രാഷ്ട്രപതി ക്യൂബയ്ക്ക്; അവിശ്വസനീയം; ഇന്ത്യയുടെ ആദ്യ സന്ദര്‍ശനം

Wednesday 13 June 2018 7:35 pm IST
ക്യൂബയിലെ നേതൃത്വത്തില്‍ വന്നമാറ്റമല്ല, ഇന്ത്യയുടെ വിദേശ നയത്തിലെ കാതലായ നിലപാടു മാറ്റമാണ് വ്യക്തമാകുന്നത്.

ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്യൂബയുള്‍പ്പെടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്. സ്വാതന്ത്ര്യം നേടി 70 വര്‍ഷമായിട്ട്, ആദ്യമാണ് ഇന്ത്യന്‍ രാഷ്ട്രപതി ക്യൂബ സന്ദര്‍ശിക്കുന്നത്. ചേരിചേരാതെയും ചാഞ്ഞും ചെരിഞ്ഞും ഇന്ത്യ പിന്തുടര്‍ന്ന വിദേശനയതന്ത്രത്തിന്റെ അതിശയിപ്പിക്കുന്ന വസ്തുതയാണ് വെളിപ്പെടുന്നത്. 

ക്യൂബയിലെ നേതൃത്വത്തില്‍ വന്നമാറ്റമല്ല, ഇന്ത്യയുടെ വിദേശ നയത്തിലെ കാതലായ നിലപാടു മാറ്റമാണ് വ്യക്തമാകുന്നത്. ഇന്ത്യ ക്യൂബയുമായി നാല് കരാറുകളില്‍ ഒപ്പുവെക്കും.

ജൂണ്‍ 16 മുതലാണ് സന്ദര്‍ശനം ഗ്രീസ്, സുരീനാം, ക്യൂബ എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. ഇക്കാലത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ക്യൂബയും സുരീനാമും സന്ദര്‍ശിക്കുന്നത്. 

ഗ്രീക്ക് പ്രസിഡന്റ് പ്രൊക്കോപിസ് പാവ്‌ലോപൗലുസിന്റെ ക്ഷണപ്രകാരം 16ന് രാഷ്ട്രപതി അവിടെത്തും. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി അവിടത്തെ ഇന്ത്യന്‍ സിഇഒമാരോട് സംസാരിക്കും. 12,000 ഇന്ത്യക്കാരുണ്ട് അവിടെ. 

ഗ്രീസില്‍നിന്ന് 19 ന് സുരീനാമിലെത്തും. ഈ ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്. ഇവിടത്തെ ജനസംഖ്യയില്‍ 37 ശതമാനം ഇന്ത്യന്‍ വംശജരാണ്. അവിടെ വിവേകാനന്ദ സാംസ്‌കാരിക നിലയത്തിന് തറക്കല്ലിടും. 1873 ലാണ് ആദ്യ ഇന്ത്യക്കാര്‍ ഇവിടെ എത്തിയത്. കരിമ്പു കൃഷിയിടങ്ങളില്‍ തൊഴിലാളികളായി വന്നവരാണ്.

ജൂണ്‍ 21 ന് രാഷ്ട്രപതി അവിടെ അന്താരാഷ്ട്ര യോഗ ദിന പരിപാടികളില്‍ പങ്കെടുക്കും. 

അവിടുന്ന് ക്യൂബയിലേക്ക് പോകും. ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ക്യൂബ സന്ദര്‍ശിക്കുന്നത്. ക്യുബയുടെ പുതിയ പ്രസിഡന്റ് മിവേല്‍ ദിയാസ് കാനലുമായി കൂടിക്കാഴ്ച നടത്തുന്ന രാഷ്ട്രപതി കോവിന്ദ് നാലു കരാറുകളില്‍ ഒപ്പുവെക്കും. ഉരുക്കു വകുപ്പ് സഹമന്ത്രി വിഷ്ണുദേവ് സായി, രണ്ട് പാര്‍ലമെന്റംഗങ്ങള്‍ എന്നിവരും ഉദ്യോഗസ്ഥരെക്കൂടാതെ രാഷ്ട്രപതിയോടൊപ്പമുണ്ടാകും. ജൂൺ 23 ന് തിരിച്ചെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: Ramnath-Kovind-Rastrapathi-Cuba-Surinam-Greece-