അബ്ദുള്ളക്കുട്ടി മാത്രമല്ല

Sunday 7 July 2019 3:18 am IST

രണ്ടു തവണ ലോക്‌സഭാംഗവും ഒരിക്കല്‍ നിയമസഭാംഗവുമായിരുന്ന, ആദ്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേയും കോണ്‍ഗ്രസ്സിലേയും നേതൃസ്ഥാനത്തുണ്ടായിരുന്ന, അബ്ദുള്ളക്കുട്ടി ഈയിടെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത് രാഷ്ട്രീയ രംഗത്തും മാധ്യമരംഗത്തും ചര്‍ച്ചാവിഷയമായത് സ്വാഭാവികം തന്നെ. അദ്ദേഹം ലോക്‌സഭാംഗമാകുന്നതിനു മുന്‍പ് വിദ്യാര്‍ത്ഥി ഫെഡറേഷനിലും, ജനാധിപത്യ യുവജന ഫെഡറേഷനിലും ദേശീയതലത്തില്‍ ചുമതലകള്‍ വഹിച്ച ആളായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യുവജന മതേതര മുഖമായിത്തന്നെയാണ് അന്ന് അബ്ദുള്ളക്കുട്ടി എഴുന്നള്ളിക്കപ്പെട്ടത്.

മാര്‍ക്‌സിസ്റ്റുകള്‍ക്ക് അദ്ദേഹം അനഭിമതനും അയിത്തക്കാരനുമായത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ഗുജറാത്തിലെ ഭരണത്തിലെ സകാരാത്മകവും ജനക്ഷേമകരവുമായ വശങ്ങളെ പ്രശംസിച്ചതുകൊണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെട്ടത് നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടു ചെയ്ത പരാമര്‍ശങ്ങളെച്ചൊല്ലിയാണ്. മഹാത്മാഗാന്ധിയുടെ നയപരിപാടികള്‍ നടപ്പിലാക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ചതെന്നും, അതാണദ്ദേഹത്തിന്റെ വിജയത്തിനു കാരണമായതെന്നും ഒന്നിലേറെത്തവണ അബ്ദുള്ളക്കുട്ടി പറയുകയും, കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം 'സമ്മറി ട്രയല്‍' നടത്തി പടിക്കുപുറത്താക്കി പിണ്ഡംവയ്ക്കുകയുമായിരുന്നു.

അബ്ദുള്ളക്കുട്ടിയുടെ ആദ്യത്തെ നരേന്ദ്ര മോദി പ്രശംസയ്ക്ക് ഞാനും ശ്രോതാവായിരുന്നു. ജന്മഭൂമി ദിനപത്രത്തിന്റെ കണ്ണൂര്‍ എഡിഷന്‍ പ്രസിദ്ധീകരണോദ്ഘാടന വേദിയായിരുന്നു അവസരം. സംഘത്തിന്റെ അന്നത്തെ സര്‍കാര്യവാഹ് ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥിയായി കണ്ണൂരിലെ 'സാധു കല്യാണ മണ്ഡപ'ത്തില്‍ നടത്തപ്പെട്ട ഗംഭീര സദസ്സില്‍ ആശംസാ പ്രസംഗം നടത്താന്‍ സ്ഥലത്തെ ലോക്‌സഭാംഗമെന്ന നിലയ്‌ക്കെത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. നിയമസഭാംഗമെന്ന നിലയ്ക്ക് കെ.സുധാകരന്‍ മറ്റൊരു ആശംസകനായി. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവിടം സന്ദര്‍ശിച്ച പാര്‍ലമെന്റ് സംഘാംഗമെന്ന നിലയ്ക്ക് അവിടെ നടന്നുവന്ന കാര്യങ്ങളെ അബ്ദുള്ളക്കുട്ടി പ്രശംസിച്ചു സംസാരിച്ചിരുന്നു.

സ്വാഭാവികമായും കേരളത്തിലെ മോദി വിരുദ്ധ മാധ്യമ ലോകത്തിന് ആഘോഷിക്കാന്‍ അതു വക നല്‍കി. മാര്‍ക്‌സിസ്റ്റ് നേതൃത്വം മറ്റെന്തും സഹിക്കും. എന്നാല്‍ സംഘപരിവാറുമായി ബന്ധപ്പെട്ട എന്തിനെയും പറ്റി ഒരു നല്ല വാക്ക്, അതു പൊറുപ്പിക്കാന്‍ സാധ്യമല്ലായിരുന്നു. ആത്മാഭിമാനം പാര്‍ട്ടിക്ക് അടിയറവെക്കാത്തതിനാലാകാം, തന്റെ അഭിപ്രായം തിരുത്താന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല. കേരളവുമായി നേരിട്ടു ബന്ധമുള്ള 'ഇസ്രത് ജഹാന്‍ പ്രാണേശ് പിള്ള ഏറ്റുമുട്ടല്‍ കൊല'യും, തീവണ്ടിയില്‍ അയോധ്യാ തീര്‍ത്ഥാടകരെ ചുട്ടുകൊന്നതിനെ തുടര്‍ന്നു നടന്ന കലാപവും മറ്റും കത്തിക്കാളി നിന്ന കാലഘട്ടത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച ആള്‍, അതും മാര്‍ക്‌സിസ്റ്റ് മുസ്ലിം ഒരു വിധത്തിലും മാപ്പര്‍ഹിച്ചില്ല. അദ്ദേഹം കോണ്‍ഗ്രസ്സിലേക്കെത്തിക്കപ്പെട്ടു.

കേരളത്തിലെ യുഡിഎഫ് ഭരണത്തില്‍ മന്ത്രിയായിരുന്ന ആര്‍എസ്പിയിലെ ഷിബു ബേബി ജോണ്‍, ഇവിടത്തെ സര്‍ക്കാരാവശ്യത്തിന് ഗുജറാത്തില്‍ പോയി. പരിപാടികള്‍ അവസാനിപ്പിച്ചു മടങ്ങും മുന്‍പ് ഒരു സാമാന്യമര്യാദയുടെ പേരില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തിരിച്ചു തിരുവനന്തപുരത്തെത്തിയശേഷം അവിടെ താന്‍ കണ്ട കാര്യങ്ങള്‍ പറയുകയുണ്ടായി. റോഡുകള്‍ നല്ലതാണ്, ഭരണം കാര്യക്ഷമമായി നടക്കുന്നു, കഛിലെ ഭൂകമ്പത്തെത്തുടര്‍ന്ന് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ അദ്ഭുതകരമായ വേഗതയില്‍ മുഴുമിച്ചു എന്നൊക്കെ പറഞ്ഞത് യുഡിഎഫ് നേതൃത്വത്തിനും അദ്ദേഹത്തിന്റെ ആര്‍എസ്പിക്കും പൊറുക്കാനായില്ല. തന്റെ പ്രസ്താവനയില്‍ ഷിബു ബേബി ജോണിന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. പിന്നീട് ആ അബദ്ധം അദ്ദേഹത്തിന് പിണഞ്ഞിട്ടില്ല.

ഭാരതീയ ജനതാ പാര്‍ട്ടിയും, അതിന്റെ പൂര്‍വരൂപമായിരുന്ന ഭാരതീയ ജനസംഘവും ഇവിടെ ഹിന്ദുരാജ്യം സ്ഥാപിക്കാനും, മതനിരപേക്ഷതയ്ക്കറുതി വരുത്തി ഹൈന്ദവേതര മതവിഭാഗങ്ങള്‍ക്ക് ജീവിതം ദുസ്സഹമാക്കാനുമുള്ള നയപരിപാടികളാണ് നടപ്പിലാക്കുന്നതെന്ന പ്രചാരണം തകൃതിയായി നടന്നുവരികയാണല്ലോ. 2014-ലെ തെരഞ്ഞെടുപ്പില്‍ 31% വോട്ടായിരുന്നു ബിജെപിക്ക് കിട്ടിയതെങ്കില്‍, ഇത്തവണ അത് 37% ആയി ഉയര്‍ന്നു.

ജനസംഘത്തിന്റെ കാലത്തുതന്നെ ഹൈന്ദവേതര മതവിഭാഗങ്ങള്‍ക്ക് സ്വാഗതമരുളിയിരുന്നു. കശ്മീരിലെ ഷേക് അബ്ദുള്‍ റഹിമാന്‍, ജനസംഘത്തിന്റെ ദേശീയ നേതാക്കളില്‍ പ്രമുഖനായിരുന്നു. അദ്ദേഹം പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷസ്ഥാനം വഹിച്ചു. മധ്യപ്രദേശിലെ സോഷ്യലിസ്റ്റ് നേതാവായിരുന്ന ആരിഫ് ബേഗ് സോഷ്യലിസ്റ്റുകാരുടെ മതേതര കാപട്യത്തില്‍ മനംമടുത്ത് ജനസംഘത്തില്‍ ചേര്‍ന്നു. അദ്ദേഹം പിന്നീട് അവിടെ മന്ത്രിയായി. വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന പണ്ഡിത് ഗുലാം മുഹമ്മദ് ദസ്തഗീറും ജനസംഘവുമായി സഹകരിച്ചിരുന്നു. കുറ്റിയാടിയില്‍ ജനസംഘ സമിതി രൂപീകരിക്കപ്പെടണമെന്ന ആവശ്യവുമായി കത്തയച്ചത് അവിടത്തെ വ്യാപാരി കലന്തന്‍ ഹാജിയായിരുന്നു.

എത്രയോ ക്രൈസ്തവ സഹോദരന്മാര്‍ കേരളത്തില്‍ ജനസംഘ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ രംഗത്തുണ്ടായിരുന്നു. തളിപ്പറമ്പിനടുത്ത് ആലക്കോട്ടെ തോമസ് വര്‍ഷങ്ങളോളം സംസ്ഥാന സമിതിയംഗമായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ കെ.യു. ജോണ്‍, ചെങ്ങന്നൂരിലെ മാടവന ഈപ്പന്‍ വറുഗീസ്, എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. ഈപ്പന്‍ മത്തായി, ജനസംഘത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനായി 1974-ലെ കണ്ണൂര്‍ സംസ്ഥാന സമ്മേളനത്തിലേക്ക് രക്തസാക്ഷി പൊന്‍കുന്നം ശ്രീധരന്‍ നായരുടെ സമാധിയില്‍നിന്ന് ദീപശിഖയുമായി വന്ന പ്രൊഫ. ഒ.എം. മാത്യു, അടിയന്തരാവസ്ഥാ കാലഘട്ടം മുഴുവന്‍ മിസാ തടവുകാരനായി വിയ്യൂര്‍ ജയിലില്‍ കഴിയേണ്ടിവന്ന കോതമംഗലത്തെ പി.എ. തോമസ് തുടങ്ങി ജനസംഘ കാലത്തുതന്നെ ധാരാളം ക്രൈസ്തവ സഹോദരങ്ങള്‍ മുന്നോട്ടുവന്നിരുന്നു.

അടിയന്തരാവസ്ഥക്കെതിരായി നടന്ന പോരാട്ടത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനമെന്ന നിലയ്ക്ക് ജനസംഘക്കാര്‍ വഹിച്ച പങ്ക് ഒട്ടേറെ ഹൈന്ദവേതര സുഹൃത്തുക്കളുടെ കണ്ണുതുറപ്പിച്ചു. സംഘത്തിലും മതവിശ്വാസത്തില്‍ ഹിന്ദുക്കളല്ലാത്തവരെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനമില്ല. നേരത്തെ പരാമര്‍ശിച്ച പി.എ. തോമസ് അരനൂറ്റാണ്ടു മുന്‍പു തന്നെ സംഘത്തിന്റെ പരിശീലന ശിബിരത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം മൂവാറ്റുപുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായി. കോട്ടയം സിഎംഎസ് കോളജിലെ ചരിത്രവിഭാഗം തലവനായി വിരമിച്ച ഡോ. ഐസക് ഭാരതീയ വിചാരകേന്ദ്രത്തിന്റെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. അദ്ദേഹം രണ്ടു വര്‍ഷം മുന്‍പ് പെരുമ്പാവൂരിനടുത്ത് വളയന്‍ചിറങ്ങരയില്‍ നടന്ന സംഘത്തിന്റെ ദ്വിതീയവര്‍ഷ ശിക്ഷണ ശിബിരത്തിന്റെ സര്‍വാധികാരിയായി മുഴുവന്‍ കാലവും താമസിച്ചിരുന്നു. ആ ശിബിരത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാലുദിവസം പങ്കെടുത്തിരുന്നു.

സംഘത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിന്  ഏറെ തല്‍പരത കാട്ടുന്ന മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ കെ.ടി. തോമസ്, അരനൂറ്റാണ്ടിലേറെക്കാലമായി സംഘത്തെ നിരീക്ഷിച്ചുവന്ന ആളാണെന്ന് സ്വയം പറഞ്ഞത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എറണാകുളം ശാഖയുടെ ശ്രീഗുരുദക്ഷിണാ ഉത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടായിരുന്നു; അതും ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിദ്ധ്യത്തില്‍.

ഭാരതത്തിലെ പുരാവസ്തു പര്യവേക്ഷകരില്‍ പ്രമുഖ സ്ഥാനത്തുള്ള കൊടുവള്ളിക്കാരന്‍ ഡോ. കെ.കെ. മുഹമ്മദാണ്, അയോദ്ധ്യയിലെ രാമജന്മസ്ഥാനത്തു നടത്തിയ ഖനന പര്യവേക്ഷണങ്ങളിലൂടെ അവിടെ പുരാതനമായ ക്ഷേത്രമുണ്ടായിരുന്നതായി തെളിയിച്ചത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലേയും ഇസ്ലാമിക വാഴ്ചക്കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് അദ്വിതീയമാണ്. രണ്ടു വര്‍ഷം മുന്‍പ് പാലക്കാട്ടു നടന്ന സംസ്ഥാന സംഘ ശിബിരത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹം ആദരിക്കപ്പെട്ടു. ഹരിയേട്ടന്റെ രചനാസമാഹാരം ഡോ. മോഹന്‍ ഭാഗവത് അദ്ദേഹത്തിന് സമ്മാനിച്ചു.

നിറംപിടിപ്പിച്ച കണ്ണാടിയിലൂടെയല്ലാതെ സ്ഥിതിഗതികളെ നോക്കിക്കാണുന്ന ആര്‍ക്കും ഇന്ന് രാജ്യത്തുവന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ ഭാവാത്മകമായി മാത്രമേ കാണാന്‍ കഴിയൂ. അതില്‍ അസൂയപ്പെട്ടിട്ടോ അരിശംപൂണ്ടിട്ടോ കാര്യമില്ല. ഒരു നൂറ്റാണ്ടുകാലത്തെ ക്ഷമാപൂര്‍വമായ നിരന്തരപരിശ്രമംകൊണ്ടാണ് സംഘം, സംഘപരിവാറായതും ഭാരതത്തില്‍  മാത്രമല്ല ലോകമാകെ വ്യാപിച്ചതും. അതിന്റെ ആശ്ലേഷത്തില്‍പ്പെടാതെ ഒരാളും അവശേഷിക്കാത്ത കാലമാണ്  വരാന്‍ പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.