സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തലയിടിച്ച് വീണു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Saturday 7 September 2019 12:03 pm IST

സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ജയസൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പൂരം എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിന്നില്‍ പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങളായി സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ക്ഷീണമുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഇതിനിടെയാണ്  വൈകുന്നേരത്തോടെ അദ്ദേഹം തലകറങ്ങി വീണത്. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി. ഓണം കഴിഞ്ഞ് സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്നും ജയസൂര്യ വ്യക്തമാക്കി.

ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിനിടെയാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശൂര്‍ പൂരം എന്ന ചിത്രം അനൗണ്‍സ് ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. തൃശൂര്‍ക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നത്. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ആട് ഒരു ഭീകരജീവിയാണ്. ആട് 2, എന്നിവയായിരുന്നു മറ്റ് സിനിമകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.