നിങ്ങൾ തിരഞ്ഞത് വിനീത വേണാട്ട് ഏകദേശം 13 ഫലങ്ങൾ, 0.019 സെക്കൻഡ്
ശബരിമല: സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ പ്രകോപിപ്പിക്കുന്നു : മിലിന്ദ് പരാന്ദെ

… ഹിന്ദുവെന്ന വാക്ക് നീക്കം ചെയ്തതും ഇതിന്റെ ഭാഗമായിട്ടാണെന്നുവേണം കരുതാനെന്നും വ്യക്തമായ അജണ്ട ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.  വിനീത വേണാട്ട്

//www.janmabhumidaily.com/news838058

സഭയ്ക്കും സർക്കാരിനും എതിരെ കന്യാസ്ത്രീകളുടെ പരസ്യപോരാട്ടം

…. പൗരന്‍, സി.ടി. തങ്കച്ചന്‍, എം.എന്‍.ഗിരി, ഷൈജു ആന്റണി, ഡോ.കൊച്ചുറാണി എബ്രഹാം, അഡ്വ. ഇന്ദുലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.  വിനീത വേണാട്ട്

//www.janmabhumidaily.com/news833825

ഹനുമാനും നാരദമുനിയും

അഞ്ജനാ തനയനായ ഹനുമാനെപ്പറ്റി നിരവധി കഥകളുണ്ട്. ഹനുമാന്‍ നല്ലൊരു സംഗീതജ്ഞന്‍ കൂടിയാണെന്ന് കേട്ടിട്ടില്ലേ? ഒരിക്കല്‍ നാരദമുനി ഹനുമാന്റെ വാസസ്ഥലമായ കദളീവനത്തിലെത്തി. തന്റെ വീണ മനോഹരമായി മീട്ടി, നാരായണ നാമം പാടിയാണ് നാരദരുടെ വരവ്. ആരാണ് ഇത്ര മനോഹരമായി പാടുന്നത? ഹനുമാന്‍ അമ്മയോട് ചോദിച്ചു. അത് നാരദ മുനിയാണ്. അദ്ദേഹമൊരു മഹാത്മാവാണ്. അദ്ദേഹത്തെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല. പുത്രാ, നീ ആദ്ദേഹത്തിന്റെ അടുത്തുചെന്ന്, അവിടുത്തെ മഹത്വം എത്രത്തോളമുണ്ടെന്ന് അറിഞ്ഞാലും. ഹനുമാനോട് അമ്മ പറഞ്ഞു.  ഉടന്‍ തന്നെ ഹനുമാന്‍ നാരദരുടെ മുന്നിലെത്തി. അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു പറഞ്ഞു' നാരദമുനി അങ്ങ് മഹാനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. തീര്‍ച്ചയായും അങ്ങ് എന്നെ അനുഗ്രഹിക്കണം. അല്ലാതെ താങ്കളെ ഞാന്‍ പോകാന്‍ അനുവദിക്കില്ല'. നിനക്ക് എന്ത് അനുഗ്രഹമാണ് വേണ്ടത്? നാരദ മുനി ഹനുമാനോട് ചോദിച്ചു. വാസ്തവത്തില്‍ എല്ലാ ദേവന്മാരുടേയും അനുഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് അങ്ങേയ്ക്ക് ഇഷ്ടമുള്ള വരം നല്‍കാം. ഹനുമാന്‍ പറഞ്ഞു.  എന്ത് വരമാണ് ഹനുമാന് നല്‍കേണ്ടത്. നാരദര്‍ ആലോചിച്ചു. തുടര്‍ന്ന് നീ സംഗീതത്തില്‍ അഗ്രഗണ്യനായിത്തീരും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പോകാനൊരുങ്ങി, നാരദ മുനിയെ തടഞ്ഞുകൊണ്ട് ഹനുമാന്‍ ചോദിച്ചു. ഞാന്‍ നല്ലൊരു സംഗീതജ്ഞന്‍ ആയോ എന്ന് എങ്ങനെ അറിയും. എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് സംഗീതത്തില്‍ അതീവ ഗ്രാഹ്യമുണ്ടെന്ന്. അതുകൊണ്ട് എനിക്ക് സംഗീതത്തില്‍ അങ്ങയേക്കാള്‍ അഗ്രഗണ്യനാകണം.  ശരി, ഞാന്‍ നിന്റെ സംഗീതാലാപനം ആദ്യം കേള്‍ക്കട്ടെ. നാരദര്‍ സമ്മതിച്ചു. നാരദമുനി തന്റെ വീണ ഒരു ശിലമേല്‍ വച്ചിട്ട് ഹനുമാന്റെ സംഗീതത്തിനായി കാതോര്‍ത്തു. ഹനുമാന്‍ മലഹരി രാഗത്തില്‍ ഒരു ഗാനം ആലപിച്ചു. ആ ആലാപന മാധുര്യത്താല്‍ ശില പോലും അലിയാന്‍ തുടങ്ങി. ഹനുമാന്‍ പാട്ട് തുടര്‍ന്നു. ശില ഉരുകിക്കൊണ്ടേയിരുന്നു. നാരദമുനിയുടെ വീണ ദ്രവമായിക്കൊണ്ടിരുന്ന ശിലയിലൂടെ ഒഴുകി നടന്നു.  നാരദമുനി കണ്ണുകള്‍ അടച്ച് സംഗീതത്തെ അതിന്റെ പാരമ്യതയില്‍ ആസ്വദിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്‍ നീ തന്നെയാണ് മികച്ച സംഗീതജ്ഞന്‍. സംശയമില്ല. ഗാനാലാപനം അവസാനിപ്പിച്ചുകൊള്ളൂ.  ഹനുമാന്‍ പറഞ്ഞു 'താങ്കള്‍ ആദ്യം കണ്ണുകള്‍ തുറക്കൂ. എന്നിട്ട് പറയൂ, ആലാപനം നിര്‍ത്തണോ എന്ന്'.  നാരദര്‍ കണ്ണുകള്‍ തുറന്നു. ചുറ്റും നോക്കി. ഉരുകിയ ശിലയില്‍ തന്റെ വീണ ഒഴുകുന്നത് അദ്ദേഹത്തിന് കാണാനായില്ല. അതുകൊണ്ടുതന്നെ ആലാപനം നിര്‍ത്താന്‍ അനുവാദവും നല്‍കി. ഹനുമാന്‍ പാട്ട് മതിയാക്കിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയണ്ടേ. ശില വീണ്ടും പൂര്‍വ്വ സ്ഥിതിയില്‍ ആകാന്‍ തുടങ്ങി. നാരദമുനിയുടെ വീണയും അതില്‍ ഒട്ടിപ്പിടിച്ചു.  നാരദര്‍ മടങ്ങിപ്പോകാന്‍ നേരം വീണ എടുക്കാന്‍ ശ്രമിച്ചു. ശിലയില്‍ ഒട്ടിപ്പോയതിനാല്‍ അത് അനങ്ങിയില്ല. നീ എന്ത് വേലയാണ് ഒപ്പിച്ചതെന്ന് നാരദര്‍ ഹനുമാനോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ നിര്‍ദ്ദേശ പ്രകാരം പാടുക മാത്രമേ ചെയ്തുള്ളൂ. ഹനുമാന്‍ വിനയാന്വിതനായി. അതേ രാഗം വീണ്ടും ആലപിക്കാന്‍ നാരദ മുനി ഹനുമാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹനുമാന്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. ഹനുമാന്‍ അവിടെ നിന്നും അതിവേഗം ചാടി ചാടി പോയി. നാരദരാവട്ടെ ഹനുമാന്റെ പിന്നാലെ ഓട്ടം തുടങ്ങി. കദളീവനത്തിലെ തന്റെ കൊട്ടാരത്തിലെ മുറികളിലൂടെ ഹനുമാന്‍ ഓട്ടം തുടര്‍ന്നു. ഹനുമാനെ പിടിക്കാന്‍ നാരദര്‍ക്കായില്ല. തളര്‍ന്നുപോയ നാരദര്‍ ദയനീയമായി വീണ തിരികെ തരാന്‍ അപേക്ഷിച്ചു.  അപ്പോഴേക്കും ഹനുമാന്റെ അമ്മ നാരദരുടെ സമീപത്തെത്തി ആ പാദങ്ങളില്‍ തൊട്ടു വന്ദിച്ചു. ഹനുമാന്‍ അങ്ങയെ ഏറെ ബുദ്ധിമുട്ടിച്ചുവല്ലെയെന്ന് അവര്‍ തിരക്കി.  ഹനുമാന്‍ ഒപ്പിച്ച കുസൃതിയെക്കുറിച്ച് നാരദര്‍ ധരിപ്പിച്ചു.  ഉടന്‍ തന്നെ നാരദമുനിയുടെ വീണ തിരികെ നല്‍കാന്‍ അമ്മ ഹനുമാനോട് നിര്‍ദ്ദേശിച്ചു.  അപ്പോഴാണ് ഹനുമാന്‍ തന്റെ ഉദ്ദേശ്യശുദ്ധി അമ്മയോട് വെളിപ്പെടുത്തുന്നത്. നാരദമുനിയുടെ പാദസ്പര്‍ശം എല്ലായിടത്തും പതിയുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തതെന്ന്. അതിലൂടെ നമ്മുടെ ഗൃഹം തീര്‍ത്ഥാടനകേന്ദ്രം പോലെ പരിശുദ്ധമായി എന്നും പറഞ്ഞു. ശ്രീരാമദാസനായ ഹനുമാന്‍ ഏറെ അനുഗ്രഹീതനാണെന്ന് നാരദരും പറഞ്ഞു.  ഹനുമാന്‍ നാരദര്‍ക്ക് വേണ്ടി വീണ്ടും ഗാനം ആലപിച്ചു. ശില വീണ്ടും അലിയാന്‍ തുടങ്ങിയപ്പോള്‍ നാരദര്‍ തന്റെ വീണയെടുത്തു മടങ്ങി.  മഹാത്മാക്കള്‍ ഒരിക്കലും അസൂയാലുക്കളല്ല എന്ന ഗുണപാഠം ഈ കഥയില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മറ്റുള്ളവര്‍ തങ്ങളെക്കാള്‍ കേമന്മാരായാലും അതില്‍ അവര്‍ സന്തോഷിക്കും. കൂടാതെ മഹദ് വ്യക്തികള്‍ ന���്മുടെ ഭവനത്തിലെത്തുമ്പോള്‍ അവിടവും പാവനമാകും. പിന്നെ പുണ്യ സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യം തന്നെ വരുന്നില്ല.  വിനീത വേണാട്ട്

//www.janmabhumidaily.com/news821516

രാജലക്ഷ്മിയില്‍ നിന്ന് ദര്‍ശികയിലേയ്ക്ക്

വെണ്ണ കട്ട കണ്ണന്റെ കഥപറയുകയാണ് വേദിയില്‍ നിന്ന്  കാവിയണിഞ്ഞ ആ പെണ്‍കുട്ടി. ഇത്തിരിയോളം വെണ്ണയ്ക്കുവേണ്ടി വൃന്ദാവനത്തിലെ ഒരു ഗോപിക പറയുന്നതെല്ലാം ചെയ്യുന്ന കണ്ണനെ മനോഹരമായി വരച്ചിടുന്നുണ്ട് ആ വാക്കുപകള്‍. ജന്മംകൊണ്ട് മലയാളി അല്ലാതിരുന്നിട്ടും മലയാളത്തിലുള്ള അതിസുന്ദരമായ സംസാരം. സദാ പുഞ്ചിരി വിടരുന്ന മുഖം. ഇത് ബ്രഹ്മചാരിണി ദര്‍ശിക ചൈതന്യ. തിരുവനന്തപുരം ചിന്മയ മിഷനിലെ ആചാര്യ. രാജലക്ഷ്മി എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. നാഗര്‍കോവില്‍ സ്വദേശിയാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തില്‍. ബി-ടെക് പാസായ ശേഷം കൊച്ചി അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്നും അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങില്‍ പിജി ഡിപ്ലോമ നേടി. കൂടാതെ സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും.  ഡോക്ടറാവണം എന്നായിരുന്നു ആഗ്രഹം. പിന്നീടു നടന്നത് സേവനത്തിന്റെയും സംന്ന്യാസത്തിന്റെയും വഴിയേ. ബി-ടെക് രണ്ടാം റാങ്കോടെ പാസായ പെണ്‍കുട്ടി തന്റെ സമപ്രായക്കാരില്‍ നിന്നും വിഭിന്നമായൊരു തീരുമാനമെടുത്തപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി അച്ഛനും അമ്മയും അനുജനും. ചിന്മയ മിഷനിലെ മുന്‍ സാരഥിയായിരുന്ന സ്വാമി തേജോമയാനന്ദയില്‍ നിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചു. ചിന്മയ മിഷന്‍ ചില്‍ഡ്രന്‍സ് വിങിന്റെ സംസ്ഥാന കോഡിനേറ്ററായ ദര്‍ശിക ചൈതന്യയോടു സംസാരിക്കാം...  ആധ്യാത്മികതയുടെ വഴിയിലേക്ക് ഡോക്ടര്‍ ആകണമെന്നായിരുന്നു ചെറുപ്പത്തിലെ മോഹം. അതിനേക്കാളുപരി സേവനം ചെയ്യണമെന്നും. അതിനായി ആദ്ധ്യാത്മികതയുടെ വഴി തിരഞ്ഞെടുത്തു. കാരണം എല്ലാ വ്യവഹാരങ്ങളും നടക്കുന്നത് മനസ്സിലൂടെയാണ്. മനസ്സ് ശക്തിപ്പെട്ടാല്‍ ഏത് രംഗത്തുപോയാലും ശക്തമായി നില്‍ക്കാം. ബ്രിട്ടീഷ് കാലഘട്ടത്തിനുശേഷം തകര്‍ന്നടിഞ്ഞത് നമ്മുടെ സംസ്‌കാരമാണ്. മനസ്സിനെ പഠിക്കുക, വിജയം നേടുക, മറ്റുള്ളവര്‍ക്കും മാനസികശക്തി പകര്‍ന്നുകൊടുക്കുക എന്നതാണ് ലക്ഷ്യം. ആധ്യാത്മിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല. പ്രായമായതിന് ശേഷം ആധ്യാത്മികതയിലേക്ക് വരിക എന്നത് എല്ലാവരുടേയും തെറ്റിദ്ധാരണയാണ്. ആദ്ധ്യാത്മികത എന്താണ് എന്ന് ശരിക്കും മനസ്സിലാക്കാത്തതുകൊണ്ടാണ് അങ്ങിനെ ചിന്തിക്കുന്നത്. ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് ശക്തിപ്പെടുത്തല്‍ ആവശ്യം. ഈ രംഗത്തെത്തിയതും കുടുംബം നല്‍കിയ ശക്തികൊണ്ടാണ്.  യുവജനതയെക്കുറിച്ച് ഇന്ന് യുവജനത കുറച്ചുകൂടി ഉണര്‍ന്നിട്ടുണ്ട്. അവര്‍ക്ക് നല്ല അവബോധമുണ്ട്. പ്രോത്സാഹനവും പ്രചോദനവും നല്‍കിയാല്‍ ഇന്ത്യയെ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ യുവജനതയ്ക്ക് സാധിക്കുമെന്ന ഉറപ്പുണ്ട്. എങ്കിലും ഭൗതികതയ്ക്ക് അമിത പ്രാധാന്യം കൊടുക്കുമ്പോള്‍ വഴി തെറ്റിപ്പോകുന്നവരുമുണ്ട്.  ആത്മാര്‍ത്ഥമായ സ്‌നേഹവും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കാതെ പോകുന്നതുകൊണ്ടാണിത്. കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ നേരിടുമ്പോഴാണ് മറ്റു വഴികളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നത്. വഴികാട്ടുന്നതിനും മാതൃകയാവുന്നതിനും നമുക്കിടയില്‍ ആരും ഇല്ലാതെ പോകുന്നതും ഒരു കാരണമാണ്. ആധ്യാത്മിക ക്ലാസുകളോട് സമൂഹത്തിനുള്ള താല്‍പര്യം ഗുണകരമായ പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആധ്യാത്മിക ക്ലാസുകള്‍ നടത്താറുണ്ട്. മുന്നിലിരിക്കുന്നവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കണമെന്ന് മാത്രം. പലരുടേയും മാനസിക സ്ഥിതി വ്യത്യസ്തമാണല്ലോ?. ചിന്മയ മിഷന് ചിന്മയ യുവകേന്ദ്ര എന്ന പേരില്‍ യൂത്ത് വിങ്ങുണ്ട്. ആധ്യാത്മിക രംഗത്ത് വന്ന് നിസ്വാര്‍ത്ഥമായി, സ്‌നേഹം മാത്രം പകര്‍ന്നുകൊണ്ട് ക്ലാസുകള്‍ എടുക്കുന്നതിനുള്ള മാനുഷിക ശേഷി സൃഷ്ടിക്കുക എന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.   സ്വയം വിലയിരുത്തുമ്പോള്‍ പത്തു വര്‍ഷമായി ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചിട്ട്. മാനസിക പരിവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മറ്റേത് മേഖലയായിരുന്നുവെങ്കിലും ഒരു പരിധിവരെ മാത്രമേ അത് സാധ്യമാവൂ. സംസ്‌കാരപരമായും മാനസികപരമായും ബുദ്ധിപരമായും പരിവര്‍ത്തനം സാധ്യമായിട്ടുണ്ട് എന്നതൊരു സന്തോഷമാണ്.  ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം എല്ലായ്‌പ്പോഴും സുഗമമാവണമെന്നില്ല. ഓരോരുത്തരും തിരഞ്ഞെടുക്കുന്ന വഴികളും ലക്ഷ്യവും വ്യത്യസ്തം. വിജയം എന്ന ഫലത്തില്‍ കുറഞ്ഞ് അവര്‍ ഒന്നും ആഗ്രഹിക്കുന്നുമില്ല. പല വഴികളും ലക്ഷ്യവും ഉള്ളവരാണ് ഈ സമൂഹത്തിന്റെ ഉന്നതി നിര്‍ണ്ണയിക്കുന്നതും. വിനീത വേണാട്ട്‌  …

//www.janmabhumidaily.com/news805309

വാനമ്പാടിക്ക്‌ 84

ഈശ്വരന്‍ തന്റെ സൃഷ്ടിയില്‍ ഓരോന്നിനും ഓരോ പ്രത്യേക ദൗത്യവും ഏല്‍പ്പിച്ചായിരിക്കും ഭൂമിയിലേക്ക്‌ അയയ്ക്കുക. അത്‌ ഒരു നിയോഗമാണ്‌. ചിലര്‍ ഭൂമിയിലെത്തി ഈശ്വരീയാനുഗ്രഹത്തിന്റെ പ്രഭകൊണ്ട്‌ മറ്റുള്ളവരെ രഞ്ജിപ്പിക്കും. തന്നിലെ പ്രതിഭയെ സദാ രാകിമിനുക്കിക്കൊണ്ട്‌ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ സ്വയം പ്രാപ്തി നേടും. ഇത്തരത്തില്‍ കാലദേശങ്ങള്‍ക്ക്‌ അപ്പുറത്തേയ്ക്ക്‌ സ്വന്തം ശബ്ദസൗകുമാര്യം കൊണ്ട്‌ അത്ഭുതം തീര്‍ത്ത ഭാരതത്തിന്റെ സ്വന്തം വാനമ്പാടിക്ക്‌ വരുന്ന 28 ന്‌ 84 വയസ്സ്‌. ആയിരം പൂര്‍ണ ചന്ദ്രനെ കണ്ട നിര്‍വൃതിയിലും സംഗീതത്തിന്റെ അല തിരതല്ലുന്ന സാഗരം പോലെ ആ മനസ്സ്‌ ഇന്നും ഒന്നിനെ മാത്രം ധ്യാനിക്കുന്നു, ഉപാസിക്കുന്നു. കഴിഞ്ഞ ഏഴ്‌ പതിറ്റാണ്ടായി ഭാരതീയ സംഗീത ലോകത്തെ നിറസാന്നിധ്യമാണ്‌ ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കര്‍. ലോകം സ്നേഹത്തോടെ ലതാജിയെന്നും ദീദിയെന്നു വിളിക്കുന്ന ലതാ മങ്കേഷ്കറുടെ വളര്‍ച്ച മുള്ളുപാതകള്‍ നിറഞ്ഞ വഴികളിലൂടെയായിരുന്നു. സ്വന്തം ശബ്ദം തിരസ്കരിക്കപ്പെട്ടപ്പോഴും ദുഖത്തിന്റെ കാര്‍മേഘം മൂടിയ മനസ്സിലേക്ക്‌ ആശ്വാസത്തിന്റെ കുളിര്‍മഴയായി സംഗീത സംവിധായകന്‍ ഗുലാം ഹരിദറിന്റെ വാക്കുകള്‍ പെയ്തിറങ്ങി" സംഗീത സംവിധായകര്‍ ഒരുനാള്‍ നിന്റെ കാല്‍ക്കല്‍ വീഴും, അവരുടെ ചിത്രങ്ങളില്‍ പാടണമെന്ന്‌ യാചിക്കും". ഹരിദറിന്റെ നാവില്‍ അപ്പോള്‍ സരസ്വതി വിളങ്ങിയിരിക്കണം. അല്ലെങ്കില്‍ ആ വാക്കുകള്‍ അക്ഷരം പ്രതി ശരിയാകുമായിരുന്നോ? 1929 സപ്തംബര്‍ 28 ന്‌ പണ്ഡിറ്റ്‌ ദീനനാഥ്‌ മങ്കേഷ്കറിന്റേയും ശിവന്തിയുടേയും അഞ്ച്‌ മക്കളില്‍ മൂത്തവളായി മധ്യപ്രദേശിലായിരുന്നു ലതയുടെ ജനനം. അച്ഛന്‍ സംഗീതജ്ഞനും നാടക നടനുമായിരുന്നു. ആ രണ്ട്‌ വാസനയും മക്കളിലേക്കും പകര്‍ന്നു നല്‍കിയ അച്ഛന്‍ മരിക്കുന്നത്‌ ലതയ്ക്ക്‌ 13 വയസ്സുള്ളപ്പോഴാണ്‌. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന്‌ മുന്നേതന്നെ 1942 ല്‍ തന്റെ 13-ാ‍ം വയസ്സില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്ക്‌ പിച്ചവെച്ചുവെങ്കിലും അടിയുറപ്പിക്കാന്‍ അവര്‍ക്ക്‌ സാധിച്ചിരുന്നില്ല. പാട്ടിന്‌ പുറമെ ഹിന്ദി, മറാത്തി ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അച്ഛന്‍ വഴി അഭിനയവും ആ രക്തത്തില്‍ അലിഞ്ഞ്‌ ചേര്‍ന്നിരുന്നു. 1942 ല്‍ വസന്ത്‌ ജോഗേല്‍ക്കറിന്റെ മറാത്തി ചിത്രമായ കിതി ഹസാലിന്‌ വേണ്ടി പാടിയെങ്കിലും അവസാന നിമിഷം ആ ഗാനം ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. അടുത്ത കുടുംബ സുഹൃത്തായ മാസ്റ്റര്‍ വിനായകാണ്‌ സംഗീതത്തിന്റേയും അഭിനയത്തിന്റേയും രംഗത്തേയ്ക്ക്‌ ലതയെ കൈപിടിച്ചുയയര്‍ത്തിയത്‌. നവയുഗ്‌ ചിത്രപത്‌ മൂവി കമ്പനിയുടെ ഉടമ കൂടിയായ വിനായകിന്‌ ഒരു സിനിമയില്‍ പാടാന്‍ അവസരം നേടിക്കൊടുക്കുകയെന്നത്‌ അത്ര പ്രയാസമായിരുന്നില്ല. തുടര്‍ന്ന്‌ രണ്ട്‌ ചിത്രങ്ങളില്‍ കൂടി അവര്‍ പാടി. 1945 ല്‍ ചിത്രപത്‌ മൂവി കമ്പനിയുടെ ആസ്ഥാനം മുംബൈയിലേക്ക്‌ മാറ്റിയപ്പോള്‍ ലതയും മുംബൈയിലെത്തി ആ നഗരത്തിന്റെ ഭാഗമായി. അവിടെ വച്ചാണ്‌ ഉസ്താദ്‌ അമാനത്‌ അലി ഖാനില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നത്‌. 1947 ല്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ഗുരു പാക്കിസ്ഥാനിലേക്ക്‌ കുടിയേറി. തുടര്‍ന്ന്‌ പഠനം അമാനത്‌ ഖാന്‍ ദേവാസ്വലേയുടെ കീഴിലായി. 1948 ല്‍ വിനായകിന്റെ മരണശേഷം സംഗീതലോകത്ത്‌ ലതയ്ക്ക്‌ മാര്‍ഗ്ഗ ദര്‍ശിയായി മാറിയത്‌ ഗുലാം ഹരിദര്‍ ആയിരുന്നു. ഹരിദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനമാണ്‌ ലതാ മങ്കേഷ്കറിന്റെ കരിയറില്‍ ആദ്യ ബ്രേക്ക്‌ ആകുന്നത്‌. മജ്ബോര്‍ എന്ന ചിത്രത്തിന്‌ വേണ്ടി അവര്‍ ആലപിച്ച ദില്‍ മേര തോഡ എന്ന ഗാനം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. തുടക്കത്തില്‍ നൂര്‍ ജഹാന്റെ ആലാപന ശൈലി അനുകരിക്കുന്നുവെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ആലാപനത്തില്‍ സ്വന്തം ശൈലി രൂപീകരിക്കാന്‍ ലതയ്ക്ക്‌ വളരെ വേഗത്തില്‍ സാധിച്ചു. ഹിന്ദി, ഉര്‍ദു പാട്ടുകള്‍ പാടുമ്പോള്‍ ലതയുടെ ഉച്ചാരണ രീതി തനി മഹാരാഷ്ട്രക്കാരുടേത്‌ പോലെയെന്ന്‌ നടന്‍ ദിലീപ്‌ കുമാര്‍ വിമര്‍ശിച്ചതോടെ ഉര്‍ദു ടീച്ചറുടെ അടുത്ത്‌ പോയി ഉര്‍ദു വശമാക്കുകയായിരുന്നു അവര്‍. വിമര്‍ശനങ്ങളില്‍ തളരുകയല്ല മറിച്ച്‌ വിമര്‍ശനങ്ങളിലെ പൊരുള്‍ മനസ്സിലാക്കി അത്‌ തിരുത്താനുള്ള ശ്രമമാണ്‌ ലതയെ വ്യത്യസ്തയാക്കിയത്‌. ഭാരതത്തിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്ക്‌ കീഴിലും പാടിയിട്ടുണ്ട്‌ ലതാജി. ഓരോ കാലത്തും സംഗീത സംവിധായകര്‍ മാറിയാലും ലതാജിക്കെപ്പോഴും പത്തരമാറ്റ്‌ തന്നെ. അനില്‍ ബിശ്വാസ്‌, നൗഷാദ്‌, ശങ്കര്‍-ജയ്കിഷന്‍, എസ്‌.ഡി ബര്‍മന്‍, പണ്ഡിറ്റ്‌ ഹുസന്‍ ലാല്‍ ഭഗത്‌ റാം, സി.രാമചന്ദ്ര, ഹേമന്ത്‌ കുമാര്‍, സലില്‍ ചൗധരി, ഉഷ ഖാന്ന തുടങ്ങി എ.ആര്‍.റഹ്മാന്‍ ഉള്‍പ്പെടെയുള്ള പുതുതലമുറ സംവിധായകര്‍ വരെ ലതാജിയിലെ ഗായികയെ നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്‌. ഏകദേശം 30,000 ത്തില്‍ അധികം ഗാനങ്ങളാണ്‌ സോളോയായും ഡ്യുവറ്റ്‌ ആയും ആ മധുരശബ്ദത്തില്‍ പുറത്ത്‌ വന്നിരിക്കുന്നത്‌. ആസ്വാദക മനസ്സുകളെ അവാച്യമായ അനുഭൂതിയിലേക്ക്‌ ഉയര്‍ത്തുന്നതിനുള്ള മാസ്മരിക സിദ്ധി അവരുടെ സ്വരത്തിനുണ്ട്‌. മനസ്സ്‌ സംഗീതത്തില്‍ മാത്രം ലയിക്കുന്ന അവസ്ഥ. ഭാഷ അറിയാത്തവനെ പോലും പാട്ടിന്റെ മൂഡിലേക്ക്‌ ഉയര്‍ത്തുന്ന വിധത്തില്‍ ഭാവാര്‍ദ്രമായ ആലാപനം. 1949ല്‍ റിലീസ്‌ ചെയ്ത മഹല്‍ എന്ന ചിത്രത്തിലെ ആയേഗ ആനേവാല എന്ന ഗാനമാണ്‌ ലതയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി കണക്കാക്കുന്നത്‌. 1960 കളില്‍ അക്കാലത്തെ പ്രശസ്തരായ സംഗീത സംവിധായകരെല്ലാം തന്നെ ലതാജിയെക്കൊണ്ട്‌ പാടിക്കാന്‍ മത്സരിച്ചിരുന്നു. 1960 ല്‍ പുറത്തിറങ്ങിയ മുഗള്‍- ഇ-അസം എന്ന ചിത്രത്തിലെ പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ഗാനം ഇപ്പോഴും പ്രശസ്തമാണ്‌. മധുബാലയാണ്‌ ആ ഗാനത്തിനൊപ്പം ചുണ്ട്‌ ചലിപ്പിച്ചത്‌. 20 ഓളം ഭാഷകളില്‍ പാടിയിട്ടുണ്ട്‌ ലതാ മങ്കേഷ്കര്‍. നെല്ല്‌ എന്ന ചിത്രത്തിലെ കദളി കന്‍കദളി ചെങ്കദളി പൂ വേണോ എന്ന ഗാനം ആലപിച്ചുകൊണ്ട്‌ മലയാള ഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ചു ലതാജി. അവര്‍ പാടിയിട്ടുള്ള പാട്ടുകളില്‍ നൗഷാദിന്‌ വേണ്ടിയാണ്‌ ഏറ്റവും കൂടുതല്‍ രാഗാധിഷ്ഠിതമായ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്‌. ലതയുടെ ഹിറ്റ്‌ ഗാനങ്ങള വേര്‍തിരിക്കുക പ്രയാസം. ഭാരത സംഗീത ശാഖയ്ക്ക്‌ ഇത്രത്തോളം ഹിറ്റുകള്‍ സമ്മാനിച്ച മറ്റൊരു ഗായികയുണ്ടോ എന്ന കാര്യവും സംശയമാണ്‌. ലതാജിയുടെ ഗാനങ്ങളെ കീറിമുറിച്ച്‌ വിശകലനം ചെയ്യുക എന്നത്‌ സംഗീതത്തില്‍ അഗാധ പരിജ്ഞാനം ഉള്ളവരെക്കൊണ്ടുമാത്രമേ സാധിക്കു. സാധാരണക്കാര്‍ അവരുടെ ആസ്വാദന നിലവാരത്തില്‍ നിന്നുകൊണ്ടാണ്‌ പാട്ടുകളെ ���പഗ്രഥിക്കുന്നതും വിശകലനം ചെയ്യുന്നതും. ആ നിലയ്ക്ക്‌ നോക്കുമ്പോള്‍ ലത മങ്കേഷ്കറിന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല, 1962 ല്‍ ഇന്ത്യ-ചൈന യുദ്ധ സമയത്ത്‌ ലതാജി ആലപിച്ച ദേശസ്നേഹം പ്രോജ്ജ്വലിപ്പിക്കുന്ന യേ മേരെ വതന്‍ കെ ലോഗോം, സര ആംഗ്‌ മേം ഫര്‍ ലോ പാനി എന്ന ഗാനം അന്ന്‌ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ മിഴികളെ പോലും ഈറനണിയിച്ചിരുന്നു. മുകേഷ്‌, മന്നാ ഡേ, മഹേന്ദ്ര കപൂര്‍, മുഹമ്മദ്‌ റാഫി, കിഷോര്‍ കുമാര്‍, ആശാ ഭോസ്ലെ. ഉഷ മങ്കേഷ്കര്‍, ഗീത ദത്ത്‌ എന്നിവര്‍ക്കൊപ്പമാണ്‌ ലതാജി കൂടുതല്‍ ഡ്യുവറ്റ്‌ പാടിയിരിക്കുന്നത്‌. ബാലിശമായ ചില പിടിവാശികളുടെ പേരില്‍ അന്ന്‌ സംഗീത ലോകത്ത്‌ തിളങ്ങി നിന്നിരുന്ന എസ്‌.ഡി ബര്‍മനുമായും മുഹമ്മദ്‌ റാഫിയുമായും കലഹിച്ചിട്ടുണ്ട്‌ ലതാജി. പക്ഷേ ആ പിണക്കങ്ങള്‍ എന്നേക്കുമായി അവര്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നുമില്ല. ലതാജിയ്ക്ക്‌ 84 വയസ്സായി എന്ന്‌ പറഞ്ഞാല്‍ ആരും വിശ്വസിച്ചുവെന്ന്‌ വരില്ല. കാരണം ഇപ്പോഴും ജ്വലിക്കുന്ന സൗന്ദര്യത്തിന്‌ ഉടമയാണവര്‍. ലതാജിയുടെ മെലോഡിയസ്‌ വോയ്സിന്റെ രഹസ്യം കോലാപൂരി മുളകാണത്രേ. മനോഹരമായതെന്തിനേയും തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കുന്ന പതിവും ലതാജിയ്ക്കുണ്ട്‌. ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ ചിത്രങ്ങളോടാണ്‌ പ്രിയം. എന്നാലിപ്പോള്‍ ഡിജിറ്റല്‍ ക്യാമറയുടെ രംഗപ്രവേശത്തോടെ ഫോട്ടോഗ്രഫിയില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ്‌ അവര്‍. ഇഷ്ടവിനോദങ്ങളില്‍ മറ്റൊന്ന്‌ പാചകവും വായനയുമാണ്‌. പുസ്തകങ്ങള്‍ വേറെ ഏതോ ലോകത്തേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നുവെന്നാണ്‌ ലതയുടെ അഭിപ്രായം. ഇഷ്ടപ്പെട്ട സ്പോര്‍ട്സ്‌ ആകട്ടെ ക്രിക്കറ്റും ഫുട്ബോളും ടെന്നീസും. ക്രിക്കറ്റ്‌ ആസ്വദിക്കുന്നതിനായി ലോഡ്സ്‌ സ്റ്റേഡിയത്തില്‍ ഒരു ഗ്യാലറിതന്നെ ലതയ്ക്കായി നീക്കിവച്ചിട്ടുണ്ട്‌. അങ്ങനെ ലതാജിയെപ്പറ്റി ആസ്വാദകര്‍ക്ക്‌ അറിയാത്ത കാര്യങ്ങളുടെ ഒരു നിരതന്നെയുണ്ട്‌. മനസ്സ്‌ സംഗീതത്തെ ധ്യാനിക്കുമ്പോഴും ലതാജി ഒരു പ്രണയിനി കൂടിയായിരുന്നു. അവരുടെ പ്രണയമാവട്ടെ രണ്ട്‌ പ്രമുഖരോടും. മുന്‍ ബിസിസിഐ പ്രസിഡന്റ്‌ രാജ്‌ സിംഗ്‌ ദുര്‍ഗ്ഗാപൂരിനേയും ലത മങ്കേഷ്കറേയും തമ്മില്‍ അടുപ്പത്തിലാക്കിയ പ്രധാന സംഗതി ക്രിക്കറ്റാണ്‌. എന്നാല്‍ താഴ്‌ന്ന ജാതിക്കാരിയെ മരുമകളായി സ്വീകരിക്കില്ലെന്ന കടുത്ത നിലപാട്‌ രാജ്‌ സിംഗിന്റെ മാതാപിതാക്കള്‍ എടുത്തതോടെ ലതയെ വധുവാക്കില്ലെന്ന ഉറപ്പ്‌ നല്‍കേണ്ടി വന്നു രാജ്‌ സിംഗിന്‌. പരസ്പരം സ്നേഹിച്ച്‌ നഷ്ടപ്പെടേണ്ടി വന്നെങ്കിലും അവരുടെ സ്നേഹ ബന്ധത്തിന്‌ പില്‍ക്കാലത്തും ഒരുടച്ചിലും സംഭവിച്ചിരുന്നില്ല. ഇടക്കാലത്തെപ്പോഴോ ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളായിരുന്ന ഭൂപന്‍ ഹസാരികയുമായി ലത പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുണ്ടായി. ഹസാരികയുടെ ഭാര്യ പ്രിയംവദ പട്ടേലാണ്‌ ഈ തുറന്ന്‌ പറച്ചില്‍ നടത്തിയതും. ഒരു മുറിയില്‍ പല രാത്രികളിലും ഇരുവരും ഒരുമിച്ചായിരുന്നുവെന്നും പ്രിയംവദ പറയുന്നു. ഹസാരികയോട്‌ ഭ്രാന്തമായ ആരാധനയായിരുന്നു ലതയ്ക്ക്‌. ലതാജിയുടെ ശബ്ദം ദൈവികമാണെന്ന അഭിപ്രായമായിരുന്നു ഹസാരികയ്ക്കുണ്ടായിരുന്നത്‌. പ്രണയം ഒരു അപരാധമല്ലെങ്കിലും ലത സംഗീതത്തിന്റെ മാത്രം നിത്യപ്രണയിനിയാണ്‌, ഇപ്പോഴും. അവാര്‍ഡുകളാണ്‌ ഒരു വ്യക്തിയിലെ പ്രതിഭയെ അളക്കുന്നതിനുള്ള മാനദണ്ഡമെങ്കില്‍ ലതയ്ക്ക്‌ കിട്ടാത്ത അംഗീകാരമില്ല. മൂന്ന്‌ ദേശീയ അവാര്‍ഡുകള്‍, എട്ടോളം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, ദാദാ സാഹേബ്‌ പുരസ്കാരം, പത്മ ഭൂഷണ്‍(1969), പത്മ വിഭൂഷണ്‍(1999) പുരസ്കാരമുള്‍പ്പെടെ ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരത്‌ രത്ന(2001) പുരസ്കാരവും നല്‍കി രാജ്യം ലതാജിയെ ആദരിച്ചിട്ടുണ്ട്‌. ഒടുവില്‍ പുതുതലമുറയ്ക്ക്‌ വേണ്ടി വഴി മാറിക്കൊടുത്തുകൊണ്ട്‌ അവാര്‍ഡുകള്‍ സ്വീകരിക്കാതെയായി ലതാ മങ്കേഷ്കര്‍. 1974 മുതല്‍ 1991 വരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ഓരോ വര്‍ഷവും റെക്കോഡ്‌ ചെയ്ത വ്യക്തിയെന്ന നിലയില്‍ ഗിന്നസ്‌ ബുക്കിലും ഇടം നേടിയിരുന്നു. പ്രശസ്ത പിന്നണി ഗായികമാരായ ആശ ഭോസ്ലെ, ഉഷാ മങ്കേഷ്കര്‍, മീന മങ്കേഷ്കര്‍ സംഗീത സംവിധായകന്‍ ഹൃദയനാഥ്‌ മങ്കേഷ്കര്‍ എന്നിവരാണ്��� സഹോദരങ്ങള്‍. പാടുന്നവനും ആസ്വദിക്കുന്നവനും സംഗീതം ഈശ്വരീയാനുഭവമാണ്‌ നല്‍കുന്നത്‌. തനിക്കുണ്ടായ നേട്ടങ്ങളെല്ലാം ആ ഈശ്വരന്റെ പ്രസാദമാണ്‌. ജീവിതത്തിലും കരിയറിലും താന്‍ സംതൃപ്തയാണ്‌. ശേഷിക്കുന്ന കാലവും സംഗീതത്തില്‍ മാത്രം ലയിക്കാനാണ്‌ ആഗ്രഹം. ഇങ്ങനെ പോകുന്നു ലതാജിയുടെ വാക്കുകള്‍. ലതാജിയ്ക്ക്‌ മേല്‍ സരസ്വതീ ദേവി ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹാശിസുകള്‍ ആയിരം പൂര്‍ണ ചന്ദ്രന്‍മാരുടെ പ്രഭയേയും നിഷ്പ്രഭമാക്കുന്നു. വിനീത വേണാട്ട്

//www.janmabhumidaily.com/news141715

സുന്ദരികളും സുന്ദരന്മാരും നിറയുന്നലോകം

… വിദ്യയിലൂടെ, പ്ലാസ്റ്റിക് സര്‍ജറിയുടെ ലോകത്ത് സ്വയം സമര്‍പ്പിതനായ ഡോ. കെ. ആര്‍. രാജപ്പന്റെ ലോകത്തിലൂടെ വിനീത വേണാട്ട്....

//www.janmabhumidaily.com/news219827

അരുത് നാട്ടാളാ കാടിനെ കൊല്ലരുത്

നമ്മുടെ കാടുകള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല, മനുഷ്യര്‍ അവ നശിപ്പിക്കാതിരുന്നാല്‍ മതി. കാട്ടാളനോടാണ് പണ്ട് ആദി കവി പറഞ്ഞത് അരുത് കാട്ടാളാ എന്ന്. ഇന്നു നാട്ടാളരോട് ജീവജാലങ്ങള്‍ക്കു പറയേണ്ടിവരുന്നു, അരുത് നാട്ടാളാ, ഈ കാടിനെ കൊല്ലരുത്. 200 വര്‍ഷം പഴക്കമുള്ള വീടിനോട് ചേര്‍ന്നുള്ള വനം സംരക്ഷിക്കുന്ന ഒരു വീട്ടമ്മയെക്കുറിച്ച് വിനീത വേണാട്ട് എഴുതുന്നു...
മനുഷ്യന്റെ മണ്ണിനോടുള്ള സ്വത്താര്‍ത്തി തീര്‍ക്കാന്‍ ഭൂമിയില്‍ ഇടംപോരാതെ വരുമ്പോള്‍ ജീവജാലങ്ങളുടെ പാര്‍പ്പിടമായ കാവും വനവും വെട്ടിത്തെളിച്ചാണ് മനുഷ്യന്റെ കടന്നുകയറ്റം. ഒടുവില്‍ നമ്മുടെ കാവും വനവും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകാം. ശ്വസിക്കാന്‍ ശുദ്ധവായുവില്ലാതെ, കുടിക്കാന്‍ ശുദ്ധജലമില്ലാതെ മനുഷ്യവംശവും ഒടുങ്ങിയേക്കാം, ഇങ്ങനെ പോയാല്‍. എന്നാല്‍ ഇത്തരമൊരു അവസ്ഥയിലേക്ക് നമ്മുടെ തലമുറയെ തള്ളിവിടാന്‍ ഒരുക്കമല്ലാത്തവരും നാട്ടിലുണ്ട്. ഒരുപക്ഷേ പ്രകൃതിയുടെ നിലനില്‍പ്പുതന്നെ അവരിലൂടെയാണെന്നും പറയാം.
കാവ് സംരക്ഷിച്ച്, അതിലെ ജീവജാലങ്ങളുടെ സൈ്വരവിഹാരത്തിന് ഹാനിവരുത്താതെ അവര്‍ കാവുകളെ കാക്കുന്നു. ആ പ്രവൃത്തിയിലൂടെ ആത്മ സംതൃപ്തി നേടുന്നവരാണവര്‍. അവര്‍ ആരുടേയും അനുമതിക്കും അംഗീകാരത്തിനും കാത്തുനില്‍ക്കുന്നില്ല. അവര്‍ ചെയ്യുന്നത് അന്യര്‍ അറിയണമെന്ന് ആഗ്രഹിക്കുന്നുമില്ല.
തനിക്ക് പൂര്‍വിക സ്വത്തായി കൈവന്ന കാവും കുളവും എല്ലാം ഉള്‍പ്പെടുന്ന ചെറുവനം പരിപാലിച്ചുപോരുന്ന പറവൂര്‍ ശാന്തിവനത്തിലെ മീന മേനോന്‍ അക്കൂട്ടത്തില്‍ പെടുന്നു. ഈ ചെറുവനത്തിന് ഏകദേശം 200 വര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പരാമര്‍ശിക്കുന്ന കുഞ്ചുക്കുട്ടിപ്പിള്ള സര്‍വാധികാരിയുടെ പിന്മുറക്കാരുടേതാണ് ഈ കാവെന്നും പറയപ്പെടുന്നു.
സാധാരണ ഒരു കേരളീയ ഭവനത്തിലേക്ക് ചെല്ലുമ്പോള്‍ വീടിനുചുറ്റമുള്ള പരിസരങ്ങളെല്ലാം കാടും പടലും വെട്ടിത്തെളിച്ചു വെടിപ്പാക്കിയ നിലയിലാവും കാണപ്പെടുക. എന്നാല്‍ ശാന്തിവനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അതിഥിയെ സ്വീകരിക്കുക വന്‍മരങ്ങളും അതില്‍ ആരുടേയും അനുമതിയില്ലാതെ പടര്‍ന്നുകയറിയ വള്ളിച്ചെടികളുമായിരിക്കും. ആര്‍ത്തുതഴച്ച് വളര്‍ന്ന മുളകളുടെ കൂട്ടവും കാണാം. ഇലച്ചാര്‍ത്തുകള്‍ക്ക് ഇടയിലൂടെവേണം സൂര്യകിരണങ്ങള്‍ക്ക് ഭൂമിയിലെത്തുവാന്‍. മുറ്റത്തുതന്നെയുണ്ട് ഏഴിലംപാലയും കാഞ്ഞിരവും മാവും ആഞ്ഞിലിയുമെല്ലാം. കലശ്, വെള്ളപൈന്‍, മഞ്ചാടി തുടങ്ങി അപൂര്‍വ വൃക്ഷങ്ങള്‍ക്കൊപ്പം നീറ്റംവള്ളി, സീതത്താലി തുടങ്ങിയ വള്ളിപ്പടര്‍പ്പുകള്‍, മരോട്ടി, പാല, കറുവാപ്പട്ട, ഇടന. വേങ്ങ എന്നിവയുള്‍പ്പെടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വൃക്ഷങ്ങളാണ് ഈ ശാന്തിവനം നിറയെ. ഇവിടെ വീടും പരിസരവും വൃത്തിയാക്കിയിടുന്നതൊഴിച്ചാല്‍ മറ്റ് ഭാഗങ്ങളിലേക്ക് തൂമ്പയും അരിവാളും വാക്കത്തിയുമൊന്നും ഇതുവരെ കടന്നു ചെന്നിട്ടേ ഇല്ല. ഉപയോഗമില്ലാത്തതെന്നു തോന്നുന്ന ഏതൊരുമരവും വീടിന്റെ തൊടികളില്‍ നിന്നും വെട്ടിമാറ്റാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കിടയില്‍ മീന വ്യത്യസ്തയാകുന്നതും ഇതുകൊണ്ടുതന്നെ.
അതുകൊണ്ടെന്താണു ഗുണമെന്നോ. മീനയുടെ വീട് പൂമ്പാറ്റകളുടേതുകൂടിയാണ്. സാധാരണ തൊടികളില്‍ കാണുന്ന ചിത്രശലഭങ്ങള്‍ക്ക് പുറമെ വിവിധ ഇനം ചിത്രശലഭങ്ങളും ഈ വനത്തിലും വീട്ടു പരിസരത്തും വട്ടം ചുറ്റിപ്പറക്കുന്നതുകാണാം. ദേശാടനകാലമായ ഡിസംബറിലാണ് രസം. സൈബീരിയന്‍ കൊക്ക്, നാഗമോഹന്‍പക്ഷി (സ്വര്‍ഗവാതില്‍ പക്ഷിയെന്നും അറിയപ്പെടും), ഹിമാലയമേഖലയില്‍ നിന്നെത്തുന്ന മുത്തുപ്പിള്ള എന്ന കുഞ്ഞുകിളി തുടങ്ങി അന്യദേശക്കാരൊക്കെ അപ്പോള്‍ ശാന്തിവനത്തിലെ സുഖകരമായ അന്തരീക്ഷത്തിലേക്ക് കുറച്ചുനാള്‍ വിരുന്നുകാരായി എത്താറുണ്ട്. പണ്ട് പറമ്പുകളില്‍ സര്‍വസാധാരണയായി കണ്ടിരുന്ന കൃഷ്ണകിരീടം ഇന്ന് അത്ര സാധാരണമല്ല. ഓണത്തിന് തുമ്പക്കുടം വേണമെങ്കില്‍ നട്ടുവളര്‍ത്തേണ്ട അവസ്ഥയാണിന്നുള്ളത്. പലരും ഒരു മുക്കുറ്റിപോലും മുറ്റത്ത് വളരാന്‍ അനുവദിക്കാതെ വേരോടെ പിഴുതെറിയുമ്പോള്‍ മുക്കുറ്റിയും കീഴാര്‍നെല്ലിയും നിലപ്പനയും എന്നുവേണ്ട പലവിധ ഔഷധസസ്യങ്ങള്‍ ഈ ചെറുവനത്തെ സമ്പന്നമാക്കുന്നു.
മീനയുടെ ചെറുവനത്തില്‍ ഇല്ലാത്ത ചെടികള്‍ പരിസ്ഥിതി പ്രവര്‍ത്തരായ സുഹൃത്തുക്കള്‍ അവരുടെ യാത്രകള്‍ക്കിടയില്‍ എവിടെ നിന്നെങ്കിലും എത്തിച്ചു കൊടുക്കാറുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈ വനമൊരു ജൈവ ആവാസ വ്യവസ്ഥയുടെ ഉത്തമമാതൃകയാണ്. ഓരോ ജീവിയും അവയുടെ വിശപ്പടക്കുന്നതിനുള്ള ഇരയെ ഈ വനത്തില്‍ നിന്നുതന്നെ കണ്ടെത്തുന്നു. ആവാസ വ്യവസ്ഥയെ സന്തുലിതമാക്കുകയെന്ന ധര്‍മവും ജീവജാലങ്ങളില്‍ നിക്ഷിപ്തം. മൂന്ന് സര്‍പ്പക്കാവുകളാണ് ഈ ചെറുവനത്തിലുള്ളത്. നാഗരാജാവും നാഗയക്ഷിയും ചിത്രകൂടവും കുടിയിരിക്കുന്ന കാവ്, കിഴക്കായി ബ്രാഹ്മണ സര്‍പ്പം, കൂടാതെ തെക്കുപടിഞ്ഞാറെ കോണിലായി കാലഭൈരവന്‍ കാവ്, ഭരദൈവമായ ഘണ്ടാകര്‍ണന്‍ പ്രതിഷ്ഠ എന്നിവയും ഇതിനുള്ളില്‍ ഉണ്ട്. വര്‍ഷത്തിലൊരിക്കല്‍, വിഷുവിനോടനുബന്ധിച്ച് നാഗങ്ങള്‍ക്ക് നൂറും പാലും നിവേദിക്കാറുണ്ട്. കാവുകളുടെ പരിപാവനത നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ചുറ്റുമുള്ള വനം ഇവിടെ പരിപാലിക്കുന്നത്.
സാധാരണ മനുഷ്യര്‍ വീട്ടില്‍ നട്ടുവളര്‍ത്തുന്ന പൂച്ചെടികളും പച്ചക്കറികളും മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളും ഒഴികെ ശേഷിക്കുന്ന ചെറുപുല്‍നാമ്പ് വരെ വേരോടെ പിഴുതെറിയും. കാരണം പറയുന്നതോ പാമ്പുശല്യം. പക്ഷേ മീനയുടെ ചെറുവനത്തിലൂടെ ഒന്നു ചുറ്റിയടിച്ചുവന്നപ്പോള്‍ കണ്ട കാഴ്ചകള്‍ കൗതുകകരമായിരുന്നു. ദാ കിടക്കുന്നു ഒരു മരത്തിന്റെ ചുവട്ടില്‍ കുറേ മുട്ടകള്‍. പാമ്പിന്റേതുതന്നെ. പക്ഷേ ഏതിനം പാമ്പിന്റേതാണെന്നുമാത്രം മനസ്സിലായില്ല. എല്ലാം വിരിഞ്ഞ് ഇഴഞ്ഞ് പോയ്ക്കഴിഞ്ഞിരുന്നു. ഇന്ന്! മനുഷ്യന്റെ സ്വഭാവ വ്യതിയാനത്തിന്റെ ഫലമായി പ്രകൃതിയുടെ താളം തന്നെ തെറ്റിയിരിക്കുന്നു. കാടില്ലാതായതിന്റെ ഫലമായി കടുവയും പുലിയും വരെ നാട്ടിലിറങ്ങി ഇരതേടുന്നു. എന്നാല്‍ മൃഗങ്ങള്‍ക്ക് മനുഷ്യരെ ഉപദ്രവിക്കണമെന്നില്ലെന്നും അവയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയിലാകുമ്പോള്‍ മാത്രമേ അവ മനുഷ്യനുനേരെ തിരിയൂവെന്നും നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
വനത്തിനുള്ളിലെ കുളങ്ങള്‍ വൃത്തിയാക്കാന്‍ ആളെ കിട്ടാത്തതാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് മീന. കുളം തേകി വൃത്തിയാക്കുന്നതിന് 4000 രൂപ വരെ കൊടുക്കണം. കുളത്തില്‍ ചെളി നിറഞ്ഞാല്‍ അതിലെ ജീവജാലങ്ങള്‍ക്കാണ് നാശം സംഭവിക്കുക. കാവും കുളവും സംരക്ഷിക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി കുളങ്ങള്‍ വൃത്തിയാക്കുന്നതിന് എന്തെങ്കിലും സഹായം നല്‍കേണ്ടതാണ് എന്നാണ് മീനയുടെ അഭിപ്രായം.
വളര്‍ന്നുവരുന്ന തലമുറയ്‌ക്കെങ്കിലും പ്രകൃതിയെ സ്‌നേഹിക്കുവാനുള്ള മനസ്സുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ശാന്തിവനത്തില്‍ എല്ലാ ഞായറാഴ്കളിലും കുട്ടികള്‍ക്കായി ക്ലാസുകള്‍ നടത്തുന്നുണ്ട് മീന. വ���ഞ്ജാനത്തിനൊപ്പം പ്രകൃതിയെക്കൂടി അറിയുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. കേവലം പുസ്തകപ്പുഴുക്കളായി മാറുന്ന ഇന്നത്തെ കുട്ടികള്‍ക്കുണ്ടോ പുഴുക്കളേയും പൂമ്പാറ്റകളേയും പുല്‍ച്ചാടിയേയും നേരില്‍ കണ്ട് പരിചയം. ആ അവസ്ഥയ്‌ക്കൊരു മാറ്റമാണ് തന്റെ പള്ളിക്കൂടത്തിലൂടെ മീന ആഗ്രഹിക്കുന്നത്. നാടന്‍ വിത്തുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനായി ഒരു വിത്ത് കൂട്ടായ്മയും ഇവിടെ നടക്കുന്നുണ്ട്. കീടനാശിനി തളിക്കാതെ മുളപ്പിച്ചെടുത്ത നാടന്‍ പച്ചക്കറി വിത്തുകളാണ് കൈമാറി നല്‍കുന്നത്. ഒരു വിത്ത് കൊടുത്ത് പകരം മറ്റൊരു വിത്ത് സ്വന്തമാക്കുന്ന രീതി.
പൂജാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗണപതി നാരങ്ങ, കാട്ടാല്‍. ഇലഞ്ഞി, ആറ്റുപേഴ്, കാഞ്ഞിരം, അത്തി, കൊന്ന, മരോട്ടി, ആനപ്പന, കച്ചോലം, മരുത്, ഗരുഡക്കൊടി, ചെമ്മരം, അരണമരം, കുരുടിപ്പാല, പൂച്ചപ്പഴം, പഞ്ചാരപ്പഴം, ചേര്, അശോകം, ചിറ്റമൃത്, പാല്‍മുതക്, മേന്തോന്നി, നീല അമരി, ദശപുഷ്പങ്ങള്‍ തുടങ്ങി മരങ്ങളാലും ചെടികളാലും ശാന്തിവനം ഹരിതാഭമാണ്. എന്നാല്‍ പ്രകൃതിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന കാവുകളെ ശ്വാസംമുട്ടിച്ച് ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങളും ബോധപൂര്‍വമോ അല്ലാതെയോ നടക്കുന്നുണ്ട്. ഇത്തരത്തിലൊരു ദുരവസ്ഥയേയും മീനയ്ക്ക് അടുത്തിടെ അഭിമുഖീകരിക്കേണ്ടതായി വന്നു. മരങ്ങളുടെ കടയ്ക്കല്‍ മഴു വയ്ക്കാനുള്ള നീക്കത്തിനെതിരെ ചെറുത്തുനില്‍പ്പിന്റെ പോര്‍വഴിയിലാണ് മീന. പറവൂര്‍ വഴിക്കുളങ്ങരയില്‍ സ്ഥിതിചെയ്യുന്ന പതിറ്റാണ്ടുകളുടെ കഥപറയുന്ന ഈ കാവിന് മുകളിലൂടെ കെഎസ്ഇബിയുടെ മന്നംചെറായി 110 കെവി ലൈന്‍ വലിയ്ക്കാനാണ് നീക്കം നടക്കുന്നത്. ശാന്തിവനം ജൈവ കാമ്പസിന് ഉള്ളില്‍ സര്‍പ്പക്കാവ് സ്ഥിതി ചെയ്യുന്നതിനടുത്തുതന്നെ ടവര്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനെതിരെ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. വൈദ്യുതി ലൈനിനെതിരെയുള്ള പൊതുജനപ്രതിഷേധത്തിന്റെ ഭാഗമായി ഒരു കമ്മീഷനെ വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയായിട്ടില്ല. ലൈന്‍ വലിക്കണമെങ്കില്‍ ഇരുവശവും 20 മീറ്റര്‍ വീതമെങ്കിലും വനം വെട്ടിത്തെളിക്കണം. കാവ് ഉള്‍പ്പെടുന്ന ഈ വനത്തിന്റെ നല്ലൊരു ഭാഗം ഇതിനായി വെട്ടിനീക്കേണ്ടി വരും. ഏതായാലും ഈ നീക്കം അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയെല്ലാം സഹായം താന്‍ തേടുമെന്നും മീന പറയുന്നു. വനത്തിനുള്ളിലെ മരങ്ങളെക്കുറിച്ചെല്ലാം കെഎഫ്ആര്‍ഐ സര്‍വെ നടത്തിയതിന്റെ റിപ്പോര്‍ട്ടും മീനയുടെ പക്കലുണ്ട്.
കാവുകള്‍ക്ക് ചുറ്റുമുള്ള ഭാഗത്തെക്കൂടി വനവല്‍ക്കരിച്ച് ശാന്തിവനത്തെ ഇത്തരത്തില്‍ ഒരു ചെറു വനമായി രൂപപ്പെടുത്തുക എന്ന ആശയം മീനയുടെ അച്ഛന്‍ രവിയുടേതായിരുന്നു. 1983 ല്‍ പരിസ്ഥിതി സ്‌നേഹികള്‍ നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. സാവിത്രിയാണ് മീനയുടെ അമ്മ.
പ്രകൃതിയെ മറന്ന് ജീവിക്കുന്നവരോട് ഒന്നേ മീനയ്ക്ക് പറയാനുള്ളു, പ്രകൃതിക്ക് നിങ്ങളെ യാതൊരാവശ്യവുമില്ല; പക്ഷെ, ... നിങ്ങള്‍ക്ക് പ്രകൃതിയെ ആവശ്യമുണ്ട് .. അതില്ലെങ്കില്‍ മനുഷ്യകുലത്തിനു തന്നെ നിലനില്‍പ്പില്ലെന്നോര്‍ക്കുക. പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല; എന്നാല്‍ മനുഷ്യനില്ലെങ്കിലും പ്രകൃതി നിലനല്‍ക്കും.…

//www.janmabhumidaily.com/news214124

ലാസ്യനടനത്തില്‍ ലയിച്ച് അഖില

നര്‍ത്തകി, അധ്യാപിക, ഫിറ്റ്‌നസ് സെന്റര്‍ ട്രെയിനര്‍, പിന്നെ ഒരല്‍പം ബിസിനസ് മേല്‍നോട്ടവും. വയസ്സ് ഇരുപത്തിയാറെ ആയിട്ടുള്ളുവെങ്കിലും അഖില ഗോപിനാഥ് ഏറ്റെടുത്ത ജോലികളിലെല്ലാം പെര്‍ഫക്ട് ആണ്. ഏത് ജോലിയായാലും സ്വയം ഇന്‍വോള്‍വ്ഡ് ആയി ചെയുക എന്നതാണ് അഖിലയുടെ നയം. യുവതലമുറയുടെ ലക്ഷ്യബോധമില്ലായ്മയൊന്നും അഖിലയ്ക്കില്ല. കാര്യം എന്തൊക്കെയായാലും നൃത്തത്തിനാണ് പ്രഥമ പരിഗണന. കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടത്തിലാണ് അഖില ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മോഹിനിയാട്ടത്തെ ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാക്കുകയാണ് ഈ കലാകാരിയുടെ ലക്ഷ്യം. പരാമ്പരാഗത ശൈലിവിട്ട് അതേസമയം മോഹിനിയാട്ടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒട്ടൊരു പുതുമ വരുത്തിയാല്‍ ഈ നൃത്തരൂപം കൂടുതല്‍ ജനങ്ങളിലേക്ക് എത്തുമെന്ന അഭിപ്രായമാണ് അഖിലയ്ക്ക്. മൂന്നര വയസ്സിലാണ് നൃത്ത പഠനം ആരംഭിച്ചത്, ഭരതനാട്യത്തില്‍.
കലാമണ്ഡലം സുമതിയുടെ ചേച്ചി ചന്ദ്രികയായിരുന്നു ആദ്യ ഗുരു. പിന്നീട് രവികുമാര്‍, ആര്‍എല്‍വി ഉണ്ണികൃഷ്ണന്‍, ആര്‍എല്‍വി അനന്ദന്‍ എന്നിവരുടെ കീഴിലും ഭരതനാട്യം അഭ്യസിച്ചു. എന്ത് പഠിക്കാന്‍ തുടങ്ങിയാലും അതില്‍ വൈദഗ്ധ്യം നേടിയവരുടെ അടുത്തുനിന്നുമാത്രമേ അഭ്യസിക്കാവു എന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അഖില പറയുന്നു. മോഹിനിയാട്ടം അഭ്യസിക്കുന്നതിനായി ആലുവയിലുള്ള പി.ടി. വാസുദേവന്‍ നമ്പൂതിരിയുടെ അടുത്തുപോയി. അപ്പോഴാണ് മോഹിനിയാട്ടത്തോടുള്ള ഇഷ്ടം കൂടിയത്. തുടര്‍ന്ന് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കവിത കൃഷ്ണകുമാര്‍ എന്നിവരുടെ കീഴിലായി മോഹിനിയാട്ട പഠനം.
എന്നാല്‍ ഇന്ന് കേവലം കലോത്സവങ്ങളില്‍ മത്സരിക്കുന്നതിന് വേണ്ടി മാത്രം നൃത്തം അഭ്യസിക്കുന്നവരാണ് കൂടുതലെന്നാണ് ഈ കലാകാരിയുടെ അഭിപ്രായം. മിക്ക സ്‌കൂളുകളിലും നൃത്താധ്യാപകരെ നിയമിക്കുന്നതും കലോത്സവങ്ങളിലും ആനിവേഴ്‌സറികളിലും കുട്ടികളെ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ട് മാത്രമാണ്. ഈ രീതിയോട് തികഞ്ഞ വിയോജിപ്പാണ് അഖിലയ്ക്ക്്. കോതമംഗലത്തുള്ള മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നൃത്താധ്യാപികയായി ക്ഷണം കിട്ടിയപ്പോഴേ മറ്റ് അധ്യാപകരെപ്പോലെയാവാന്‍ താല്‍പര്യമില്ലെന്നും തന്റേതായ ശൈലിയില്‍ മാത്രമേ കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും വ്യക്തമാക്കി. നൃത്തം പഠിപ്പിക്കുന്നതില്‍ അഖിലയ്ക്ക് ഇഷ്ടമുള്ള ശൈലി സ്വീകരിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം സ്‌കൂള്‍ അധികൃതര്‍ നല്‍കിയതോടെ മാര്‍ അത്തനേഷ്യസിലെ നൃത്താധ്യാപികയുമായി അഖില. ആഴ്ചയില്‍ ഒരു ദിവസമാണ് അഖില ഈ സ്‌കൂളില്‍ ക്ലാസ് എടുക്കുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിഎയും മോഹിനിയാട്ടത്തില്‍ എംഎയും സ്വന്തമാക്കിയ അഖില, തന്റെ കഴിവുകള്‍ മോഹിനിയാട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്.
ലാസ്യ, ഭക്തി രസങ്ങള്‍ക്കാണ് മോഹിനിയാട്ടത്തില്‍ പ്രാധാന്യമുള്ളത്. എന്നാല്‍ കലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ എപ്പോഴ���ം ഉണ്ടാകണം. അങ്ങനെയെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ ഉണ്ടാവുകയുള്ളു. അവര്‍ക്ക് പുതുമയാണ് ആവശ്യം. മോഹിനിയാട്ടത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ മാറ്റം വരുത്താനാണ് അഖിലക്ക് താല്‍പര്യം. മോഹിനിയാട്ടത്തില്‍ മേതില്‍ ദേവിക, നീന പ്രസാദ് തുടങ്ങിയവര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയകരമാണ്. അവിടെ പ്രേക്ഷകര്‍ കൂടുന്നുമുണ്ട്. ഇത്തരത്തില്‍ മോഹിനിയാട്ടത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നു ചെല്ലുകയും കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള പരിശ്രമത്തിലാണ് അഖിലയിപ്പോള്‍. തനിക്ക് കൂടുതല്‍ പ്രശസ്തി നേടണമെങ്കില്‍ ഏതെങ്കിലുമൊരു വിഷയത്തിലൂന്നി ഡാന്‍സ് ഡ്രാമയോ മറ്റോ അവതരിപ്പിച്ചാല്‍ മതിയാകും. എന്നാല്‍ അഖില ഗോപിനാഥ് എന്ന വ്യക്തിയുടെ പ്രശസ്തിയല്ല താന്‍ ആഗ്രഹിക്കുന്നതെന്നും ഈ കലാകാരി വ്യക്തമാക്കുന്നു.
മോഹിനിയാട്ടത്തില്‍ തന്റേതായ രീതിയിലുള്ള പരീക്ഷണങ്ങള്‍ക്കും അഖില തുടക്കമിട്ടുകഴിഞ്ഞു. സീതാരാമായാണത്തിലെ സീതയെ കേന്ദ്രകഥാപാത്രമാക്കി സീത എന്ന പേരില്‍ അരമണിക്കൂര്‍ നീളുന്ന പരിപാടി ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരകോത്സത്തില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. പ്രതികരണത്തിന്റെ ആദ്യ രൂപമായിട്ടാണ് താന്‍ സീതയെ കാണുന്നതെന്ന് അഖില പറയുന്നു. തന്റെ നിരപരാധിത്വവും വിശുദ്ധിയും തെളിയിക്കാന്‍ അഗ്നിശുദ്ധി വരുത്തേണ്ടി വന്ന സീതയെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അഖില.
ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ ഓരോ നൃത്ത രൂപവും. എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതിനെപ്പറ്റിയൊന്നും വല്യ ഗ്രാഹ്യമില്ല. കലയോട് അര്‍പ്പണബോധമുള്ളവര്‍ കുറവാണെന്നും പണ്ടത്തെപ്പോലൊരു ഗുരുശിക്ഷ്യ ബന്ധവും ഇക്കാലത്തില്ലെന്നും അഖില അഭിപ്രായപ്പെടുന്നു. അതിനാല്‍ത്തന്നെ തന്റെ കീഴില്‍ നൃത്തപഠനത്തിനെത്തുന്നവര്‍ക്ക് നൃത്തത്തിന്റെ ശാസ്ത്രീയാടിത്തറ മുതല്‍ പകര്‍ന്നു നല്‍കണമെന്ന നിര്‍ബന്ധമുണ്ട് അഖിലയ്ക്ക്. നൃത്തത്തോട് താല്‍പര്യമുള്ള കുട്ടികളെ പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കുമെന്നും അഖില പറയുന്നു.
കോതമംഗലത്തിനടുത്ത് മാതിരപ്പള്ളിയില്‍ 2010 മുതല്‍ തപസ്യ എന്ന പേരില്‍ ഡാന്‍സ് അക്കാദമിക്കും രൂപം നല്‍കി അഖില. മൂന്ന് വയസ്സ് മുതലുള്ള കുട്ടികളാണ് അഖിലയ്ക്ക് ഇവിടെ ശിക്ഷ്യരായിട്ടുള്ളത്.
ശാരീരിക- മാനസിക സംഘര്‍ഷങ്ങള്‍ കൂടുതലായി അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി കോതമംഗലത്ത് കഴിഞ്ഞ നവംബറില്‍ ഒരു ജിമ്മും തുടങ്ങിയിട്ടുണ്ട് അഖില. പുലര്‍ച്ചെ 4.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം. ഇവിടെ ഒരു ട്രെയിനറെ നിയമിച്ചിട്ടുണ്ടെങ്കിലും പുലര്‍ച്ചെ 4.30 ന് എത്തി ജിം തുറക്കുന്നതും യോഗ പരിശീലിപ്പിക്കുന്നതും അഖിലതന്നെ.
റാഗി ഉത്പന്ന നിര്‍മാതാക്കളായ ജീവന്‍സ് ഹൗസിന്റ സാരഥി കെ.പി. ഗോപിനാഥിന്റെ മകളാണ് അഖില. ബൈപ്പാസ് സര്‍ജറിയെ തുടര്‍ന്ന് ഗോപിനാഥിന് വിശ്രമം വേണ്ടി വന്നപ്പോള്‍ പൊള്ളാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മേല്‍നോട്ടവും അഖിലക്കായിരുന്നു. രണ്ട് വര്‍ഷം അച്ഛന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട്് മാത്രമാണ് തനിക്ക് ബിസിനസ് നോക്കി നടത്താന്‍ സാധിച്ചതെന്ന് അഖില പറയുന്നു. 18 വയസ്സുവരെ മാത്രമേ മക്കള്‍ മാതാപിതാക്കളുടെ ചെലവില്‍ കഴിയാന്‍ പാടുള്ളുവെന്ന സിദ്ധാന്തക്കാരനായിരുന്നു അഖിലയുടെ അച്ഛന്‍. അതിന് ശേഷം സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന അച്ഛന്റെ കാഴ്ചപ്പാടാണ് തന്നെ ബോള്‍ഡ് ആക്കിമാറ്റിയതെന്നും അഖില പറയുന്നു.
കേരളത്തിന് പുറമെ ബാംഗ്ലൂര്‍, ബോംബെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നൃത്തോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട് അഖില. കോതമംഗലം ഉപജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായ എട്ട് വര്‍ഷം കലാതിലകമായിരുന്നു. 2003,2006 വര്‍ഷങ്ങളില്‍ മോഹിനിയാട്ടം, ഭരതനാട്യം, കഥാപ്രസംഗം എന്നീ ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
അറിയപ്പെടുന്ന കാഥിക കൂടിയായ അഖില പ്രശസ്ത കഥാപ്രാസംഗികനായിരുന്ന കെടാമംഗലം സദാനന്ദന്റെ പ്രിയ ശിക്ഷ്യരില്‍ ഒരാളാണ.് 2005 ല്‍ കേരള കഥാപ്രസംഗ അക്കാദമിയില്‍ നിന്നും മികച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റിനുള്ള യുവപ്രതിഭാ പുരസ്‌കാരവും നേടിയിട്ടുണ്ട്. ദൂരദര്‍ശന്റെ ഗ്രേഡ് ആര്‍ട്ടിസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോഹിനിയാട്ടത്തെ ആഴത്തില്‍ പഠിക്കുന്നതിനായി ഈ കലയില്‍ ഡോക്ടറേറ്റാണ് ഇനിയുള്ള ലക്ഷ്യം. അമ്മ ആശ ഗോപിനാഥ് വീട്ടമ്മയാണ്. അനിയത്തി നിഖില ഗോപിനാഥ് എംഐബി വിദ്യാര്‍ത്ഥിനിയും. നൃത്തപഠനവും നൃത്ത അധ്യാപനവുമൊക്കെയായി കോതമംഗലം മാതിരപ്പിള്ളിയിലെ കളരിക്കല്‍ വീട്ടില്‍ ചിലങ്കയുടെ നാദം തീര്‍ക്കുകയാണ് അഖില.
വിനീത വേണാട്ട്

//www.janmabhumidaily.com/news212483

ഡയറക്ടര്‍ ബല്‍‌റാം

ഇരുപത് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1993 ലാണ് മഹാകവി ചങ്ങമ്പുഴ, ബല്‍റാമിന്റെ മനസ്സിലൊരു സ്വപ്‌നമായി കയറിക്കൂടുന്നത്. അതിന് പിന്നിലും ഒരു കഥയുണ്ട്. ആ കാലത്ത് എപ്പോഴോ തലശ്ശേരിയിലെ ഏതോ തെരുവിലൂടെ നടക്കുമ്പോഴാണ് വഴിയരികില്‍ ഒരു ഭ്രാന്തന്റെ രൂപഭാവാദികള്‍ അനുസ്മരിപ്പിക്കുന്ന ഒരാള്‍ വളരെ ഇമ്പത്തോടെ, സ്വയം മറന്ന് രമണനിലെ വരികള്‍ അക്ഷരസ്ഫുടതയോടെ ചൊല്ലുന്നത് കേട്ടത്. സിനിമയ്ക്ക് വേണ്ട പ്രമേയം പലപ്പോഴും ഒരു യാത്രയിലോ, ഒരു പുസ്തകം വായനയില്‍ നിന്നൊ ഒക്കെയാവും മനസ്സിലേക്ക് വീണുകിട്ടുക. അത്തരത്തിലൊരു പ്രമേയമാണ് ആ ഭ്രാന്തനിലൂടെ ബല്‍റാമിലേക്ക് സന്നിവേശിച്ചത്. അത് സാക്ഷാല്‍ രമണന്റെ സ്രഷ്ടാവ് ചങ്ങമ്പുഴയെക്കുറിച്ചായിരുന്നു. പിന്നീട് ഒരന്വേഷണമായിരുന്നു ഒന്നര വര്‍ഷക്കാലം. ചങ്ങമ്പുഴയുടെ ജീവിതത്തിലൂടെ. പല തവണ വായിച്ചറിഞ്ഞ ചങ്ങമ്പുഴയെ അടുത്തറിയുന്നതിനുള്ള യാത്രയായിരുന്നു തുടര്‍ന്നങ്ങോട്ട്. ചങ്ങമ്പുഴയെഴുതിയതും, ചങ്ങമ്പുഴയെക്കുറിച്ചെഴുതിയതുമായ പുസ്തകങ്ങളിലൂടെ, കവിയുടെ ബന്ധുക്കളിലൂടെ, കവിയെ നേരിട്ടും അല്ലാതെയും അറിയാവുന്നവരിലൂടെ ഒരു യാത്ര. പിന്നെ അദ്ദേഹം പല കാലങ്ങളില്‍ താമസിച്ച പൂനെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലൂടെയെല്ലാം ബല്‍റാം സഞ്ചരിച്ചു. അതിനൊടുവില്‍ രമണം എന്ന പേരില്‍ നോവല്‍ എഴുതി. ചങ്ങമ്പുഴയെക്കുറിച്ചുള്ള സിനിമയായിരുന്നു മനസ്സില്‍. അതിനാല്‍ത്തന്നെ രമണം എന്ന പേരില്‍ത്തന്നെ തിരക്കഥയും രചിച്ചു. സിനിമയാക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ വെല്ലുവിളി ബല്‍റാമിന് നേരിടേണ്ടി വന്നത്. നിര്‍മാതാവിനെ കിട്ടാനില്ല. പലരേയും സമീപിച്ചു. കഥയുടെ പശ്ചാത്തലം വര്‍ഷങ്ങള്‍ക്കപ്പുറമായതിനാല്‍ ഓഫ്ബീറ്റ് ചിത്രമായിരിക്കും എന്ന ധാരണയാലെന്തോ പലരും പിന്മാറി. എന്നാല്‍ ചിത്രത്തിന്റെ ഗുണഫലങ്ങളും സാധ്യതകളും നിര്‍മാതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിയാതെപോയതിനാലാവാം അങ്ങനെ സംഭവിച്ചതെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ബല്‍റാം പറയുന്നു. വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ച സ്വപ്‌നം നിര്‍മാതാവിനെ കിട്ടിയില്ല എന്ന കാരണത്താല്‍ ഉപേക്ഷിക്കാന്‍ ബല്‍റാം തയ്യാറല്ലായിരുന്നു. എഴുത്ത് എന്ന സിദ്ധിയെത്തന്നെ കൂട്ടുപിടിക്കാന്‍ തീരുമാനിച്ചു. 9-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് അക്ഷരങ്ങളുമായുളള ചങ്ങാത്തം. അന്നുമുതല്‍ ഇങ്ങോട്ട് എഴുതിയ ഒട്ടനവധി കൃതികളില്‍ നിന്നും ചിലതെടുത്ത് പ്രസിദ്ധീകരിച്ച് അതില്‍ നിന്നും വരുമാനമുണ്ടാക്കാന്‍ തീരുമാനിച്ചു. ഒരു കൂട്ടം പുസ്തകങ്ങള്‍ക്ക് മുഖവിലയായി 2000 രൂപ നിശ്ചയിച്ചുകൊണ്ട് 35,000 കോപ്പികള്‍ വിറ്റഴിച്ച് ആ തുകകൊണ്ട് സിനിമ നിര്‍മിക്കുന്നു. മൂന്ന് മാസം മുമ്പ് ഇങ്ങനെയൊരു ആലോചനയുമായി സാഹിത്യരംഗത്തും മറ്റുമുള്ള പല പ്രമുഖരേയും സമീപിച്ചു. തന്റെ ആശയം മനസ്സിലാക്കിയപ്പോള്‍ എല്ലാവരും പിന്തുണ അറിയിച്ചു. അതിന് ശേഷമാണ് തീരുമാനം ലോകത്തെ അറിയിക്കുന്നത്. ആദ്യ ബാലസാഹിത്യ നോവല്‍ ആയ മുയല്‍ ഗ്രാമം, എഴുത്തുകാരന്റെ എഴുത്തിലെ വൈവിധ്യവും വെളിപ്പെടുത്തുന്ന കൃതിയായ പാവപ്പെട്ട കഥ തുടങ്ങി കളിയാട്ടം, കര്‍മയോഗി എന്നീ ചിത്രങ്ങളുടെ തിരക്കഥവരെ ഉള്‍പ്പെടുന്ന കൃതികളാണ് വില്‍ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ മുഖേനയും ചില കമ്പനികള്‍ വഴിയായുമെല്ലാം പുസ്തകം വില്‍ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 1911 ല്‍ ജനിച്ച് 1948 ല്‍ മരണമടഞ്ഞ ചങ്ങമ്പുഴയുടെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് രമണം. ആ ജീവിതത്തെ 1948 എന്ന ഒറ്റ വര്‍ഷത്തില്‍ മാത്രം നിന്നുകൊണ്ടുള്ള കഥപറച്ചില്‍ ശൈലിയിലാണ് ആവിഷ്‌കരിക്കുന്നത്. ഒരു കാലഘട്ടത്തില്‍ നിന്നുകൊണ്ട് ആ വ്യക്തിയുടെ പല കാലഘട്ടത്തിലെ കഥ പറയുന്നു. എന്നാല്‍ ഇതിനെ ഒരു ഫഌഷ്ബാക്ക് എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ബല്‍റാം പറയുന്നു. തിരക്കഥയില്‍ ഒരുപാട് സാധ്യതകള്‍ കണ്ടെത്താനായത് 20 വര്‍ഷമായി തന്റെ ആഗ്രഹം പൂര്‍ത്തിയാകാതിരുന്നതുകൊണ്ടാണെന്നും ആഖ്യാന വിസ്‌ഫോടനം തന്നെ നടത്താന്‍ ഇതിലൂടെ സാധിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ചങ്ങമ്പുഴയുടെ ജീവിതത്തിലേക്ക് പല കാലഘട്ടങ്ങളില്‍ കടന്നുവന്നിട്ടുള്ള സ്ത്രീ ജീവിതങ്ങളെ അതേ പേരില്‍, അതേ അവസ്ഥയില്‍ വെള്ളിത്തിരയിലെത്തിക്കുന്നതിനൊപ്പം ചങ്ങമ്പുഴയുമായി ബന്ധപ്പെട്ട് ലോകം അറിയാതെ പോയ സ്ത്രീകളും ഈ സിനിമയിലൂടെ പുനര്‍ജനിക്കുന്നു. 11 നായികമാരാണ് വിവിധ ഭാവങ്ങളില്‍ ചിത്രത്തെ സമ്പുഷ്ടമാക്കുന്നത്. ചങ്ങമ്പുഴയുടെ ജീവിതകഥ പറയുന്നതിനൊപ്പം സാര്‍വലൗകികതയിലേക്കും രമണത്തിന്റെ പ്രമേയം കടന്നെത്തുന്നു. വേറെ ഏതോ കാലത്ത്, ഏതോ നാട്ടില്‍ മറ്റൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ജീവിതത്തിലും സംഭവിക്കുന്നതുപോലൊരു ധ്വനി ഈ ചിത്രം സൃഷ്ടിക്കുമെന്ന് ചുരുക്കം. പ്രകൃതിയുമായി ഒത്തുജീവിച്ച കവിയാണ് ചങ്ങമ്പുഴ. കാല്‍പനികത തുളുമ്പുന്നവയായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. മറ്റ് മലയാള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മലയാള ഭാഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തില്‍ സംഗീതത്തിനുമുണ്ട് മുന്‍ഗണന. ഋതുഭേദങ്ങള്‍ കൃത്രിമത്വം ഇല്ലാതെയാണ് ചിത്രീകരിക്കുക. ചങ്ങമ്പുഴയെ അഭ്രപാളിയില്‍ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ പ്രമുഖ യുവതാരം തന്നെ ആയിരിക്കും. എന്നാല്‍ രമണം യാഥാര്‍ത്ഥ്യമാക്കുന്നതിന് ചങ്ങമ്പുഴയ്ക്ക് ഉണ്ടായതുപോലൊരു അവസ്ഥയെയാണ് ബല്‍റാം മട്ടന്നൂരും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ചങ്ങമ്പുഴയുടെ സ്വന്തം കവിത 'രമണന്‍'പ്രസിദ്ധപ്പെടുത്തുന്നതിന് ആദ്യമാരും സന്നദ്ധത കാട്ടിയിരുന്നില്ല. ഒരു സുഹൃത്തിന്റെ സഹായത്താല്‍ 1936 ല്‍ തന്നെ 'രമണന്‍' പ്രസിദ്ധീകൃതമായി. വില ആറണ! (38 പൈസ). തുടക്കത്തില്‍ കുറച്ചു കോപ്പികളെ ചെലവായുള്ളൂ. ഇതില്‍ വാശി തോന്നിയ ചങ്ങമ്പുഴ പുസ്തകക്കെട്ടും പേറി നേരെ തിരുവിതാംകൂറിലേക്ക്. കോളേജുകളിലും വിവിധ സ്ഥാപനങ്ങളിലും കയറി ഇറങ്ങി പുസ്തകം വിറ്റു. ബല്‍റാം മട്ടന്നൂരും തന്റെ പുസ്തകം വിറ്റുകൊണ്ട് സിനിമ പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ ചങ്ങമ്പുഴയുടേതിന് സമാനമായ അനുഭവം എന്നും പറയുന്നതില്‍ തെറ്റില്ല. സിനിമയ്ക്ക് വേണ്ടി പശ്ചാത്തലം പഠിക്കുന്നതിനും മനനം ചെയ്യുന്നതിനുമാണ് ഏറെ സമയം എടുക്കേണ്ടി വരുന്നതെന്ന് ബല്‍റാം പറയുന്നു. പിന്നെ തിരക്കഥ പിറവികൊള്ളുന്നത് അതി വേഗത്തിലായിരിക്കും. രമണത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവുമെല്ലാം ബല്‍റാമിന്റേതുതന്നെ. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചിക്കന്‍ പോക്‌സ് ബാധിതനായതിനെ തുടര്‍ന്ന് വര്‍ഷാവസാന പരീക്ഷ എഴുതാന്‍ ബല്‍റാമിന��� സാധിച്ചില്ല. ഒരു മുറിയില്‍ തനിച്ചായപ്പോള്‍ ഏകാന്തത വല്ലാതെ അലട്ടിയിരുന്ന ആ സമയത്താണ് ആദ്യമായി എന്തൊക്കയോ എഴുതിക്കൂട്ടിയത്. മുയല്‍ഗ്രാമം എന്ന് അതിന് പേരുമിട്ടു. കുട്ടിയുടെ നിഷ്‌കളങ്കതയോടെയായിരുന്നു എഴുത്ത്. ആ എഴുത്താണ് എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെ ജീവിപ്പിച്ചതെന്ന് ബല്‍റാം പറയുന്നു. 1975 ലായിരുന്നു ആ രചന. ഏഴ് വര്‍ഷത്തിന് ശേഷം 1982 ലാണ് സുഹൃത്ത് ദിലീപ് ആ രചന കാണുന്നതും പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൈ എടുത്തതും. 1983 ല്‍ യുവസാഹിതി, ദര്‍ശനം എന്നിങ്ങനെ രണ്ട് അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു. മുയല്‍ഗ്രാമം കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കളിയാട്ടം, കര്‍മയോഗി, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിരക്കഥാകൃത്ത് എന്ന നിലയില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ് ബല്‍റാം. അദ്ദേഹത്തിന്റെ നാല് തിരക്കഥകള്‍ അണിയറയില്‍ സിനിമയായിക്കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ മട്ടന്നൂരില്‍ സി.എച്ച്.പദ്മനാഭന്‍ നമ്പ്യാരുടേയും ജാനകിയമ്മയുടേയും മകനാണ് ബല്‍റാം. മകള്‍ ഗായത്രി ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ്. ഭാര്യ സൗമ്യ വീട്ടമ്മയാണ്. രമണത്തിന് ചലച്ചിത്ര ഭാഷ്യം രചിക്കണമെങ്കില്‍ അഞ്ചേകാല്‍ കോടി രൂപ മുതല്‍മുടക്ക് വേണ്ടി വരും. അവാര്‍ഡ് ചിത്രങ്ങള്‍ക്ക് ബജറ്റ് കുറവാണെന്ന ചിന്തയാണ് പലര്‍ക്കും. ചിത്രങ്ങളെ ഓഫ്ബീറ്റ്, കൊമേഴ്‌സ്യല്‍ എന്ന് തരം തിരിക്കുമ്പോള്‍ അങ്ങനെയൊരു തരംതിരിവ് ആവശ്യമില്ലെന്ന് ബല്‍റാം പറയുന്നു. ചുരുങ്ങിയ മുതല്‍ മുടക്കിലെടുക്കുന്നതാണ് അവാര്‍ഡ് സിനിമയെന്ന അന്ധവിശ്വാസത്തെ തന്റെ ചിത്രത്തിലൂടെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമത്തിലാണ് ബല്‍റാം. ഒരു വര്‍ഷത്തിനുള്ളില്‍ രമണം തിയേറ്ററുകളിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം. കളിയാട്ടം പോലെ കലാമൂല്യമുള്ള സിനിമയ്ക്ക് തിരക്കഥ രചിച്ച ബല്‍റാം മട്ടന്നൂരിന് ഒരു തലമുറയെ കവിതകൊണ്ട് രമിപ്പിച്ച ചങ്ങമ്പുഴയുടെ ജീവിതവും കാവ്യഭംഗിയോടെ ദൃശ്യവത്കരിക്കുന്നതിന് സഹൃദയരില്‍ നിന്നുള്ള സഹകരണവും കൂടിയേ തീരു. ബല്‍റാം മട്ടന്നൂരിന്റെ പുസ്തകങ്ങള്‍ സ്വന്തമാക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് 9895752503 എന്ന നമ്പരിലോ www.remanam.com എന്ന വെബ്‌സൈറ്റ് മുഖേനയോ ബന്ധപ്പെടുക. മലയാളമുള്ളിടത്തോളം നിലനില്‍ക്കുന്ന സിനിമയെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം നിറവേറുന്നതിനായി നമുക്ക് കാത്തിരിക്കാം... വിനീത വേണാട്ട്

//www.janmabhumidaily.com/news210867

സീറ്റ്‌ ബെല്‍റ്റുകളേക്കാള്‍ പ്രധാനമല്ലേ ഈ വാതിലുകള്‍

കൊച്ചി: വാതിലുകള്‍ പിടിപ്പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ ഓട്ടം മനുഷ്യ ജീവന്‍ നിരത്തുകളില്‍ പൊലിയുന്നതിന്‌ കാരണമാകുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ല എന്ന ആരോപണവും ശക്തമാകുന്നുണ്ട്. നഗരത്തില്‍ ഓടുന്ന ഒട്ടുമിക്ക ബസുകള്‍ക്കും മുന്നിലും പിന്നിലും വാതിലുകളില്ല. അഥവ ഉണ്ടെങ്കില്‍ തന്നെ അത്‌ കെട്ടിവച്ച നിലയിലുമായിരിക്കും. മറ്റ്‌ സ്ഥലങ്ങളില്‍ നിന്നും സിറ്റിയിലേക്ക്‌ വരുന്ന ബസുകളിലും ഇതുതന്നെ സ്ഥിതി. സമയക്രമം പാലിക്കണമെന്നതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ അമിത വേഗതയിലാണ്‌ ഈ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കുന്നത്‌. ഹെല്‍മറ്റ്‌ വേട്ടയും സീറ്റ്‌ ബെല്‍റ്റ്‌ വേട്ടയും നടത്തുന്നവര്‍ ഈ മരണപ്പാച്ചില്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.
അമിത വേഗതയും വളവുകളും മറ്റും വീശിയെടുക്കുമ്പോഴുള്ള ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ്‌ അപകടങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും വേണ്ടി വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മൂലം ഉണ്ടായേക്കാവുന്ന സമയനഷ്ടത്തിന്റെ പേരിലാണ്‌ ബസുകളുടെ വാതില്‍ ഊരിവയ്ക്കുന്നത്‌. സ്വകാര്യ ബസുകളില്‍ മുന്നിലും പിന്നിലും ഡോര്‍ ചെക്കര്‍മാരുണ്ടാകണമെന്ന നിയമവും മിക്ക സ്വകാര്യ ബസുകളും പാലിക്കുന്നുമില്ല. അതേ സമയം രണ്ട്‌ കണ്ടക്ടര്‍മാര്‍ ജീവനക്കാരായുള്ള സ്വകാര്യ ബസുകളും സിറ്റിയില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌.
ബസിന്റെ അമിത വേഗതയെപ്പറ്റി യാത്രക്കാര്‍ തന്നെ പരാതിപ്പെട്ടാലും ബസ്‌ ജീവനക്കാര്‍ കേട്ട ഭാവം നടിക്കാറില്ല. ദീര്‍ഘദൂര ബസുകളുടെ വേഗത കണ്ടാല്‍ പലപ്പോഴും ബസിന്റെ ചക്രങ്ങള്‍ റോഡിലാണോ വായുവിലാണോ എന്ന സംശയമാണ്‌ ഉണ്ടാവുക. ദീര്‍ഘദൂര ബസുകളില്‍ ഭൂരിഭാഗം ബസുകള്‍ക്കും വാതിലുകള്‍ പിടിപ്പിച്ചിട്ടുണ്ടെങ്കിലും അമിത വേഗത കാരണം ആടിയുലഞ്ഞാവും യാത്ര. ഇത്തരം ബസുകളില്‍ ഡോര്‍ കൂടിയില്ലെങ്കില്‍ പിന്നത്തെ കാര്യം പറയുകയും വേണ്ട. എന്നാല്‍ വൈകുന്നേരങ്ങളിലും മറ്റും ദീര്‍ഘദൂര ബസാണെങ്കില്‍ കൂടി വാതില്‍പടിയില്‍ തിങ്ങി നിന്നും യാത്ര ചെയ്യുന്നവരുമുണ്ട്‌. എന്നാല്‍ ഇത്തരം യാത്രയ്ക്ക്‌ തടയിടേണ്ട അധികൃതര്‍ തന്നെ ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.
സിറ്റി ബസുകള്‍ക്ക്‌ കതകുകള്‍ ഘടിപ്പിക്കേണ്ടെന്ന്‌ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നില്ല. ബസുകള്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിക്കണമെങ്കില്‍ത്തന്നെ വാതിലുകള്‍ രണ്ടും ഉണ്ടായിരിക്കണം എന്ന നിബന്ധനയുമുണ്ട്‌. ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്ക്കെത്തുമ്പോള്‍ ബസുകള്‍ക്ക്‌ വാതിലുകല്‍ ഉണ്ടായിരിക്കുകയും ചെയ്യും. എന്നാല്‍ പരിശോധനയ്ക്ക്‌ ശേഷം ഊരിവയ്ക്കുകയാണ്‌ പതിവ്‌. ബസുകള്‍ക്ക്‌ വാതില്‍ പിടിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ നിയമ നിര്‍മാണം നടത്താമെന്ന്‌ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ പിന്നീട്‌ ഇക്കാര്യത്തില്‍ മറ്റ്‌ തീരുമാനമൊന്നും എടുത്തില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ കൊച്ചി നഗരത്തില്‍ രണ്ട്‌ പേരാണ്‌ ഡോര്‍ ഇല്ലാത്ത ബസില്‍ നിന്നും വീണ്‌ മരണമടഞ്ഞത്‌.
ബസുകളുടെ മരണപാച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും എണ്ണം കൂടിക്കൂടി വരുമ്പോഴും നിയമങ്ങള്‍ ഉണ്ടായിട്ടും അത്‌ പാലിക്കാത്തവരെ പിടികൂടാനോ ഒന്നും അധികൃതര്‍ തയ്യാറാവുന്നില്ല. അതേ സമയം കാറില്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്ന പോലീസുകാരുള്‍പ്പെടെയുള്ളവര്‍ ആളുകളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്ന ബസുകള്‍ തടയുവാനോ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഒന്നും തയ്യാറാവുന്നുമില്ല.
വിനീത വേണാട്ട്

//www.janmabhumidaily.com/news208265

നാനാവര്‍ണ മനോഹരമാമൊരു രാഗമാലിക

മനസ്സില്‍ മഴവില്ല് വിരിയിക്കുന്ന, ദു:ഖത്തിന്റെ അലകടല്‍ തീര്‍ക്കുന്ന, പ്രേമമയമാക്കുന്ന സംഗീതം... അത് മനസ്സില്‍ ആരേയും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ രചിക്കും. അങ്ങനെ മനസ്സില്‍ വിരിയുന്ന ചിത്രങ്ങളെ അതേ ഭംഗിയോടെ ഏത് ചിത്രകാരനാണ് ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ടാവുക. സംഗീതവും ചിത്രങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് രാഗമാല ചിത്രങ്ങള്‍. രാഗങ്ങളെ ചിത്രങ്ങളാക്കി പരിവര്‍ത്തനം ചെയ���യുകയാണ് ഇതിലൂടെ. ഇത്തരത്തിലൊരു ചിത്രരചനാ ശൈലിയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒമ്പതാം നൂറ്റാണ്ടിലാണ് രാഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. രാഗങ്ങള്‍ രൂപപ്പെട്ട്  വരുന്ന സമയത്ത് ഇന്ത്യന്‍ സംഗീതം ധ്രുപത് എന്നാണ് അറിയപ്പെട്ടിരുന്നത്. കൃതിയില്ല, പകരം ആലാപനമാണുണ്ടായിരുന്നത്. ഇത്തരത്തില്‍ സംഗീതത്തിന്റെ വിവിധ ഭാവങ്ങളെ നിറങ്ങളും ചിത്രങ്ങളുമാക്കി മാറ്റുകയാണ് ചെയ്യുക. സംഗീതത്തിലെ വിവിധ രാഗങ്ങള്‍ക്കൊപ്പം മനസ്സില്‍ രൂപം കൊള്ളുന്ന  ചിത്രങ്ങളെ ഓരോ ചിത്രകാരനും അവന്റെ ഭാവനയ്ക്കനുസരിച്ച് ഒരു ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു. ആദ്യകാലങ്ങളില്‍ പനയോലയിലാണ് ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നത്. പിന്നീട് വരയ്ക്കുന്നതിന്റെ തലങ്ങള്‍ മാറിയപ്പോഴും അത്ര വിശാലമല്ലാത്ത ക്യാന്‍വാസില്‍ അതിസൂക്ഷ്മ ഭാവങ്ങള്‍ പോലും ഒപ്പിയെടുത്തുകൊണ്ടാണ് അന്നത്തെ ചിത്രകാരന്‍മാര്‍ തങ്ങളുടെ രചന പൂര്‍ത്തിയാക്കിയിരുന്നത്. പ്രമേയം പ്രണയമോ, പ്രകൃതിയോ, വിരഹമോ എന്ത് തന്നെയായാലും അതിസൂക്ഷ്മമായ സംഗതികള്‍പോലും ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പ്രധാനമായും രാധാകൃഷ്ണ പ്രണയവും ഋതുഭേദങ്ങളും ഒക്കെയായിരുന്നു ചിത്രങ്ങളുടെ പ്രമേയം. ചിത്രങ്ങളില്‍ പേര്‍ഷ്യന്‍ സ്വാധീനം പ്രകടമായിരുന്നു.  സംഗീതത്തിലെ സാഹിത്യവും ചിത്രത്തിന് വിധേയമാക്കാന്‍ തുടങ്ങിയപ്പോള്‍ ഒരോ ചിത്രകാരന്റേയും ഭാവനയില്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വിരിയാന്‍ തുടങ്ങി. മനുഷ്യനും പ്രകൃതിയ്ക്കും സര്‍വ ചരാചരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള രചനാ സമ്പ്രദായമാണ് രാഗമാലികയുടേത്. രാധാകൃഷ്ണ പ്രണയമാണ് ഇതിവൃത്തമെങ്കില്‍ കൂടി, പശുക്കിടാവും മാന്‍പേടയും എന്തിനേറെ ഒരു പുല്‍നാമ്പ് പോലും ആ പ്രണയത്തില്‍ അലിഞ്ഞ് ചേരുന്നത് പോലും അത്രത്തോളം അഗാധമായി ചിത്രകാരന്‍ ഒപ്പിയെടുത്തിട്ടുണ്ടായിരിക്കും. രാഗം വസന്തമോ ഹിന്ദോളമോ മേഘമല്‍ഹാറോ  എന്ത് തന്നെയായാലും അത് ആലപിക്കുന്നവര്‍ അവരുടെ ആലാപനത്തില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരുന്നത്‌പോലെ തന്നെയാണ് രാഗങ്ങള്‍ക്ക് ചിത്രഭാഷ്യം നല്‍കുന്നവരും ചെയ്യുന്നത്. മേഘമല്‍ഹാര്‍ രാഗത്തെയാണ് ഇവര്‍ വ്യാഖ്യാനം ചെയ്യുന്നതെങ്കില്‍ തികച്ചും വിഭിന്നമായ രീതിയിലായിരിക്കും ഓരോരുത്തരും ആവിഷ്‌കരിക്കുക. ഓരോ സാഹചര്യത്തില്‍ നിന്ന്, ഓരോ ദേശത്ത് നിന്ന് വരുന്ന ചിത്രകാരന്മാരായതിനാല്‍ തന്നെ അവയുടെ സ്വാധീനം ചിത്രങ്ങളിലും പ്രകടമായിരിക്കും. മുഗള്‍ കാലഘട്ടത്തിലാണ് ഇത്തരം പെയിന്റിംഗുകള്‍ കൂടുതലായിട്ടുള്ളത്. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം തുടങ്ങി ആറ് ഋതുക്കളെ ആറ് രാഗങ്ങളിലൂടെയാണ് ചിത്രീകരിക്കുന്നത്. രാഗങ്ങള്‍ പുരുഷ ലിംഗത്തിലാണ് ഉള്‍പ്പെടുന്നത്. സ്ത്രീ ലിംഗത്തില്‍പ്പെടുന്നവ രാഗിണി എന്നും അറിയപ്പെടുന്നു. മേഘമല്‍ഹാര്‍ രാഗത്തെ മഴയുമായിട്ടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിലുള്ള  ചിത്രമാണ് ചിത്രകാരന്റെ ഭാവനയില്‍ തെളിയുക.  അങ്ങനെ  ഓരോ രാഗവും മനസ്സില്‍ ഉളവാക്കുന്ന ഭാവത്തെ ആധാരമാക്കി നാനാവര്‍ണങ്ങള്‍ക്കൊണ്ട്  മനോഹരമായ ചിത്രമാക്കിമാറ്റുകയാണ് രാഗമാല പെയിന്റിങിലൂടെ. വിനീത വേണാട്ട്

//www.janmabhumidaily.com/news155563

ജാഗരൂകരാക്കാം ഒറ്റവിളികൊണ്ട്‌

എവിടേയും പീഡനത്തിന്റെ കഥകള്‍. സഹായത്തിന്‌ ആരും എത്തില്ലെന്ന ധാരണകളാണ്‌ പലരേയും ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. ഇടവഴികളില്‍, വീടിനുള്ളില്‍, ബസിനുള്ളില്‍ എവിടേയും ഏത്‌ നിമിഷവും ആരെങ്കിലും ഒരാള്‍ക്ക്‌ ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്‌. ഏത്‌ അടിയന്തര ഘട്ടങ്ങളിലും നമ്മെ സഹായിക്കുന്ന ഒരു സുഹൃത്ത്‌ കൂടെയുണ്ടെങ്കില്‍ എന്ന്‌ നാം ആഗ്രഹിച്ചു പോവാറുണ്ട്‌. ഈ ആഗ്രഹം സഫലീകരിക്കാന്‍ നമുക്ക്‌ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചാലോ? ലോകം തന്നെ കൈവിരല്‍ തുമ്പിലേക്ക്‌ ചുരുങ്ങിപ്പോയ കാലഘട്ടത്തില്‍ അതിനും പ്രയാസമുണ്ടാവില്ല.
ഇന്ന്‌ പലരോടും സന്തത സഹചാരി ആരെന്ന്‌ ചോദിച്ചാല്‍ മൊബെയില്‍ ഫോണെന്ന്‌ മറുപടി കിട്ടും. കാരണം ഊണിലും ഉറക്കത്തിലും ഒരു കൈ അകലത്തില്‍ ഈ ഉപകരണം കാണും. യാത്രയിലാകുമ്പോഴും വിദൂരത്താകുമ്പോഴുമൊക്കെ വിവിധ സേവനങ്ങള്‍ നല്‍കി നമുക്ക്‌ രക്ഷയുടെ കൈകള്‍ നീട്ടാന്‍ മൊബെയില്‍ ഫോണുകള്‍ക്ക്‌ കഴിയും.
ഇത്തരത്തില്‍ സുരക്ഷയ്ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ എമര്‍ജന്‍സി അലര്‍ട്ട്‌ സര്‍വീസിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌ രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. ഒരു അടിയന്തിര സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റ കോള്‍ കൊണ്ട്്‌ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ജാഗരൂകരാക്കുന്ന സംവിധാനമാണിത്‌. 55100 എന്ന നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ തങ്ങള്‍ എവിടെയാണെന്നുകൂടി വെളിപ്പെടുത്തിക്കൊണ്ട്‌ സ്ഥലങ്ങളിലുള്ള പത്ത്‌ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒറ്റയടിക്ക്‌ അലര്‍ട്ടുകള്‍ അയക്കുന്നതാണ്‌ ഈ സേവനം. ഫീച്ചര്‍ ഫോണുകളില്‍പ്പോലും ലഭ്യമാകുന്ന ഈ സേവനത്തിന്‌ മുപ്പതുദിവസത്തേക്ക്‌ 30 രൂപയാണ്‌ ഈടാക്കുക.. ഒറ്റയ്ക്കാകുമ്പോഴോ എവിടെയെങ്കിലും കുടുങ്ങിപ്പോകുമ്പോഴോ പ്രിയപ്പെട്ടവര്‍ക്ക്‌ തങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ ടഅഎഋ എന്ന സന്ദേശം അയക്കാനും ഇതിലൂടെ കഴിയും.
നിങ്ങള്‍ സുരക്ഷിതനാണെന്ന്‌ പ്രിയപ്പെട്ടവര്‍ക്ക്‌ ഉറപ്പ്‌ നല്‍കുന്നതിന്‌ 55100 എന്ന നമ്പറിലേക്ക്‌ ടഅഎഋ എന്ന്‌ എസ്‌ എം എസ്‌ ചെയ്യുക. നിങ്ങള്‍ക്കൊരു അടിയന്തിര സാഹചര്യമുണ്ടായാല്‍ അല്ലെങ്കില്‍ സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ 55100 ലേക്ക്‌ കോള്‍ വിളിക്കുക. നിങ്ങള്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കൊപ്പം പത്തുപേര്‍ക്കും വോയ്സ്‌, എസ്‌ എം എസ്‌ അലര്‍ട്ടുകള്‍ ലഭിക്കും. അപകടത്തില്‍പ്പെടുമ്പോള്‍ നിങ്ങള്‍ എവിടെയാണെന്ന്‌ വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത്‌ എന്തുകൊണ്ടും നല്ലതല്ലേ?
വിനീത വേണാട്ട്

//www.janmabhumidaily.com/news122468

അരുതാത്തത് ചെയ്യരുതേ...

ലാഭക്കൊതിയന്മാര്‍ നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുന്നില്ല. അമ്മമാര്‍ തങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടി എന്നും വിശ്വസ്തതയോടെ വാങ്ങി ഉപയോഗിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡറിന്റെ നിര്‍മാതാക്കള്‍ ആ വിശ്വാസ്യതയെ മുതലെടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാകുന്നത്. ഏറ്റവും മാരകമായ കാന്‍സറിനും തൊലിപ്പുറത്തെ   ചൊറിയ്ക്കും കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണില്‍ അടങ്ങിയിട്ടുണ്ടെന്ന  കണ്ടെത്തലിനെ തുടര്‍ന്ന്  ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത് അടുത്തിടെയാണ്.  2007 ല്‍ നിര്‍മിച്ച ബേബി പൗഡറുകളിലാണ് എഥിലിന്‍ ഓക്‌സൈഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിര്‍മി���്ച ഒരു ലക്ഷത്തിലധികം ടിന്നുകളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. ഒരു കുഞ്ഞുജനിച്ചാല്‍ വീട്ടുകാരും നാട്ടുകാരും  ആദ്യം നല്‍കുക ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ എല്ലാ ഉത്പന്നങ്ങളും അടങ്ങിയ ഒരു കിറ്റായിരിക്കും. നവജാത ശിശുവിന് ആദ്യമായി നല്‍കുന്നത് ഇത്തരത്തിലൊരു വിഷവസ്തുവാണെന്ന് സന്തോഷത്തോടെ  നല്‍കുന്നവരോ  സംതൃപ്തിയോടെ  ഉപയോഗിക്കുന്നവരോ അറിഞ്ഞിരുന്നില്ല. രണ്ടോ മൂന്നോ വര്‍ഷം വരെ ഉപയോഗിക്കാല്‍ കഴിയുന്നത്രത്തോളം ഈ ഉത്പന്നത്തിന്റെ ഗിഫ്റ്റ് പായ്ക്കറ്റുകള്‍ കിട്ടിയിട്ടുമുണ്ടാകും.  കാശ് കൊടുത്ത് ഏതായാലും കുഞ്ഞിനുള്ള സോപ്പും പൗഡറും ഷാംപുവും ക്രീമും ഒന്നും വാങ്ങേണ്ടതില്ലല്ലോ എന്ന് ആശ്വസിക്കുന്നവര്‍ക്കിടിയിലാണ്  ഇടിത്തീ പോലെ ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കുഞ്ഞിന് നിറം വയ്ക്കാനും ചര്‍മം മൃദുവാകാനും എന്തിന് നീളം വയ്ക്കാന്‍ പോലും ഫലപ്രദം എന്ന വിധത്തിലാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ പല പരസ്യങ്ങളും ഉപഭോക്താവിന്റെ മുന്നില്‍ എത്തുന്നത്. ഇതെല്ലാം കണ്ട് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്‍കാന്‍ ആഗ്രഹിക്കുന്ന പാവം മാതാപിതാക്കള്‍ എത്ര തുക മുടക്കിയും ഇവ  വാങ്ങി ഉപയോഗിക്കുകയും ചെയ്യും. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് ഇതുപോലുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴേ മനസ്സിലാകു എന്ന് മാത്രം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതെങ്കിലും മുതിര്‍ന്നവരും ഈ ഉത്പന്നത്തില്‍ ആകൃഷ്ടരാണ് എന്നതാണ് മറ്റൊരു വസ്തുത. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ളതല്ലെ അതിനാല്‍ തന്നെ ഇതില്‍ ചര്‍മത്തിന് ഹാനികരമായ ഒന്നും ഉണ്ടാവില്ല എന്ന ചിന്തയാണ് ഇതിന് പിന്നില്‍. എന്തിനാണ് ഇത്തരം സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പിന്നാലെ പോകുന്നത് എന്ന് ചോദിച്ചാല്‍ പലപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയെന്ന് വരില്ല. ഉപയോഗിക്കാന്‍ എളുപ്പം എന്ന് ഒറ്റവാക്കില്‍ കാര്യങ്ങള്‍ ഒതുക്കിയേക്കാം. നല്ലപോലെ എണ്ണ തേച്ച് നാടന്‍ മഞ്ഞള്‍  തുളസിയിലയോ വേപ്പിലയോ ചേര്‍ത്ത് അരച്ച് കുഞ്ഞിന്റെ ദേഹത്ത് പുരട്ടി കുറച്ചുനേരം കഴിഞ്ഞ് ഇഞ്ച ഉപയോഗിച്ച് കുഞ്ഞിനെ കുളിപ്പിച്ചെടുക്കാന്‍ ഇന്ന് ആര്‍ക്കാണ് നേരം. അപ്പോള്‍ പിന്നെ മറ്റാരെങ്കിലും ഉണ്ടാക്കുന്നത് കണ്ണുമടച്ച് വിശ്വസിച്ച് വിഷമാണെങ്കിലും വാങ്ങി ഉപയോഗിക്കുക. ഇതാണ് ഇന്ന് കണ്ടുവരുന്നത്. ഈ നേരിമില്ലായ്മയെ മുതലെടുക്കാന്‍ സ്വദേശികള്‍ മാത്രമല്ല വിദേശ സൗന്ദര്യവര്‍ധക ഉത്പന്ന നിര്‍മാതാക്കളും മുമ്പന്തിയിലാണ്. അവരുടെ ഉത്പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിക്കാന്‍ പറ്റുന്ന വിപണിയായി അവര്‍ ഇന്ത്യയെ എന്നേ കണ്ടെത്തി കഴിഞ്ഞു. നമ്മുടെ രാജ്യത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അവരുടെ വരുമാനത്തിന്റെ 35 ശതമാനവും ചെലവാക്കുന്നത് ഇത്തരത്തില്‍ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനാണ്. കോര്‍പ്പറേറ്റ് തലത്തില്‍ ജോലി നോക്കുന്ന 20 നും 40 നും ഇടയില്‍ പ്രായമുള്ള 10 ദശലക്ഷത്തോളം സ്ത്രീകളാണ് വരുമാനത്തിന്റെ നല്ലൊരു ഭാഗം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  2020 ഓടെ ഇതില്‍ അഞ്ച് മടങ്ങ് വര്‍ധനവുണ്ടാകുമെന്നും പറയുന്നു. ഏഴ് വര്‍ഷത്തിനകം 10 ദശലക്ഷത്തില്‍ നിന്നും 50 ദശലക്ഷമായി ഇത് ഉയരണമെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കു, ഇന്ത്യയിലെ ജനങ്ങള്‍ എത്രമാത്രമാണ് കോസ്‌മെറ്റിക് ഉത്പന്നങ്ങളുടെ പിന്നാലെ പായുന്നതെന്ന്. സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന സംഗതി തന്നെ. എന്ന് കരുതി പരസ്യത്തില്‍ കാണുന്നതെന്തും വാങ്ങിത്തേച്ച് ഉള്ള സൗന്ദര്യം കൂടി നശിപ്പിക്കേണ്ട ആവശ്യമുണ്ടോ? വിനീത വേണാട്ട്

//www.janmabhumidaily.com/news113293

  • 1