അവധിക്കാല ജഡ്ജി കേസുകേട്ടു; പുലര്‍ച്ചെ മൂന്നരവരെ !!

Monday 7 May 2018 1:29 pm IST
കേസുകള്‍ തീര്‍ക്കാന്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നുരവരേ അദ്ദേഹം കോടതിയില്‍ തുടര്‍ന്നു. തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ വാദവും എതിര്‍വാദവും വിധി എഴുത്തും നടന്നു.
"ജസ്റ്റീസ് ഷാരൂഖ് ജെ. കാഥാവല്ല"

 

മുംബൈ: വേനല്‍കാല വാര്‍ഷിക അവധിക്ക് കോടതികള്‍ അടച്ചിരിക്കെ ഈ അവധിക്കാല ജഡ്ജിയുടെ പ്രവൃത്തി ഏറെ ശ്രദ്ധേയമായി. മെയ് നാലായിരുന്നു അവധിക്കാലത്തിന്റെ അവസാന ദിവസം. ബോംബെ ഹൈക്കോടതിലെ ജഡ്ജുമാര്‍ പലരും അഞ്ചുമണിക്ക് പതിവുപോലെ കേസെല്ലാമൊതുക്കി പോയി. എന്നാല്‍ ജസ്റ്റീസ് ഷാരൂഖ് ജെ. കാഥാവല്ലയുടെ നടപടി അസാധാരണമായി, പ്രശസംസനീയമായി.

കേസുകള്‍ തീര്‍ക്കാന്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നുരവരേ അദ്ദേഹം കോടതിയില്‍ തുടര്‍ന്നു. തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ വാദവും എതിര്‍വാദവും വിധി എഴുത്തും നടന്നു. 

''കോടതിയില്‍ അടിയന്തര പരിഹാരം കാണേണ്ട നൂറിലേറെ സിവില്‍ കേസുകള്‍ ഉണ്ടായിരുന്നു. ആ കക്ഷികള്‍, അവരുടെ അഭിഭാഷകര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ തിങ്ങിനിറഞ്ഞിരുന്നു. ജസ്റ്റീസ് അവസാന കേസും തീര്‍ത്ത് എഴുന്നേല്‍ക്കുംവരെ ഞാനും കോടതിയില്‍ ഉണ്ടായിരുന്നു,'' മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.

ജസ്റ്റീസ് കാഥാവല്ല 1985 ല്‍ മഹാരാഷ്ട്ര-ഗോവ ബാറില്‍ അഭിഭാഷകനായി തുടങ്ങി. 2009 ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി. 2011 ജൂലൈ 15ന് സ്ഥിരം ജഡ്ജായി.

''അദ്ദേഹം എന്നും കാലത്ത് 9.30 ന് കോടതിയിലെത്തും. ലിസ്റ്റുചെയ്യപ്പെട്ടിരിക്കുന്ന മുഴുവന്‍ കേസുകളും കേള്‍ക്കുംവരെ ഇരിക്കും. മിക്കദിവസങ്ങളിലും കുറഞ്ഞത് 100 കേസുകള്‍ ഉണ്ടാകും,'' കാഥാവാലല്ലയുടെ മുന്‍ സെക്രട്ടറി കെ.പി.പി. നായര്‍ പറയുന്നു. 

'' പുലര്‍ച്ചെ മൂന്നരമണിക്കുപോലും അദ്ദേഹം സാധാരണ കാലത്തുകാണുന്ന അതേ ഊര്‍ജസ്വലതയോടെ കാണപ്പെട്ടു,''വെന്ന് മുതിര്‍ന്ന അഭിഭാഷക പ്രവീണ്‍ സാമ്ദാനി പറഞ്ഞു. '' എന്റെ കേസായിരുന്നു അവസാനം കേട്ടതിലൊന്ന്. എന്നിട്ടും കോടതി ഞങ്ങളുടെ വാദം മുഴുവന്‍ കേട്ടു, വിധി പറഞ്ഞു.''

കാഥാവല്ലയുടെ കാര്യത്തില്‍ ഇത് ആദ്യ സംഭവമല്ല. ഏതാനും ആഴ്ചമുമ്പ്, അര്‍ദ്ധരാത്രിവരെ ചേംബറില്‍ കേസുകള്‍ കേട്ടു. മറ്റു പലകോടതികളും കേസുകേള്‍ക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് അദ്ദേഹം തുടങ്ങും, അഞ്ചുമണിക്ക് ശേഷവും തുടരും.

കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍മാത്രം 33 ലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. പ്രതിമാസം ലക്ഷം കേസുകളെങ്കിലും തീര്‍പ്പാകാത്തവയുടെ കൂട്ടത്തില്‍ ചേരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:COURT-Mumbai-Kathawalla-PENDING CASES