'ലൗ ജിഹാദ് ആരോപണത്തില്‍ നിന്നും പിന്‍മാറണം; സഭയുടെ കൈയില്‍ എന്ത് തെളിവാണുള്ളത്'; ആടു മേയ്ക്കലിനെതിരേ ജാഗ്രത വേണമെന്ന് പറഞ്ഞ സഭയെ വിരട്ടി എഎ റഹീം

Sunday 19 January 2020 1:16 pm IST

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന സിറോ മലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരെ ഡിവൈഎഫ്‌ഐ. രാജ്യത്തെ സാഹചര്യം മനസിലാക്കാന്‍ സഭയ്ക്ക് ആയില്ല. സഭ ആരോപണം ഉന്നയിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീം ആവശ്യപ്പെട്ടു. ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് സഭ പിന്‍മാറണം. ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും റഹീം പറഞ്ഞു. 

കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ അഭിപ്രായത്തിന് ശേഷമാണ് ഇടയലേഖനവുമായി സഭ രംഗത്തെത്തിയത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ഐഎസ്.ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യം.

വര്‍ദ്ധിച്ചു വരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇന്നു വായിച്ച ഇടയലേഖനം പറയുന്നുണ്ട്. ഐഎസ് പോലുള്ള ഭീകരസംഘടനയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളേയും സഭ ബോധവത്കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്. 

കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് സഭസര്‍ക്കുലര്‍ ഇറക്കിയത്. അതേസമയം വിഷയത്തില്‍ പോലീസ്  കൃത്യമായ നടപടികളെടുക്കുന്നില്ലെന്നും സഭ ആരോപിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.