മകന്റെ കൊലയാളികളെ ഇതുവരെ പിടികൂടാനായില്ല; പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കും; സര്‍ക്കാരിന്റെ പിടിപ്പ്‌കേടിനെതിരെ അഭിമന്യുവിന്റെ കുടുംബം

Tuesday 25 June 2019 10:28 am IST

ഇടുക്കി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍  മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. അന്വേഷണത്തില്‍ പോലീസ് വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായാണ് അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തിയത്.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമാകാറായിട്ടും മുഴുവന്‍ പ്രതികളേയും ഇതുവരേയും പിടികൂടാനായിട്ടില്ലെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ പറഞ്ഞു. എല്ലാ പ്രതികളേയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ കോടതിയ്ക്ക് മുന്നില്‍ ജീവനൊടുക്കുമെന്നും കുടുംബം വ്യക്തമാക്കി. 

നേരത്തെ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച 'നാന്‍ പെറ്റ മകന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ അഭിമന്യുവിന്റെ അമ്മാവന്‍ ലോകന്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് കമന്റ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലായ് രണ്ടിനാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനായി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെയാണ് 16 അംഗ ക്രിമിനല്‍സംഘം മാരാകായുധങ്ങളുമായി അഭിമന്യുവിനെ ആക്രമിച്ചത്. 

അഭിമന്യുവിനെ പിന്നില്‍ നിന്നും പിടിച്ച് നിര്‍ത്തിയ സംഘം നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ അഭിമന്യു മതിലിനോട് ചേര്‍ന്ന് വീണു. ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും മരിച്ചു.കേസില്‍ ഇരുപതോളം പോപുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രര്‍ത്തകരെ പോലീസ് പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിയെന്ന് പറയപ്പെടുന്ന സഹലിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.