ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; വിമുക്തഭടന്റെ 89,000 രൂപ നഷ്ടപ്പെട്ടു

Thursday 25 January 2018 2:00 am IST

 

പോത്തന്‍കോട്: തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. വിമുക്തഭടന്റെ 89,000 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. മംഗലപുരം ഇടവിളാകം മേലേവിള വീട്ടില്‍ ശശിധരന്റെ(64) പണമാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 3.46നും 4.19നും ഇടയിലാണ് ഫോണിലൂടെ ശശിധരനെ ബന്ധപ്പെട്ട സംഘം പണം തട്ടിയെടുത്തത്.

എസ്ബിഐയുടെ മുെബെ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഒരുസ്ത്രീയാണ് ആദ്യം ശശിധരനെ വിളിച്ചത്. ഇംഗ്ലീഷിലാരംഭിച്ച് ഹിന്ദിയില്‍ സംഭാഷണം തുടര്‍ന്ന ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായി ശശിധരന്‍ ഫയല്‍ ചെയ്തിരുന്ന പരാതി സംബന്ധിച്ച വിവരം അറിയാനാണ് വിളിച്ചതെന്നാണ് പറഞ്ഞത്. നവംബറില്‍ ശശിധരന് ലഭിച്ച ക്രെഡിറ്റ് കാര്‍ഡിന്റെ രഹസ്യനമ്പര്‍ രേഖപ്പെടുത്തിയിരുന്നത് വ്യക്തമല്ലാതിരുന്നതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് ശശിധരന്‍ ബാങ്ക് മുഖാന്തിരം പരാതി അറിയിച്ചിരുന്നു. ഈ പരാതി ഏതാനും ആഴ്ചമുമ്പ് മുംബൈ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ട് പരിഹരിച്ചിരുന്നു. തുടര്‍ന്ന് ശശിധരന്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നു. അതിനിടയിലാണ് തട്ടിപ്പുനടന്നത്.

ശശിധരന്റെ വിലാസം, വയസ്, ജനനത്തീയതി, കാര്‍ഡ് നമ്പര്‍, ഇവയെല്ലാം ശശിധരനോട് പറഞ്ഞുകൊടുത്ത സംഘം വിവരങ്ങള്‍ ശരിയാണോയെന്ന് അന്വേഷിച്ചു. ശരിയാണെന്ന് മറുപടി നല്‍കിയ ഉടന്‍ സ്ത്രീ ഓഫീസര്‍ക്കെന്ന പേരില്‍ ഒരു പുരുഷന് ഫോണ്‍ കൈമാറി. അയാള്‍ എന്‍ക്വയറി കഴിഞ്ഞതായും മൊബൈല്‍ ഫോണിലേക്ക് ഉടന്‍ സന്ദേശമെത്തുമെന്നും അതിലുള്ള ഒടിപി നമ്പര്‍ വിളിക്കുമ്പോള്‍ പറഞ്ഞുതരണമെന്നും നിര്‍ദേശിച്ചു. യാത്രയിലായിരുന്ന ശശിധരന് അല്‍പ്പസമയത്തിനകം ഫോണ്‍കോളെത്തി. ഒടിപി നമ്പര്‍ പറഞ്ഞുകൊടുത്തതോടെ എല്ലാം ശരിയായി എന്ന് പറഞ്ഞു. വീണ്ടും ഏതാനും തവണകൂടി ഒടിപി നമ്പര്‍ വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞും മറ്റും വിളിച്ചുകൊണ്ടിരുന്ന സംഘം പത്തുമിനിട്ടു കഴിഞ്ഞ് എടിഎം നമ്പരും ആധാര്‍ കാര്‍ഡ് നമ്പരും ആവശ്യപ്പെട്ടു. അത് ശശിധരന്‍ ചോദ്യം ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ഇത് ലിങ്ക് ചെയ്യാനാണെന്ന് ഇവര്‍ മറുപടി പറഞ്ഞെങ്കിലും തുടരെയുള്ള ഫോണ്‍വിളികളില്‍ സംശയം തോന്നിയ ശശിധരന്‍ നമ്പരുകള്‍ കൈമാറാന്‍ വിസമ്മതിച്ചു. ഈ സമയത്ത് മൊബൈല്‍ഫോണില്‍ തുടരെ സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നെങ്കിലും ബൈക്കോടിച്ചുകൊണ്ടിരുന്നതിനാല്‍ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ല.

അതിനുശേഷം ഗുഡ്ഗാവിലെ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍നിന്ന് വിളിച്ചറിയിക്കുമ്പോഴാണ് താന്‍ തട്ടിപ്പിനിരയായെന്ന വിവരം ശശിധരന് ബോധ്യപ്പെട്ടത്. മൊബൈല്‍ ഫോണിലെത്തിയ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ആദ്യം 85,000 രൂപയും പിന്നീട് 4040 രൂപയും പിന്‍വലിച്ചതായി മനസിലാക്കി. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്ന് ശശിധരന്റെ പരാതി സ്വീകരിക്കുകയും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ശശിധരന്‍ മംഗലപുരം പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. സൈബര്‍ പോലീസ് ശശിധരന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിവരങ്ങള്‍ ഹൈടെക് സെല്ലിന് കൈമാറി. ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.