'ആര്‍ഷവിദ്യാ സമാജത്തിനെതിരെയുള്ള പരാതികള്‍ വിശ്വാസയോഗ്യമല്ല'; കണ്ണൂര്‍ സ്വദേശിനി പറയുന്നത് പലതും സംശയത്തിനിടയാക്കുന്നുവെന്ന് ഹൈക്കോടതി

Saturday 19 October 2019 7:38 pm IST

കൊച്ചി: ആര്‍ഷവിദ്യാസമാജത്തിനെതിരെ (എ.വി.എസ്) കണ്ണൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലെ പരാമര്‍ശങ്ങള്‍ പലതും ഒറ്റനോട്ടത്തില്‍ത്തന്നെ വിശ്വാസയോഗ്യമല്ലെന്ന് ഹൈക്കോടതി. സമാജം പ്രവര്‍ത്തകര്‍ക്ക്  മുന്‍കൂര്‍ ജാമ്യം അനുവദിക്കവേയാണ് ഹൈക്കോടതി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിയത്.  കണ്ണൂര്‍ സ്വദേശിനി ഹൈക്കോടതിയില്‍ നേരത്തെ ഹാജരായപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് താനിതെല്ലാം പറയുന്നത് എന്നാണ്  പറഞ്ഞത്. ഭീഷണി കൊണ്ടാണ്  അങ്ങനെ അന്ന് പറയേണ്ടി വന്നത് എന്ന് ഇപ്പോള്‍ പറയുന്നു. അത് വിശ്വസനീയമായി തോന്നുന്നില്ല. ആയുധങ്ങളുമായി കോടതിയില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും സംശയത്തിനിടയാക്കുന്നു. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കോടതിയില്‍ ആയുധങ്ങളുമായി എങ്ങനെ ഇരുപതോളം പേര്‍ വരും എന്ന് കോടതി വാദത്തിനിടെ സംശയം പ്രകടിപ്പിച്ചു.

ചികിത്സിച്ച ഡോക്ടറെ പ്രതിയാക്കിയത് തന്നെ പരാതിയില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്ന സൂചന നല്‍കുന്നു. ആര്‍ഷവിദ്യാ സമാജത്തെക്കുറിച്ച്  സമീപവാസികളോടും പഞ്ചായത്ത് മെംബര്‍മാരോടും അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തിന് എതിരായ മൊഴികളൊന്നും ശേഖരിക്കാനായില്ല. അവിടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ആര്‍ഷവിദ്യാസമാജം പ്രവര്‍ത്തകര്‍ക്ക് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മുമ്പില്‍ ഹാജരായി 60,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തില്‍ ജാമ്യം നേടാമെന്നും കോടതി പറഞ്ഞു. ആര്‍ഷവിദ്യാ സമാജത്തിനു വേണ്ടി അഡ്വ. മനോരഞ്ജന്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.