അപ്പര്‍കുട്ടനാടിനെ വലയ്ക്കുന്നത് കുടിവെള്ള പ്ലാന്റ്

Monday 19 February 2018 2:00 am IST

 

എടത്വ: അപ്പര്‍ കുട്ടനാടിനെ കടുത്ത ജലക്ഷാമത്തിലേക്ക് നയിക്കുന്നത്  കുടിവെള്ള പ്ലാന്റിലേക്കുള്ള ജലസംഭരണം. ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിലേക്കുള്ള ജലസംഭരണമാണ് വേനല്‍കാല സീസണിന് മുന്‍പേ കുട്ടനാട്ടിലെ ജലാശയങ്ങള്‍ വറ്റുന്നതിന് കാരണം. 

  കടുത്ത വേനല്‍ ചൂടില്‍ ജലാശയങ്ങള്‍ വറ്റുമ്പോഴും പ്രതിദിനം പതിനായിരക്കണക്കിന് ക്യുബിക്ക് അടി വെള്ളമാണ് പ്ലാന്റുകളിലേക്ക് സംഭരിക്കുന്നത്. നിലക്കാത്ത സംഭരണം തുടങ്ങിയതോടെ അപ്പര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക ഇടതോടുകളും നികന്നു തുടങ്ങി.ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ജലസംഭരണത്തിനായി വീയപുരത്ത് സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം ശക്തിയായി വലിക്കുന്നതിനാല്‍ വീയപുരം പ്രദേശങ്ങളിലെ ജലാശയങ്ങളില്‍ ഉപ്പിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടുതുടങ്ങി. 

  അപ്പര്‍ കുട്ടനാടിന്റെ കിഴക്കന്‍ മേഖലയില്‍ ആദ്യമായാണ് ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഗണ്യമായി കുറയുന്നതും തോട്ടപ്പള്ളി സ്പില്‍വേ തുറന്നിട്ടിരിക്കുന്നതും ഓരുവെള്ളം കയറാന്‍ കാരണമാകുന്നുണ്ട്.  

 പമ്പാനദിയിലേയും പ്രധാന തോടുകളിലേയും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. വിതയിറക്കി 70 ദിവസം പിന്നിട്ട പാടത്ത് വളം ഇട്ടശേഷം വെള്ളം കയറ്റാന്‍ ചെറുപമ്പുകളാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. പാടത്ത് വെള്ളം കയറ്റാന്‍ സ്ഥാപിച്ച ഓവ് ചാലുകള്‍ക്കും പൈപ്പിനും താഴെയാണ് ജലനിരപ്പുള്ളത്. നെല്‍കൃഷിയുടെ ആവശ്യത്തിന് തോട്ടില്‍ നിന്ന് പാടത്തേക്ക് പമ്പ് ചെയ്യേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.