ഉക്രെയിന്‍ ചാരവനിതയെ യുപിയില്‍ പിടിച്ചു; ബംഗാള്‍ ഐപിഎസ്‌കാരന് ബന്ധം

Friday 20 April 2018 7:46 pm IST
"ഡാറിയ മോല്‍ച്ച"

ലഖ്‌നൗ:  ബംഗാള്‍ കേഡര്‍ ഐപിഎസ് ഓഫീസര്‍ക്ക് ഉക്രൈന്‍ ചാരവനിതയുമായി ബന്ധം. കേന്ദ്ര ഏജന്‍സിയില്‍ ജോലി നോക്കിയിരുന്ന കാലത്ത് അഴിമതിയാരോപണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ബംഗാളിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസം പിടിയിലായ ഉക്രെയിന്‍കാരിയായ ഡാറിയ മോല്‍ച്ചയുടെ ഫോണില്‍നിന്ന് ഇയാളുടെ ചിത്രം കിട്ടി. കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ഡാറിയ രേഖകളില്ലാതെ കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയില്‍ തങ്ങുകയായിരുന്നു.

ഡാറിയ മോല്‍ച്ച നോട്ടപ്പുള്ളിയാണ്. വിവിധ തട്ടിപ്പുകളും രഹസ്യ വിവരം ചോര്‍ത്തലും മറ്റും നടത്തിയതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്ന ഡാറിയയെ കഴിഞ്ഞ ദിവസം ഗോരഖ്പൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കുറേ വര്‍ഷങ്ങളായി ഇവര്‍ ഇവിടെ സംശയകരമായ പ്രവര്‍ത്തനങ്ങളിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇവരെ കരിമ്പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി വിസ നിഷേധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നേപ്പാളിനോടു ചേര്‍ന്നുള്ള ഗോരഖ്പൂരില്‍നിന്ന് ഇവരെ ഉത്തര്‍പ്രദേശ് പ്രത്യേക  ദൗത്യസേന പിടികൂടുകയായിരുന്നു. 

ഉക്രെയിന്‍ വനിതയുടെ ഫോണില്‍നിന്ന് ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ചിത്രം കണ്‌ടെത്തുകയായിരുന്നു. ഇത് എങ്ങനെ, എന്തിന് ഫോണില്‍ സക്ഷിച്ചുവെന്ന് അന്വേഷണം നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ ഇതില്‍ കൂടുതല്‍ ഔദ്യോഗികമായി പറയാന്‍ കഴിയില്ലെന്ന് പ്രത്യേക ദൗത്യസേനയുടെ ഐജി അമിതാഭ് യാഷ് പറഞ്ഞു.

ഇപ്പോള്‍ ബംഗാളില്‍ ഉയര്‍ന്ന പദവിയിലാണ് ഇദ്ദേഹം. 

അറസ്റ്റിലായ ഉക്രെയിന്‍ വനിത ഡാറിയ പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുമായി നല്ല ബന്ധത്തിലാണ്. അവര്‍ ഗള്‍ഫിലേക്ക് കടക്കാന്‍ പോകുന്നതിനിടെയാണ് ദൗത്യസേന പിടികൂടിയത്. ഡാറിയ ഉള്‍പ്പെട്ട വിവിധ ഇടപാടുകള്‍ രണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഇവരെ ഇന്ത്യയില്‍ തങ്ങാന്‍, ഫോണിലെ ചിത്രത്തില്‍ കണ്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ സഹായിച്ചിരുന്നിരിക്കാമെന്നാണ് നിഗമനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:Ukrain#spy#Daria Molcha#Bengal#UPSTF