അക്കൗണ്ടില്‍ പണം ഭദ്രം,ജനം ദുരിതക്കയത്തിലും

Wednesday 14 August 2019 1:30 am IST

കഷ്ടമെന്നല്ലാതെ എന്തുപറയാന്‍! തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മഴക്കെടുതിയനുഭവിക്കുന്നവരോട് കേരളത്തിലെ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗ സമീപനം മാപ്പര്‍ഹിക്കാത്തതാണ്. പ്രകൃതിയെ മാന്തിക്കീറി ദുരന്തങ്ങളെ മാടിവിളിക്കുന്ന സര്‍ക്കാരിന്റെ പിടിപ്പുകേടിന് ജീവന്‍കൊണ്ടും ജീവിതംകൊണ്ടും പിഴയടക്കേണ്ടിവരുന്ന ജനസമൂഹം ആധുനികകാലത്ത് കേരളത്തില്‍ മാത്രമേ ഉണ്ടാവൂ. എത്രപേര്‍ മരിച്ചെന്നും എത്രപേര്‍ മണ്ണിനടയിലുണ്ടെന്നും തിട്ടപ്പെടുത്താന്‍പോലും കഴിയാത്ത അവസ്ഥയിലും, എന്തെങ്കിലും സഹായം വാഗ്ദാനം ചെയ്യാന്‍ പോലും മനസ്സുകാണിക്കാത്തൊരു സര്‍ക്കാര്‍ കണ്ണീരുകൊണ്ടും രാഷ്ട്രീയം കളിക്കാനുള്ള തിരക്കിലാണ്. അക്കാര്യത്തില്‍ മാത്രമാണ് ഈ സര്‍ക്കാര്‍ നിസ്സംഗത വെടിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്തു പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തര സഹായംപോലും ഇനിയും ബഹുഭൂരിപക്ഷത്തിനും കിട്ടിയിട്ടില്ല. നവകേരള നിര്‍മ്മിതിയുടെ പേരില്‍ പിരിവും പിഴിയലുമല്ലാതെ ഒന്നും നടന്നിട്ടുമില്ല. ഭരണവര്‍ഗ ധൂര്‍ത്തിനിടയിലും ജനങ്ങളുടെ ആവശ്യത്തിനു പണമില്ലെന്ന് വിലപിക്കുന്ന സര്‍ക്കാര്‍തന്നെ പ്രളയ സഹായത്തിനായി കഴിഞ്ഞവര്‍ഷം കിട്ടിയതില്‍ 2,324 കോടിരൂപ ബാങ്കുകളില്‍ സുരക്ഷിത നിക്ഷേപമാക്കി സൂക്ഷിച്ചിരിക്കുകയുമാണ്. ഉരുള്‍പൊട്ടി കേരളം തകരുമ്പോഴും അക്കൗണ്ട് പൊട്ടാതിരിക്കാന്‍ സര്‍ക്കാരിന് നല്ല ശ്രദ്ധയാണ്. 

അവിചാരിതമായെത്തിയ ദുരന്തത്തില്‍ നാടാകെ ഞെട്ടിത്തരിച്ചുപോയെന്ന സത്യം അംഗീകരിക്കുമ്പോള്‍ത്തന്നെ, ഞെട്ടലും നിസ്സംഗതയുമല്ല ഭരണ സംവിധാനത്തിന് ഭൂഷണമെന്നു പറയേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഏറ്റവും ജാഗ്രതയോടെ പ്രവര്‍ത്തനനിരതമാവേണ്ട സമയമാണിത്. മുന്‍കരുതല്‍ എന്നത് പണ്ടേ ഇവിടെ പതിവില്ലാത്തതാണെങ്കിലും ദുരന്തം കണ്‍മുന്നില്‍ കാണുമ്പോഴെങ്കിലും കണ്ണുതുറക്കേണ്ടതല്ലേ? പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന് മുന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും മതിയാവാതെ വന്നപ്പോള്‍ രക്ഷയ്ക്കെത്തിയത് സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകളാണ്. അവര്‍ ജീവന്‍നല്‍കി കുത്തൊഴുക്കിലും മണ്ണിലും ചെളിയിലും കാട്ടിലും മേട്ടിലും ചെയ്ത സേവനത്തിന്റെ ഫലമാണ് കുറെ ജീവനുകളെങ്കിലും രക്ഷപ്പെട്ടത്. സൈന്യത്തിനുപോലും എത്തിപ്പെടാനാവാത്ത ഇടങ്ങളിലും അവര്‍ കടന്നുചെന്നു. അതൊന്നും ദുരിതബാധിതരുടെ രാഷ്ട്രീയച്ചായ്വും മതവും ജാതിയും നോക്കിയിട്ടല്ല. വേദന തിരിച്ചറിയാനുള്ള മനസ്സുള്ളതുകൊണ്ടാണ്. അത്തരക്കാര്‍ക്കുനേരെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ 'കടക്ക് പുറത്ത്' പറയാന്‍ നാവുയര്‍ത്തിയവര്‍, സേവനത്തിനിടെ ജീവന്‍ വെടിഞ്ഞ കോഴിക്കോട്ടെ ലിനു എന്ന ചെറുപ്പക്കാരന്റെ ത്യാഗം അറിഞ്ഞതായിപ്പോലും നടിച്ചില്ല. മരണത്തിനു നിറവും രാഷ്ട്രീയവുമില്ലെന്ന് ഇവര്‍ക്കൊക്കെ ആരാണിനി പറഞ്ഞുകൊടുക്കുക! കേരളത്തിലങ്ങോളമുള്ളവര്‍ തങ്ങളാലാവുന്ന സഹായവുമായി മുന്നോട്ടുവരുന്നത് സര്‍ക്കാരിനെ പേടിച്ചല്ല. അവരുടെ ഉള്ളിലെ നന്മകൊണ്ടാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ അവരേയും ആട്ടിയോടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നാല്‍ ഭാഗ്യം. 

അയല്‍വക്കത്തേയ്ക്കൊന്നു നോക്കൂ സര്‍ക്കാരെ. കേരളത്തിനൊപ്പം ദുരന്തം പെയ്തിറങ്ങിയ കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ സര്‍ക്കാര്‍, വേദന പങ്കിടാന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചുലക്ഷം രൂപവീതമാണ് പ്രഖ്യാപിച്ചത്. പതിനായിരം രൂപവീതം കൊടുത്തുകഴിഞ്ഞു. വീട് താമസയോഗ്യമാകുന്നത് വരെയോ പുത്തന്‍ വീട് ഒരുങ്ങുന്നതുവരെയോ താമസിക്കാന്‍ ഓരോകുടുംബത്തിനും മാസം 5000 രൂപവീതം വാടകയും നല്‍കും. നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടുകില്ലെങ്കിലും ദുരിതത്തിന്റെ വേദനയ്ക്കിടയില്‍ എത്ര ആശ്വാസകരമായിരിക്കും ഈ നടപടികള്‍! ജനവിരുദ്ധര്‍ എന്ന് ഇടതുപക്ഷം അടക്കം അടച്ചാക്ഷേപിക്കുന്ന ബിജെപിയുടെ സര്‍ക്കാരാണ് അവിടെ ഭരിക്കുന്നത്. അവര്‍ക്ക് പക്ഷേ, ജനങ്ങളുടെ മനസ്സും വേദനയും മനസ്സിലാകും. അതിന്റെ ഗുണമാണ് അവിടത്തെ ജനങ്ങള്‍ക്കുകിട്ടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.