വ്യാവസായിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

Sunday 18 February 2018 2:00 am IST

 

 

ആലപ്പുഴ: വാടയ്ക്കല്‍ വ്യാവസായിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം, ആളപായമില്ല. ഇന്നലെ രാവിലെ 8ന് വാടയ്ക്കലിലെ രണ്ട് ഏക്കറോളം വരുന്ന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന ഒന്നര മണിക്കൂറിലേറെ അദ്ധ്വാനിച്ചാണ് തീയണച്ചത്. 'ഏഷ്യന്‍ പ്ലാസ്റ്റിക്‌സ്' എന്ന  പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയിലെ പ്ലാസ്റ്റിക് കൂമ്പാരത്തിനാണ് തീ പിടിച്ചത്. 

 ഫാക്ടറി വളപ്പില്‍ റീസൈക്ലങിനായി 12 അടിയോളം ഉയരത്തില്‍ 20 സെന്റോളം സ്ഥലത്ത് കട്ടിയേറിയ പ്ലാസ്റ്റിക് വേസ്റ്റുകളായ ആസിഡ് ക്യാനുകളും ഫ്രിഡ്ജുകളും ഉള്‍പ്പെടെയുള്ള വലിയ പ്ലാസ്റ്റിക് കൂനയ്ക്ക് തീ പിടിക്കുകയായിരുന്നു. 

  വൈദ്യുത ലൈനില്‍  കാക്ക കുടുങ്ങി ഷോര്‍ട്ട് ആയി തീപ്പിടിച്ച കാക്ക പ്ലാസ്റ്റിക് കൂനയിലേയ്ക്ക് വീഴുകയും വന്‍തീപ്പിടുത്തമായി മാറുകയുമായിരുന്നു. തീ  വേഗം വ്യാപിക്കുകയും വളരെ പെട്ടെന്ന് നിയന്ത്രണാധീതമായി  പ്ലാസ്റ്റിക് ശേഖരത്തിലേയ്ക്ക് പടര്‍ന്നു. 

  ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ശക്തമായ ചൂടിനെയും വിഷപ്പുകയെയും അവഗണിച്ച് ഫാക്ടറി വളപ്പില്‍ പ്രവേശിച്ച് ആദ്യം അതിശക്തിയായി വെള്ളം പമ്പ് ചെയ്തതിനാല്‍ തീ കൂടുതല്‍ സ്ഥലത്തേയ്ക്ക് പടര്‍ന്ന് പിടിക്കുന്നത് തടയുവാന്‍ സാധിച്ചു. കൂടാതെ  മൊബൈല്‍ ടാങ്ക് യൂണിറ്റും  വാട്ടര്‍ ലോറിയും തീ അണയ്ക്കാന്‍ സഹായിച്ചു. 

 ഉരുകി ഒലിച്ചിറങ്ങിയ പ്ലാസ്റ്റിക്ക് വെള്ളം ഉള്ളിലേയ്ക്ക് കയറാത്ത വിധം മറ സൃഷ്ടിച്ചതിനാല്‍ വലിയ പ്ലാസ്റ്റിക് കൂമ്പാരത്തിനുളളിലെ തീ അണഞ്ഞിരുന്നില്ല. ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ്, ഗംബൂട്ട് എന്നിവ ധരിച്ചു വിഷപ്പുകയ്ക്കുള്ളിലേയ്ക്ക് കയറി പ്ലാസ്റ്റിക് കൂമ്പാരം ഇളക്കി മാറ്റി വെള്ളം ഉള്ളിലേയ്ക്ക് കടക്കുന്ന വിധത്തിലാക്കിയ ശേഷം വീണ്ടും ശക്തിയായി വെള്ളം പമ്പ് ചെയ്ത് തീ നിശേഷം അണയ്ക്കുകയായിരുന്നു.

 വിഷപ്പുക ശ്വസിച്ചതിനാല്‍ അഗ്‌നിശമന ജീവനക്കാരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൊട്ടടുത്ത ടിന്നര്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലേയ്ക്കും കയര്‍ പായ നിര്‍മ്മാണ ഫാക്ടറി ഉള്‍പ്പെടെയുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മറ്റ് വ്യവസായശാലകളിലേയ്ക്കും തീപടരാതെ തടയാന്‍ കഴിഞ്ഞത് അഗ്‌നിരക്ഷാ സേനയുടെ സമയോചിതവും കാര്യക്ഷമവുമായ പ്രവര്‍ത്തനം കൊണ്ടായിരുന്നു.

  ലീഡിങ് ഫയര്‍മാന്മാരായ ഇ. രാജന്‍, പി.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തില്‍  ഫയര്‍മാന്‍മ്മാരായ കൃഷ്ണദാസ്, സതീഷ് കുമാര്‍, ബിജു, പുഷ്പലാല്‍, വിനീഷ്‌കുമാര്‍, വിഷ്ണു, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ പുഷ്പരാജ്, രഞ്ജിത് കുമാര്‍, ഷിബു, സുരാജ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.