അധ്യപകന്റെ പീഡനം; സ്‌കൂള്‍ വിട്ട 13 വിദ്യാര്‍ഥിനികള്‍ തിരികെയെത്തി

Tuesday 3 December 2019 5:37 am IST

മറയൂര്‍: സംഗീത അധ്യാപകന്റെ പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിട്ട 13 വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ മടങ്ങിയെത്തി. വനംവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണിത്. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളാണ് രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളില്‍ തിരികെയെത്തിയത്. 

സംഭവത്തില്‍ വനംവകുപ്പ് ഇടപെട്ട് ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിനികള്‍ മടങ്ങിയെത്തിയത്. അതേസമയം, സ്‌കൂളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഗീത അധ്യാപകനായ നരേന്ദ്രബാബു വനവാസി വിദ്യാര്‍ഥിനികളോട് മോശം പെരുമാറ്റം നടത്തിയതായുള്ള വിവരം പുറത്തായത്. ഏറ്റുമാനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായി. 

മറയൂര്‍, കാന്തല്ലൂര്‍ ഭാഗത്തെ വനവാസി കോളനികളില്‍ നിന്നുള്ള 26 വിദ്യാര്‍ഷഥിനികളാണ് സ്‌കൂളില്‍ നിന്ന് പോയത്. ഇവരില്‍ 12 പേര്‍ പിന്നീട് മടങ്ങിയെങ്കിലും മറ്റുള്ളവര്‍ മടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. ഇതോടെയാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി ഇടപെടുന്നത്. ഇത് പ്രകാരം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ വാഹനത്തില്‍ കുട്ടികളെ ഹോസ്റ്റലിലെത്തിച്ചു. ഇന്ന് മുതല്‍ ഇവര്‍ പഠനം ആരംഭിക്കും. അതേസമയം രക്ഷാകര്‍ത്താവ് സ്ഥലത്തില്ലാതിരുന്നതിനാല്‍ ഒരു കുട്ടി ഇന്നലെ എത്തിയിരുന്നില്ല. ഈ കുട്ടിയെയും ഉടന്‍ സ്‌കൂളിലെത്തിക്കാനാണ് നീക്കം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.