കേംബ്രിഡ്ജ് അനലറ്റിക്ക 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി

Thursday 5 April 2018 7:05 pm IST
ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷത്തെ ശ്രദ്ധാകേന്ദ്രമെന്നതിനാല്‍ വിവരങ്ങള്‍ക്ക് വന്‍സുരക്ഷ ഒരുക്കും. 20,000 ത്തോളം ഉദ്യോഗസ്ഥരുടെയും കൃത്രിമ ബുദ്ധിയുടെയും സഹായത്തോടുകൂടിയുമായിരിക്കും സുരക്ഷ സാധ്യമാക്കുകയെന്നും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
"undefined"

ന്യൂദല്‍ഹി: കേംബ്രിജ് അനലിറ്റിക്കയുടെ ഫേസ്ബുക് വിവരങ്ങള്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അഞ്ചുലക്ഷത്തിലേറെ ഇന്ത്യക്കാരുടെ രഹസ്യങ്ങളും ചോര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാകത്തിന് പ്രോഗ്രാമുണ്ടാക്കാന്‍ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്ക അഞ്ചുകോടി അമേരിക്കക്കാരുടെ ഫേസ്ബുക് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ വന്‍വിവാദമാണ് സൃഷ്ടിച്ചത്. അതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്ത്യക്കാരുടെ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്ന വിവരം പുറത്തു വരുന്നത്.

ചോര്‍ത്തലിനെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ വന്നതിനു ശേഷം വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം ഫേസ്ബുക്കിന് നോട്ടീസ് നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ ഫേസ്ബുക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗിനെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക് നല്‍കിയ വിശദീകരണത്തിലാണ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങളുള്ളത്.  

ദിസ്‌യുവര്‍ഡിജിറ്റല്‍ലൈഫ് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യിച്ചാണ് കേംബ്രിജ് അനലിറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തിയത്. അമേരിക്കയിലുണ്ടായിരുന്ന 335 ഇന്ത്യക്കാര്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തത്. എന്നാല്‍ ഇവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ രഹസ്യങ്ങളും ചോര്‍ത്താന്‍ തക്കവിധത്തിലാണ് ആപ്ലിക്കേഷന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അങ്ങിനെ കണക്കെടുത്താല്‍ 5,62,120 ഇന്ത്യക്കാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇരുപത്തഞ്ചു കോടി ജനങ്ങള്‍ ഫേസ്ബുക് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. 

എട്ടു കോടി ഫേസ്ബുക് അക്കൗണ്ടുകളില്‍ നിന്ന് അനലിറ്റിക്ക രഹസ്യങ്ങള്‍ ചോര്‍ത്തി എന്നാണ് കണ്ടെത്തിയത്. അതില്‍ ഏറെയും അമേരിക്കക്കാരുടേയാതിരുന്നു. ലോകത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ ഫേസ്ബുക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഫേസ്ബുക് തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികെളെക്കുറിച്ച് ആലോചിക്കുകയാണ് ഐടി മന്ത്രാലയം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.