ദല്‍ഹിയില്‍ പണിയൊന്നുമില്ലാതെ ക്യാബിനറ്റ് റാങ്കുകാരന്‍; കേരള ഹൗസില്‍ കപ്പ വിളമ്പി പ്രത്യേക പ്രതിനിധി എ. സമ്പത്ത്

Wednesday 20 November 2019 5:06 pm IST

ന്യൂദല്‍ഹി: കേരള ഹൗസ് സ്പെഷ്യല്‍ ഓഫീസറായി ക്യാബിനറ്റ് റാങ്കില്‍ ദല്‍ഹിയില്‍ എത്തിയ എ സമ്പത്തിനെ അംഗീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കേരള സര്‍ക്കാരും -കേന്ദ്രവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം എന്ന വാദത്തിലാണ് സമ്പത്തിനെ മുഖ്യമന്ത്രി ദല്‍ഹിയില്‍ നിയമിച്ചത്. എന്നാല്‍, ഖജനാവിലെ പണം നഷ്ടപ്പെടുന്നതല്ലാതെ സ്പെഷ്യല്‍ ഓഫീസറായുള്ള സമ്പത്തിന്റെ പ്രവര്‍ത്തനം പൂര്‍ണപരാജയമാണ്. ആറ്റിങ്ങലില്‍ ദയനീയമായി തോറ്റ എംപിയെ തങ്ങള്‍ക്ക് മുകളിലൂടെ ക്യാബിനറ്റ് റാങ്കിങ്ങില്‍ നിയമിച്ചതില്‍  കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പ്രതിഷേധത്തിലും നിസഹരണത്തിലുമാണ്. 

സമ്പത്തിന്റെ ഇപ്പോഴത്തെ പ്രധാന ജോലി ദല്‍ഹിയിലെ ചെറിയ പരിപാടികളില്‍ ഉദ്ഘാടനം ചെയ്യുക, കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഫെയറുകളില്‍ കേരളത്തിന്റെ സ്റ്റാളുകള്‍ നടത്തുക. നാടകത്തില്‍ അഭിനയിക്കുക തുടങ്ങിയവയാണ്. സമ്പത്ത് പൂര്‍ണപരാജയമാണെന്ന് അറിഞ്ഞതോടെ കേരളത്തില്‍ നിന്നെത്തിയ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ വിപുലമായ പി.ആര്‍ ജോലിയാണ് ഉദേഹത്തിന് വേണ്ടി ചെയ്യുന്നത്.

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എല്ലാ കാര്യങ്ങളും സമ്പത്തിലൂടെ നേടിയതാണെന്ന പ്രതീതിയാണ് ഇവര്‍ സൃഷ്ടിക്കുന്നത്. ഇതിനായി ഇടക്കിടെ കേരളഹൗസില്‍  മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്നുകള്‍ ഒരുക്കാറുണ്ട്. ഇതിലൂടെയും പി.ആര്‍ വര്‍ക്കാണ് സമ്പത്ത് ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വിരുന്നില്‍ സമ്പത്ത് കപ്പ വിളമ്പയത് മാതൃകയായി ചില സിപിഎം മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. കേരളകൗമുദിയിലെയും മാതൃഭൂമി പത്രത്തിലെയും മാധ്യമപ്രവര്‍ത്തകരാണ് ഇത്തരത്തിലുള്ള സമ്പത്തിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്നത്. 

 

ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ എത്തിയ സമ്പത്തിനെ  മഹത്വവല്‍ക്കരിക്കാന്‍ വ്യാജവാര്‍ത്തയുമായി ആദ്യം രംഗത്തെത്തിയത് കേരളകൗമുദിയായിരുന്നു. . ''പ്രളയത്തില്‍ മുങ്ങിയ കേരളത്തോട് കരുണയില്ലാതെ വ്യോമസേന: മരുന്ന് കൊണ്ടുവരാന്‍ ചോദിച്ചത് രണ്ടര കോടി, എയര്‍ ഇന്ത്യയില്‍ സൗജന്യമായി നാട്ടിലെത്തിച്ചു'' എന്നായിരുന്നു ആ വ്യാജ വാര്‍ത്ത.എന്നാല്‍, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് വ്യോമസേന അധികൃതര്‍ തന്നെ പറഞ്ഞതോടെ വാര്‍ത്ത പൊളിഞ്ഞിരുന്നു. 

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സര്‍വീസുകളില്‍ മരുന്നുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ നേരത്തെ തന്നെ എയര്‍ഇന്ത്യ, വിസ്താര കമ്പനികള്‍ തയ്യാറായിരുന്നു. ഇത് മൂടിവെയ്ക്കാനാണ് വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് ഉളുപ്പില്ലാതെ അടിച്ചെടുത്ത  എ. സമ്പത്തിന് വേണ്ടി കൗമുദി വ്യാജവാര്‍ത്ത പുറത്തുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേരളത്തിലെ മന്ത്രിമാര്‍ ഇപ്പോഴും ബന്ധപ്പെടുന്നത് വി. മുരളീധരന്റെ ഓഫീനെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.