നഴ്‌സുമാരുടെ സമരം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

Saturday 17 February 2018 2:00 am IST

 

ചേര്‍ത്തല: കെവിഎംആശുപത്രിയില്‍ നടക്കുന്ന തൊഴില്‍ സമരം ഒത്തുതീര്‍ക്കുന്നതിനായി അനുഭവസമ്പന്നനായ ഒരു മധ്യസ്ഥനെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അദ്ധ്യക്ഷന്‍ പി. മോഹനദാസ്. മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം  ഇരുകക്ഷികളെയും കേട്ട ശേഷം സിവില്‍ നടപടി ക്രമത്തിലെ 89-ാം വകുപ്പ് പ്രകാരമുള്ള മധ്യസ്ഥതക്ക് വിടാന്‍ കമ്മീഷന് അധികാരമുണ്ട്. പ്രസ്തുത ചട്ടപ്രകാരമാണ് മധ്യസ്ഥതക്ക് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

 മദ്ധ്യസ്ഥത സംബന്ധിച്ച് സര്‍ക്കാരിന് വേണ്ടി തൊഴില്‍ വകുപ്പ് സെക്രട്ടറിയും സമരം നടത്തുന്ന യുഎന്‍എ പ്രതിനിധികളായ ജാസ്മിന്‍ ഷാ, ജിജി ജേക്കബ്, ബിന്ദു മോള്‍ എന്നിവരും പരാതിക്കാരായ കെവിഎം ആശുപത്രിയിലെ ജീവനക്കാരും 19ന് ആലപ്പുഴയില്‍ നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്ന് പി. മോഹനദാസ് നിര്‍ദ്ദേശിച്ചു. സിറ്റിംഗില്‍ ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം.

 19 വരെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ സമരക്കാര്‍ ശ്രദ്ധിക്കുന്നത് അഭികാമ്യമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. കെവിഎം ആശുപത്രിയിലെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ തൊഴിലാളി നേതാക്കള്‍ ആശുപത്രിയിലെ തര്‍ക്കം സംബന്ധിച്ച് നല്‍കിയ പരാതി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ കൈമാറിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.