പൂര പ്രേമികള്‍ക്കായി തൃശ്ശൂര്‍ വെടിക്കെട്ടിന് അനുമതി; ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് സര്‍ക്കാരല്ല വിശ്വാസികളാണെന്ന നിര്‍ണ്ണായക നിരീക്ഷണം; നീതിദേവതയുടെ തൃക്കണ്ണായി ഇനി എസ്എ ബോബ്ഡെ
ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി ഇന്നു വിരമിക്കുന്ന പശ്ചാത്തലത്തില്‍ പരമോന്നത നീതി പീഠത്തിന്റെ 47ാമത് ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ നാളെ ചുമതലയേല്‍ക്കും. ബോബ്ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദായിരിക്കും നിയമിക്കുന്നത്. വളരെ പ്രതിസന്ധിയുള്ള കേസുകളില്‍പ്പോലും സൂക്ഷ്മവും വ്യത്യസ്തവുമായ നിരീക്ഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് ബോബ്ഡെ. ഇതിനുത്തമ ഉദാഹരണങ്ങളാണ് ഒറീസ ജഗനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസും, മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസും. ഒറീസ ജഗനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് സര്‍ക്കാരുകളല്ല ക്ഷേത്ര വിശ്വാസികളാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേത്ര ഭരണം നടത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. കൂടാതെ മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാരിനു കീഴ്പ്പെട്ടവയല്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോ. അന്യന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചാല്‍, അതിന് പോലീസ് സംരക്ഷണം തേടാന്‍ കഴിയുമോയെന്ന് ഒരുകേസില്‍ വിധി പറയവേയും അദ്ദേഹം ചോദിച്ചിരുന്നു.
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു പൗരനും അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെടരുതെന്നു വിധിച്ച ബോബ്ഡെ 2017 ലെ ആഗസ്റ്റില്‍ സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് വിധിച്ച സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിലും ഉള്‍പ്പെട്ടിരുന്നു. സുപ്രധാന അയോധ്യ ഭൂമിത്തര്‍ക്കക്കേസ് പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു ബോബ്ഡെ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചാണ് അയോധ്യ കേസ് പരിഗണിച്ചത്.
പൂരപ്രേമികള്‍ക്ക് ആശ്വാസകരമായ വിധി പ്രസ്താവിച്ച ജഡ്ജി കൂടിയാണ് ബോബ്ഡെ. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചശേഷമാണ് ബെഞ്ച് അനുമതി നല്‍കിയത്. ഇന്ത്യയില്‍ ഏറ്റവും അധികം മലിനീകരണം ഉണ്ടാക്കുന്നത് വാഹനങ്ങളാണ്. എന്നിട്ടും പലരും ആവശ്യപ്പെടുന്നത് പടക്കം നിരോധിക്കണമെന്നാണ്. അന്തരീക്ഷ മലിനീകരണം തടയാന്‍ സമഗ്ര നയമാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവര്ക്കും പണവും ജോലിയും നല്കാന് കഴിയില്ല. പടക്ക നിര്‍മ്മാണ ശാലകള്‍ അടച്ചാല്‍ എത്ര പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക-ഇതായിരുന്നു ബോബ്ഡെയുടെ നിരീക്ഷണം.
1956 ഏപ്രില്‍ 24 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള അഭിഭാഷക കുടുംബത്തിലാണ് ബോബ്ഡെയുടെ ജനനം. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ എല്‍എല്‍ബി ബിരുദം പൂര്‍ത്തിയാക്കിയ ബോബ്ഡെ 1978 ല്‍ ബോബ്ഡെ മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. 1998 ലാണ് സുപ്രീംകോടതിയിലേക്ക് അദ്ദേഹം വരുന്നത്. 2000 ല്‍ മുംബൈ ഹൈക്കോടതിയുടെ അഡീഷല്‍ ജഡ്ജിയായി ബോബ്ഡെ ചുമതലയേറ്റു. പിന്നീട് 2012 ല്‍ ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സ്ഥാനക്കയറ്റമുണ്ടായി. 2013 ലാണ് സുപ്രീംകോടതിയിലെ ജഡ്ജിയായി ബോബ്ഡെയെ കൊളീജിയം ഉയര്‍ത്തുന്നത്.പിതാവ് അരവിന്ദ് ബോബ്ഡെ മഹാരാഷ്ട്രയുടെ അഡ്വക്കേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂത്തസഹോദരന് വിനോദ് അരവിന്ദ് ബോബ്ഡെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായിരുന്നു.