ആദ്യ രാത്രി

Sunday 13 October 2019 7:10 am IST

 

പെണ്‍കുട്ടികളുടെ വിവാഹത്തിന് അവളുടെ സമ്മതം ആവശ്യമില്ലന്ന് (തീര്‍ച്ചയായും അവളുടെ സന്തോഷം തന്നെയാണ് നിങ്ങളുടെ ലക്ഷ്യം!) കരുതുന്ന ഒരു പിതാവോ മാതാവോ സഹോദരനോ ആണോ നിങ്ങള്‍? എങ്കില്‍ ബിജു ജേക്കബ്ബ് സംവിധാനം ചെയ്ത ആദ്യരാത്രി നിങ്ങള്‍ക്കുള്ളതാണ്!

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ശീലങ്ങളില്‍ ഒന്നാണല്ലോ 'വീട്ടുകാര്‍ നിശ്ചയിക്കുന്ന'വിവാഹങ്ങള്‍. ഈ പാരമ്പര്യത്തിന്റെ യുക്തിയെ ശക്തമമായി ചോദ്യം ചെയ്യുന്നു 'ആദ്യരാത്രി'. 

കല്ല്യാണത്തലേന്ന് കാമുകനോടൊപ്പം 'ഒളിച്ചോടുന്ന' പെണ്‍കുട്ടികളുടെ മേല്‍ സകലശാപങ്ങളും വര്‍ഷിച്ച് അവളെ പടിയടച്ച് പിണ്ഡം വെയ്ക്കുന്ന നിര്‍ലജ്ജമായ പുരുഷ മേധാവിത്വം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമുണ്ട്.

'എന്റെ വിവാഹത്തിന് നിങ്ങളാരും എന്റെ സമ്മതം ചോദിക്കാത്തത് എന്തുകൊണ്ടാണ്?' കുറ്റവാളിയെന്ന് വിധിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ തീപിടിച്ച ആത്മാവില്‍ നിന്നുയരുന്ന ഈ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നല്‍കാന്‍ സമൂഹത്തിന് ബാധ്യതയില്ലേ?

'ആദ്യരാത്രി'യിലെ നായകനായ മനോഹരന്‍ (ബിജുമേനോന്‍) സ്വന്തം സഹോദരിയുടെ ഈ ചോദ്യം കേട്ട് നിരായുധനാകുന്നു. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹത്തലേന്ന് സ്‌നേഹിച്ച യുവാവിനോടൊപ്പം അവള്‍ നാടുവിട്ടോടിയതാണ്.

ഗൗരവമേറിയ ഈ സ്ത്രീപക്ഷ ആശയം നര്‍മ്മരസത്തില്‍ പൊതിഞ്ഞാണ് സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നത്. പൊട്ടിച്ചിരിയുണര്‍ത്തുന്ന നിരവധി കഥാ സന്ദര്‍ഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതില്‍ നായകനൊപ്പം പൗളി വത്സന്‍, അജുവര്‍ഗ്ഗീസ്, മനോജ് ഗിന്നസ് എന്നിവരുടെ സംഭാവനയുമുണ്ട്. നാടകവേദിയുടെ കരുത്തുമായി സിനിമയിലെത്തിയ പൗളി വത്സന്റെ ഗംഭീര പ്രകടനമാണ് 'ആദ്യരാത്രി'യുടെ മറ്റൊരു ഹൈലൈറ്റ്! 

'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ബിജു ജേക്കബ്ബിന്റെ പുതിയ ചിത്രം 'ആദ്യരാത്രി' യെ സ്വാഭാവികമായും വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. യൂട്യൂബില്‍ ചിത്രത്തിന്റെ ഗാനങ്ങളും ടീസറുകളുമൊക്കെ കണ്ടവരുടെ എണ്ണം ദശലക്ഷങ്ങളാണ്. 'വെള്ളിമൂങ്ങ' യിലെ സൂത്രശാലിയായ മാമച്ചനേയും 'മുന്തിരിവള്ളികളിലെ' ഉലഹന്നാനേയും പോലെ ഇനി പ്രേക്ഷക മനസ്സിലുണ്ടാകും 'ആദ്യരാത്രി'യിലെ മനോഹരനും. ഈയടുത്ത കാലത്ത് ബിജുമേനോന് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് മല്ലേശ്ശേരി ഗ്രാമത്തിലെ കല്ല്യാണ ബ്രോക്കര്‍.

ബിജു ജേക്കബ്ബുമായുള്ള അഭിമുഖത്തില്‍ നിന്ന്...

* 'മുന്തിരിവള്ളിയില്‍'നിന്ന് എങ്ങനെയാണ് 'ആദ്യരാത്രി'യിലേക്ക് എത്തുന്നത്? 

'വെള്ളിമൂങ്ങയ്ക്ക്' ശേഷം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സിനുവേണ്ടി ഒരു ചിത്രം ചെയ്യാമെന്ന ധാരണയുണ്ടായിരുന്നു. അപ്പോഴാണ് ലാലേട്ടന്റെ 'മുന്തിരിവള്ളിയില്‍' അപ്രതീക്ഷമായി കടന്നുവന്നത്. 

* ഈ രണ്ടു ചിത്രങ്ങളും നൂറുദിവസങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് അത്യപൂര്‍വ്വ വിജയം നേടിയതാണ്. 'ആദ്യരാത്രി' യില്‍ പ്രതീക്ഷകളുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവോ?

ഓരോ ചിത്രവും ഫലത്തില്‍ ആദ്യചിത്രങ്ങള്‍ പോലെയാണ്. പ്രേക്ഷകര്‍ എങ്ങനെ നമ്മുടെ സൃഷ്ടികളെ സ്വീകരിക്കും എന്ന ടെന്‍ഷന്‍ എപ്പോഴും ഉണ്ട്.

* പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ച് ഇപ്പോള്‍ എന്തു തോന്നുന്നു?

വളരെ സന്തോഷം. ആശ്വാസം! റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും 'ആദ്യരാത്രി' നന്നായി പോകുന്നു.  

* 'ജെല്ലിക്കെട്ടു'മായിട്ടായിരുന്നല്ലോ ആദ്യരാത്രിയുടെ മത്സരം?

മത്സരം എന്നൊന്നും പറയരുത്. ലിജോ ജോസ് പല്ലിശ്ശേരി നമ്മുടെ മികച്ച സംവിധായകരിലൊരാളാണ്. എല്ലാ സിനിമകളും വിജയിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാലെ സിനിമ വ്യവയാസം വളരൂ. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ ചിത്രമാണല്ലോ ജല്ലിക്കെട്ട്.

* പെണ്‍കുട്ടികളുടെ വാക്കിനു മുതിര്‍ന്നവര്‍ വിലകല്‍പ്പിക്കണം എന്ന ആശയത്തിന്റെ ആവിഷ്‌കാരമാണോ, 'ആദ്യരാത്രി'?

മികച്ച വിനോദമൂല്യമുള്ള ഒരു ചിത്രമൊരുക്കാനാണ് ഞാന്‍ ശ്രമിച്ചത്! കുടുംബപ്രേക്ഷകരാണ് എന്റെ ചിത്രങ്ങള്‍ വിജയിപ്പിച്ചത്. 'ആദ്യരാത്രി'യിലും ഞാന്‍ ലക്ഷ്യമിട്ടത് അവരെ തന്നെയായിരുന്നു. മാറിവരുന്ന ലോകത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുമ്പിലുള്ള പല വിലക്കുകളും മറേണ്ടതു തന്നെയാണ്. ഗൗരവമേറിയ ഈ വിഷയം നേരംമ്പോക്കു കലര്‍ന്ന നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് പറഞ്ഞിരിക്കുന്നതെന്നുമാത്രം.

* ഒരു സംവിധായകന്‍ എന്ന നിലയില്‍ ബിജുമേനോന്‍ എന്ന നടനെ എങ്ങനെ കാണുന്നു.?

പരസ്പരം വലിയ സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ട്. നിരവധി വര്‍ഷങ്ങളുടെ സൗഹൃദവും. പലപ്പോഴും തിരക്കഥയെക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. കാര്യകാരണസഹിതം ഒരാള്‍ക്ക് മറ്റൊരാളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നിടംവരെ മാത്രം വഴക്ക് വളരുകയുള്ളൂ. അതുകഴിഞ്ഞാല്‍ എല്ലാം ശുഭം. ലൈറ്റ് ക്യാരക്‌ടേഴ്‌സിനേയും ഹെവിക്യാരക്‌ടേഴ്‌സിനേയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ അഭിനേതാവാണ് ബിജു മേനോന്‍. ഹ്യൂമറും നന്നായിട്ടു വഴങ്ങും. 'വെള്ളിമൂങ്ങ'യും 'ആദ്യരാത്രി'യും അതിന് തെളിവുകളാണ്. 

 

* ഏറ്റവും പുതിയ തലമുറയില്‍ നിന്നാണല്ലോ 'ആദ്യരാത്രി'യിലെ നായിക?

'ഉദാഹരണം സുജാത'യില്‍ ബാലതാരമായിട്ടാണ് അനശ്വര വരുന്നത്. അന്നുതന്നെ ആ കുട്ടിയുടെ അഭിനയം എന്നെ ആകര്‍ഷിച്ചിരുന്നു. 'ആദ്യരാത്രി'യിലെ നായികയെ മികച്ചതാക്കാന്‍ അനശ്വര നന്നായി പരിശ്രമിച്ചു. വിജയിച്ചു. 'ആദ്യരാത്രി'യുടെ ചിത്രീകരണം അല്പം നീണ്ടുപോയതിനിടയിലാണ്. അനശ്വര നായികയായ 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' സംഭവിക്കുന്നത്. ആ ചിത്രത്തിന്റെ വലിയ വിജയം ഞങ്ങള്‍ക്കും ഗുണമായി. 

* ഒരുപാട് കഥകള്‍ കേള്‍ക്കുകയും തൃപ്തിയുള്ള കഥ വരുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്ന ഒരു സംവിധായകനാണല്ലോ ജിബു. എങ്ങിനെയാണ് ഒരു കഥ ഫിക്‌സ് ചെയ്യുന്നത്?

അതിന് വിശേഷിച്ചൊരു മാനദണ്ഡവും പറയാനില്ല. ഇതു ചെയ്താല്‍ നന്നാകും എന്നൊരു തോന്നല്‍ എനിക്കുണ്ടാകുന്നതുവരെ കാത്തിരിക്കുകയാണ് എന്റെ രീതി. ചിലപ്പോള്‍ ചില കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ കൊളുത്തും. വെള്ളിമൂങ്ങയിലെ മാമച്ചനും. 'ആദ്യരാത്രി'യിലെ മനോഹരനും അങ്ങനെയുണ്ടായതാണ്. 'മുന്തിരിവള്ളി'കളില്‍ കഥാപാത്രങ്ങളെക്കാള്‍ ഉപരി പ്രമേയത്തിനാണ് ഊന്നല്‍ ഉണ്ടായിരുന്നത്. 

* ജിബു ജേക്കബ്ബിന്റെ ചിത്രങ്ങളില്‍ പുതിയ അഭിനേതാകള്‍ക്ക് ധാരാളം അവസരങ്ങള്‍ കൊടുക്കുന്നുണ്ടല്ലോ? 

കഴിവുകളുള്ള നിരവധി കലാകാരന്മാര്‍ അത്രയൊന്നും അറിയപ്പെടാതെ നമുക്കുചുറ്റിലുമുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുവാന്‍ എന്നെക്കൊണ്ട് കഴിയുന്ന എളിയ സഹായങ്ങള്‍ എന്നുമാത്രം കരുതിയാല്‍ മതി. 

* സമൂഹ മാധ്യമങ്ങളൊക്കെ വളരെ സജീവമായ ഈ കാലത്ത് സിനിമയുടെ വിജയ പരാജയങ്ങളില്‍ അവയ്ക്കുള്ള പങ്ക് എന്താണ്?

സമൂഹ്യമാധ്യമങ്ങളുടെ പങ്ക് തീര്‍ച്ചയായും അംഗീകരിക്കുന്നു. അതൊരു യഥാര്‍ത്ഥ്യമാണ്. വലിയ വിജയങ്ങള്‍ നേടിയ രണ്ടു ചിത്രങ്ങളുടെ സംവിധായകനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇന്നും പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഒരു സിനിമയുടെ വിജയത്തിന് അടിസ്ഥാനം. സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകര്‍ പറയുന്ന വാക്കാണ് ഒരു സിനിമയുടെ ബോക്‌സ് ഓഫീസിലെ വിധി നിര്‍ണ്ണയിക്കുന്നത്. 

* നാല്‍പതോളം ചിത്രങ്ങള്‍ക്കുവേണ്ടി ഛായഗ്രഹണം നിര്‍വ്വഹിച്ചതിനുശേഷം മൂന്നുചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഈ  അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇന്നത്തെ മലയാള സിനിമയെ എങ്ങിനെ വിലയിരുത്തുന്നു.? 

മലയാള സിനിമാരംഗം വളരെ പ്രതീക്ഷയോടെ മുന്നോട്ടുപോകുന്ന ഒരുകാഴ്ചയാണ്  കാണുന്നത്. ഒരുപാട് പുതിയ കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നു.  തീമിലും, ട്രീറ്റ്‌മെന്റിലുമൊക്കെ. പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ നടക്കുന്നു. നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് നമ്മുടെ സിനിമകള്‍ ഉണരുകയാണ്. ഇതിനിടയില്‍ മലയാളിത്തം പ്രതിഫലിക്കുന്ന കഥകള്‍ കുറഞ്ഞുവരുന്നത് ഒരു സിനിമാ ആസ്വാദകന്‍ എന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കുന്നുമുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.