കേടായ റഗുലേറ്ററുകള്‍ സൗജന്യമായി മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം പാചകവാതക അദാലത്തില്‍ പരാതികള്‍ നിരവധി

Thursday 22 February 2018 2:00 am IST

 

ആലപ്പുഴ: പാചകവാതകവിതരണ ഏജന്‍സികള്‍ ഉപഭോക്താക്കളുടെ കേടായ റഗുലേറ്ററുകള്‍ സൗജന്യമായി മാറ്റി നല്‍കണമെന്നും ഇതിനായി പണം ഈടാക്കരുതെന്നും എഡിഎം ഐ.അബ്ദുള്‍സലാം  നിര്‍ദേശിച്ചു.  പാചകവാതക അദാലത്തിലാണ് ഈ നിര്‍ദേശം. കണക്ഷന്‍ മറ്റ് ഏജന്‍സികളിലേയ്ക്ക് മാറ്റുന്നത് ഉപഭോക്താക്കളുടെയും താല്‍പ്പര്യം കണക്കിലെടുത്താകണമെന്നും അദ്ദേഹം പറഞ്ഞു. 

  ഉപഭോക്താക്കള്‍ ഗ്യാസ് സബ്സിഡിക്കായി ലിങ്ക് ചെയ്യേണ്ടത് പ്രധാന ബാങ്ക് അക്കൗണ്ടുമായിട്ടായിരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. മറ്റാവശ്യങ്ങള്‍ക്കായി തുടങ്ങിയിട്ടുളള അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നവര്‍ക്ക് സബ്സിഡി കിട്ടാന്‍ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. സബ്സിഡി അക്കൗണ്ടില്‍  വരാത്ത സാഹചര്യത്തില്‍ പരാതികള്‍ ഏജന്‍സികള്‍ മുഖേന ഗ്യാസ് കമ്പനിയ്ക്ക് നല്‍കണം. സിലിണ്ടറിന് അമിത വില ഈടാക്കുന്നവര്‍ക്കെടിരെ നടപടിയെടുക്കും. സിലിണ്ടറിന്റെ വിലയും ഡെലിവറി തുകയും ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തി നല്‍കണം. എസ്എംഎസ് സന്ദേശത്തിലും ഗ്യാസ്സിന്റെ വില കാണിച്ചിരിക്കണമെന്ന് അദാലത്ത് നിര്‍ദേശിച്ചു.  

  സിലണ്ടറിന്റെ തൂക്കം സംബന്ധിച്ച തര്‍ക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ തൂക്കം അളക്കുന്നതിന് വാഹനത്തില്‍ ത്രാസ്സ് സൂക്ഷിക്കുന്നില്ലെന്ന് അദാലത്തില്‍ പരാതി ഉയര്‍ന്നു. ത്രാസ്സ് ഇല്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.   സിലണ്ടര്‍ വീടുകളിലെത്തിക്കുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ കാണത്തക്ക വിധത്തില്‍ സ്ലിപ്പ് എഴുതി വയ്ക്കണം. ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ തക്കവണ്ണം പരാതി ബുക്ക് എല്ലാ ഏജന്‍സികളും ഓഫീസില്‍ സൂക്ഷിക്കണം. വിതരണം   നടത്താത്ത വീടുകളുടെ വിവരങ്ങള്‍ ഏജന്‍സികള്‍ അതതു ദിവസം തന്നെ ജീവനക്കാരില്‍ നിന്നും ശേഖരിക്കണം. ഗ്യാസ് വിതരണ വാഹനങ്ങളുടെ നിറം ഏകീകരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതി ഉയര്‍ന്നു. അദാലത്തില്‍ പങ്കെടുക്കാത്ത കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് എഡിഎം  വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.