തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ-സിപി‌എം ഗുണ്ടകളുടെ ആക്രമണം, എ‌ബിവിപി പ്രവർത്തകന് ഗുരുതര പരിക്ക്

Wednesday 26 June 2019 11:07 am IST

സിപിഎം അക്രമത്തില്‍ തകര്‍ന്ന വീട്,​ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സന്ദീപ്

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്‌എഫ്‌ഐ-സിപി‌എം ഗുണ്ടകളുടെ തേർവാഴ്ച. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എബിവിപി പ്രവർത്തകൻ സന്ദീപ് ഗംഗന്റെ നില ഗുരുതരമായി തുടരുന്നു. തലയ്ക്കും കാലിനും തോളിനും പരിക്കേറ്റ സന്ദീപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വഞ്ചിയൂര്‍ സംസ്‌കൃത കോളേജിലെ വിദ്യാർത്ഥിയാണ് സന്ദീപ്. 

ക്ലാസ് കഴിഞ്ഞ് മടങ്ങുംവഴി വഞ്ചിയൂര്‍ കുന്നുംപുറത്ത് ധര്‍മദേശം ലൈനില്‍ മാരകായുധങ്ങളുമായി കാത്തുനിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മര്‍ദനത്തില്‍ താഴെ വീണശേഷവും സന്തീപിനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'നീ കോളേജില്‍ എബിവിപി അല്ലെ എന്ന് സൗമ്യമായി ചോദിച്ചു. 'അതെ' എന്ന് ഉത്തരം പറഞ്ഞതും തലയിലെ ഹെല്‍മറ്റ് ബലമായി വലിച്ചൂരി. തുടര്‍ന്ന് അക്രമി സംഘം കൈയില്‍ കരുതിയിരുന്ന ഇരുമ്പ് ദണ്ഡുകൊണ്ടും ഹെല്‍മറ്റു കൊണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

ക്യാമ്പസില്‍ എബിവിപിയും എസ്എഫ്‌ഐയും തമ്മില്‍ ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നും പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഏകപക്ഷീയമായ ആക്രമണം ഉണ്ടായത്. മാറനല്ലൂരിലും സിപി‌എമ്മിന്റെ നേതൃത്വത്തിൽ വ്യാപക ആക്രമണം ഉണ്ടായി. രണ്ടു വീടുകളുടെ ജനാലകള്‍ അടിച്ചു തകര്‍ത്തു. വാഹനങ്ങളും നശിപ്പിച്ചു. മാറനല്ലൂര്‍ മഞ്ഞറമൂല സാഫല്യത്തില്‍ ഷിബുവിന്റെയും മണ്ണടിക്കോണം ഹാപ്പി ഹൗസില്‍ ടി. കുമാറിന്റെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.  

സിപിഎം മഞ്ഞറമൂല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുമാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കുമാര്‍ സജീവപ്രവര്‍ത്തനം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കുമാര്‍ പോലീസിന് മൊഴി നല്‍കി. പുലര്‍ച്ചെ വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഇരുവരെയും വെല്ലുവിളിച്ച സംഘം പുറത്തേക്ക് വിളിച്ചിറക്കി അക്രമിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും രണ്ട് വീടുകളില്‍ നിന്നും ആരും പുറത്തിറങ്ങാതിരുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടു. 

തുടര്‍ന്നാണ് വീടിന്റെ ജനല്‍ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ബൈക്കും പിക്കപ്പ് വാഹനവും തകര്‍ക്കുകയും ചെയ്തത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.