെഎംആര്‍എല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. നിര്‍മ്മാണ മേല്‍നോട്ട ജോലികള്‍ മാത്രമാണ്‌ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചിട്ടുള്ളത്‌ എന്നും മറ്റു കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്നുമാണ്‌ കെഎംആര്‍എല്‍ നിലപാട്‌. ശ്രീധരനേയും ഡിഎംആര്‍സിയേയും ഒഴിവാക്കുക തന്നെയാണ്‌ സംസ്ഥാന സര്‍ക്കാരും കെഎംആര്‍എല്ലും ലക്ഷ്യമാക്കുന്നത്‌ എന്ന്‌ വ്യക്തം. ഇപ്പോള്‍ നടക്കുന്ന നിസ്സഹകരണവും മറ്റും അതിന്റെ ഭാഗമാണെന്നാണ്‌ സൂചന. ശ്രീധരനെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎംആര്‍എല്‍ നേരത്തെയും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്‌. മുന്‍ എംഡിയും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ ടോം ജോസാണ്‌ അന്ന്‌ ഇതിനായി കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്‌ കത്തയച്ചത്‌. ഇത്‌ വിവാദമായതിനെ തുടര്‍ന്ന്‌ ടോം ജോസിനെ ഒഴിവാക്കി ഏലിയാസ്‌ ജോര്‍ജിനെ കെഎംആര്‍എല്‍ തലപ്പത്ത്‌ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഏലിയാസ്‌ ജോര്‍ജ്‌ ശ്രീധരന്‌ പിന്തുണ നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ താത്പര്യം പരിഗണിച്ച്‌ പിന്നീട്‌ മെല്ലെപ്പോക്ക്‌ തുടരുകയായിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാമെന്നാണ്‌ ധാരണ. എന്നാല്‍ ഇപ്പോഴത്തെ നിലക്ക്‌ അഞ്ചു വര്‍ഷംകൊണ്ട്‌ പോലും പണി പൂര്‍ത്തിയാകില്ല. പലയിടത്തും സ്ഥലമെടുപ്പ്‌ പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരാണ്‌ ഇതിനു മുന്‍കൈയെടുക്കേണ്ടത്‌. സ്ഥലം ഏറ്റെടുത്ത്‌ നല്‍കാതെ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനാകില്ല എന്ന്്‌ ഡിഎംആര്‍സി വ്യക്തമാക്കുന്നു. സ്ഥലമെടുപ്പ്‌ മുതല്‍ പര്‍ച്ചേസിങ്‌ വരെയുള്ള കാര്യങ്ങളില്‍ പതിവ്‌ കമ്മീഷന്‍ ഏര്‍പ്പാടുകളാണ്‌ നടക്കുന്നത്‌ എന്നാണ്‌ ആക്ഷേപം. ഈ സാഹചര്യത്തില്‍ കൊച്ചി മെട്രോ പദ്ധതിയുടെ തലപ്പത്ത്‌ തുടരുന്നത്‌ തന്റെ സല്‍പ്പേര്‌ കളങ്കപ്പെടുത്തുമെന്നും ശ്രീധരന്‍ സ്വകാര്യ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നു. അതേസമയം ശ്രീധരനെ ഒഴിവാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‌ അനുകൂല നിലപാടാണെങ്കിലും തെരഞ്ഞടുപ്പ്‌ കഴിയും വരെ വിവാദം ഉണ്ടാകരുതെന്ന താത്പര്യവും സര്‍ക്കാരിനുണ്ട്‌. ഇതിനായി രാജി നീട്ടാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്‌. ടി.എസ് നീലാംബരന്‍

//www.janmabhumidaily.com/news179705

കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും ബന്ധം

കൊച്ചി: വിമാനത്താവളങ്ങള്‍ വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വഴിമുട്ടുന്നു. സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലെ ഉന്നതന്‍മാര്‍ പലരും ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം നടത്താനാകാത്ത അവസ്ഥയിലാണ് അന്വേഷണ ഏജന്‍സി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ എയര്‍ പോര്‍ട്ടുകളില്‍ നടന്ന വന്‍ സ്വര്‍ണ്ണവേട്ടക്കു പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. സ്വര്‍ണ്ണം കടത്താന്‍ശ്രമിക്കുന്നതിനിടെ പിടിയിലായ ചില കാരിയര്‍മാരും താഴെത്തട്ടിലുള്ള കസ്റ്റംസ് ജീവനക്കാരും മാത്രമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. കോടിക്കണക്കിന് വിലവരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം കടത്തുന്നതിനു പിന്നിലുള്ള വന്‍തോക്കുകളെ തൊടാനാകാത്ത അവസ്ഥയിലാണ് സിബിഐ. യഥാര്‍ത്ഥത്തില്‍ നടക്കുന്ന കള്ളക്കടത്തിന്റെ നൂറിലൊരംശം മാത്രമാണ് പിടിയിലാകുന്നതെന്നും ഇത് വാര്‍ത്തയാകുമ്പോള്‍ ഇതിന്റെ നൂറുമടങ്ങ് കള്ളക്കടത്ത് മറുഭാഗത്ത് നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേസില്‍ പിടിയിലായ ഫായിസില്‍ നിന്ന് ഒട്ടേറെ വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഈ ദിശയില്‍ അന്വേഷണമൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഒന്നിലേറെ മന്ത്രിമാര്‍ക്കും ചില ഉന്നത നേതാക്കള്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭരണസ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഫായിസിനു പുറമെ പിടിയിലായ ഷഹബാസിനും ഈ പാര്‍ട്ടി നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. പക്ഷേ ഇതെക്കുറിച്ചൊന്നും അന്വേഷമം നടത്താന്‍ സിബിഐ സംഘത്തിനാകുന്നില്ല. കസ്റ്റംസിലെയും റവന്യു ഇന്റലിജന്‍സിലെയും ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായവും ഒത്താശയും സ്വര്‍ണ്ണക്കടത്തു സംഘത്തിനു ലഭിക്കുന്നതായി സിബിഐക്കു വിവരമുണ്ട്. ഡിആര്‍ഐയുടെ തലപ്പത്തുള്ള മലയാളിയായ ഉദ്യോഗസ്ഥനെക്കുറിച്ച് സിബിഐ സംഘത്തിന് തെളിവുകള്‍ ലഭിച്ചതായാണ് സൂചന. എന്നാല്‍ കേന്ദ്രമന്ത്രിസഭയിലെ ചില ഉന്നതരടക്കം പലരുമായും ഇയാള്‍ക്കുളള ബന്ധമാണ് അന്വേഷണത്തിനു തടസ്സമാകുന്നത്. ഒരു കേന്ദ്ര മന്ത്രിയുമായി വളരെ അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും കസ്റ്റംസിലും റവന്യൂ ഇന്റലിജന്‍സിലുമായി ഇയാള്‍ക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും ഇവര്‍ വഴിയാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ട സഹായം ലഭിക്കുന്നതെന്നുമാണ് വിവരം. മാറാട് കൂട്ടക്കൊലക്ക് സാമ്പത്തിക സഹായം നല്‍കിയതടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ എഫ് എം എന്ന പേരിലറിയപ്പെടുന്ന ഹിലാല്‍ മുഹമ്മദുമായി ഈ ഉദ്യോഗസ്ഥന് അടുത്ത ബന്ധമുള്ളതായും വിവരമുണ്ട്. ഹിലാല്‍ മുഹമ്മദാണ് സ്വര്‍ണ്ണക്കടത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പ്രധാനികളിലൊരാള്‍ എന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദിശയിലൊന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് സിബിഐ. ദല്‍ഹിയിലുള്ള ഈ ഉന്നതോദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐക്കാകില്ല. താഴെത്തട്ടിലുള്ള ചില കസ്റ്റംസ് ഉദ്യോഗസ്ഥരിലും കാരിയര്‍മരിലും മാത്രമായി അന്വേഷണം ഒതുക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഗല്‍ഫില്‍ നിന്ന് വരുന്നവര്‍ കൂടുതലായി നിരീക്ഷിക്കപ്പെടുന്നതു കൊണ്ടാണ് ശ്രീലങ്കന്‍ സ്വദേശികളെയും മറ്റും ഇതിനായി നിയോഗിക്കുന്നത്. ടി.എസ്. നീലാംബരന്‍

//www.janmabhumidaily.com/news156037

ഫ്രഞ്ച് വായ്പക്കു പിന്നില്‍ കാണാച്ചരടുകളേറെ

കൊച്ചി: കൊച്ചി മെട്രോ റെയിലിനു വേണ്ടിയുള്ള ഫ്രഞ്ച് വായ്പക്കു പിന്നില്‍ കാണാച്ചരടുകളേറെ. ഫ്രഞ്ച് ധനകാര്യ ഏജന്‍സിയില്‍ നിന്ന് 1500 കോടി രൂപയുടെ വായ്പ അമിത പലിശ നിരക്കില്‍ വാങ്ങുന്നത് സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നതിനു പുറമേയാണ് ഭാവിയിലെ വികസന പദ്ധതികള്‍ക്ക് വായ്പ വലിയ പ്രതിബന്ധമാകുമെന്നും വ്യക്തമാകുന്നത്. 1500 കോടിയും പതിനൊന്ന് ശതമാനം പലിശയും യൂറോപ്യന്‍ യൂണിയന്റെ കറന്‍സിയായ യൂറോയില്‍ തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. പലിശയടക്കം വായ്പയുടെ മൂന്നിരട്ടി തുക 20 വര്‍ഷം കൊണ്ട് കേരളം തിരിച്ചടക്കേണ്ടി വരും. ഒരു യൂറോക്ക് ഇപ്പോഴത്തെ മൂല്യം 85 ഇന്ത്യന്‍ രൂപയാണ്. രൂപയുടെ മൂല്യം നിരന്തരം കുറയുന്ന സാഹചര്യത്തില്‍ വായ്പ തിരിച്ചടവ് കഴിയുമ്പോഴേക്ക് വായ്പയുടെ പലമടങ്ങ് തുക കേരളത്തിന് ഈ ഇനത്തിലും നഷ്ടമാകും. വായ്പാക്കണക്കിലോ പലിശയിനത്തിലോ കണക്കാക്കാത്ത നഷ്ടമാണ് രൂപയുടെ മൂല്യവ്യത്യാസം നിമിത്തം സംസ്ഥാനത്തിന് സംഭവിക്കുക. കെഎംആര്‍എല്‍ ആണ് വായ്പയെടുക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആണ് ഗ്യാരണ്ടര്‍. ഏതെങ്കിലും കാരണ വശാല്‍ മെട്രോ റയില്‍ കോര്‍പ്പറേഷന് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഈ തുക നല്‍കേണ്ടി വരും. ഇത് സംസ്ഥാനത്തിന്റെ മറ്റു വികസന പദ്ധതികളേയും ബാധിക്കും. ഇപ്പോള്‍ തന്നെ കടക്കെണിയിലായ കേരളം കൂടുതല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് സൂചന. വികസന പദ്ധതികള്‍ മാത്രമല്ല ഭറണ നിര്‍വ്വഹണം പോലും പ്രതിസന്ധിയാലാകുന്ന സാഹചര്യമാകും ഉണ്ടാകാന്‍ പോകുന്നത്. 5180 കോടിയുടെ മെട്രോ റയില്‍ പദ്ധതിക്കായി ഇപ്പോള്‍ എടുത്തിട്ടുളള വായ്പക്കു പുറമേ 2000 കോടി കൂടി വിദേശ വായ്പയായി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം ഇത്രയും ഭീമമായ തുകയുടെ പലിശ തിരിച്ചടക്കാന്‍ പോലുമുള്ള വരുമാനം മെട്രോ റയില്‍ സര്‍വ്വീസില്‍ നിന്നു ലഭിക്കാനിടയില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  ഇതിനു പുറമേ മൊട്രോയുടെ നടത്തിപ്പ് ചെലവ് വേറെയും. ഈ സാഹചര്യത്തില്‍ വിദേശ വായ്പ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകും. കൊച്ചിയില്‍ മെട്രോ സാമ്പത്തികമായി ലാഭകരമാകില്ല എന്നാണ് കേന്ദ്ര ആസൂത്രണ കമ്മീഷനും വിലയിരുത്തുന്നത്. നഷ്ടസാധ്യത മുന്‍കൂട്ടിക്കണ്ട് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) മെട്രോ നിര്‍മ്മാണം നടത്തണമെന്നായിരുന്നു ആസൂത്രണ കമ്മീഷന്റെ നിലപാട്. എന്നാല്‍ സംസ്ഥാനത്തെ ചില നേതാക്കളുടെ താത്പര്യ പ്രകാരമാണ് പൊതുമേഖലയില്‍ പദ്ധതി ആരംഭിച്ചത്. ഇതിനായി ആദ്യം തയായറാക്കിയ എസ്റ്റിമേറ്റില്‍ 30 ശതമാനത്തിലേറെ വര്‍ദ്ധന വരുത്തുകയും ചെയ്തു. ഭീമമായ തുക വായ്പയായി സംഘടിപ്പിക്കാനും തീരുമാനിച്ചു. സാമ്പത്തികരംഗത്തെ വിദഗ്ധരുടെയും ആസൂത്രണ കമ്മീഷന്റെയും മുന്നറിയിപ്പുകളെപ്പോലും അവഗണിച്ച് ഇത്രയും ഭീമമായ വിദേശ വായ്പ വാങ്ങുന്നതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപമുയരുന്നത്. ടി.എസ്. നീലാംബരന്‍

//www.janmabhumidaily.com/news155570

വാണിഭ സംഘങ്ങളുടെ കൂട്ടുകച്ചവടമിങ്ങനെ

ജനാധിപത്യ കേരളത്തിന്‌ കളങ്കമാവുകയാണ്‌ സ്ത്രീപീഡനക്കേസുകള്‍ ആവര്‍ത്തിക്കുന്നതും പ്രതികളായ രാഷ്ട്രീയ നേതാക്കള്‍ രക്ഷപ്പെടുന്നതും. നിസ്സഹായരായ പെണ്‍കുട്ടികളെ കാമപ്പേക്കൂത്തുകള്‍ക്ക്‌ ഇരയാക്കിയവര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെന്ന്‌ നാം വിശേഷിപ്പിക്കുന്ന പാര്‍ലമെന്റിലും നിയമസഭകളിലും അധികാരക്കസേരകളില്‍ വാണരുളുമ്പോള്‍ ഇരകളും കുടുംബവും കൂട്ട ആത്മഹത്യയിലും അതിലും ദാരുണമായ ഒറ്റപ്പെടലിലും അവസാനിക്കുന്നു. സൂര്യനെല്ലിമുതല്‍ കിളിരൂരും കവിയൂരും ഉള്‍പ്പെടെയുള്ള കേരളത്തെ ഞെട്ടിച്ച സ്ത്രീ പീഡന കേസുകളുടെവരെ ചരിത്രം ഇതാണ്‌. കേസില്‍പ്പെടുന്ന ഗാന്ധിശിഷ്യരെന്ന്‌ അവകാശപ്പെടുന്നവരും വിപ്ലവപ്പാര്‍ട്ടിക്കാരും എന്നുവേണ്ട അവരാരായാലും സാങ്കേതികമായി നിയമ വ്യവസ്ഥയുടെ പഴുതുകളിലൂടെ രക്ഷപ്പെടുന്നുണ്ടെങ്കിലും സാംസ്കാരിക മനസാക്ഷിയുടെ മുന്നില്‍ പ്രതിക്കൂട്ടിലാണ്‌.
അഞ്ച്‌ വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന പതിവ്‌ തമാശകള്‍ക്കപ്പുറം ഭരണമാറ്റം ഫലത്തില്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്ക്‌ മറ്റൊന്നും നല്‍കുന്നില്ല എന്ന വലിയ തിരിച്ചറിവുകൂടിയാണ്‌ ഈ കേസുകള്‍. പരസ്പരം സഹായിച്ചും രക്ഷപ്പെടുത്തിയും വിരലിലെണ്ണാവുന്ന നേതാക്കള്‍ നടത്തുന്ന ചക്കളത്തിപോരാട്ടമായി കേരളത്തിലെ ജനാധിപത്യവും രാഷ്ട്രീയവും അധപതിച്ചിരിക്കുകയാണ്‌. നമ്മുടെ ജനാധിപത്യ സംസ്കാരത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ അതിവേഗം മാഫിയാവല്‍ക്കരണത്തിലേക്ക്‌ നീങ്ങുകയാണ്‌ കേരള രാഷ്ട്രീയം. സ്ത്രീ പീഡനക്കേസുകളും അഴിമതിക്കേസുകളും ഇത്തരം മാഫിയകള്‍ക്ക്‌ വളക്കൂറുള്ള മണ്ണൊരുക്കുമ്പോള്‍ ആദര്‍ശ ധീരതയോടെ രാഷ്ട്രീയ രംഗത്ത്‌ നില്‍ക്കുന്നവര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുന്നു. അടുത്ത കാലത്ത്‌ പുറത്തുവന്ന സ്ത്രീ പീഡന കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്‌ ഈ മാഫിയ എത്രമാത്രം ശക്തമാണ്‌ എന്നതാണ്‌.
പണവും അധികാരവും ഉപയോഗിച്ച്‌ കുഴിച്ചുമൂടിയെന്ന്‌ കുറേപേര്‍ വിശ്വസിച്ചിരുന്ന സ്ത്രീപീഡന-പെണ്‍വാണിഭകേസുകളില്‍ വീണ്ടും ഉയര്‍ന്നുവരുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അഴിഞ്ഞുവീഴുന്നത്‌ ഒട്ടേറെ പൊയ്മുഖങ്ങളാണ്‌. കേരളത്തെ പിടിച്ചുകുലുക്കിയ സ്ത്രീപീഡന കേസുകളില്‍ പ്രതികളായ നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്‌. ആ നിലക്ക്‌ അതില്‍ പുതുമയില്ല. സൂര്യനെല്ലി, കോഴിക്കോട്‌ ഐസ്ക്രീംപാര്‍ലര്‍, കിളിരൂര്‍, കവിയൂര്‍ കേസുകളാണ്‌ ഇവയില്‍ പ്രധാനം. ഈ നാലുകേസുകള്‍ക്കും കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രത്യേകതകളുണ്ട്‌.
കോണ്‍ഗ്രസ്‌, സിപിഎം, മുസ്ലിംലീഗ്‌ നേതാക്കളുടെ പങ്ക്‌ സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങളാണ്‌ ഇതില്‍ പ്രധാനം. കേസില്‍ പ്രതികളായവരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുതിയതല്ലെങ്കിലും സമാന സ്വഭാവമുള്ള ഈ കേസുകളില്‍ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവര്‍ അന്വേഷണവും വിചാരണയും നേരിടാതെ രക്ഷപ്പെട്ടത്‌ എങ്ങനെ എന്ന്‌ അന്വേഷിക്കുന്നത്‌ കൗതുകകരമാകും. നമ്മുടെ ജനാധിപത്യത്തിന്റെ പൊള്ളത്തരവും നീതിന്യായ വ്യവസ്ഥയുടെ അപര്യാപ്തതയുമാണ്‌ ഈ കേസുകളില്‍ പ്രതികളെന്ന്‌ ഇരകള്‍ തന്നെ ചൂണ്ടിക്കാട്ടിയവര്‍ രക്ഷപ്പെടാനിടയായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നത്‌. ടി.എസ്. നീലാംബരന്‍

//www.janmabhumidaily.com/news98252

  • 1