ഡോ. ജയിംസ് ആനാപറമ്പില്‍ സഹായമെത്രാന്‍

Monday 12 February 2018 2:00 am IST

 

അര്‍ത്തുങ്കല്‍: ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി  ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ അഭിഷിക്തനായി. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ ആയിരങ്ങളുടെ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ക്കു നടുവിലായിരുന്നു രൂപതയുടെ നാലാമത്തെ ബിഷപ്പിന്റെ മെത്രാഭിഷേകം.  വത്തിക്കാന്‍ പ്രതിനിധി മോണ്‍. ഹെന്ററിക് ജഗോഡ്സിന്‍സ്‌കി ഉച്ചയ്ക്ക് 2.30ന്  മാര്‍പാപ്പയുടെ വിളംബരം ലത്തീന്‍ ഭാഷയില്‍ വായിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. 40 ബിഷപ്പുമാരുടെ സാന്നിധ്യത്തിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍.

 ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം വചനപ്രഘോഷണം നടത്തി. ബിഷപുമാരായ ഡോ.ജോസഫ് കരിയിലും ഡോ.സ്റ്റാന്‍ലി റോമനും സഹകാര്‍മികത്വം വഹിച്ചു. വിളംബരം ഫാ.യേശുദാസ് കാട്ടുങ്കല്‍ തയ്യില്‍ മലയാളത്തില്‍ വായിച്ചു.

   ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ തൈലാഭിഷേകം നടത്തി സുവിശേഷ ഗ്രന്ഥം കൈമാറി. മോതിരം, അംശമുടി, അംശവടി തുടങ്ങിയ അധികാര കൈമാറ്റങ്ങളും തുടര്‍ന്നു നടന്നു.  അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്  ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അദ്ധ്യ. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കുറിലോസ് അനുഗ്രഹപ്രഭാഷണം നത്തി. 

 കൊച്ചി കണ്ടക്കടവ് ആനാപറമ്പില്‍ വീട്ടില്‍ റാഫേലിന്റെയും ബ്രിജീത്തയുടെയും മകനാണ് 55കാരനായ ഡോ. ജയിംസ് ആനാപറമ്പില്‍. 1986ല്‍ വൈദിക പട്ടം സ്വീകരിച്ചു.നിലവില്‍ കേരളാ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ബൈബിള്‍ പരിഭാഷാ പണ്ഡിത സമിതി അംഗമാണ്. കഴിഞ്ഞ ഡിസംബര്‍ ഏഴിനു ആലപ്പുഴ കത്തീഡ്രല്‍ പള്ളിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.