നിങ്ങൾ തിരഞ്ഞത് വിനോദ് ദാമോദരന്‍ ഏകദേശം 9 ഫലങ്ങൾ, 0.027 സെക്കൻഡ്
പാലക്കാടന്‍ കുതിപ്പോടെ തുടക്കം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാടിന്റെ കുതിപ്പ്. കിരീടം നിലനിര്‍ത്തുക തന്നെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച പാലക്കാടിന്റെ ചുണക്കുട്ടികള്‍ 44 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഇന്നലെ നിര്‍ണയിക്കപ്പെട്ട 18-ല്‍ ആറ് സ്വര്‍ണ്ണവും പാലക്കാടിന്റെ പോക്കറ്റിലെത്തി. മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും അവരുടെ മറ്റു സമ്പാദ്യങ്ങള്‍. മുന്‍ചാമ്പ്യന്മാരും നിലവിലെ റണ്ണറപ്പുകളുമായ എറണാകുളം 33 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും 7 വെങ്കലവും എറണാകുളം അക്കൗണ്ടിലെത്തിച്ചു. രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം 20 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാമത്. ചാമ്പ്യന്‍ സ്‌കൂള്‍പട്ടം തേടിയുള്ള പോരാട്ടത്തില്‍  പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ എച്ച്എസാണ്  മുന്നില്‍. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 17 പോയിന്റ് മുണ്ടൂ ര്‍ ഇതുവരെ സ്വന്തം പേരിലെഴുതി. എറണാകുളത്തിന്റെ പ്രതിനിധി കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് (രണ്ട് സ്വര്‍ണ്ണം, ഒരു വെള്ളി, രണ്ട് വെങ്കലം- 15 പോയിന്റ്) തൊട്ടുപിന്നിലുണ്ട്. മൂന്ന് സ്വര്‍ണ്ണം നേടിയ പാലക്കാട് കല്ലടി സ്‌കൂള്‍ 15 പോയിന്റുമായി മൂന്നാമത് നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം 11 പോയിന്റുമായി നാലാം സ്ഥാനത്തും ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 10 പോയിന്റുമായി പാലക്കാട് പറളി സ്‌കൂള്‍ അഞ്ചാം സ്ഥാനത്തുമാണ്. മീറ്റിന്റെ ആദ്യദിനമായ ഇന്നലെ മൂന്ന് റെക്കോര്‍ഡുകള്‍ പിറന്നു. മൂന്നെണ്ണവും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനങ്ങളായിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ പി.യു. ചിത്ര, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോട് നെല്ലിപൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ കെ.ആര്‍. ആതിര, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിലെ അനന്തു കെ.എസ്. എന്നിവരാണ് റെക്കോര്‍ഡിന് അവകാശികളായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയ തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസിലെ വി.ഡി. അഞ്ജലിയും നിലവിലെ മീറ്റ് റെക്കോര്‍ഡ് ഭേദിച്ചു. മേളയുടെ രണ്ടാം ദിവസമായ ഇന്ന് 22 ഇനങ്ങളില്‍ മെഡല്‍ നിശ്ചയിക്കപ്പെടും. മീറ്റിലെ ഏറ്റവും ആവേശകരമായ 100 മീറ്റര്‍ ഫൈനലുകളും ഇന്ന് അരങ്ങേറും. വിനോദ് ദാമോദരന്‍

//www.janmabhumidaily.com/news155576

ട്രാക്കില്‍ ആതിരത്താരം, സുവര്‍ണ്ണത്തിളക്കം

കൊച്ചി: അന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ മീറ്റിലെ ട്രാക്കിലിന്നയെ ആതിര നക്ഷത്രമുദിച്ചു. മിന്നും താരത്തിന്റെ സുവര്‍ണ്ണത്തിളക്കം നഗരത്തിലെ സിന്തറ്റിക് ട്രാക്കില്‍നിന്ന് അങ്ങ് കോഴിക്കോട് നെല്ലിപൊയിലെ മലയോര മേഖലയിലും പ്രകാശം ചൊരിഞ്ഞു.  സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ആതിര. കെ.ആര്‍. ഇന്നലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 04 മിനിറ്റ് 35.31 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ അതു ഡബിള്‍ റെക്കോര്‍ഡിലേക്കുള്ള കുതിപ്പായി. മീറ്റിന്റെ ആദ്യദിനം 3000 മീറ്ററില്‍ ആതിര പുതിയ റെക്കോര്‍ഡ കുറിച്ചിരുന്നു. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ പി.ആര്‍. അലീഷ സ്ഥാപിച്ച 04 മിനിറ്റ് റെക്കോര്‍ഡാണ് ആതിരയുടെ ഇന്നലത്തെ കുതിപ്പില്‍ തിരുത്തപ്പെട്ടത്. 2005-ല്‍ കേരളത്തിന്റെ ഷമീന ജബ്ബാര്‍ സ്ഥാപിച്ച 04 മിനിറ���റ് 41.90 സെക്കന്റിന്റെ റെക്കോര്‍ഡും ആതിര മറികടന്നു. ഇന്ന് നടക്കുന്ന 800 മീറ്ററിലും റെക്കോര്‍ഡ് സ്വര്‍ണ്ണം നേടി സ്‌കൂള്‍ മീറ്റ് അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കി. സ്‌കൂള്‍ മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ നെല്ലിപൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിന് മീറ്റില്‍ ഇത്ര മികച്ച പ്രകടനം നടത്താന്‍സാധിക്കുന്നത്. മീറ്റിന്റെ ആദ്യദിനം 3000 മീറ്ററിലാണ് ആതിരയുടെ തിളക്കമാര്‍ന്ന പ്രകടനത്തിന് തുടക്കമാകുന്നത്. നിലവിലെ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെ 09 മിനിറ്റ് 54.10 സെക്കന്റില്‍ ഫിനിഷ്  ചെയ്താണ്  ആതിര കെ.ആര്‍. സ്വര്‍ണ്ണം സ്വന്തമാക്കിയത്. 2008-ല്‍ റിതു ദിനകര്‍ സ്ഥാപിച്ച 10 മിനിറ്റ് 00. 03 സെക്കന്റിന്റെ റെക്കോര്‍ഡ് ആതിര മറികടന്നത്. 2004-ല്‍ ഷമീനജബ്ബാര്‍ സ്ഥാപിച്ച സ്ഥാപിച്ച 10മിനിറ്റ് 05.80 സെക്കന്റിന്റെ റെക്കോര്‍ഡും ആതിരയുടെ കുതിപ്പില്‍ പഴങ്കഥയായി. ആദ്യ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തന്നെ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടാനായതിന്റെ ആഹ്ലാദത്തിലാണ് ആതിര. നെല്ലിപ്പൊയില്‍ ഉമ്മംകോട്ട് കൂലിപ്പണിക്കാരായ രവി-തങ്കമണി ദമ്പതികളുടെ മകളാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര. വിനോദ് ദാമോദരന്‍

//www.janmabhumidaily.com/news156028

ഇന്ന് സെമി പോരാട്ടങ്ങള്‍

കൊച്ചി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ പുതിയ ചാമ്പ്യന്മാരെ കണ്ടെത്താന്‍ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കി. സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കും.  വൈകിട്ട് 4.30ന് നടക്കുന്ന ആദ്യസെമിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവ കൊല്‍ക്കത്ത മോഹന്‍ബഗാനുമായി ഏറ്റുമുട്ടും. ഡെംപോ ഗോവയും സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവയുമാണ്  രാത്രി 7.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊമ്പുകോര്‍ക്കുന്നത്. കൊച്ചിയില്‍ നടന്ന ഗ്രൂപ്പ് എ, സി മത്സരങ്ങളില്‍ നിന്നാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സും മോഹന്‍ബഗാനും മുന്നേറിയത്. മഞ്ചേരിയില്‍  ഗ്രൂപ്പ് ബി, ഡി പോരാട്ടങ്ങളില്‍ നിന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവയും ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബും അവസാന നാലില്‍ ഇടംപിടിച്ചു. ഗ്രൂപ്പ് മത്സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് മാത്രമാണ് മൂന്നു മത്സരങ്ങളും ജയിച്ച ഏക ടീം. സ്‌പോര്‍ട്ടിംഗ് ക്ലബ് രണ്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ പരാജയപ്പെട്ടു. തോല്‍വിയറിയാതെയാണ് മോഹന്‍ബഗാന്‍സെമിയിലേക്ക് കുതിച്ചതെങ്കില്‍ ഡെംപോയും തോറ്റവരായില്ല. ഇരുടീമുകളും രണ്ട് മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ സമനില പാലിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്‌സ്-മോഹന്‍ബഗാന്‍ പോരാട്ടം തുല്യശക്തികളുടേതായിരിക്കും. ഐ ലീഗ് ഫുട്‌ബോളില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ ചര്‍ച്ചില്‍ ഫെഡറേഷന്‍ കപ്പ് കിരീടം നേടി മുഖം മിനുക്കാനായിരിക്കും ശ്രമിക്കുക. കരുത്തുന്ന പ്രതിരോധ മുന്നേറ്റനിയാണ് ചര്‍ച്ചിലിന്റെ കരുത്ത്. ബാറിന് കീഴില്‍ ചോരാത്ത കൈകളുമായി നിലയുറപ്പിക്കുന്ന ലളിത് ഥാപ്പയും കൂടി ഇറങ്ങുന്നതോടെ എതിരാളികള്‍ക്ക് വല ചലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. അബ്ദള്‍ ഹമീദ് ഷബാനയും ബല്‍വന്ത് സിംഗും ആന്റണി വോള്‍ഫുമാണ് ചര്‍ച്ചില്‍ ആക്രമണനിരയിലെ കുന്തമുനകള്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ചര്‍ച്ചില്‍ നേടിയ 7 ഗോളുകളില്‍ ആറെണ്ണവും നേടിയത് ഈ മൂവരുമാണ്. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മോഹന്‍ബഗാനും ഇന്ന് സെമി പോരാട്ടത്തിനിറങ്ങുന്നത്. ഉജ്ജ്വല ഫോമിലുള്ള അവരുടെ വിദേശതാരങ്ങളായ ഒഡാഫ ഒകോലിയും ചിസോബ ക്രിസ്റ്റഫറുമാണ് ഗോളടിക്കാന്‍ നിയുക്തരായവര്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ബഗാന്‍ നേടിയ എട്ട് ഗോളുകളില്‍ ആറെണ്ണവും ഇരുവരും സ്വന്തം പേരിലാക്കി. ഒരു ഗോള്‍ മാത്രമാണ് ബഗാന്‍ മൂന്ന് കളിയില്‍ നിന്ന് വഴങ്ങിയത്. പ്രതിരോധനിരയുടെ കരുത്താണ് ഇത് തെളിയിക്കുന്നത്. കളിനിയന്ത്രിക്കാന്‍ ജപ്പാന്‍ താരം കട്‌സുമി യുസയും ഒപ്പം മലയാളി താരങ്ങളായ സക്കീര്‍ മുണ്ടംപാറയും ഡെന്‍സണ്‍ ദേവദാസും ഒരുമിക്കുന്നതോടെ മധ്യനിരയില്‍ ബഗാന് പേടിക്കേണ്ടതില്ല. ബാറിന് കീഴില്‍ ക്യാപ്റ്റന്‍ ഷില്‍ട്ടണ്‍ പോളും മികച്ച പ്രകടനമാണ് നടത്തുന്നത്. ഡെംപോ-സ്‌പോര്‍ട്ടിംഗ് രണ്ടാം സെമി രണ്ട് ഗോവന്‍ ക്ലബുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിക്കുന്നത്. ഗ്രൂപ്പ് ജേതാക്കളായ സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവയും ഗ്രൂപ്പ് ഡി ജേതാക്കളായ ഡെംപോയുമാണ് ഫൈനല്‍ ബര്‍ത്തിനായി ഏറ്റുമുട്ടുന്നത്. ഐലീഗില്‍ ഉജ്ജ്വല പ്രകടനവുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സ്‌പോര്‍ട്ടിംഗിനാണ് മത്സരത്തില്‍ നേടിയ മുന്‍തൂക്കം. ഈസ്റ്റ് ബംഗാളും ബംഗളൂരു എഫ്‌സിയും ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍ നിന്നാണ് സ്‌പോര്‍ട്ടിംഗ് ഒന്നാമതായി സെമിയിലെത്തിയത്.  സ്‌ട്രൈക്കറായ ബൊയ്മ കര്‍ഫേയും വിക്ടോറിനോ ഫെര്‍ണാണ്ടസും മധ്യനിരയിലെ ബീവന്‍ ഡി മെല്ലോയും നൈജീരിയന്‍ താരം ഒഗ്ബ കാലുവുമാണ് സ്‌പോര്‍ട്ടിംഗിന്റെ കരുത്ത്. ഓസ്‌ട്രേലിയക്കാരനായ ടോള്‍ഗെ ഒസ്‌ബെയും ബ്രസീലുകാരനായ റോബര്‍ട്ടോ മെന്‍ഡസുമാണ് ഡെംപോയുടെ ബലം. ഡെംപോ നേടിയ അഞ്ച് ഗോളുകളില്‍ നാലെണ്ണവും സ്വന്തമാക്കിയത് ഈ വിദേശി താരങ്ങളാണ്. റോബര്‍ട്ടോ മെന്‍ഡസ് ഭവാനിപൂര്‍ എഫ്‌സിക്കെതിരെയും യുണൈറ്റഡ് സിക്കിമിനെതിരെയും ഓരോ ഗോള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയക്കാരനായ ടോള്‍ഗെ ഒസ്‌ബെ രണ്ട് ഗോളുകളും നേടിയത് യുണൈറ്റഡ് സിക്കിമിനെതിരെയാണ്. പ്രതിരോധനിരക്ക് കരുത്തുപകാരാന്‍ മറ്റൊരു ഓസ്‌ട്രേലിയക്കാരനായ സിമോണ്‍ കൊളോസിമോയും രംഗത്തുണ്ട്. ഇന���ത്യന്‍ താരവും ഡെംപോ ക്യാപ്റ്റനുമായ ക്ലിഫോര്‍ഡ് മിറാന്‍ഡയാണ് മധ്യനിരയില്‍ മുന്നേറ്റത്തിനുള്ള തന്ത്രങ്ങള്‍ മെനയുക. ഒപ്പം അധ്വാനിച്ചുകളിക്കുന്ന  പ്രണോയ് ഹാഡ്‌ലറും ഹോളിചരണ്‍ നര്‍സാരിയും പീറ്റര്‍ കാര്‍വാലോയും ഇറങ്ങുമ്പോള്‍ ഇവരെ തടുത്തുനിര്‍ത്താന്‍ സ്‌പോര്‍ട്ടിംഗ് താരങ്ങള്‍ക്ക് ഭഗീരഥ പ്രയത്‌നം നടത്തേണ്ടിവരുമെന്ന് ഉറപ്പാണ്. വിനോദ് ദാമോദരന്‍

//www.janmabhumidaily.com/news170281

ഡെംപോ മുന്നോട്ട്

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിലെ വമ്പന്‍മാരുടെ അങ്കം ഒപ്പത്തിനൊപ്പം. ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്ക് കാല്‍പ്പന്തുകളിയുടെ മികച്ച വിരുന്നൊക്കിയ ഡെംപോ ഗോവയും കൊല്‍ക്കത്ത മുഹമ്മദന്‍സും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ 7 പോയിന്റുമായി ഡെംപോ ഗോള്‍ ആവറേജിന്റെ കരുത്തില്‍ സെമിഫൈനലില്‍ സ്ഥാനം പിടിച്ചു. മുഹമ്മദന്‍സിന് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. ആദ്യപകുതിയില്‍ ഡെംപോയ്ക്കും രണ്ടാം പകുതിയില്‍ മുഹമ്മദന്‍സുമായിരുന്നു നേരിയ മുന്‍തൂക്കം പുലര്‍ത്തിയത്. ഇരു സംഘങ്ങളും നിരവധി അവസരങ്ങള്‍ തുലച്ചു. എങ്കിലും മികച്ച പന്തടക്കവും വേഗവും പ്രകടപ്പിച്ച ഡെംപോയും മുഹമ്മദന്‍സും കാണികള്‍ക്ക് മനസില്‍ സൂക്ഷിക്കാവുന്ന നിമിഷങ്ങള്‍ സമ്മാനിക്കുകതന്നെ ചെയ്തു. ഏറെക്കുറെ തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഒന്നാം പകുതിയിലെന്ന് പറയാം. ആദ്യ ആറ് മിനിറ്റിനുള്ളില്‍ മുഹമ്മദന്‍സിന്റെ ജോസിമര്‍ സില്‍വയും സയിദ് റഹിം നബിയും ഓര്‍ജിയും ചേര്‍ന്ന് രണ്ടു തവണ ഡെംപോയുടെ ഗോള്‍ മുഖത്ത് കടന്നുകയറിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. രണ്ട് കോര്‍ണറുകളും മുഹമ്മദന്‍സിന് ലഭിച്ചു. ഡെംപോ പ്രത്യാക്രമണത്തിന് കോപ്പുകൂട്ടിയതോടെ മത്സരാവേശം ഉയര്‍ന്നു.  13-ാം മിനിറ്റില്‍ അടുപ്പിച്ചടിപ്പിച്ച് രണ്ട് കോര്‍ണറുകളും ഡെംപോ സ്വന്തമാക്കി. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന തിരിച്ചറവില്‍ മുഹമ്മദന്‍സ് ഗോള്‍മുഖത്തേക്ക് ഡെംപോ ഇരച്ചുകയറുന്ന കാഴ്ച്ചയായിരുന്നു പിന്നെ. ആദ്യ 25 മിനിറ്റിനിടെ അഞ്ചോളം ഒന്നാന്തരം അവസരങ്ങളാണ് ഡെംപോയുടെ നാരായണ്‍ദാസും പ്രോണോയ് ഹാഡ്‌ലറും ഉള്‍പ്പെട്ട താരനിര നശിപ്പിച്ചുകളഞ്ഞത്. ഡെംപോയുടെ അക്രമണോത്സുകതയില്‍ അമ്പരന്നു മുഹമ്മദന്‍സ് താരങ്ങള്‍ കടുത്ത ടാക്ലിങ്ങിന് ഒരുമ്പെട്ടതോടെ ഫൗളുകളുടെ പരമ്പര പിറവികൊണ്ടു. 38-ാം മിനിറ്റില്‍ മുഹമ്മദന്‍സിന് ഒരു അവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. സ്വന്തം പകുതിയില്‍ നിന്ന് ഓര്‍ജി എതിര്‍ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ത്രൂപാസ് ജോസിമര്‍ കാലില്‍കൊരുത്തെങ്കിലും ഡെംപോയുടെ പ്രതിരോധപ്പൂട്ടില്‍ അകപ്പെട്ടതോടെ ലക്ഷ്യം പിഴച്ചു.  പിന്നീട് ഇരുസംഘങ്ങളും ലോങ് റേഞ്ച് പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞു. ഇത്തരം ഷോട്ടുകളുതിര്‍ത്ത ഡെംപോയുടെ നാരായണ്‍ദാസും, ഹഡ്‌ലറും, ക്ലിഫോര്‍ഡ് മിറാന്‍ഡയും റോമിയോ ഫെര്‍ണാണ്ടസും പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു. മറുവശത്ത് മുഹമ്മദന്‍സിന്റെ ഓര്‍ജിയും ജോസിമറും സയിദ് റഹിം നബിയും സമാന പ്രവൃത്തി തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് മുഹമ്മദന്‍സിന്റെ രാകേഷ് മാശിഷിന്റെ ബുള്ളറ്റ് ലോങ് റേഞ്ച് ഡെംപോ ഗോളി സുഭാശിഷ് റോയ് പണിപ്പെട്ട് കയ്യിലൊതുക്കി. ഡെംപോയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. ആദ്യമിനിറ്റില്‍ തന്നെ അവര്‍ക്ക് കോര്‍ണര്‍ ലഭിച്ചു. എന്നാല്‍  വളഞ്ഞിറങ്ങിയ പന്ത് കണക്ട് ചെയ്യാന്‍ ബോക്‌സിലുണ്ടായിരുന്ന ഡെംപോ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ മറ്റൊരു അവസരംകൂടി അവരെത്തേടി എത്തിയെങ്കിലും അതും വിഫലമായി. മുഹമ്മദന്‍സും ആക്രമണത്തിന് തുനിഞ്ഞതോടെ പന്ത് ഇരുഗോള്‍ മുഖങ്ങളിലെയും നിത്യ സന്ദര്‍ശകനായി.51-ാം മിനിറ്റില്‍ മുഹമ്മദന്‍സിന് കോര്‍ണര്‍ ലഭിച്ചു. മനിഷ് മെയ്ത്താനി എടുത്ത കിക്കിന് ജോസിമര്‍ തലവെച്ചെങ്കിലും വെറുതെയായി. തൊട്ടുപിന്നാലെ സയിദ് റഹിം നബിയുടെ തകര്‍പ്പന്‍ അടി ക്രോസ് ബാറിന��� മുകളിലുടെ പറന്നപ്പോള്‍ ഡെംപോ താരങ്ങള്‍ ആശ്വാസം കൊണ്ടു. 55-ാം മിനിറ്റില്‍ ഇടത് വിങ്ങില്‍ക്കൂടി ചാട്ടുളി കണക്കെ കുതിച്ച ആഷിം ബിശ്വാസ് ഡെംപോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഏറെ പണിപ്പെട്ടാണ് ഗോളി സുഭാശിഷ് റോയി കൈപ്പിടിയിലൊതുക്കിയത്. 60-ാം മിനിറ്റില്‍ ജോസിമറിന്റെ മറ്റൊരു ദീര്‍ഘദൂര ശ്രമവും പാഴായി. 63-ാം മിനിറ്റില്‍ ഡെംപോ ബോക്‌സിലേക്ക് സയിദ് റഹിം നബി നീട്ടിയ നല്‍കിയ ത്രൂപാസ് ജോസിമര്‍ തലകൊണ്ട് ചെത്തിയിട്ടുകൊടുത്തപ്പോള്‍ ഓര്‍ജിക്ക് മുന്നില്‍ ഗോളി മാത്രം. എന്നാല്‍ ഓര്‍ജിക്ക് പന്ത് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതോടെ ഗോളെന്നുറച്ച സുവര്‍ണ്ണാവസരവും പാഴായി. 68-ാം മിനിറ്റില്‍ ജോസിമറിന്റെ മറ്റൊരു മുന്നേറ്റം ഡെംപോ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മുഹമ്മദന്‍സ് രാഷേക് മാശിഷിനെ പിന്‍വലിച്ച് ഇഷ്ഫിക് അഹമ്മദിനെ കളത്തിലിറക്കി. 75-ാം മിനിറ്റില്‍ ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ച മുഹമ്മദന്‍സിന്റെ സയിദ് റഹിം നബി ബോക്‌സിലേക്ക് തളികയിലെന്നവണ്ണം വച്ചുനീട്ടിയ ക്രോസ് ജോസിമര്‍ നല്ലൊരു ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് തിരിച്ചെങ്കിലും ഡെംപോ ഗോളി അപകടം ഒഴിവാക്കി. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും വീണ്ടും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മത്സരത്തിന്റെ ഇടവേളയില്‍ പന്തുകൊണ്ട് ഇന്ദ്രജാലം കാട്ടിയ വണ്ടൂര്‍ വിഎംസി ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഷാഹിദ് സഫര്‍ കളിയാരാധകരുടെ ഹീറോയായി. തുടര്‍ന്ന് ബോബി ചെമ്മണ്ണൂര്‍ ഷാഹിദ് സഫറിന് ഉപഹാരവും സമ്മാനിച്ചു. ഇന്നലത്തെ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് സിക്കിമിനെ 1-0ന് തോല്‍പ്പിച്ച് ഭവാനിപൂര്‍ എഫ്‌സി ആശ്വാസ ജയം കണ്ടെത്തി. ആറാം മിനിറ്റില്‍ ഡാനിയേല്‍ ബിഡേമിയാണ് ഭവാനിപൂര്‍ എഫ്‌സിയുടെ ഗോള്‍ നേടിയത്. ഒരു മത്സരം പോലും ജയിക്കാതെയാണ് യുണൈറ്റഡ് സിക്കിമിന്റെ മടക്കം. വിനോദ് ദാമോദരന്‍

//www.janmabhumidaily.com/news169850

ലെജോങ്ങിനെ ബഗാന്‍ വിഴുങ്ങി

കൊച്ചി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഷില്ലോംഗ് ലെജോങ് എഫ്‌സിയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് നിലംപരിശാക്കി മോഹന്‍ബഗാന്‍ സെമി സാധ്യത സജീവമാക്കി. ബഗാന് വേണ്ടി ചിസോബ ക്രിസ്റ്റഫറും ഒഡാഫ ഒകോലിയും രണ്ട് ഗോളുകള്‍ വീതം നേടി. കാട്‌സുമി യുസ, ഉജ്ജ്വല്‍ ഹൗള്‍ദാര്‍ എന്നിവര്‍ ബഗാന്റെ മറ്റു സ്‌കോറര്‍മാര്‍. 21ന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ സാല്‍ഗോക്കറിനെ നേരിടുന്ന ബഗാന് സമനില മാത്രം മതി സെമിയില്‍ ഇടം ഉറപ്പിക്കാന്‍. കഴിഞ്ഞ ദിവസം സാല്‍ഗോക്കര്‍ ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ ലജോങ്ങിന്റെ നിഴല്‍ മാത്രമായിരുന്നു ബഗാനെതിരെ കണ്ടത്. കോര്‍ണല്‍ ഗ്ലെന്‍ ഉള്‍പ്പെടെയുള്ളവര്‍ നിറംമങ്ങിയപ്പോള്‍ ലജോങ് കാതങ്ങള്‍ പിന്നോട്ടുപോയി. മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ബഗാന്‍ എതിരാളികള്‍ നിലയുറപ്പിക്കുന്നതിന് മുന്‍പേ ഗോള്‍ വേട്ടയാരംഭിച്ച് ആധിപത്യം ഉറപ്പിച്ചു. 10-ാം മിനിറ്റില്‍ ബഗാന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ആദ്യഗോളിന്റെ പിറവി.  ജപ്പാന്‍ താരം കാട്‌സുമി യുസ എടുത്ത കോര്‍ണര്‍ മികച്ചൊരു ഷോട്ടിലൂടെ നൈജീരിയന്‍ താരം ഒഡോഫ ഒകോലി ലജോങ്ങിന്റെ വലയിലെത്തിച്ചു (1-0). 14-ാം മിനിറ്റില്‍ ലെജോങ്ങിന് ഗോള്‍മടക്കാന്‍ ഒരു അവസരം ലഭിച്ചെങ്കിലും ട്രിനിഡാഡിന്റെ ലോകകപ്പ് താരം കോര്‍ണല്‍ ഗ്ലെനിന്റെ ഹെഡ്ഡര്‍ പുറത്തുപോയി. 20-ാം മിനിറ്റില്‍ ഗ്ലെന്‍ മറ്റൊരവസരം കൂടി പാഴാക്കി. 24-ാം മിനിറ്റില്‍ ബഗാന്‍ ലീഡ് ഉയര്‍ത്തി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത് ചിസോബ ക്രിസ്റ്റഫര്‍ മൂന്ന് ലെജോങ് താരങ്ങളെ മറികടന്ന് കുതിച്ചശേഷം അഡ്വാന്‍സ് ചെയ്ത് കയറിയ ഗോളിയെയും വെട്ടിച്ച് വലയിലേക്ക് നിറയൊഴിച്ചു (2-0). 31-ാം മിനിറ്റില്‍ ബഗാന്‍ മൂന്നാം ഗോളും കുറിച്ചു. ക്രിസ്റ്റര്‍ ചിബോസ നല്‍കിയ പന്ത് രണ്ട് ലെജോങ് താരങ്ങളെ മറികടന്നശേഷം നല്‍കിയ പാസ് യുസ ഗോള്‍ വര കടത്തി (3-0). രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലെജോങ് ഒരുതവണ ഗോളിനടുത്തെത്തി. 51-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം ബഗാനും മുതലാക്കാനായില്ല. ഒഡാഫ നല്‍കിയ പാസില്‍ നിന്ന് ചിസോബ എടുത്ത ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു. 60-ാം മിനിറ്റില്‍ ബഗാന്റെ മലയാളി താരം സക്കീറിന്റെ ഒരു ബുള്ളറ്റ് ഷോട്ട് ലെജോങ് ഗോളിയെ കീഴടക്കിയെങ്കിലും ക്രോസ് ബാറില്‍ത്തട്ടി പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ ബഗാന്‍ മുന്‍തൂക്കം വര്‍ധിപ്പിച്ചു. യുസയാണ് ഈ ഗോളിന്റെയും ശില്‍പ്പി. യുസ നല്‍കിയ പാസില്‍ നിന്ന് ചിസോബ ക്രിസ്റ്റഫര്‍ ഡബിള്‍ തികച്ചപ്പോള്‍ സ്‌കോര്‍, 4-0. ടൂര്‍ണമെന്റില്‍ ചിസോബയുടെ മൂന്നാം ഗോള്‍കൂടിയായിരുന്നത്. 67-ാം മിനിറ്റില്‍ ഒഡാഫയുടെ ഒരു ശ്രമം ലെജോങ് ഗോളി രക്ഷപ്പെടുത്തി. 73-ാം മിനിറ്റില്‍ ഒഡാഫ നല്ലൊരവസരം പാഴാക്കി. യുസ നല്‍കിയ പാസ് കാലില്‍കൊരുത്ത് ബോക്‌സില്‍ പ്രവേശിച്ച ഒഡാഫക്ക് മുന്നില്‍ ഗോളിമാത്രമേ ഉണ്ടായിരുന്നുള്ളു. ഗോളിയെയും മറികടന്നെങ്കിലും പന്ത് നിയന്ത്രിക്കാന്‍ ഒഡാഫയ്ക്ക് കഴിഞ്ഞില്ല. 77-ാം മിനിറ്റില്‍ ബഗാന്‍ അഞ്ചാം ഗോള്‍ അക്കൗണ്ടിലെത്തിച്ചു. എതിര്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ കിട്ടിയ പന്ത് പുറംതിരിഞ്ഞൊരു സ്‌ട്രൈക്ക് വഴി ഒഡോഫ ലക്ഷ്യത്തിലെത്തിച്ചു (5-0). കളി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ രാംമാലിക്കിന്റെ പാസിന് പൂര്‍ണതയേകി ഉജ്ജ്വല്‍ ഹൗള്‍ദാര്‍ ലെജോങ്ങിന്റെ ശവപ്പെട്ടിയിലെ  അവസാന ആണിയും അടിച്ചു (6-0). വിനോദ് ദാമോദരന്‍

//www.janmabhumidaily.com/news169332

എം.ജി. സര്‍വകലാശാല മീറ്റ്; മാര്‍ അത്തനേഷ്യസും അസംപ്ഷനും മുന്നില്‍

കൊച്ചി: മുപ്പത്തിയൊന്നാമത് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ മീറ്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പുരുഷ-വനിതാ വിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സാ കോളേജാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. പുരുഷ വിഭാഗത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജാണ് രണ്ടാമത്. വനിതാ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമടക്കം അസംപ്ഷന് 75 പോയിന്റും മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം പാലാ അല്‍ഫോണ്‍സക്ക് 64 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്ത് 45 പോയിന്റുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജാണ് നില്‍ക്കുന്നത്. മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് മാര്‍ അത്തനേഷ്യസ് സ്വന്തമാക്കിയിട്ടുള്ളത്. പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ അത്തനേഷ്യസ് രണ്ടാം സ്ഥാനത്തുള്ള സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജിനേക്കാള്‍ ഏറെ മുന്നിലാണ്. മാര്‍ അത്തനേഷ്യസ് 6 വീതം സ്വര്‍ണ്ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം 90 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ ചങ്ങനാശ്ശേരി സെന്റ്‌ബെര്‍ക്ക്മാന്‍സ് കോളേജ് നാല് വെള്ളിയും 6 വെങ്കലവുമടക്കം 51 പോയിന്റാണ് നേടിയിട്ടുള്ളത്. മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 38 പോയിന്റുമായി പാലാ സെന്റ് തോമസ് കോളേജാണ് മൂന്നാമത്. ഇന്നലെ നടന്ന 19 ഫൈനലുകളില്‍ നാല് പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. ഇതില്‍ മൂന്നും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് കരസ്ഥമാക്കി. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിന്റെ ആല്‍ഫിന്‍. വി.പി, വനിതകളുടെ 400 മീറ്ററില്‍ മാര്‍ അത്തനേഷ്യസിന്റെ തന്നെ അനില്‍ഡ തോമസ്, പുരുഷന്മാരുടെ ഹൈജമ്പില്‍ മാര്‍ അത്തനേഷ്യസ് കോളേജിന്റെ മീരാന്‍ ജോ സെബാസ്റ്റിയന്‍, ജാവലിന്‍ ത്രോയില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ അരുണ്‍ ബേബി എന്നിവരാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്. വനിതകളുടെ 100 മീറ്ററില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ കെ. മഞ്ജുവും പുരുഷവിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ അനുരൂപ് ജോണും മീറ്റിലെ വേഗതയേറിയ താരങ്ങളായി. അനുരൂപ് 10.74 സെക്കന്റിലും  മഞ്ജു. കെ 12.47 സെക്കന്റിലും ഫിനിഷ് ചെയ്താണ് മീറ്റിലെ ഫാസ്റ്റസ്റ്റായത്. വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെറിന്റു മാത്യു 12.62 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ അശ്വതി മോഹന്‍ 12.63 വെങ്കലവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക്മാന്‍സ് കോളേജിലെ അജിത്ത് ഇട്ടി വര്‍ഗ്ഗീസ് 11.01 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും തേവര എസ്എച്ച് കോളേജിലെ സുജിത്ത് കുട്ടന്‍ 11.14 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി. ലോക സ്‌കൂള്‍ മീറ്റില്‍ മെഡല്‍ നേടി ചരിത്രം കുറിച്ച ബിനീഷ് കെ. ഷാജിക്ക് 100 മീറ്റര്‍ മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിക്കാനായില്ല. എന്നാല്‍ ലോംഗ്ജമ്പില്‍ 6.81 മീറ്റര്‍ ചാടി ബിനീഷ് കെ. ഷാജി വെള്ളിമെഡല്‍ കരസ്ഥമാക്കി. മാര്‍ അത്തനേഷ്യസ് കോളേജിന്റെ ജിതിന്‍ തോമസിനാണ് ഈയിനത്തില്‍ സ്വര്‍ണ്ണം. 6.84 മീറ്ററാണ് ജിതിന്‍ താണ്ടിയത്. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ ജ്യോതികൃഷ്ണ 14.71 സെക്കന്റില്‍ പറന്നെത്തി സ്വര്‍ണ്ണം സ്വന്തമാക്കി. കോട്ടയം ബിസിഎം കോളേജിന്റെ ശാലിനി ജോസഫ് വെള്ളിയും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിന്റെ മരിയ ജൂലിയറ്റ് വെങ്കലവും കരസ്ഥമാക്കി. വിനോദ് ദാമോദരന്‍

//www.janmabhumidaily.com/news156516

കാറ്റു മാറി വീശുന്നു

കൊച്ചി: ആദ്യ രണ്ടു നാളുകളില്‍ വീശിയടിച്ച പാലക്കാടന്‍ കാറ്റിനെ അതിജീവിച്ച് സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ പോയിന്റ് പട്ടികയില്‍ എറണാകുളം മുന്നിലെത്തി. മൂന്നാം ദിവസം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 192 പോയിന്റുമായാണ് ആതിഥേയര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 20 വീതം സ്വര്‍ണ്ണവും വെള്ളിയും 23 വെങ്കലവും എറണാകുളം ഇതുവരെ അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്. 175 പോയിന്റുകളോടെ പാലക്കാട് പിന്നാലെ പായുന്നുണ്ട്. 23 സ്വര്‍ണ്ണവും 10 വെള്ളിയും 21 വെങ്കലവും നിലവിലെ ചാമ്പ്യന്‍മാരുടെ സമ്പാദ്യം. 8 വീതം സ്വര്‍ണ്ണവും വെള്ളിയും 6 വെങ്കലവും 80 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. നാല് സ്വര്‍ണ്ണവും അത്രതന്നെ വെള്ളിയും 8 വെങ്കലവും നേടിയ തിരുവനന്തപുരം നാലാമത്. അതേസമയം, മുന്‍ ചാമ്പ്യന്മാരായ കോട്ടയം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്‌കൂളുകളുടെ പോരാട്ടഗതിയിലും  മാറ്റങ്ങള്‍ ദൃശ്യമായി. ആദ്യ ദിനങ്ങളില്‍ പിന്നിട്ടുനിന്ന നിലവിലെ ജേതാക്കളായ കോതമംഗലം സെന്റ് ജോര്‍ജ്എച്ച്എസ്എസ് പ്രഥമ സ്ഥാനത്തേക്കുകയറി. ഇന്നലെ മാത്രമവര്‍ 48 പോയിന്റുകള്‍ വാരിക്കൂട്ടി. 9 സ്വര്‍ണ്ണവും 10 വീതം വെള്ളിയും വെങ്കലവും സെന്റ് ജോര്‍ജിന്റെ  ചുണക്കുട്ടികള്‍ നെഞ്ചോടു ചേര്‍ത്തുകഴിഞ്ഞു. സെന്റ്‌ജോര്‍ജിന്റെ കടുത്ത എതിരാളിയും രണ്ടാം സ്ഥാനക്കാരുമായ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന് 6 സ്വര്‍ണ്ണവും 7 വെള്ളിയും നാല് വെങ്കലവുമടക്കം 54 പോയിന്റാണുള്ളത്. 7 സ്വര്‍ണ്ണവും നാല് വെള്ളിയും 5 വെങ്കലവും നേടിയ പാലക്കാട് ജില്ലയിലെ പറളി (52 പോയിന്റ്) സ്‌കൂളാണ് ആദ്യ മൂന്നിലുള്ള മറ്റൊരു ടീം. തുടക്കത്തില്‍ അല്‍പ്പം ക്ഷാമം നേരിട്ടെങ്കിലും  തിങ്കളാഴ്ച്ച എട്ട് റെക്കോര്‍ഡുകള്‍ പിറന്നു. ഒരു പ്രകടനം നിലവിലെ റെക്കോര്‍ഡിനെ സമംപിടിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസിന്റെ പി.യു. ചിത്ര, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ മതിരപ്പള്ളി ഗവ. വിഎച്ച്എസ്എസിലെ ഷിജോ മാത്യു,  ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍  കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ ആതിര. കെ.ആര്‍,  ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസിനെ ഡിബി സെബാസ്റ്റിയന്‍, 3 കി.മീ. നടത്തത്തില്‍  പാലക്കാട് പറളി എച്ച്എസിലെ കെ.ടി. നീന, ഹാമര്‍ത്രോയില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അഞ്ജു കുര്യാക്കോസ്, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ ട്വിങ്കിള്‍ ടോമി, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ എം.എന്‍. നസിമുദ്ദീന്‍ എന്നിവര്‍ പുതിയ വേഗവും ദൂരവും ഉയരവുമൊക്കെ കുറിച്ചപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ എളമക്കര എച്ച്എസ്എസിലെ ശ്രീനിത്ത് മോഹന്‍ നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തി. മേള ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് 23 ഫൈനലുകള്‍ നടക്കും. വിനോദ് ദാമോദരന്‍    …

//www.janmabhumidaily.com/news156020

റെക്കോര്‍ഡിലേക്കൊരു ചിത്രകഥ; ആതിര വെട്ടം

കൊച്ചി: സ്‌കൂള്‍ കായികമേളയിലെ ആദ്യ ദിനം പാലക്കാടിന്റെ സൂപ്പര്‍ ഗേള്‍ പി.യു. ചിത്ര ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനത്തോടെ കനകനേട്ടം കൊയ്തു. ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലെയും സാഫ് ജൂനിയര്‍ മീറ്റിലെയും മികച്ച പ്രകടനം മൂണ്ടൂര്‍ എച്ച്എസിന്റെ അഭിമാനമായ ചിത്ര കൊച്ചിയിലും  ആവര്‍ത്തിക്കുകയായിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ചിത്ര തന്റെ അധീശത്വം നിലനിര്‍ത്തിയപ്പോള്‍ എതിരാളികളെല്ലാം നിഷ്പ്രഭരായി. 9 മിനിറ്റ് 54.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത ചിത്ര  2006-ല്‍ ഷാമിന ജബ്ബാര്‍ സ്ഥാപിച്ച 9 മിനിറ്റ് 55 .62 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡിനെ കടത്തിവെട്ടിക്കളഞ്ഞു. 2010മുതല്‍ സ്വന്തം പേരിലുണ്ടായിരുന്ന (9 മിനിറ്റ് 58.20 സെക്കന്റ്) മീറ്റ് റെക്കോര്‍ഡും  തിരുത്തിയെഴുതാന്‍ മിന്നല്‍ പ്രകടനത്തിലൂടെ ചിത്രയ്ക്കു കഴിഞ്ഞു. 2012ല്‍  നാല് സ്വര്‍ണ്ണം നേടി വ്യക്തഗത ചാമ്പ്യനായ ചിത്രയുടെ അവസാന സ്‌കൂള്‍ മീറ്റാണിത്. മുണ്ടൂര്‍ പാലക്കീഴ് കൂലിപ്പണിക്കാരനായ ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിത്ര. എന്‍.എസ്. സിജിന് കീഴിലാണ് പരിശീലനം. അതേസമയം, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അപ്രതീക്ഷിതമായ ഒരു തിരിച്ചടി പാലക്കാടിന് നേരിട്ടു. കഴിഞ്ഞ വര്‍ഷം ചിത്രക്ക് പിന്നില്‍ രണ്ടാംസ്ഥാനം നേടിയ മുണ്ടൂര്‍ സ്‌കൂളിലെ തന്നെ കെ.കെ. വിദ്യയെ പിന്തള്ളി ഇടുക്കി എരട്ടയാര്‍ എസ്ടിഎച്ച്എസ്എസിലെ ഗീതു മോഹന്‍ (10 മിനിറ്റ് 09.50 സെക്കന്റ്) ഇത്തവണ വെള്ളിമെഡല്‍ നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം പിറന്നു. 9 മിനിറ്റ് 54.10 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ട കോഴിക്കോട് നെല്ലിപൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ ആതിര കെ.ആര്‍. സ്വര്‍ണ്ണം സ്വന്തമാക്കി. ഇതോടെ 2008-ല്‍ റിതു ദിനകര്‍ സ്ഥാപിച്ച 10 മിനിറ്റ് 00. 03 സെക്കന്റിന്റെ ദേശിയ റെക്കോര്‍ഡ് പഴങ്കഥയായി. 2004-ല്‍ ഷമീന ജബ്ബാര്‍ (10 മിനിറ്റ് 05.80 സെക്കന്റ)് തീര്‍ത്ത മീറ്റ് റെക്കോര്‍ഡും ആതിര കടപുഴക്കി. വെള്ളി നേടിയ തൃശൂര്‍ ഗവ. ഫിഷറീസ് എച്ച്എസ്എസിലെ വി.ഡി. അഞ്ജലിയും (10 മിനിറ്റ് 02.40 സെക്കന്റ് നിലവിലെ മീറ്റ് റെക്കോര്‍ഡ് തകര്‍ത്തു. എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ പി.ആര്‍. അലീഷ വെങ്കലത്തിന് ഉടമയായി. ആദ്യ സ്‌കൂള്‍ മീറ്റില്‍ തന്നെ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടാനായതിന്റെ ആഹ്ലാദത്തിലാണ് ആതിര. നെല്ലിപ്പൊയില്‍ ഉമ്മംകോട്ട് കൂലിപ്പണിക്കാരായ രവി-തങ്കമണി ദമ്പതികളുടെ മകളാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര. സഹോദരന്‍ അനൂപ്. മിനീഷിന്റെ കീഴിലാണ് പരിശീലനം. വിനോദ് ദാമോദരന്‍

//www.janmabhumidaily.com/news155542

2014 ഇപ്പോഴേ ബ്രസീലിന്റെ സീല്‍

കളി കാണാനിരിക്കുന്നതേയുള്ളു. അവരതു കാണിച്ചുതരും. കളിക്കളത്തില്‍ കരുത്തുമാത്രമല്ല, കവിതയും കുറിക്കാന്‍ കഴിയുമെന്നു കാണിക്കാന്‍ സ്വന്തം നാട്ടില്‍ അരനൂറ്റാണ്ടിലേറെ കാലത്തിനു ശേഷം കിട്ടുന്ന അവസരമാണിതവര്‍ക്ക്. വാസ്തവം, ഇത്തവണ ലോകകപ്പില്‍ ബ്രസീലിന്റെ സീല്‍ പതിഞ്ഞിരിക്കും. കാല്‍പ്പന്തുകളിയെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായികവിനോദമാക്കി മാറ്റിയതില്‍ ബ്രസീലിനുള്ള പങ്ക് നിസ്തുതലമാണ്. ഫുട്‌ബോള്‍ എന്നാല്‍ ആരാധകര്‍ക്ക് ബ്രസീലും, ബ്രസീല്‍ എന്നാല്‍ ഫുട്‌ബോളുമാണ്. പെലെയും ഗരിഞ്ചയും സിസീഞ്ഞോയും സീക്കോയും സോക്രട്ടീസും ഒടുവില്‍ കരേക്കയും മുള്ളറും റിവാള്‍ഡോയും റൊമാരിയോയും ബെബറ്റോയും റൊണാള്‍ഡീഞ്ഞോയുമൊക്കെ നിലനിര്‍ത്തിപ്പോന്ന സാംബാനൃത്തം വര്‍ഷങ്ങളോളം ഫുട്‌ബോള്‍ മൈതാനത്തിന്റെ അഴകായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഈ മികവിന് ദയനീയമായ കോട്ടം സംഭവിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 2004, 2007 കോപ്പ അമേരിക്ക കിരീടവും 2009ലെയും 2005ലെയും കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടങ്ങളും മാത്രമാണ് ബ്രസീലിന് അവകാശപ്പെടാനുള്ളത്. 2006, 2010 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയേ സാംബാനൃത്തം ചവിട്ടാന്‍ കാനറികള്‍ക്ക് കഴിഞ്ഞുള്ളൂ. ഇതോടെ ഏറെക്കാലം ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബ്രസീല്‍ ഒടുവില്‍ 22-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതിനും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. 2002-ലെ ലോകകപ്പ് കിരീട നേട്ടത്തിനുശേഷം മൂന്ന് പരിശീലകര്‍ മാറിവന്നു. എന്നിട്ടും ടീമിന്റെ ശനിദശ മാറിയില്ല. 2006 മുതല്‍ 2010വരെ മുന്‍ ക്യാപ്റ്റന്‍ ദുംഗയും 2010-12 കാലയളവില്‍ മുന്‍ താരം മെനോ മെനസസും പരിശീലകനായി എത്തിയെങ്കിലും ദുര്‍ബലരായ ടീമുകളോടുപോലും തോല്‍വിയും സമനിലയുമൊക്കെ വഴങ്ങേണ്ടിവന്നു. പിന്നീട് കഴിഞ്ഞവര്‍ഷം ലൂയി ഫിലിപ്പ് സ്‌കോളാരി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തെങ്കിലും ശനിദശയില്‍ മാറ്റമുണ്ടായില്ല. കോണ്‍ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടതോടെയാണ് ടീമിന്റെ ശനിദശ മാറി ശുക്രന്‍ ഉദിച്ചത്. ഇടക്കാലത്ത് കൈമോശം വന്ന ഫുട്‌ബോളിന്റെ മാസ്മരിക സൗന്ദര്യം ബ്രസീല്‍ തിരിച്ചുപിടിക്കുന്നതിനാണ് ജൂണ്‍ 30ന് മാരക്കാനയിലെ ചരിത്രമുറങ്ങുന്ന സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 2002ല്‍ ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പിലാണ് അവസാനമായി ബ്രസീലിന് മികച്ച ഒരു താരനിരയുണ്ടായിരുന്നത്. അന്ന് റൊണാള്‍ഡോ-റിവാള്‍ഡോ-റൊണാള്‍ഡീഞ്ഞ്യോ സഖ്യമായിരുന്നു ബ്രസീലിന് വേണ്ടി മൈതാനത്ത് കാവ്യരചന നടത്തിയത്. തുടര്‍ച്ചയായി മൂന്ന് ലോകകപ്പ് ഫൈനലില്‍ കളിച്ച ടീമെന്ന ബഹുമതിയും ബ്രസീലിനുണ്ട്. 1994, 1998, 2002 എന്നീ ലോകകപ്പുകളില്‍ ബ്രസീല്‍ ഫൈനലില്‍ കളിച്ചു. 94ലും 2002ലും കിരീടം ചൂടുകയും ചെയ്തു. എന്നാല്‍ 2006 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതോടെ ബ്രസീലിന്റെ സൗന്ദര്യാത്മക ഫുട്‌ബോളിന് അറുതിയായിത്തുടങ്ങി. കഴിഞ്ഞ ലോകകപ്പിലും ക്വാര്‍ട്ടറില്‍ പുറത്തായതോടെ ബ്രസീലിയന്‍ ടീമിന്റെ തകര്‍ച്ച പൂര്‍ണമായി. അതിനുശേഷം മികച്ച താരനിരയെ ഇപ്പോഴാണ് ബ്രസീലിന് വാര്‍ത്തെടുക്കാനായത്. അതിന് നന്ദി പറയേണ്ടത് സ്‌കൊളാരിയുടെ രണ്ടാം വരവിനോടാണ്. ഫോമിലല്ലാത്തിരുന്ന റൊണാള്‍ഡീഞ്ഞ്യോയെയും കാകയെയും പാറ്റോയെയുമൊക്കെ ഒഴിവാക്കാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവമാണ് ഒത്തിണക്കമുള്ള യുവനിരയുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കിയത്. ഇനി 2014-ല്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് കിരീടമാണ് ബ്രസീല്‍ ലക്ഷ്യം വെക്കുന്നത്. നെയ്മറും ഫ്രെഡും ഓസ്‌കറും ജോയും പൗളീഞ്ഞോയും ഉള്‍പ്പെട്ട യുവനിരക്ക് അത് അസാധ്യമൊന്നുമല്ലെന്ന് തന്നെ വേണം കരുതാന്‍. മൈതാനത്ത് ചാട്ടുളിപോലെ പായുകയും അസാധാരണ മികവോടെ ലക്ഷ്യം കാണുകയും ചെയ്യുന്ന നെയ്മര്‍ ലോകത്തെ ഏതൊരു പ്രതിരോധ നിരയ്ക്കും വെല്ലുവിളിയാണ്. ഇതിന് മികച്ച ഉദാഹരണമാണ് ഗ്രൂപ്പില്‍ ഇറ്റലിക്കെതിരെയും ഫൈനലില്‍ സ്‌പെയിനിനെതിരെയും നെയ്മറും സംഘവും നടത്തിയ പ്രകടനം. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരയായിരുന്നിട്ടും ഇരു ടീമുകളെയും അമ്പരപ്പിക്കാന്‍ നെയ്മര്‍ക്കും ഓസ്‌കറിനും ഫ്രെഡിനുമൊക്കെ സാധിച്ചു. ലോകകപ്പിനായി ടീമിനെ പൂര്‍ണ സജ്ജമാക്കാന്‍ സ്‌കൊളാരിക്ക് മുന്നില്‍ ഒരുവര്‍ഷം ബാക്കിയുണ്ട്. ആ ലക്ഷ്യത്തോടെയായിരിക്കും ഇനിയുള്ള ബ്രസീലിന്റെ പരിശീലന തന്ത്രങ്ങള്‍ സ്‌കൊളാരി ആവിഷ്‌കരിക്കുക. ഈ കോണ്‍ഫെഡറേഷന്‍ കപ്പോടെ ഒരു കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. കാല്‍പ്പന്തുകളിയുടെ ലോകത്ത് ഇനി തങ്ങളുടെ കാലമാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ബ്രസീലിന്റെ യുവതാരങ്ങള്‍ നല്‍കുന്നത്. ഒപ്പം സ്പാനിഷ് ചെമ്പടയുടെ ആധിപത്യത്തിന് അന്ത്യമാകുന്നുവെന്ന യാഥാര്‍ത്ഥ്യവും ഈ കോണ്‍ഫെഡറേഷന്‍ കപ്പ് നല്‍കുന്നു.  കണ്ടുപഴകിയ ടിക്കിടാക്ക ശൈലിയെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞാല്‍ സ്‌പെയിന്‍ കളിക്കളത്തില്‍ ഒന്നുമല്ലെന്ന സൂചനയാണ് സെമിഫൈനലില്‍ ഇറ്റലിയും ഫൈനലില്‍ ബ്രസീലും നല്‍കിയത്. യൂറോപ്പിന്റെ ടോട്ടല്‍ ഫുട്‌ബോളിനേക്കാള്‍ കുറുകിയ പാസുകളിലുടെ എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കുന്ന ലാറ്റിനമേരിക്കന്‍ ശൈലിയെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ബ്രസീലിന്റെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയം ഏറെ ആഹ്ലാദം പകരുന്നുണ്ട്. എന്തായാലും ഇനിയുള്ള കാലങ്ങളില്‍ മൈതാനത്ത് വിസ്മയം രചിക്കാന്‍ നെയ്മറും കൂട്ടരും ഇറങ്ങുമ്പോള്‍ സൗന്ദര്യാത്മക ഫുട്‌ബോള്‍ ആരാധകര്‍ക്ക് തിരിച്ചുലഭിക്കുമെന്ന് ഉറപ്പാണ്. വിനോദ് ദാമോദരന്‍

//www.janmabhumidaily.com/news123715

  • 1