'മരിച്ചവര്‍ക്കെല്ലാം സ്മാരകം വേണമെന്നുള്ളത് ശരിയായ നിലപാടല്ല; മഹാരാജാസ് കോളജിനുള്ളില്‍ നടന്ന നിര്‍മ്മാണം സര്‍ക്കാരിന്റെ അറിവോടെയാണോ'; അഭിമന്യു സ്മാരകത്തിനെതിരെ ഹൈക്കോടതി

Thursday 11 July 2019 12:41 pm IST

എറണാകുളം: മഹാരാജാസ് കോളേജില്‍ ജിഹാദികള്‍ കുത്തിക്കൊന്ന എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്  സ്മാരകം നിര്‍മ്മിച്ചതിനെതിരെ ഹൈക്കോടതി. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്ന് കോടതി പറഞ്ഞു.  ഗവേണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയുമോ എന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.

നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്നും വാദത്തിനിടെ കോടതി ആരാഞ്ഞു. കോളേജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക നയത്തിന്റെ ഭാഗമായാണോയെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.  നേരത്തെ,മഹാരാജാസ് കോളേജില്‍ അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാരോ കോളേജ് പ്രിന്‍സിപ്പലോ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.  സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മാണത്തിന് അനുമതി നിര്‍ബന്ധമാണെന്ന വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ ഭൂമിയില്‍ ഇത്തരത്തില്‍ ഒരു സ്മാരകത്തിന് അനുമതി നല്‍കിയാല്‍ ഭാവിയില്‍ മറ്റ് സ്മാരകങ്ങള്‍ക്കും അനുമതി നല്‍കേണ്ടി വരുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അരിവാളും നക്ഷത്രവും സ്തൂപത്തിലുണ്ടെന്നും സ്തൂപം നിര്‍മ്മിച്ച് ക്യാമ്പസില്‍ അധീശത്വം നിലനിര്‍ത്താനാണ് ശ്രമമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.