സിഡ്‌കോയില്‍ നിന്ന് തടികടത്താന്‍ ശ്രമം തടഞ്ഞു

Tuesday 6 February 2018 2:00 am IST

 

ചേര്‍ത്തല: പൊതുമേഖല സ്ഥാപനമായ സിഡ്‌കോയുടെ മായിത്തറയിലെ വസ്തുവില്‍ നിന്ന് തേക്കിന്‍ തടികള്‍ കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയോരത്ത് മായിത്തറയില്‍ വ്യവസായ യൂണിറ്റിന് സ്വകാര്യ വ്യക്തിക്ക് നല്‍കിയ ഭൂമിയിലെ 28 തേക്കിന്‍ മരങ്ങളാണ് മുറിച്ചത്. 

  കഴിഞ്ഞ ഞായര്‍ വൈകിട്ടോടെയാണ് ഇത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയെങ്കിലും സിഡ്‌കോയില്‍ നിന്നു വാങ്ങിയ ഭൂമിയായതിനാല്‍ മരം മുറിക്കുവാന്‍ അവകാശമുണ്ടെന്ന് മരം മുറിക്ക് നേതൃത്വം കൊടുത്തയാള്‍ പറഞ്ഞതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതു വരെ മരത്തടികള്‍ കൊണ്ടുപോകരുതെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. 

  അവധി ദിവസമായതിനാല്‍ സിഡ്‌കോയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലായിരുന്നു. ഇവ രാത്രിയില്‍ കടത്തുമെന്ന സൂചനയെ തുടര്‍ന്ന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സിഡ്‌കോയുടെ എസ്റ്റേറ്റ് മാനേജര്‍ ഇന്നലെ ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കുകയും ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. 

  അന്വേഷണം ആരംഭിച്ചതായും ആവശ്യമെങ്കില്‍ മോഷണത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും അര്‍ത്തുങ്കല്‍ എസ്‌ഐ പറഞ്ഞു. വ്യവസായ സംരംഭത്തിന് സിഡ്‌കോ ഭൂമി നല്‍കുമ്പോള്‍ തന്നെ വ്യവസായിക ആവശ്യങ്ങള്‍ക്ക് അല്ലാതെ ഉപയോഗിക്കുവാന്‍ പാടില്ലെന്നും മരം ഉള്‍പ്പെടെയുള്ളവയുടെ അവകാശം സിഡ്‌കോയ്ക്ക് ആയിരിക്കുമെന്നും വ്യവസ്ഥയുള്ളതാണെന്നും എസ്റ്റേറ്റ് മാനേജര്‍ എ. ജോണ്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.