വാഴകള്‍ക്കായി ഒരുത്സവം

Sunday 11 February 2018 2:30 am IST
വാഴക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനകരമാകുന്ന തരത്തിലാണ് വാഴ മഹോത്സവം സജ്ജമാക്കുന്നത്.

കല്ലിയൂര്‍ പഞ്ചായത്ത് ഒരുങ്ങുന്നു, ഇന്ത്യയിലാദ്യമായി നടക്കുന്ന ദേശീയ വാഴമഹോത്സവത്തെ വരവേല്‍ക്കാന്‍. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ്സ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ദേശീയ വാഴ മഹോത്സവം' ഫെബ്രുവരി 17 മുതല്‍ 21 വരെ കല്ലിയൂര്‍ വെള്ളായണി ക്ഷേത്രമൈതാനിയിയില്‍ നടക്കും.

വിജ്ഞാനപ്രദവും വിനോദവുമുള്‍പ്പെടുത്തി അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ വിവിധയിനം വാഴകളെ  പരിചയപ്പെടാനും വാഴനാര് കൊണ്ട് നിര്‍മ്മിക്കുന്ന  വിവിധ ഉത്പ്പന്നങ്ങളെക്കുറിച്ച് നേരിട്ട് അറിയാനുമാകും. വാഴകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് വാഴ മഹോത്സവം സജ്ജമാക്കുന്നത്.  സ്വത്വ സംരക്ഷണം, മൂല്യവര്‍ധനവ് എന്നിവയാണ് ദേശീയ വാഴമഹോത്സവത്തിന്റെ പ്രധാന വിഷയങ്ങള്‍. ദേശീയ സെമിനാര്‍, എക്‌സിബിഷന്‍, പരിശീലന പരിപാടികള്‍, കര്‍ഷക സംഗമം തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കും.

 

പരിചയപ്പെടാം അഞ്ഞുറില്‍പ്പരം വാഴയിനങ്ങളെ

ഏത്തപ്പഴം, പാളയം തോടന്‍, റോബസ്റ്റ, കദളി, ചെങ്കദളി തുടങ്ങി നമുക്ക് അറിവുള്ളത് വിരലിലെണ്ണാവുന്ന വാഴപ്പഴങ്ങള്‍. അഞ്ഞുറില്‍പ്പരം വാഴപ്പഴ ഇനങ്ങള്‍ ലോക വിപണിയില്‍ ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാം സ്ഥാനവും വാഴപ്പഴത്തിനാണ്. എന്നാല്‍ ലോകവിപണി മുന്നില്‍ക്കണ്ടുള്ള പ്രാധാന്യം വാഴകൃഷിക്ക് ആരും നല്‍കുന്നില്ല. അനുയോജ്യ കാലാവസ്ഥയുള്ള എവിടെയും വാഴ കൃഷി ചെയ്യാം. എന്നാല്‍ മത്സരാടിസ്ഥാനത്തിലുള്ള വാഴക്കൃഷിയെ സംബന്ധിച്ചും വാഴപ്പഴ വിപണിയെക്കുറിച്ചും ലോകവിപണി ചിന്തിക്കുന്നില്ല. ആഭ്യന്തര ഉപയോഗം മാത്രം ലക്ഷ്യമാക്കിയാണ് ഇന്ന് വാഴകൃഷി ചെയ്യുന്നത്.

എല്ലാ രാജ്യങ്ങളിലെയും വിവിധയിനങ്ങളില്‍പ്പെട്ട വാഴകളെ സംബന്ധിച്ചുള്ള വിവരം പരസ്പരം  കൈമാറുകയാണെങ്കില്‍  അഞ്ഞൂറിലധികം വാഴയിനങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരത്തില്‍ വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന ഒരു വാഴപ്പഴ വിപണി ക്രമേണ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ആഗോള വാഴ ഉത്പ്പാദനത്തിന്റെ 18 ശതമാനം നല്‍കുന്ന ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഴ ഉത്പാദകരാണ്. എന്നാല്‍ ഉത്പ്പാദനത്തിന്റെ ഒരു ശതമാനം മാത്രമേ കയറ്റുമതിയുള്ളൂ. പരിപാലനത്തിലും പാക്കിങ്ങിലും പാക്കേജിങ്ങിലുമെല്ലാമുള്ള ആധുനിക സാങ്കേതികതകള്‍ കര്‍ഷകരിലേക്ക് എത്തിച്ച് വിപണി നേരിടുന്ന 25 മുതല്‍ 40 ശതമാനം വരെയുള്ള നഷ്ടം ഒഴിവാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന സംവിധാനങ്ങള്‍ വാഴ മഹോത്സവത്തില്‍ പരിചയപ്പെടുത്തും.

 

കൊതിയൂറും വാഴ വിഭവങ്ങള്‍

പഴം ഐസ്‌ക്രീം, പായസം, ബനാന ഷേക്ക്, പഴം കേക്ക്   തുടങ്ങി കൊതിയൂറും മധുരപലഹാരങ്ങള്‍, വാഴയ്ക്കാ സൂപ്പ്, പഴം ഫ്രൈ, സാലഡ്, വാഴപ്പിണ്ടി തോരന്‍, വാഴയ്ക്കാ ഫ്രൈഡ് റൈസ് തുടങ്ങി സ്വാദിഷ്ടമായ ആഹാര പാദാര്‍ത്ഥങ്ങള്‍. വാഴക്കായും, വാഴപ്പിണ്ടിയും, പഴവും ഉപയോഗിച്ച് ഉപ്പിലിട്ടതു മുതല്‍ പുളുശ്ശേരി വരെയുള്ള സമൃദ്ധമായ വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ തയ്യാറാക്കാം. ഇതില്‍ ഏതാനും ചിലത് നമ്മുടെ അടുക്കളകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും നൂറിലധികം ആഹാര പദാര്‍ത്ഥങ്ങള്‍ വാഴവിഭവങ്ങളിലൂടെ തയ്യാറാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പേമാരിയിലും കാറ്റിലും ഒടിഞ്ഞുവീഴുന്ന പാകമെത്താത്ത കുലകളെ വെറുതെ വെട്ടി നുറുക്കി കളയാതെ ഇനി അതൊക്കെ വാഴ വിഭവങ്ങളാക്കി മാറ്റാം. 

 

കര്‍ഷകരുടെ വിലാപത്തിന് പരിഹാരം

വാഴ കര്‍ഷകര്‍ക്ക് ജീവിതം ഞാണിന്മേല്‍ കളിയാണ്. ചെറിയൊരു കാറ്റുമതി വാഴക്കൃഷി തകിടം മറിയാന്‍. നിരവധി പേരാണ് വാഴക്കൃഷിയില്‍ ഇറങ്ങി ജീവിതം വഴിമുട്ടി കുത്തുപാളയെടുത്തത്. അതിനാല്‍ വാഴക്കൃഷിയില്‍ നിന്ന് കര്‍ഷകര്‍ ക്രമേണ പിന്മാറുന്നു. വാഴപ്പഴത്തിന് വില വര്‍ധിക്കാനുണ്ടായ കാരണവും ഒരുപക്ഷെ ഇതാവാം. അതിനാല്‍ പൊ

ക്കമില്ലാത്ത സങ്കര ഇനം വാഴക്കൃഷിയെ സംബന്ധിച്ച് വാഴമഹോത്സവത്തില്‍ പരിചയപ്പെടുത്തും. കീടങ്ങളെ അകറ്റാന്‍ ഫലപ്രദമായ ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതികളെ സംബന്ധിച്ചും വിവിധ സെമിനാറുകള്‍ വാഴ മഹോത്സവത്തില്‍ നടക്കും. പ്രകൃതിക്ഷോഭങ്ങളില്‍ വാഴക്കൃഷിക്ക് നഷ്ടം സംഭവിച്ചാല്‍ നിലവില്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ കര്‍ഷകര്‍ അജ്ഞരാണ്. വാഴക്കൃഷി ചെയ്യാത്തവര്‍പോലും നഷ്ടപരിഹാരം നേടിയെടുക്കുമ്പോള്‍ യഥാര്‍ത്ഥ കര്‍ഷകരുടെ കൈകളിലേക്ക് ആനുകൂല്യം എത്തുന്നില്ല. അതിനാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പാക്കാനുള്ള വേദികൂടിയാവും വാഴ മഹോത്സവം. 

 

കല്ലിയൂരിലെ  ആദ്യ കാര്‍ഷികോത്സവം

ജൈവകൃഷിക്ക് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ളതിനാലാണ് ദേശീയ വാഴ മഹോത്‌സവത്തിന് കല്ലിയൂര്‍ പഞ്ചായത്ത് തിരഞ്ഞെടുത്തത്. പഞ്ചായത്തിലെ വിവിധ കാര്‍ഷിക കൂട്ടായ്മകളിലൂടെ വാഴക്കൃഷി കര്‍ഷകര്‍ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള മഹോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് നവയുഗ സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതലറിയുവാനും പ്രായോഗികമാക്കുന്നതിനും സാധിക്കും.

കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനോടൊപ്പം മിത്ര നികേതന്‍ കൃഷി വിജ്ഞാന കേന്ദ്രം, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റിയാല്‍ അംഗീകൃതമായ സെന്റര്‍ ഓഫ് എക്‌സ്‌പോര്‍ട്ടീസ്, ഐസിഎആര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്‌കോ ന്യൂദല്‍ഹി, വാഴപ്പഴ ഗവേഷണത്തിലും പ്രചാരണത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഈ മേഖലയിലെ സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് സിസ്സ ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.