10 സംസ്ഥാനങ്ങളില്‍ 14 മണ്ഡലങ്ങളില്‍ ബലപരീക്ഷണം 28ന്

Friday 25 May 2018 7:39 am IST
പത്ത് നിയമസഭാ മണ്ഡലങ്ങളിലും നാല് ലോക്‌സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് മെയ് 28നാണ്, ഫലം 31 ന് അറിയാം. പരസ്യ പ്രചാരണം നാളെ തീരും.

 

ന്യൂദല്‍ഹി: പത്തു സംസ്ഥാനങ്ങളിലായി 10 നിയമസഭാ സീറ്റിലും നാല് ലോക്‌സഭാ സീറ്റിലുമായി രാഷ്ട്രീയ ബലപരീക്ഷണം വീണ്ടും. കര്‍ണാടക തെരഞ്ഞെടുപ്പുഫലത്തിന്റെ രാഷ്ട്രീയച്ചൂട് തീരുംമുമ്പേ കേന്ദ്ര ഭരണകക്ഷിയില്‍ മുഖ്യരായ ബിജെപിക്കെതിരേയുള്ള പോരാട്ട ശക്തി വെളിപ്പെടുന്നതാവും ഈ ഉപതെരഞ്ഞെടുപ്പുഫലങ്ങള്‍. വോട്ടെടുപ്പ് മെയ് 28നാണ്, ഫലം 31 ന് അറിയാം. പരസ്യ പ്രചാരണം നാളെ സമാപിക്കും. 

ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും നാഗാലാന്‍ഡിലുമാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകള്‍. മഹാരാഷ്ട്രയിലെ രണ്ടു സീറ്റുകളിലും, ഭാണ്ഡാര-ഗോണ്ടിയയും പല്‍ഘാറും, ബിജെപിയാണ് വിജയിച്ചിരുന്നത്. യുപിയിലെ കൈരാനാ സീറ്റും ബിജെപിയുടേത്. നാഗാലാന്‍ഡിലെ ഏക സീറ്റും ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്. ബിജെപി അംഗമായ ഭരണമുന്നണി ഡിഎഎന്‍ ന്റെ മുഖ്യമന്ത്രിയാകാന്‍ നീഫ്യൂ റിയോ രാജിവെച്ച ലോക്‌സഭാ സീറ്റിലാണ് തെരഞ്ഞെടുപ്പ്. അതായത് നാലുലോക്‌സഭാ സീറ്റും ബിജെപിക്ക് കിട്ടിയില്ലെങ്കില്‍ അത് ബിജെപിയുടെ ശക്തിക്ഷയമായി വ്യാഖ്യാനിക്കപ്പെടും.

ഉപതെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും അത് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ ശക്തിയെ ബാധിക്കില്ല. അതിനാല്‍ത്തന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിലെ വിജയമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ബിജെപിക്കെതിരേ അതത് പ്രദേശങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒന്നിക്കല്‍ ശക്തി തിരിച്ചറിയാനുള്ള അവസരമായി ബിജെപി ഇതിനെ കാണുന്നുമുണ്ട്. 

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ബിജെപിയ്ക്ക് എതിരാണ്. ശിവസേനയുടെ പിന്തുണ ബിജെപി പാര്‍ലമെന്റില്‍ എംപിയുണ്ടെങ്കില്‍ സ്വീകരിക്കുന്നു എന്നതിനപ്പുറം പാര്‍ട്ടിതലത്തില്‍ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍, രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസില്‍നിന്ന് വിട്ടുപിരിഞ്ഞു പോയ എന്‍സിപിയും ഒന്നിച്ചുനിന്ന് ബിജെപിയെ നേരിടുമ്പോള്‍ ശിവസേനാ വോട്ട് പ്രധാനമാണുതാനും. പക്ഷേ, ഒരുവര്‍ഷമായി നിയമസഭാ-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ ശിവസേന എതിര്‍ത്തുനിന്നിട്ടും വിജയം ബിജെപി സ്ഥാനാര്‍ഥികള്‍ക്കായിരുന്നു.

യുപി

യുപിയിലെ കൈരാനാ ലോക്‌സഭാ മണ്ഡലത്തിലും നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലമാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ചില്‍ നടന്ന രണ്ട് ലോക്‌സഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രതിപക്ഷത്തെ ബിഎസ്പി, എസ്പി, കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക് ദള്‍ എന്നീ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലുള്‍പ്പെടെ (ഗോരഖ്പൂരിലും ഫുല്‍പൂരിലും) ബിജെപിക്ക് തോല്‍വിപിണഞ്ഞു. ഈ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം ശക്തമാണ്. 

കൈരാനയില്‍ ബിജെപി എംപിയായിരുന്ന ഹുക്കും സിങ്ങിന്റെ മരണാണ് ഒഴിവുണ്ടാക്കിയത്. മകള്‍ മൃഗാങ്കയെയാണ് പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത്. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അനുകൂല തരംഗമുണ്ടായിട്ടും മൃഗാങ്ക ഇതേ മണ്ഡലത്തില്‍ 21,000 വോട്ടിന് തോറ്റിരുന്നു. മൃഗാങ്കക്കെതിരേ പ്രതിപക്ഷം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥി അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോകദളിലെ (ആര്‍എല്‍ഡി) താബാസ്സം ഹസനെയാണ്. മുന്‍ എംപിയായ ഈ വനിതയ്ക്ക് ജാട്ടുകളുടെയും മുസ്ലിങ്ങളുടെയും വോട്ടുപിടിക്കാന്‍ കഴിയുമെന്നാണ് സമാജ്‌വദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ അജിത് സിങ്ങിന്റെ പരീക്ഷണം. ബിഎസ്പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ബിജെപി വിരുദ്ധ സ്ഥാനാര്‍ഥിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്നാല്‍, നൂര്‍പൂര്‍ നിയമസഭാ ഉപ തെരഞ്ഞെടുപ്പിന് പ്രത്യേകതയുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ നയിം ഉള്‍-ഹസനും ബിജെപിയുടെ അവനീഷ് സിങ്ങും തമ്മിലാണ് മത്സരം. ബിഎസ്പിക്കും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിയില്ല. നാല് സ്വതന്ത്ര സ്ഥാനാര്‍ഥിമാരും ലോക്ദള്‍ (സ്ഥാ: ഗോഹര്‍ ഇഖ്ബാല്‍), രാഷ്ട്രീയ ജന്‍ഹിത് സംഘര്‍ഷ് പാര്‍ട്ടി (സ്ഥാ: സാഹീര്‍ അലാം), ഭാരതീയ മോമിന്‍ ഫ്രണ്ട് (സ്ഥാ: മായ), യുപി റിപ്പബ്ലിക്കന്‍ പാര്‍ട്ടി (സ്ഥാ: രാം രതന്‍) എന്നിവരും മത്സരിക്കുന്നു. ബിജെപി എംഎല്‍എ ലോകേന്ദ്ര സിങ്ങിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.

മഹാരാഷ്ട്ര:

ബിജെപിയുടെ എംപിമാരുണ്ടായിരുന്ന ലോക്‌സഭാ മണ്ഡലങ്ങളാണ് ഭാണ്ഡാര-ഗോണ്ടിയയും പല്‍ഘാറും. ഭാണ്ഡാരയിലെ ബിജെപി എംപി നാനാ പടോളെ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് 2017 ഡിസംബറില്‍ രാജിവെച്ചതാണ് ഒഴിവ്. പല്‍ഘാറില്‍ ബിജെപി എംപി ചിന്താമന്‍ വംഗാ മരിച്ചതിനെ തുടര്‍ന്നും. വംഗായുടെ കുടുംബം ഇവിടെ ബിജെപിവിട്ട് ശിവസേനയില്‍ ചേര്‍ന്നു. വംഗായുടെ മകന്‍ ശ്രീനിവാസനെയാണ് ശിവസേന ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപിയുടെ ഗവിത് രാജേന്ദ്ര ധേദ്യയാണ് ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ ദാമോദര്‍ ബര്‍കു ശൃംഗാദയും.

അവിടെ ത്രികോണ മത്സരമാണ്. എന്നാല്‍ ഭാണ്ഡാരായില്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും സ്ഥാനാര്‍ഥിയില്ല. എന്‍സിപിയുടെ മധുകര്‍ കുന്ദെയും ബിജെപിയുടെ ഹേമന്ത് പാട്‌ലേയും തമ്മിലാണ് മത്സരം. ബിജെപി വിരുദ്ധരെല്ലം എന്‍സിപി സ്ഥാനാര്‍ഥിയ്‌ക്കൊപ്പം. എട്ട് സ്വതന്ത്രരും ഒമ്പതു പ്രാദേശിക സംഘടനകളുടെ സ്ഥാനാര്‍ഥികളും മത്സരിക്കുന്നു.

ഒരു നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്രമേ ഉള്ളു. ബിജെപി ഉള്‍പ്പെടെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയി.

നാഗാലാന്‍ഡ്: 

നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)യുടെ നീഫ്യൂ റിയോ മുഖ്യമന്ത്രിയായ ഒഴിവില്‍ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ടോക്കേഹോ യെപ്‌തോമിയും പ്രതിപക്ഷമായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) സ്ഥാനാര്‍ഥി സി. അപോക് ജാമീറും തമ്മില്‍ നേരിട്ടാണ് മത്സരം. 

മറ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍

മേഘാലയ:

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ രണ്ട് സീറ്റില്‍ മത്സരിച്ച് വിജയിച്ചതില്‍ സോങ്‌സാക് നിലനിര്‍ത്തി ആമ്പാഠിയില്‍ രാജിവെച്ചതാണ് ഒഴിവ്. കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് എന്‍പിപി സ്ഥാനാര്‍ഥി ക്ലമന്റ് ജി. മോമിനെ ആമ്പാഠി ജനത വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മ പറഞ്ഞു. കോണ്‍ഗ്രസിന്റെ മിയാനി ഡി. ശ്രിറാ, സ്വതന്ത്രന്‍ ശുഭാങ്കര്‍ കോച്ച് എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

ഝാര്‍ഖണ്ഡ്:

സില്ലിയ, ഗോമിയ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. രണ്ടിടത്തും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ല. ഗോമിയയില്‍ ബിജെപിയുടെ സഖ്യകക്ഷി ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും (എജെഎസ്‌യു- സ്ഥാ: ലംബോദര്‍ മഹാതോ), ബിജെപിയും (സ്ഥാ: മാധവ്‌ലാല്‍ സിങ്) സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ജെഎംഎം (സ്ഥാ: ഉമേഷ് കുമാര്‍ മഹാതോ) തുടങ്ങി മൂന്ന് പ്രാദേശിക പാര്‍ട്ടികളും ആറു സ്വതന്ത്രരും മത്സരിക്കുന്നു.

സിള്ളിയില്‍ ബിജെപിയുടെ പിന്തുണയോടെ എജെഎസ്‌യുവിന്റെ സുധേഷ് കുമാര്‍ മഹാതോയും ആര്‍ജെഡിയുടെ ജ്യോതി പ്രസാദും തമ്മിലാണ് മത്സരം. രണ്ട് പ്രാദേശിക പാര്‍ട്ടികളും അഞ്ച് സ്വതന്ത്രരും സ്ഥാനാര്‍ഥിമാരായുണ്ട്.

പഞ്ചാബ്:

സാഹ്‌കോട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരേ പ്രതിപക്ഷത്തെ ബിജെപിയും അകാലിദളും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍തി മത്സരിക്കുന്നു. അകാലിദള്‍ സ്ഥാനാര്‍ഥി അജിത്‌സിങ്ങിന്റെ മരണത്തെതുടന്നാണ് ഒഴിവ്. ഇവിടെ കോണ്‍ഗ്രസ്‌വിട്ട് ഉണ്ടായ അപ്‌നാ പഞ്ചാബ് പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനും കൂട്ടരും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് നേതാക്കള്‍ അകാലിദളിലും.

ബീഹാര്‍:

പ്രതിപക്ഷമായ ആര്‍ജെഡി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അറാറിയ ലോക്‌സഭാ മണ്ഡലത്തില്‍ പെട്ട ജോകിഹാത് നിയമസഭാ മണ്ഡലത്തില്‍ ഭരണകക്ഷി ജനതാദള്‍ (യു)വും (സ്ഥാ: മുര്‍ഷിദ് അലം) ആര്‍ജെഡിയും (സ്ഥാ: ഷാനവാസ് അലം) നേര്‍ക്കുനേര്‍ മത്സരത്തിലാണ്. പപ്പുയാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (ലോക്താന്ത്രിക്) ന്റെ ഉള്‍പ്പെടെ ഒമ്പത് പേര്‍ മത്സരത്തിനുണ്ട്.

കേരളം:

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സിപിഎം അംഗം കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണു വന്നത്. ത്രികോണ മത്സരമാണിത്തവണ. സിപിഎം സജി ചെറിയാനെയും കോണ്‍ഗ്രസ് ഡി. വിജയകുമാറിനെയും ബിജെപി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയേയും മത്സരിപ്പിക്കുന്നു. ഈ മുഖ്യ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കൂടാതെ ആര്‍എല്‍ഡി, എസ്‌യുസിഐ, എഎപി, അംബേദ്കറൈറ്റ് പാര്‍ട്ടി എന്നിവയുടെ പ്രതിനിധികളും 10 സ്വതന്ത്രരും മത്സരത്തിലുണ്ട്. 

ഉത്തരാഖണ്ഡ്:

ബിജെപി എംഎല്‍എ മംഗള്‍ ഷായുടെ മരണത്തെത്തുടര്‍ന്നാണ് തരാളി മണ്ഡലത്തില്‍ സീറ്റൊഴിവു വന്നത്. ഭാര്യ മുന്നി ദേവി ഷായാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസുമായി നേരിട്ടുള്ള മത്സരമാണ്. പ്രൊഫ. ജീത്‌റാമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിപിഎം മത്സരിക്കുന്നു, കുന്‍വര്‍ റാം സ്ഥാനാര്‍ഥി. യുകെഡിയുടെ കഷ്ബി ലാല്‍ ഷായും സ്വതന്ത്രന്‍ ബീരേ റാമും മത്സരിക്കുന്നു. 

ബംഗാള്‍: 

കോണ്‍ഗ്രസും സിപിഎമ്മും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കുന്ന തെരഞ്ഞെടുപ്പാണ് മഹേഷ്ടാലയില്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ കസ്തൂരി ദാസിന്റെ മരണമാണ് ഒഴിവുണ്ടാക്കിയത്. ഭാര്യ ദുലാല്‍ ചന്ദ്രദാസിനെ അവര്‍ സ്ഥാനാര്‍ഥിയാക്കി. ബിജെപി സുജിത് കുമാര്‍ ഘോഷിനെ മത്സരിപ്പിക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്ന് പ്രവത് ചൗധരിയെ മത്സരിപ്പിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:Mini General election-Polling