ആന്റണി അദൃശ്യനായി യുദ്ധത്തിന്, അനാഥനാകുന്നത് ചെന്നിത്തല

Saturday 9 June 2018 7:06 pm IST

 

കാവാലം ശശികുമാര്‍

കൊച്ചി: രാജ്യസഭാ സീറ്റിന്റെ പേരിലുള്ള കോണ്‍ഗ്രസിലെ പോരില്‍ എ.കെ. ആന്റണി കളത്തിലിറങ്ങി, അദൃശ്യനാണെന്നു മാത്രം. വേദിയില്‍ പ്രത്യക്ഷനാകുന്നത് പി.ജെ. കുര്യനാണെങ്കിലും ശബ്ദം ആന്റണിയുടേതാണ്. കുര്യനാണ് ഉമ്മന്‍ചാണ്ടിക്കെതിരേ പറയുന്നതെങ്കിലും സംഭാഷണരചന ആന്റണിയുടേതാണ്. 

നല്ലനടനും സംവിധായകനുമൊക്കെയുള്ള അവാര്‍ഡുകള്‍ മാണിയും കോണിയും കൊണ്ടുപോകും. നല്ല കാഴ്ചക്കാര്‍ക്കുള്ള അവാര്‍ഡില്ലാത്തതിനാല്‍ രമേശ് ചെന്നിത്തല ഒടുവില്‍ അനാഥനാകും. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കൊട്ടാരവിപ്ലവമാകും, ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങും. 

ഹൈക്കമാന്‍ഡ് ഇടപെട്ടെന്നു കേട്ടതോടെ മാണിക്ക് സീറ്റുകൊടുത്തതിനെ എതിര്‍ത്ത് ഉമ്മന്‍ചാണ്ടിയേയും എം.എം. ഹസനേയും ഘടകകക്ഷിക നേതാക്കളേയും വിമര്‍ശിച്ചവരൊക്കെ ഉള്‍വലിഞ്ഞു. ഇനി അറിയേണ്ടത് കുര്യനെ മുന്‍നിര്‍ത്തി ആന്റണി കളിക്കുന്ന ഉമ്മന്‍ ചാണ്ടി വിരുദ്ധ നീക്കങ്ങള്‍ ഫലംകാണുമോ എന്നതാണ്. 

ഉമ്മന്‍ചാണ്ടിയെ ആന്ധ്രയ്ക്ക് കെട്ടുകെട്ടിച്ചതിനു പിന്നില്‍ എ.കെ.ആന്റണിയാണ്. പക്ഷേ, കേരളം താവളമാക്കി തുടരുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ആന്റണിയുടെ പ്രതീക്ഷ അട്ടിമറിച്ചു. ഏതുതരം യുദ്ധത്തിനും ഇനിയും ബാല്യമുണ്‌ടെന്ന് ഉമ്മന്‍ചാണ്ടിയും തെളിയിച്ചു. ആന്റണിയും ചാണ്ടിയും ഒന്നും മറന്നിട്ടില്ല, മറക്കുന്നില്ല എന്നു വ്യക്തം. 

ഉമ്മന്‍ചാണ്ടിയും ആന്റണിയും പി.ജെ. കുര്യനും കെ.എം. മാണിയുമൊക്കെത്തമ്മിലുള്ള ഈ വഴക്കും പിണക്കവും പ്രസ്താവനകളും മറ്റുചില കേന്ദ്രങ്ങളുടെ ഇടപെടലോടെ ഇല്ലാതാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ദല്‍ഹിയിലേക്ക് പോയശേഷം കരുത്തുകാട്ടിയ രാഷ്ട്രീയ നീക്കമായിരുന്നു ഇത്. താല്‍ക്കാലികനായി വന്ന കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന് കോണ്‍ഗ്രസ് ചരിത്രത്തിലേക്ക് സ്ഥിരം ഇരിപ്പിടം കിട്ടി. കെ.എം. മാണിക്ക് മധുര പ്രതികാരമായി. യുവനേതാക്കള്‍ക്കും വഴിയടഞ്ഞ തലനരച്ചവര്‍ക്കും ധീരത പ്രകടിപ്പിച്ച ആശ്വാസംകിട്ടി. ഇവര്‍ക്കെല്ലാമിടയില്‍ അനാഥനാകുന്നത് സ്വയം അറിഞ്ഞ് പകച്ചു നില്‍ക്കുന്ന ഒരാളുണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.