കൃഷി, റവന്യു വകുപ്പുകളില്‍ അഴിമതിയെന്ന് വിമര്‍ശനം

Monday 19 February 2018 2:00 am IST

 

മാവേലിക്കര: പാര്‍ട്ടി ഭരിക്കുന്ന കൃഷി, റവന്യു വകുപ്പുകളില്‍ താഴെത്തട്ടില്‍ അഴിമതിയെയാണെന്ന് സിപിഐ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ വിമര്‍ശനം.  സ്ഥലം മാറ്റത്തിനു ചില നേതാക്കള്‍ വിലപേശി പണം വാങ്ങുന്നു. 

  ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന കൃഷി, റവന്യൂ വകുപ്പുകളിലെ അഴിമതി പാര്‍ട്ടിയെ നാണം കെടുത്തുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി നേരിട്ടു നോക്കുന്ന നവകേരള മിഷന്‍ പദ്ധതിക്കെതിരെയും ചില പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി.  

  കെ.എം. മാണിയ്ക്കും, കെ. ബാബുവിനും എതിരായ അഴിമതി കേസുകള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. മാണിയെ കുറ്റവിമുക്തനാക്കി അതിലൂടെ മുന്നണിയിലെടുക്കാനാണ് സിപിഎം ശ്രമം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കെ.എം മാണിയുടെ മുന്നണിപ്രവേശത്തിന് സിപിഎം നടത്തുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. 

  മുന്‍ എംഎല്‍എയുടെ കാലത്തും സിപിഎം ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചത്. അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണെങ്കിലും മണ്ഡലത്തില്‍ കാര്യമായ വികസനം കൊണ്ടുവരാന്‍ സാധിച്ചില്ല. 

  എല്‍ഡിഎഫിന്റെ പൊതു താല്‍പര്യത്തിനും രാഷ്ട്രീയ സദാചാരത്തിനും നിരക്കാത്ത ചിന്തയാണ് സിപിഎമ്മിനും പിണറായി വിജയനുമുള്ളത്. ജില്ലയിലെ സിപിഐ മണ്ഡലം കമ്മിറ്റികള്‍ വിഭജിച്ചതു പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും പ്രതിനിധികള്‍  പറയുന്നു. 

  ചെങ്ങന്നൂര്‍, കായംകുളം മണ്ഡലം കമ്മിറ്റികളെ വിഭജിച്ചതു കമ്മിറ്റികളുടെ ശക്തി കുറയാനിടയാക്കി. ആലപ്പുഴ മണ്ഡലം കമ്മറ്റി വിഭജിക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഈ സ്വയംവിമര്‍ശനം അവര്‍ക്കുള്ള മറുപടിയാണെന്നും സൂചനയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.