അഭിപ്രായത്തിനും അയിത്തം കല്‍പ്പിക്കുന്നവര്‍

Tuesday 21 January 2020 6:19 am IST

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കം ദൂര വ്യാപക പ്രത്യാഘാതത്തിന് ഇട വരുത്തും. മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ബിജെപി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബഹിഷ്‌കരണ ഭീഷണി നേരിട്ട വണ്ടൂര്‍ ചോക്കാട് പരുത്തിപറ്റ നീലാമ്പ്ര വേലായുധന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അഭിമാനിക്കുന്ന കേരളത്തിലാണ് ഇത്തരത്തിലൊരു സംഭവം. മലയാളികള്‍ ലജ്ജിച്ചു തല താഴ്ത്തണം.

ഏതെങ്കിലും ഒരു വിഷയത്തില്‍ അനുകൂലിക്കുവാനും വിയോജിക്കുവാനും അഭിപ്രായം രേഖപ്പെടുത്താനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. ആ വ്യക്തിസ്വാതന്ത്ര്യത്തെയാണ് ബഹിഷ്‌കരണം കൊണ്ട് ഒരു വിഭാഗം തടയിടാന്‍ ശ്രമിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഭരണഘടനാ ലംഘനമാണ് അത്തരക്കാര്‍ ചെയ്യുന്നത്.

ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നും ഇവിടെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണം, ആരോടും വേര്‍തിരിവ് പാടില്ല എന്നുമാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരുടെ പ്രത്യക്ഷത്തിലുള്ള വാദം. പക്ഷേ അവര്‍ നടപ്പാക്കുന്നതാവട്ടെ വിയോജിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്ന തന്ത്രവും. 

കുറച്ചു ദിവസങ്ങളായി കേരളത്തിലെ പല കോണുകളിലും ഇത്തരത്തിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശങ്ങളായും അല്ലാതെയും അവ പ്രചരിക്കുന്നു. അപകടകരമായ സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 

ആലപ്പുഴയില്‍ ബിജെപി അനുഭാവിയുടെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സാധനമാണ് വില്‍ക്കുന്നതെന്ന കുപ്രചാരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഇത്തരത്തില്‍ ഹിന്ദുക്കള്‍ക്കെതിരെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തി നാട്ടില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിടുന്നവരെ കരുതിയിരിക്കണം. 

മത സൗഹാര്‍ദ്ദത്തില്‍ ഊന്നിയുള്ളതാണ് രാജ്യത്തിന്റെ അടിത്തറ. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളിലൂടെ ആ അടിത്തറ ഇളക്കാനുള്ള ഏതൊരു ശ്രമത്തെയും ചെറുക്കേണ്ടതുണ്ട്. പൗരത്വ നിയമ ഭേദഗതി ഇവിടത്തെ മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ത്ത് സാഹചര്യം തങ്ങള്‍ക്ക് അനൂകൂലമാക്കുകയാണ് തീവ്രവാദ സംഘടനകള്‍ ചെയ്യുന്നത്. കോണ്‍ഗ്രസ്-ഇടതുപക്ഷ പാര്‍ട്ടികളും ആ വലയില്‍ വീണുകഴിഞ്ഞു എന്നുവേണം മനസ്സിലാക്കാന്‍. ഈ നിയമ ഭേദഗതിക്ക് അനുകൂലമായി പ്രകടനം നടത്തുമ്പോള്‍ കടകള്‍ അടച്ചിടുവാനുള്ള ആഹ്വാനം പോലും ഇവിടെ വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ തെളിവാണ്. ആശയങ്ങളെ അതിലും മികച്ച ആശയങ്ങള്‍ക്കൊണ്ട് നേരിടുന്നതാവണം ജനാധിപത്യ ശൈലി. അല്ലാതെ തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിലപാടെടുക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും ആത്മഹത്യയുടെ വക്കിലേക്ക് തള്ളി വിടുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. 

കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. എതിര്‍ക്കുന്നവരുമായി യാതൊരു ഇടപാടും നടത്തില്ല എന്ന് അവരും തീരുമാനിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്നും ആലോചിക്കേണ്ടതുണ്ട്. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ പ്രാകൃത സമ്പ്രദായങ്ങള്‍ അവസാനിച്ചപ്പോള്‍, അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അകറ്റി നിര്‍ത്തുക എന്ന അപരിഷ്‌കൃത രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നത് ഒട്ടും ആശാസ്യമല്ല. 

ഇസ്ലാംമതത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നൊരു പതിവ് ആ മതസ്ഥര്‍ക്കിടയിലുണ്ട്. ശരിയത്ത് നിയമമാണ് അവരുടെ ആധാരം. ഇപ്പോള്‍ കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിലൊരു ഫത്വയാണ്. അങ്ങനെയൊരു സ്ഥിതി വിശേഷം ഒരിക്കലും സംജാതമായിക്കൂടാ. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഇസ്ലാം മത രാഷ്ട്രങ്ങളില്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നൊരു ശൈലിയുണ്ട്. വിലക്കേര്‍പ്പെടുത്തുക എന്നതാണ് അതിലൊന്ന്. മതേതര രാജ്യമായ ഇന്ത്യയെ വ്യത്യസ്തമാക്കുന്നതും ജാതി-മത-വര്‍ഗ ഭേദമെന്യേയുള്ള സഹവര്‍ത്തിത്വമാണ്. അതിന്റെ കടയ്ക്കല്‍ കത്തിവച്ചുള്ള ഇത്തരം ബഹിഷ്‌കരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ മലയാളികള്‍ക്ക് സാധിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.