പൊന്നോമനയ്ക്ക് കണ്ണ് ദാനം ചെയ്ത് അമ്മ യാത്രയായി

Monday 12 February 2018 2:00 am IST

 

ചാരുംമൂട്: താന്‍ ചെയ്ത അബദ്ധത്തില്‍ ഒരു കണ്ണിന്റെ കാഴ്ചപോയ പൊന്നോമനയ്ക്ക് കണ്ണ് ദാനം ചെയ്ത് അമ്മയാത്രയായി. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി കണ്ണഞ്ചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍പിള്ളയുടെ ഭാര്യ രമാദേവി (50)യുടെ കണ്ണാണ് മൂത്തമകന്‍ ഗോകുല്‍രാജ് (27)ന് ദാനം ചെയ്തത്.

  ഇതോടെ ഗോകുല്‍രാജിന് കാഴ്ച തിരികെ കിട്ടി. 21 വര്‍ഷത്തിന് മുമ്പ്  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഗോകുലിന്റെ കണ്ണില്‍ അമ്മ എറിഞ്ഞ കല്ല് അറിയാതെ കൊള്ളുകയായിരുന്നു. പലയിടത്ത് ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. വലതുകണ്ണിനേ കാഴ്ചയുണ്ടായിരുന്നുള്ളൂ.

  കഴിഞ്ഞ ചൊവ്വ വൈകിട്ട് അഞ്ചിന് ചുനക്കര ഭാഗത്തു നിന്നും ഇളയ മകന്‍ രാഹുല്‍ രാജിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേയാണ് രമാദേവി അപകടത്തില്‍പെട്ടത്. കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

  തുടര്‍ന്നാണ് അമ്മയുടെ കണ്ണ് മൂത്തമകന് ദാനം ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡോ.ഗീതുവിന്റെ നേതൃത്വത്തിലെത്തിയ മെഡിക്കല്‍ സംഘം രമാദേവിയുടെ കണ്ണുകള്‍ എടുത്തു. അതിലൊരുകണ്ണ് ഗോകുല്‍ രാജിന് വയ്ക്കുകയായിരുന്നു. 

  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. രമാദേവിയുടെ സംസ്‌കാരം കഴിഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.