ചിന്തിക്കണം, നേരറിയാന്‍

Tuesday 31 December 2019 5:02 am IST
2015ല്‍ തത്വത്തില്‍ നടപ്പിലാക്കിയ ആനുകൂല്യത്തിന് ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നത് എന്തിന് എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരമില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2005ല്‍ ആസാം പൗരത്വരജിസ്റ്റര്‍ നിര്‍മ്മാണനടപടികള്‍ക്ക് എതിരെയും ഇപ്പോള്‍ ഒരു നടപടിയും ആരംഭിച്ചിട്ടില്ലാത്ത ദേശീയപൗരത്വ രജിസ്റ്റര്‍ നിര്‍മ്മാണത്തിനെതിരെയും പ്രക്ഷോഭമെന്തിന്?

പൗരത്വ നിയമ ഭേദഗതിയേയും, ജനിക്കാത്ത ദേശീയ പൗരത്വരജിസ്റ്ററിനെയും എതിര്‍ക്കുന്നവരുടെ വാദങ്ങളുടെ കഴമ്പ് പരിശോധിക്കാം. അവരുടെ പ്രധാനവാദങ്ങള്‍ ഇങ്ങനെയാണ്: ഒന്ന്:  ഈ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തില്‍ പറയുന്ന സെക്കുലര്‍ സ്വഭാവത്തിനു വിരുദ്ധമാണ്. രണ്ട്:  ഈ നിയമം മുസ്ലീമിനെ വേര്‍തിരിച്ചു വിവേചനപരമായി കാണുകയാല്‍ അത് ഇന്ത്യന്‍ ഭരണഘടനയുടെ 14, 21 അനുഛേദങ്ങള്‍ക്ക് എതിരാണ്.  അതിനാല്‍  ഭരണഘടനാവിരുദ്ധമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രതിപാദിക്കുന്നത് ഇന്ത്യന്‍ പൗരന്മാരെയാണ് ''We the citizen of India'' എന്നാണ് അല്ലാതെ 'We the people found in India'' എന്നല്ല. മേല്‍പ്പറഞ്ഞ ആമുഖത്തിലെ ''സെക്കുലര്‍'' ''സോഷ്യലിസ്റ്റ്'' എന്നീ പദങ്ങള്‍ ഭരണഘടനാ ശില്‍പ്പികള്‍ നമ്മുക്കു തന്ന ഭരണഘടനയില്‍ ഉണ്ടായിരുന്നില്ല. 1977ലെ 42-ാം ഭേദഗതിയിലൂടെ ആമുഖത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടതാണ്. പല വിധിന്യായങ്ങളിലും സുപ്രീംകോടതി ആമുഖത്തിന്റെയും ആയതിലെ 'സെക്കുലര്‍' 'സോഷ്യലിസ്റ്റ്' എന്നീ പദങ്ങളുടെയും അര്‍ത്ഥമെന്താണെന്ന് വിശദീകരണം നല്‍കിയിട്ടുണ്ട്. സെക്കുലര്‍ എന്ന പദം ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ വളരെയേറെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും  സങ്കുചിതതാല്പര്യങ്ങള്‍ സ്ഥാപിച്ച് എടുക്കുന്നതിന് പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതുമാണ്. സെക്കുലര്‍ രാഷ്ട്രം എന്നാല്‍ മതമില്ലായ്മ അല്ല. മതപോഷണമല്ല. മതം സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലോ ഭരണത്തിലോ സ്വാധീനം ചെലുത്താത്ത അവസ്ഥയാണ്. ഇന്ത്യയിലെ പൗരന്മാരായ എല്ലാ മതവിഭാഗക്കാര്‍ക്കും പൗരത്വനിയമത്തിലുള്ള തുല്യത ഭേദഗതി കൊണ്ടു ഒരിക്കലും നഷ്ടമാകുന്നില്ല എന്നതാണു വാസ്തവം. ഒരു നിയമനിര്‍മ്മാണത്തില്‍ വിവേചനം നിശ്ചയിക്കുമ്പോഴും, 14, 21 എന്നീ അനുഛേദങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചനത്തെ വ്യാഖ്യാനിക്കുമ്പോഴും പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങള്‍ വ്യത്യസ്ഥമാണെന്ന് കാണാം. അതായത് വിവേചനം പാടില്ല എന്നതല്ല. വിവേചനം സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍ ആയതിനു മതിയായ അടിസ്ഥാനവും സാധൂകരണവും ഉണ്ടായിരിക്കണമെന്നു മാത്രമാണ് ഭരണഘടനാതത്വം. ഈ ഭേദഗതി നിയമം ഇന്ത്യയിലെ പൗരന്മാരായ മുസ്ലീംങ്ങള്‍ക്ക് ബാധകമല്ലാത്തതുകൊണ്ട് അവരുടെ പൗരത്വാവകാശത്തെ ഭേദഗതി ഒരുവിധത്തിലും ബാധിക്കുന്നില്ല. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍പ്പോലും മറ്റൊരു രാജ്യത്തുനിന്നും അംഗീകൃതമാര്‍ഗ്ഗത്തിലൂടെ ഇന്ത്യയില്‍ വന്നശേഷം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. അപ്രകാരം അന്യരാജ്യപ്രജകളായിരുന്ന അനേകം മുസ്ലീം മതസ്ഥര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കിയിട്ടുണ്ട്. പിന്നെ ആര്‍ക്കുവേണ്ടിയാണ് പ്രക്ഷോഭം? ആരുടെ താല്‍പര്യം സംരക്ഷിക്കാനുള്ളതാണ് പ്രക്ഷോഭം? പ്രക്ഷോഭകര്‍ ഇതിനുത്തരം നല്‍കാന്‍ താല്‍പര്യം കാണിക്കുന്നില്ല. പ്രക്ഷോഭകര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്ന് മതരാഷ്ട്രത്തിന്റെ എല്ലാ ലാളനകള്‍ അനുഭവിക്കുമ്പോഴും ഇന്ത്യയിലേക്ക് വിവിധ ഉദ്ദേശ്യങ്ങള്‍ ലക്ഷ്യങ്ങളോടെ നുഴഞ്ഞു കയറി ഇന്ത്യയില്‍ വിധ്വംസക- ഭീകര പ്രവര്‍ത്തനം വരെ നടത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കും  ഭേദഗതിയില്‍ പറയുന്ന ആനുകൂല്യം നല്‍കി ഇന്ത്യയില്‍ പൗരത്വം നല്‍കി അധിവസിക്കപ്പെടണമെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇരയ്ക്കും വേട്ടക്കാരനും തുല്യ പരിഗണന നല്‍കണം എന്നര്‍ത്ഥം. ഇത് അംഗീകരിച്ചാല്‍ ഭേദഗതിയുടെ പ്രസക്തിയും അന്തഃസത്തയും നഷ്ടമാവുകയും ഭേദഗതി തന്നെ അപ്രസക്തമാവുകയും ചെയ്യും. മതപീഡനംകൊണ്ട് ഇന്ത്യയില്‍ അഭയം തേടിയ ഇതരമതക്കാരെ ഇന്ത്യയിലും വെറുതെ വിടാന്‍ മനസ്സില്ലെന്നുചുരുക്കം.

 ആസാം കരാര്‍ ഒപ്പുവച്ചത് ഇന്നു പ്രക്ഷോഭം നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ്. ആസാമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുവാന്‍ വിധിച്ചതും അതിനു മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിച്ചതും സുപ്രീം കോടതിയാണ്. അതിന്റെ പിന്‍ബലത്തില്‍ ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുവാന്‍ 2003 ല്‍ ചട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.

ഭേദഗതിയില്‍ അനധികൃതകുടിയേറ്റക്കാരല്ലാതെ കണക്കാക്കണം എന്നു വിവക്ഷിച്ച ആറുമതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു എന്ന പ്രചാരണവും വാസ്തവമല്ല. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുമുള്ള അടിസ്ഥാന തടസ്സംമാത്രമാണ് നീക്കം ചെയ്തിട്ടുള്ളത്. ആയതിനും രണ്ടുവ്യവസ്ഥകള്‍ പാലിച്ചിരിക്കണം. (1) അവര്‍ മേല്‍പ്പറഞ്ഞ ഇസ്ലാം മതരാഷ്ട്രങ്ങളില്‍ ന്യൂനപക്ഷമായിരിക്കണം (2) അവര്‍ മതപരമായ  വിവേചനത്താലും മതപീഡനത്താലും ഇന്ത്യയിലേക്കു കടന്നുകയറിയവരായിരിക്കണം. ഇത് ഏതിന്റെയൊക്കെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും, ഏത് അധികാരി തീരുമാനിക്കുമെന്നും ഇനി ചട്ടങ്ങള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ അറിയുവാന്‍ കഴിയൂ. അപ്പോള്‍ മാത്രമേ ആരോപണത്തില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കാന്‍ പോലും സാധിക്കുകയുള്ളൂ. ഇനി പ്രക്ഷോഭകര്‍ ആവശ്യപ്പടുംപോലെ മുസ്ലീം മതസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാലും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ അവര്‍ക്ക് ഒരിക്കലും ബാധകമല്ലാത്തതിനാല്‍ ഒരു കാരണവശാലും ഭേദഗതിയുടെ ആനുകൂല്യം അവര്‍ക്ക് ലഭിക്കില്ല. നോട്ടുനിരോധനം, മുത്തലാഖ് ക്രിമിനല്‍വല്‍ക്കരണം, കാശ്മീര്‍വിഭജനം, ഭരണഘടനയിലെ അനുഛേദം 370, 35 അ എന്നിവ നീക്കം ചെയ്യല്‍ തുടങ്ങിയവയും അവസാനമായി അയോദ്ധ്യാവിധിയും ഇന്ത്യയിലെ സമാധാനപ്രിയരായ സാധാരണ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിന് തല്‍പ്പരകക്ഷികള്‍ ദുരുപയോഗം ചെയ്‌തോ എന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലീമിനെ ബാധിക്കാത്ത ഈ ഭേദഗതിക്കെതിരെയും പൗരത്വരജിസ്റ്ററിന് എതിരെയും മുസ്ലീംങ്ങളെ, പ്രത്യേകിച്ച് യുവതീയുവാക്കളെ സമരമുഖത്ത് എത്തിക്കാന്‍ കഴിയുമായിരുന്നില്ല.

2015ല്‍ തത്വത്തില്‍ നടപ്പിലാക്കിയ ആനുകൂല്യത്തിന് ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നത് എന്തിന് എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരമില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2005ല്‍ ആസാം പൗരത്വരജിസ്റ്റര്‍ നിര്‍മ്മാണനടപടികള്‍ക്ക് എതിരെയും ഇപ്പോള്‍ ഒരു നടപടിയും ആരംഭിച്ചിട്ടില്ലാത്ത ദേശീയപൗരത്വ രജിസ്റ്റര്‍ നിര്‍മ്മാണത്തിനെതിരെയും പ്രക്ഷോഭമെന്തിന്? ഇന്ന് ഇന്ത്യന്‍ പൗരന്മാരായി കഴിയുന്നവര്‍ ദേശീയ പൗരത്വരജിസ്റ്ററിനെ എതിര്‍ക്കുന്നതെന്തിന് ? ഭരണഘടന വിഭാവനം ചെയ്യുന്ന കോമണ്‍ സിവില്‍ കോഡിനെപ്പറ്റി ആലോചിക്കാന്‍ പോലും സമ്മതിക്കാത്തവര്‍ ഭരണഘടന നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രേരകശക്തികള്‍ ആരാണെന്ന് ഓരോ ഇന്ത്യന്‍ പൗരനും ചിന്തിക്കാന്‍ സമയമായി. ഇല്ലെങ്കില്‍ കാലിക്കൂട്ടം പോലെ പ്രക്ഷോഭകര്‍ നയിക്കുന്ന വഴിയെ വഴിതെറ്റി അലയേണ്ടിവരും; ഒരിക്കലും നേരറിയാതെ.

(അവസാനിച്ചു)

(ഹൈക്കോടതി അഭിഭാഷകനാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.