ഡിജിപിയുടെ കുത്തിയോട്ട വിവാദം എന്തിനായിരുന്നു?

Friday 2 March 2018 10:20 am IST
ഇതിനിടെ ഡിജിപി: ആര്‍. ശ്രീലേഖയുടെ സര്‍വ്വീസിലെ മുന്‍കാല ചരിത്രം ചികഞ്ഞ് പ്രചരിപ്പിക്കാന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
"undefined"

കൊച്ചി: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാനുഷ്ഠാനങ്ങള്‍ക്കെതിരേ ജയില്‍ ഡിജിപി: ആര്‍. ശ്രീലേഖയുടെ വിവാദ വിമര്‍ശനം എന്തിനായിരുന്നു? സര്‍ക്കാര്‍ ഭരണതലത്തിലും പോലീസ് ഉന്നതോദ്യോഗസ്ഥര്‍ വകുപ്പു തലത്തിലും സാധാരണക്കാര്‍ സാമൂഹ്യതലത്തിലും ചര്‍ച്ച ചെയ്യുകയാണ്.

ആറ്റുകാല്‍ ദേവിയുടെ ഭക്തയും മൂന്നുവട്ടം തുടര്‍ച്ചയായി പൊങ്കാലയര്‍പ്പിച്ച ശേഷമാണ് തനിക്ക് പലവട്ടം കിട്ടാതെ പോല ഐപിഎസ് ലഭിച്ചതെന്നും പറഞ്ഞിട്ടുള്ള ഡിജിപി നീരീശ്വരവാദിയോ ദൈവ നിഷേധിയോ ആകുന്നതായി പ്രഖ്യാപിക്കലായിരുന്നോ? അങ്ങനെയാവാന്‍ തരമില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. പൊതു ചര്‍ച്ചാക്കൂട്ടങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും ഇതു സംബന്ധിച്ച ചര്‍ച്ചകളുണ്ട്.

സംസ്ഥാനത്ത് ഈ വിഷയം ചര്‍ച്ചയാകുമ്പോള്‍ മറ്റു മത വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ചര്‍ച്ചയ്ക്കു വരും, അതോടെ ഹിന്ദുസമൂഹത്തിന് അനുകൂലമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാകുമെന്നും കണക്കാക്കി ആര്‍ക്കോ വേണ്ടി നടത്തിയ ആസൂത്രിത വിമര്‍ശനമായിരുന്നു ഇതെന്ന് ചിലര്‍ ആരോപിക്കുന്നു. 

എന്നാല്‍, ഹിന്ദു സംഘടനകള്‍ ഡിജിപി: ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ പരസ്യമായ വിമര്‍ശനം ഉയര്‍ത്തുകയും അവരെ തള്ളിപ്പറയുകയും ചെയ്തു. മാത്രമല്ല, ഈ ലക്ഷ്യത്തില്‍ ആര്‍ക്കെങ്കിലും വേണ്ടി ചെയ്തതാണെങ്കില്‍ ആറ്റുകാല്‍ പൊങ്കാലയുടെ തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണോ ഈ വിഷയം ഉയര്‍ത്തേണ്ടതെന്ന മറുചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. 

സര്‍ക്കാരിനെ പ്രീണിപ്പിക്കാനും സ്ഥാനമാനങ്ങള്‍ നേടാനും നടത്തിയ പരാമര്‍ശമാണെന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ അഭിപ്രായപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ നയം ഹിന്ദു സംഘടനകളെ പ്രകോപിപ്പിക്കുകയും ന്യൂനപക്ഷ വികാരം സര്‍ക്കാരിന് അനുകൂലമാക്കുകയുമാണെന്നിരിക്കെ ഡിജിപി അതിന് അനുസൃതമായി നീങ്ങിയതാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. എന്നാല്‍, സര്‍ക്കാരും, പ്രത്യേകിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍തന്നെ 'ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ല' എന്ന് തള്ളിക്കളയുകയായിരുന്നു. 

"undefined"

ഇതിനിടെ ഡിജിപി: ആര്‍. ശ്രീലേഖയുടെ സര്‍വ്വീസിലെ മുന്‍കാല ചരിത്രം ചികഞ്ഞ് പ്രചരിപ്പിക്കാന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സ്വകാര്യ സംഭാഷണത്തിലും സാമൂഹ്യ മാദ്ധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പ് അക്കൗണ്ടുകളിലും വഴി പ്രചാരണം നടക്കുന്നുണ്ട്.

പത്തനംതിട്ടയില്‍ എസ്പി ആയിരിക്കെ ശ്രീലേഖ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു, തേഞ്ഞിപ്പലത്ത് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ മേലധികാരികളെ വിമര്‍ശിച്ചു, കൊലക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് സ്വയം സമ്മതിച്ചു, ചക്കുളത്ത് അമ്പലതിലെ നാരീപൂജയ്ക്ക് പൂജിക്കാന്‍ ഇരുന്നുകൊടുത്തു, തുടങ്ങിയ പഴയകാല 'വിശേഷ'ങ്ങള്‍ പങ്കുവെച്ചാണ് വകുപ്പിലെ സഹപ്രവര്‍ത്തകര്‍ ഡിജിപിയെ 'ആഘോഷി'ക്കുന്നത്. 

എന്തുകാരണത്താലായാലും ഡിജിപിയുടെ 'കുത്തിയോട്ട വിവാദം' സാമൂഹ്യ പരിഷ്‌കരണമോ ബാലാവകാശ സംരക്ഷണമോ ഒന്നും ലക്ഷ്യമിട്ടായിരുന്നില്ലെന്നാണ് പൊതു വിലയിരുത്തല്‍. മാത്രമല്ല, ഈ വിമര്‍ശനത്തിന് തിരഞ്ഞെടുത്ത സമയം ഒരു തരത്തിലും യുക്തമായില്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.