ബോധ്ഗയയില്‍ ബോംബുവെച്ച ബംഗ്ലാ ഭീകരരെ മലപ്പുറത്ത് എന്‍ഐഎ അറസ്റ്റ് ചെയ്തു

Tuesday 7 August 2018 9:05 am IST
ബംഗാള്‍ സ്വദേശികളാണ് രണ്ടുപേരും. ഇവര്‍ക്ക് കേരളത്തിലെത്താന്‍ സഹായം ചെയ്തവരേയും മലപ്പുറത്ത് പാര്‍പ്പിച്ചവരേയും കുറിച്ചുള്ള വിവരവും എന്‍ഐഎ ശേഖരിച്ചുകഴിഞ്ഞു. ബംഗ്ലാദേശികളുടെ പങ്കും സ്‌ഫോടനത്തിലുണ്ട്.

 

ഫയല്‍ ചിത്രം

ന്യൂദല്‍ഹി: ഈ ജനുവരിയില്‍ ദലൈലാമയെ വധിക്കാന്‍ ബീഹാറിലെ ബോധ്ഗയയില്‍ സ്‌ഫോടകവസ്തു സ്ഥാപിച്ച രണ്ട് ബംഗ്ലാദേശ് ഭീകരര്‍ മലപ്പുറത്ത് പിടിയിലായി. ജമാത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകര സംഘടനയില്‍ പെട്ടവരാണ് ഇവരെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പറയുന്നു.

റോഹിങ്ഗ്യന്‍ അഭയാര്‍ഥികളോട് മ്യാന്‍മര്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ വകവരുത്താനായിരുന്നു ബോധ് ഗയയില്‍ 2018 ജനുവരി 14 ന് അത്യുഗ്രശേഷിയുള്ള ഇലക്‌ട്രോണിക് സ്‌ഫോടക വസ്തു  സ്ഥാപിച്ചത്. ബോംബുകള്‍ പൊട്ടിയില്ല, അപകടം ഒഴിവായിരുന്നു.

ഇവര്‍ക്ക് റോഹിങ്ഗ്യന്‍ സഹായവും ഇന്ത്യയിലെ ഭീകര പ്രസ്ഥാനങ്ങളുടെ സഹായവും ലഭിച്ചിട്ടുണ്ട്. ബംഗാള്‍ സ്വദേശികളാണ് രണ്ടുപേരും. ഇവര്‍ക്ക് കേരളത്തിലെത്താന്‍ സഹായം ചെയ്തവരേയും മലപ്പുറത്ത് പാര്‍പ്പിച്ചവരേയും കുറിച്ചുള്ള വിവരവും എന്‍ഐഎ ശേഖരിച്ചുകഴിഞ്ഞു. ബംഗ്ലാദേശികളുടെ പങ്കും സ്‌ഫോടനത്തിലുണ്ട്. 

''ബംഗാളിലെ മുര്‍ഷിബാദില്‍ താമസക്കാരായ അബ്‌ളദുള്‍ കരിം, വീര്‍ഭൂം സ്വദേശി മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ ജനവരി 19 ന് ബോധ്ഗയയില്‍ സ്‌ഫോടകവസ്തു നിക്ഷേപിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേരളത്തില്‍ മലപ്പുറത്തെ ഒരു ബംഗാളി കോളനിയില്‍നിന്നാണ് പിടികൂടിയത്. ഇരുവരേയും പട്‌ന കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ ആവശ്യപ്പെടും,'' എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബുദ്ധ തീര്‍ഥാടന കേന്ദ്രമായ മഹാബോധി ക്ഷേത്രത്തില്‍ മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ജനുവരിയിലെ സ്‌ഫോടന ശ്രമത്തിന് അഞ്ചുവര്‍ഷം മുമ്പ്, 12 സ്‌ഫോടകവസ്തുക്കള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചു. പത്തെണ്ണം പൊട്ടി. അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. 

''2018 ജനുവരി 19 ന് അഞ്ചു-പത്ത് കിലോ സ്‌ഫോടകവസ്തുക്കള്‍ വരുന്ന മൂന്ന് ഇലക്‌ട്രോണിക് നിയന്ത്രിത വസ്തുക്കളാണ് സ്ഥാപിച്ചത്. ഒരെണ്ണം ഭക്ഷണം പാകം ചെയ്യുന്നിടത്തായിരുന്നു. അവിടെ ധാരാളം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിട്ടുള്ളതിനാലാണ് ആ സ്ഥലം തിരഞ്ഞെടുത്തതെന്ന് അറസ്റ്റിലായ ഒരാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഒരെണ്ണം മുഖ്യവാതിലില്‍ ആയിരുന്നു. ആദ്യ സ്‌ഫോടനത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വകവരുത്താന്‍ ഉദ്ദേശിച്ചായിരുന്നു ഇത്,'' എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍, അടുക്കളയില്‍ സുക്ഷിച്ചത് പ്രവര്‍ത്തിക്കാതെ വരികയും തീപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി മറ്റ് ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.