കത്തോലിക്ക സഭ കൂടുതല്‍ കുഴപ്പത്തില്‍; ഹൈക്കോടതി നപടികളില്‍ ഇടപെട്ടുവോ?

Friday 25 May 2018 11:20 am IST
കര്‍ദിനാളോ സഭയോ ഹൈക്കോടതി നടപടികളെ സ്വാധീനിച്ചോ? ഏറെ വ്യക്തതതയും വിശദീകരണവും അന്വേഷണവും വേണ്ടതാണ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തല്‍.

കൊച്ചി: തെരഞ്ഞെടുപ്പില്‍ മതം ഇടപെടുത്തിച്ച ക്രൈസ്തവ സഭ കോടതി കാര്യങ്ങളിലും അവിഹിതമായി ഇടപെട്ടുവോ? കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റസീസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിലേക്ക് കത്തോലിക്കാ സഭയെ എത്തിക്കുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭൂമിയിടപാടിലെ പണം തട്ടിപ്പു കേസില്‍ കര്‍ദിനാളോ സഭയോ ഹൈക്കോടതി നടപടികളെ സ്വാധീനിച്ചോ? ഏറെ വ്യക്തതതയും വിശദീകരണവും അന്വേഷണവും വേണ്ടതാണ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തല്‍. 

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെയും ബിജെപിയേയും തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് മതാരാധനാ കേന്ദ്രമായ പള്ളികളില്‍ രാഷ്ട്രീയം പ്രഖ്യാപിച്ച് ദല്‍ഹി ആര്‍ച്ച് ബിഷപ് വിവാദം ഉയര്‍ത്തിയിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷനുള്‍പ്പെടെ പരാതികള്‍ പോയതും ലോകരാജ്യങ്ങൡ ഈ വാര്‍ത്ത പ്രചരിച്ചതും ക്രിസ്തീയ സഭകള്‍ക്ക് കളങ്കമായി. അപകടം ബോധ്യപ്പെട്ട സഭ ദല്‍ഹി ബിഷപ്പിനെ തള്ളിപ്പറയാന്‍ തയ്യാറായി. 

അതിനു പിന്നാലെയാണ് ഹൈക്കോടതിയില്‍ നടന്ന ഔദ്യോഗിക വിരമിക്കല്‍ ചടങ്ങിലെ പ്രസംഗത്തിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും ജസ്റ്റീസ് കെമാല്‍ പാഷയുടെ വെളിപ്പെടുത്തല്‍ വന്നത്. 

കോടതിയിലെ നീതിനിര്‍വഹണ പ്രക്രിയയില്‍ 'സംവിധാത്തിനകത്തും പുറത്തും നിന്ന് ഇടപെടലുകള്‍ ഉണ്ടാകുന്നതായി' കെമാല്‍ പാഷ പ്രസംഗത്തില്‍ തുറന്നു പറഞ്ഞു. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കുറച്ചുകൂടി വ്യക്തമായി കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: '' മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം, കൊലപാതകം നടന്നാല്‍ പ്രതിക്ക് കഠിന ശിക്ഷ നല്‍കിയേ തീരൂ. അവിടെ ശിക്ഷാരീതി ഉദാരമാക്കണമെന്ന ആശയങ്ങള്‍ക്ക് പ്രസക്തിയില്ല. ഇവിടെ കര്‍ദ്ദിനാളിന് എതിരേ വിശ്വാസികളുടെ ഗൗരവപ്പെട്ട ആരോപണങ്ങള്‍ ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടത്? കര്‍ദിനാളായാലും നിയമത്തിന്റെ മുന്നില്‍ നില്‍ക്കണം. അദ്ദേഹം ഇവിടത്തെ പൗരനാണ്. ഇവിടത്തെ നിയമങ്ങളാണ് ബാധകം. അല്ലാതെ റോമിലെ നിയമങ്ങളല്ല. ഇവിടെ നീതിപീഠം മുഖം നോക്കാതെയാണ് നടപടിയെടുത്തത്,'' കെമാല്‍ പാഷ പറയുന്നു.

ഭൂമിയിടപാടിലെ കള്ളക്കളിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കാന്‍ ജസ്റ്റീസ് കെമാല്‍ പാഷ ഉത്തരവിട്ടു. അങ്ങനെ കര്‍ദിനാളിന് കോടതി കയറേണ്ടിവന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആ കേസ് കേള്‍ക്കുന്നതില്‍നിന് ചീഫ് ജസ്റ്റീസ് കെമാല്‍ പാഷയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് സാങ്കേതിക കാരണം പറഞ്ഞ് കര്‍ദിനാളിനെതിരേയുള്ള നടപടികളും കോടതി റദ്ദാക്കി. 

'' നീതിപീഠവുമായി ബന്ധപ്പെട്ടവര്‍ക്കറിയാം, ഇത് നീതിപീഠതെ കളങ്കപ്പെടുത്തിയ ഒരു നടപടിയായിരുന്നു. ബാഹ്യ പ്രേരണകള്‍ക്ക് വിധേയമായി ചീഫ് ജസ്റ്റീസ് ചെയ്തതാകാം.'' കേസുകേള്‍ക്കുന്നതില്‍നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ജസ്റ്റീസ് കെമാല്‍ പാഷയുടെ വിശദീകരണം ഏറെ ഗുരുതരമായ ആരോപണമാണ്. 

കര്‍ദിനാള്‍ ആലഞ്ചേരിയുടെ കേസ് കേള്‍ക്കുന്നതില്‍നിന്ന് കെമാല്‍ പാഷയെ ഒഴിവാക്കിയത് ബാഹ്യ ഇടപെടല്‍കൊണ്ടാണോ?  ചീഫ് ജസ്റ്റീസ് ബാഹ്യ ഇടപെടലിന് വിധേയനായോ? ജസ്റ്റീസ് കെമാല്‍ പാഷയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണോ? കര്‍ദിനാള്‍ ആലഞ്ചേരിയോ കത്തോലിക്കാ സഭയോ നേരിട്ടോ അല്ലാതെയോ കോടതിയെ സ്വാധീനിച്ചോ? വിശദീകരണവും വ്യക്തതയും കൂടുതല്‍ അന്വേഷണവും വേണ്ടകാര്യങ്ങളാണ് കെമാല്‍ പാഷ വെളിപ്പെടുത്തിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:Kamal pasha-High Court-Kerala-Catholic-Mar Alanchery-