രജനി പറയുന്നു; ആ നല്ല കാലം വൈകാതെ വരും

Thursday 10 May 2018 3:15 pm IST

ചെന്നൈ: ''ആ ദിവസം വരാനിരിക്കുന്നതേയുള്ളു. എനിക്ക് ചെയ്യാന്‍ ഏറെയുണ്ട്, തമിഴ്‌നാടിന് നല്ലകാലം അധികം വൈകാതെ വരും,'' സൂപ്പര്‍താരം രജനീകാന്ത് പ്രസ്താവിച്ചു. 

''ഉവ്വ്, കാലായില്‍ രാഷ്ട്രീയുമുണ്ട്, പക്ഷേ, അത് രാഷ്ട്രീയ സിനിമയല്ല,'' പുതിയ സിനിമ കാലായിലെ ഗാനങ്ങളുടെ സിഡി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. ചെന്നൈ വൈഎംസിഎ സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി.

വിമര്‍ശകര്‍ തനിക്കെതിരേ 'പണിയാന്‍' തുടങ്ങിയിട്ട് 40 വര്‍ഷമായി, ഫലിച്ചിട്ടില്ലെന്ന് സൂപ്പര്‍താരം പറഞ്ഞു.

പതിവ് വിട്ട് ദീര്‍ഘനേരം പ്രസംഗിച്ച രജനി അതില്‍ രാഷ്ട്രീയം പറഞ്ഞു, സിനിമാരംഗത്തെ വിമര്‍ശിച്ചു, നിമാര്‍താക്കളെ കുത്തി....

''എനിക്ക് ഇത് ഒരു ഓഡിയോ ലോഞ്ച് മാത്രമല്ല, ഇതൊരു വിജയാഘോഷമാണ്. എന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും ഒടുവിലെ വിജയം ശിവജിയായിരുന്നു. യെന്തിരന്‍ വന്‍ ബ്ലോക് ബസ്റ്റര്‍ ആയിരുന്നെങ്കിലും നമുക്കത് ആഘോഷിക്കാനായില്ല. കാരണം ഞാന്‍ സിംഗപ്പൂരില്‍ ആശുപത്രിയിലായിപ്പോയി. പിന്നീട് നിങ്ങളുടെയെല്ലാം സഹകരണത്തോടെ ഞാന്‍ കോച്ചടയനിലൂടെ മടങ്ങിയെത്തി. എന്നാല്‍ അത് വാണിജ്യവിജയമല്ലായിരുന്നു. 

കോച്ചടയന്‍ പരാജയമാകാന്‍ കാരണം, ഞാന്‍ അതില്‍ പ്രവര്‍ത്തിച്ചത് അധികം മിടുക്കരാണെന്ന് സ്വയം ചിന്തിച്ചവര്‍ക്കൊപ്പമായിരുന്നു. മിടുക്കരോടൊപ്പം പ്രവര്‍ത്തിക്കുന്നത് നല്ലതാണ്, പക്ഷേ ഏറെ മിടുക്കരാണെന്ന് കരുതുന്നവര്‍ക്കൊപ്പമാണെങ്കില്‍ അപടമാണ്, കാരണം അവര്‍ പലതും ആഗ്രഹിക്കും പക്ഷേ ഫലവതാകില്ല. 

പിന്നീട് ഞാന്‍ ലിംഗായെടുത്തു, അിനടിസ്ഥാന കാരണം, ഞാന്‍ ഏറെ ജീവിതകാല സ്വപ്‌നം കാണുന്ന നദീ സംയോജനമാണ് അതിലെ കഥ. അതിന്റെ തോല്‍വി എന്നെ ഒന്നുപഠിപ്പിച്ചു, ഏറെ കൊച്ചു നടിമാരുമായി എനിക്ക് റൊമാന്‍സ് അഭിനയം പറ്റില്ലെന്ന്. 

എന്റെ രണ്ടു ചിത്രത്തിന്റെ തോല്‍വിക്കുശേഷം ഒരു വിഭാഗം എന്നെ എഴുതിത്തള്ളി. പക്ഷേ, എനിക്ക് അത്ഭുതമില്ല, കാരണം അവര്‍ കഴിഞ്ഞ 40 വര്‍ഷമായി അവര്‍ എനിക്കെതിരേ ഇത് നടത്തിക്കൊണ്ടിരിക്കുകയാണ്.,'' ചിരിച്ചുകൊണ്ട് രജനി പറഞ്ഞു.

കാലായുടെ സംവിധായകന്‍ രഞ്ജിത്തിനെക്കുറിച്ച് രജനി വിവരിച്ചു:

''എന്റെ മകള്‍ സൗന്ദര്യയാണ്, ഒട്ടും അവസരവാദിയല്ലാത്ത സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെടുത്തിയത്. കഠിനപ്രയത്‌നശാലിയായ പ്രതിഭ. ഒപ്പം നില്‍ക്കുന്നവരുടെയും വിജയം ആഗ്രഹിക്കുന്നയാള്‍.  കബാലി എനിക്ക് കഥയിഷ്ടപ്പെട്ടെങ്കിലും ഞാന്‍ അതിന്റെ മന്ദവേഗത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു, രഞ്ജിത്തിനെ നിര്‍മാതാവ് താണു പ്രശംസിച്ച് കെട്ടിപ്പിടിക്കുംവരെ. കഥയിലെ വൈകാരിക ഭാഗം പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് താണു പറയുംവരെ. കബാലി വന്‍ വിജയമായിരുന്നു. പക്ഷേ, രഞ്ജിത്തിനോട് ഞാന്‍ പറഞ്ഞു, എന്റെ ആരാധകരുടെ അഭിപ്രായം ആദ്യ മൂന്നു ദിവസത്തേക്ക് ചോദിക്കരുതെന്ന്. കാരണം അവര്‍ എന്റെ മന്ദവേഗ ചിത്രങ്ങള്‍ ഇട്ഷപ്പെടുന്നില്ല. അവര്‍ ആഗ്രഹിക്കുന്നത് ഞാന്‍ എന്റെ ലക്ഷ്യത്തില്‍ അമിത വേഗത്തില്‍ ചെന്നെത്തണമെന്നുതന്നെയാണ്.'' തന്റെ ആരകധകരേയും രജനി വിമര്‍ശിക്കുകയായിരുന്നു. 

ഞാന്‍ വുണ്ടര്‍ബാര്‍ ഫിലിംസിന്റെ (മകള്‍ സൗന്ദര്യയുടെ ഭര്‍ത്താവും മരുമകനുമായ ധനുഷിന്റെ സിനിമക്കമ്പനി) വളര്‍ച്ച നിരീക്ഷിക്കുകയായിരുന്നു. അവര്‍ക്ക് കടമില്ല, അവരുടെ പ്രൊഫഷണല്‍ നടപടികള്‍ എനിക്കിഷ്ടമായി. ധനുഷും സംഘവും കൃത്യമായ ഷെഡ്യൂളില്‍ സിനിമ തീര്‍ക്കുന്നു, ഇറക്കുന്നു. ഒരിക്കല്‍ ഞാന്‍ മകള്‍ സൗന്ദര്യയോട് ചോദിച്ചു, നിന്റെ ഭര്‍ത്താവിന്റെ സിനിമക്കമ്പനിക്ക് എന്നെ നായകനാക്കി സിനിമ പിടിക്കാന്‍ പദ്ധതി വല്ലതും ഉണ്‌ടോ എന്ന്. അവള്‍ പറഞ്ഞു ധനുഷിനോട് ചോദിക്കാന്‍. എന്റെ മരുമകന്‍ പറഞ്ഞു, ഞാന്‍ നിര്‍ദ്ദേശിക്കുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന്. പിന്നീട് ധനുഷ് എന്നെ വെട്രിമാരന്റെ ഒരു കഥ കേള്‍പ്പിച്ചു. അത് ഏറെ രാഷ്ട്രീയം നിറഞ്ഞതായിരുന്നു. ആ സമയം ഞാന്‍ അത്രയ്ക്ക് രാഷ്ട്രീയക്കാരനല്ലായിരുന്നു. പിന്നീടാണ് രഞ്ജിത്തിന്റെ ധാരാവി ചേരിയുടെ പശ്ചാത്തലത്തിലുള്ള മനോഹരമായ തിരക്കഥ വന്നത്. അത് മനുഷ്യര്‍ക്കിടയിലെ വലുപ്പച്ചെറുപ്പത്തെക്കുറിച്ചാണ്. ഞാന്‍ ഒറ്റ വ്യവസ്ഥയേ വെച്ചുള്ളു, രഞ്ജിത് സ്‌റ്റൈലില്‍ ഒരു രജനി ചിത്രം പിടിക്കുക.''

രജനി നാനാ പടേക്കറെയും പ്രശംസിച്ചു: '' എന്റെ സിനിമാ ജീവിതത്തില്‍ ബാഷയിലെ ആന്റണിയും പടയപ്പയിലെ നീലാംബരിയുമാണ് അതിശക്തരായ പ്രതിനായകര്‍. ഇപ്പോള്‍ ഹരിദാദാ (നാനാ പടേക്കര്‍) എന്റെ മൂന്നാം പ്രതിനായകനായി. നാനാ അസാധ്യമായ പ്രകടനമാണ് സിനിമയില്‍ നടത്തിയത്. ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ പറയാറുണ്ട് നാനായെ കൈകാര്യം ചെയ്യുക എളുപ്പമല്ലെന്ന്. സ്‌നേഹംകൊണ്ട് രഞ്ജിത് അതും നേടി.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:Rajanikant-Kaalaa-TamilNadu-kabaali-linga-Nanapatekar