മിനുവിന്റെ സ്വപ്‌നവീടിന് സഹായമായി 'അമ്മ'

Saturday 17 February 2018 2:00 am IST

 

മുഹമ്മ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിര്‍ധന വിദ്യാര്‍ത്ഥിനി മിനുവിന് വീട് വയ്ക്കാന്‍ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ സഹായം കൈമാറി. മാരാരിക്കുളം എസ്എല്‍പുരം നികുഞ്ജത്തില്‍ സീമയുടെ മകള്‍ മിനുവിനാണ് താരങ്ങളായ സിദ്ദിഖും ഇടവേള ബാബുവും നേരിട്ടെത്തി സഹായധനം കൈമാറിയത്.

 വീട് വിറ്റ പണം കൊണ്ട് കലോത്സവത്തിനെത്തിയ മിനു പങ്കെടുത്ത മൂന്നിനങ്ങളിലും എ ഗ്രേഡ് നേടിയിരുന്നു. കേരളനടനം, നാടോടി നൃത്തം, സംഘനൃത്തം എന്നിവയിലാണ് മിനു എ ഗ്രേഡ് നേടിയത്. പണമില്ലാത്തതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ മിനു വ്യക്തിഗത ഇനങ്ങളില്‍ മത്സരിച്ചിരുന്നില്ല. ഇത്തവണ വീട് വിറ്റ പണത്തിന് വാങ്ങിയ സാധനങ്ങളുമായാണ് മിനു തൃശൂരിലേയ്ക്ക് വണ്ടി കയറിയത്.

 മൂന്നാം വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന മിനു ആലപ്പുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതിനാല്‍ അമ്മ സീമ ഏറെ കഷ്ടപ്പെട്ടാണ് മിനുവിനെ പഠിപ്പിക്കുന്നതും നൃത്തം അഭ്യസിപ്പിക്കുന്നതും. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മിനുവിന് വീട് വയ്ക്കാന്‍ 'അമ്മ' ഉള്‍പ്പെടെ നിരവധി സംഘടനകളും സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിരുന്നു. 

 ആദ്യ ഘട്ടമായി രണ്ട് ലക്ഷം രൂപയാണ് താരസംഘടന കൈമാറിയത്. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബാക്കി വരുന്ന തുകയും കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. താരങ്ങള്‍ നേരിട്ടെത്തിയതിനാല്‍ നാട്ടുകാരും ഇവിടെ തടിച്ച് കൂടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.