അന്നങ്ങനെ പ്രവേശന പരീക്ഷ വന്നു; ഇന്നിങ്ങനെ അതിനെ അട്ടിമറിച്ചു

Tuesday 10 April 2018 4:45 pm IST
"undefined"

കൊച്ചി: പ്രൊഫഷണല്‍ കോഴ്‌സിലെ പ്രവേശനത്തട്ടിപ്പ് തടയാന്‍ സംസ്ഥാനം നടപ്പില്‍ വരുത്തിയ പ്രവേശന പരീക്ഷാ സമ്പ്രദായത്തെ സംസ്ഥാനംതന്നെ അട്ടിമറിക്കുകയായിരുന്നു കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് പ്രവേശന ഓര്‍ഡിനന്‍സിലൂടെ. പ്രീഡിഗ്രി മാര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് മാനദണ്ഡമായിരിക്കെയായിരുന്നു ആദ്യ പരീക്ഷാ തട്ടിപ്പ്. 

അന്ന്, മുപ്പത്താറ് വര്‍ഷം മുമ്പ് ക്രമ വിരുദ്ധമായി പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളേയോ മാനേജുമെന്റുകളേയോ സഹായിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാരോ തയാറായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ മാര്‍ക്ക്തിരുത്തലും അയോഗ്യര്‍ നേടിയ പ്രവേശനം കണ്‌ടെത്തി റദ്ദാക്കിയതും ആദ്യമായ സംസ്ഥാനത്ത് പ്രവേശന പരീക്ഷാ സംവിധാനം വരികയും ചെയ്തതും ചരിത്രമായിരുന്നു. 

സംസ്ഥാനത്തെ ഉലച്ച മാര്‍ക്ക് തിരുത്തല്‍ വിവാദം 1982 ലായിരുന്നു. പ്രീഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രൊഫഷണല്‍ കോഴ്സുകളിലെ അഡ്മിഷന്‍. പണവും സ്വാധീനവുമുള്ള ചിലര്‍ കേരളസര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാറായിരുന്ന അശോകന്റെ നേതൃത്വത്തിലുള്ള സംഘം വഴി വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ ഉണ്ടാക്കി. വ്യാജ മാര്‍ക്ക് ലിസ്റ്റ് നല്‍കി, കുറഞ്ഞ മാര്‍ക്കുകാരായ കുട്ടികള്‍ക്ക് അഡ്മിഷന്‍ നേടുകയായിരുന്നു.

ഈ വ്യാജ ഇടപാട് പിടികൂടി, ആ വര്‍ഷം പ്രവേശനം കിട്ടിയ കുറേപ്പേരെ കണ്‌ടെത്തി.അഞ്ചു വര്‍ഷത്തെ പ്രവേശന രേഖകള്‍ പരിശോധിച്ച് അവിഹിത പ്രവേശനം നേടിയ ഒട്ടേറെപ്പേരുടെ പ്രവേശനം റദ്ദാക്കി. കോളേജുകളില്‍ നിന്ന് പുറത്താക്കുകയും അവര്‍ക്കെതിരേ ക്രിമിനല്‍ കേസുമെടുത്തു. ഏറെവര്‍ഷം അവര്‍ കോടതി കയറിയിറങ്ങി. മുഖ്യപ്രതി അശോകന് ജയില്‍ ശിക്ഷ കിട്ടി. പുറത്തിറങ്ങിയ അശോകന്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും നടത്തി.

 

ഈ വന്‍ മാര്‍ക്ക് തട്ടിപ്പിനെത്തുടര്‍ന്നാണ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷാ സംവിധാനം കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത്.  

 

ക്രമവിരുദ്ധമായി പ്രവേശനം നേടിയ ഈ വിദ്യാര്‍ഥികള്‍ക്കു വേണ്ടി അന്ന് ആരും കണ്ണീരൊഴുക്കിയില്ല. ഒരു ജനപ്രതിനിധിയും സംരക്ഷിക്കാന്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയോ നിയമസഭയില്‍ ബില്‍ കൊണ്ടുവരികയോ ചെയ്തില്ല. കുട്ടികളാരെങ്കിലും ആത്മഹത്യ ചെയ്യുണെന്ന് രാഷ്ട്രീയക്കാരാരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തില്ല. 

അന്ന് അഴിമതിയും തട്ടിപ്പും തടയാന്‍ കൊണ്ടുവന്ന പ്രവേശന പരീക്ഷയെ വാസ്തവത്തില്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിലൂടെ. അഴിമതി തടയാന്‍ കൊണ്ടുവന്ന സംവിധാനത്തെ അഴിമതിക്കാര്‍ക്കു വേണ്ടി മറികടക്കുമ്പോള്‍ അതില്‍ അഴിമതിയുടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉയരുന്നതെന്നത് ഏറെ വിചിത്രമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.