ഈ .മാ.യൌ : വ്യത്യസ്തമായ കാഴ്ചാനുഭവം

Wednesday 16 May 2018 7:29 pm IST
മൃതിയുടെയും പകയുടെയും ഈ ഇരുൾമൂടിയ ഈ അവസ്ഥയിലും അതിനെയെല്ലാം അതിലംഘിക്കുന്ന രൂക്ഷമായ സ്നേഹവും, സാഹോദര്യവും മനുഷ്യരിൽ പച്ചപിടിച്ചു നിൽക്കുന്നു.

ഉണ്ണി പുല്ലുവഴി

 


ഈ.മാ.യൗ എന്ന സിനിമ കണ്ടു . ലോകമെങ്ങുമുള്ള സിനിമകളടെ പ്രേക്ഷകനാണെങ്കിലും ഇതുപോലൊരു ചലച്ചിത്രാനുഭവം ആദ്യം! വ്യത്യസ്തമായ ഫ്രെയിമുകൾ. അതിഭാവുകത്വമില്ലാതെ ഉചചാരഭാഷണമില്ലാതെ മനുഷ്യന്റെ പച്ചയായ ജീവിതം സ്ക്രീനിൽ . തീയേറ്ററിൽ നല്ല തിരക്കായിരുന്നു. മലയാള ചലച്ചിത്ര ഭാവുകത്വത്തെ ഈ സിനിമ നിശബ്ദമായി അട്ടിമറിക്കാൻ സാധ്യതയുണ്ട്. പെട്ടെന്നല്ല, ഈ സിനിമ നൽകുന്ന സൌന്ദര്യാഘാതം ഭാവുകത്വത്തിലേക്കു പതിയെ നീറിപ്പിടിച്ചു മലയാളസിനിമയുടെ നിലവിലുള്ള ഫോർമാറ്റിനെ പുനർനിർമ്മിച്ചേക്കാം എന്നാണിവിടെ സൂചിപ്പിക്കുന്നത്.

ഈ സിനിമയുടെ പ്രമേയം മരണമാണ്. കീഴാള ജീവിതത്തെ സത്യസന്ധമായി ചിത്രീകരിക്കുന്ന ഒരാൾക്ക് മരണത്തെ മാറ്റിനിർത്താനാവില്ല. കാരണം ,കീഴാള ജീവിതവും മരണവും ഇരട്ടപെറ്റ സഹോദരരാണ്. അവർ എപ്പോഴും ഒന്നിച്ചുണ്ട്. സി .അയ്യപ്പൻറെ "കാവൽഭൂതം " എന്ന കഥയിൽ, " ആ കനൽക്കട്ട നെഞ്ചോടു ചേർത്തപ്പോഴാണ് അൽപ്പം തണുപ്പ് കിട്ടിയത്"- എന്ന് പറയുന്നുണ്ട്. കീഴാളജീവിതത്തിൽ തണുപ്പിനായി നെഞ്ചോട് ചേർത്തു പിടിക്കേണ്ടിവരുന്ന കനൽകൂട്ടുകാരനായി മരണമെന്നും ഒപ്പമുണ്ട്. കീഴാളവിനിമയങ്ങളിലെല്ലാം മരണം നിരന്തരം പരാമർശിക്കപ്പെടുന്നു. തീരദേശത്തെ ലത്തീൻ സമുദായ ഭവനങ്ങളിൽ ഒരാൾ മരിക്കുമ്പോൾ കണ്ണോക്ക് പാട്ട് പാടുന്ന ഒരു ആചാരമുണ്ട്. പ്രത്യേകമായ ഈണത്തിൽ മരിച്ചയാളുടെ ജീവിതരേഖയാകെ അവതരിപ്പിക്കുന്ന ചാവു പാട്ടാണത്. താൻ മലയാള സാഹിത്യത്തിലെ കണ്ണോക്ക് പാട്ടുകാരനാണെന്ന് ഈ സിനിമയുടെ തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ് പറഞ്ഞിട്ടുണ്ട്. ഒരു കണ്ണോക്കു പാട്ടിന്റെ മനസ്സിനെ കൊളുത്തി വലിക്കുന്ന മൗലികത ഈ സിനിമയ്ക്കുണ്ട്.

കടൽ "ഉണങ്ങിയ "കാലത്തെ തീരദേശത്തെ ലത്തീൻ സമുദായജീവിതമെന്ന "വെളിച്ചമില്ലാത്ത ഒരിട"ത്തെ ഒരു മരണം അതിന്റെ എല്ലാ അനുഭവ തീവ്രതയോടെയും ഈ ചലച്ചിത്രം ആവിഷ്കരിക്കുന്നു. കീഴാള ജീവിതത്തിലെ അന്യവൽക്കരണം സൃഷ്ടിക്കുന്ന ഹിംസാപരത ഇരുൾ മൂടിയ ജീവിതത്തെ കൂടുതൽ സങ്കീർണമാക്കുന്നു. യഥാർത്ഥത്തിൽ തന്റെ തന്നെ പ്രതിബിംബമായ ഏറ്റവും ഉറ്റവരോട് ചെയ്യുന്ന ഹിംസ ആത്മഹിംസയായും കാണാവുന്നതാണ്. അതിലെ കുറ്റബോധമില്ലായ്മയുടെ രഹസ്യമിതാവണം. ശരിതെറ്റുകൾ കുഴഞ്ഞുമറിയുന്നു. ദൈവവും പിശാചും ലാഘവ ചിത്തരായി മനുഷ്യന്റെ വർത്തമാനവും ഭാവിയും വിലയിരുത്തുന്നു. മനുഷ്യരെ പങ്കിട്ടെടുക്കുന്നു. കീഴാളജീവിതത്തിലെ മറ്റൊരു സജീവപ്രവണതയായ മദ്യപാനാസക്തിയും ആത്മപീഢാവാസനയുടെ , മൃത്യോപാസനയുടെ, മറ്റൊരു രൂപം തന്നെയാണ്.

 

മൃതിയുടെയും പകയുടെയും ഈ ഇരുൾമൂടിയ ഈ അവസ്ഥയിലും അതിനെയെല്ലാം അതിലംഘിക്കുന്ന രൂക്ഷമായ സ്നേഹവും, സാഹോദര്യവും മനുഷ്യരിൽ പച്ചപിടിച്ചു നിൽക്കുന്നു. എന്നും കടൽ എന്ന മൃതിയുടെ കളിക്കളത്തിലേക്കു സ്വയം എറിഞ്ഞുകളിക്കുന്ന മുക്കുവനും, ജാതിവ്യവസ്ഥ എന്ന മൃതിസാഗരത്തിൽ എന്നും മുക്കിത്താഴ്ത്തപ്പെട്ടു ശ്വാസം മുട്ടുന്ന ദളിതനും തമ്മിലുള്ള സഹോദര്യത്തെ ഇതിഹാസമാനത്തോടെ സിനിമ ആവിഷ്കരിക്കുന്നു. ഒരു ദശാബ്ദം മുൻപ് കാർഷിക പണിമുടക്ക് നടത്തിയപ്പോൾ അയ്യൻകാളിയുടെ ആളുകളെ മത്സ്യബന്ധനത്തിന് കൊണ്ടുപോയി അതിജ്ജീവനത്തിനു സഹായിച്ച തെക്കൻ തിരുവിതാംകൂറിലെ മുക്കുവജനതയുടെ ചരിത്രസ്മരണകൾ അത് ഉണർത്തുന്നു. മെമ്പർ അയ്യപ്പൻ എന്ന കറുത്തമനുഷ്യൻ പഴയ വെളുത്തു വീർത്ത സൂപ്പർ വീരപുരുഷന്മാരുടെ സ്ഥാനത്തു ഈ മണ്ണിന്റെ ധമനികളിൽ നിന്നും വിയര്പ്പുമണത്തോടെ ഉയർന്നു വന്ന്‌ നായകസങ്കല്പങ്ങളെ അട്ടിമറിക്കുന്നു. സിനിമ എന്ന കലയ്ക്ക് സ്വന്തമായ ഒരു വ്യാകരണവും ഭാഷയുമുണ്ട്. സംഭാഷണങ്ങളേക്കാൾ വെളിച്ചത്തിന്റേയും ഇരുളിന്റേയും ശബ്ദങ്ങളുടെയും മൌനത്തിന്റേയും വിന്യാസത്തിലൂടെയാണ് സിനിമ നമ്മോട് സംസാരിക്കുക . എന്നാൽ " ഇരുപതാം നൂറ്റാണ്ടിന്റെ കല " എന്ന് ലെനിൻ വിശേഷിപ്പിച്ച സിനിമ എന്ന മാധ്യമം വർത്തമാന കാലത്തെ ഏറ്റവും ശക്തമായ ആശയ വിനിമയ മാദ്ധ്യമം കൂടിയാണ്. സിനിമ നൽകുന്ന കാഴ്ചയുടെയും കേൾവിയുടേയും സവിശേഷമായ ലാവണ്യാനുഭവത്തോടൊപ്പം സൂക്ഷ്മമായി പകർന്നു നൽകപ്പെടുന്ന പ്രത്യയശാസ്ത്രപരമായ ബോധനമെന്ത് എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ പരിശോധിക്കുമ്പോൾ "ഇരുട്ടിൽ ഒരു പുണ്യാളൻ " എന്ന തന്റെ നോവലിന്റെ അതേ തത്വശാസ്ത്രവിചാരം തന്നെയാണ് തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ് ഈ സിനിമയിലും നടത്തുന്നത് എന്ന് വ്യക്തമാവും. പാപവും പുണ്യവും ആപേക്ഷികമാണെന്നും ഇക്കാര്യത്തിൽ നമ്മുടെയെല്ലാം നാട്യങ്ങളും മതം നൽകുന്ന ബോധനങ്ങളും ആത്മവഞ്ചനാപരമാണെന്നുമാണ് മേൽ പറഞ്ഞ നോവലിന്റെ പ്രമേയം. ഭർത്താവിനെ കൊന്ന സബേത്തും , അച്ഛനെ കൊന്ന നിസയും പിടിക്കപ്പെടരുതേയെന്നാണ് പ്രേക്ഷകർ പ്രാർത്ഥിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ മുതലാളിത്ത വ്യവസ്ഥയുടെ ആണിക്കല്ലായ കുടുംബം എന്ന അടിസ്ഥാന ഘടകത്തിന്റെ പരിപാവനത്വം മലിനപ്പെടുത്തിയതിനാണ് വാവച്ചൻ എന്ന കലാകാരൻ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുന്നത്. എന്നാൽ പാപപുണ്യങ്ങളെ സംബന്ധിച്ച മൂല്യ സങ്കല്പങ്ങൾ കുഴഞ്ഞ് മറിഞ്ഞ് കാണപ്പെടുന്ന സിനിമ ആഴത്തിലുള്ള കാഴ്ച്ച ആവശ്യപ്പെടുന്നു.

മലയാളസിനിമ പാകതയോടെ ആഗോളനിലവാരത്തിലേക്കു ഉയരുകയാണ്. തിരക്കഥ, ഛായാഗ്രഹണം, ശബ്ദസംവിധാനം , സംഗീതം എന്നിവയിൽ മികവ് പുലർത്തിയിട്ടുണ്ട്. അഭിനേതാക്കളിൽ ചെറിയ റോളുകളിൽ വന്നവർ പോലും അത്ഭുതപ്പെടുത്തി. ഉദാഹരത്തിനു നേഴ്സ് സാറാമ്മയായി അഭിനയിച്ച ആൾ തകർത്തു കളഞ്ഞു ! കൈനകരി തങ്കരാജ്, ചെമ്പൻവിനോദ്, വിനായകൻ, പൊളി വിത്സൺ എന്നിവരുടേതു അഭിനയ കലയുടെ മർമം ഗ്രഹിച്ച പ്രകടനം. ലിജോ ജോസ് പെല്ലിശ്ശേരി ലോകനിലവാരമുള്ള ഒരു ചലച്ചിത്രകാരൻ എന്ന് തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ !

ഒത്തിരി പഴഞ്ചനായിതീർന്ന ഒരു ഭാവുകത്വത്തിന്റെ ബന്ധനത്തിൽ കിടന്ന് അകാലവർധക്യത്തിൽ എത്തിയിരുന്നു മലയാള സിനിമ . പറഞ്ഞു പഴകിയ തമ്പുരാൻ ഗാഥകൾ വിട്ടു ഓരങ്ങളിലും, ഇരുളിലും , മറവിലും ആയിപ്പോയ സമൂഹങ്ങളുടെ അനുഭവ വൈവിധ്യങ്ങളും, അവരുടെ ജീവിത സംഗീതത്തിന്റെ വ്യത്യസ്തങ്ങളായ ഈണങ്ങളും ,താളങ്ങളും, നിറങ്ങളും ചിത്രീകരിക്കുമ്പോഴാണ് നമ്മുടെസിനിമ അകാലവാർദ്ധക്യം അതിജീവിച്ചു അതിന്റെ യൗവ്വനം വീണ്ടെടുക്കുക . ഈ.മാ. യൗ ഈ ദിശയിലുള്ള ഉയിർപ്പിന്റെ തുടക്കമാവും.

 

 

(ഫേസ്ബുക്കില്‍ എഴുതിയത്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:EeMaYau-Film-Pulluvazhi-FilmReview