ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് സെനഗല്‍, നൈജീരിയ സെമിയില്‍

Friday 12 July 2019 2:04 am IST

കെയ്‌റോ: സെനഗല്‍, നൈജീരിയ ടീമുകള്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ സെമിയില്‍. സെനഗല്‍ 1-0ന് ബെനിനെയും നൈജീരിയ 2-1ന് ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് അവസാന നാലിലൊന്നായത്.

ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ നൈജീരിയ 27-ാം മിനിറ്റില്‍ സാമുവല്‍ ചുക്വീസിയിലൂടെ ലീഡ് എടുത്തു.  തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടക്കത്തിലെ ആലസ്യത്തിനുശേഷം കളിയിലേക്ക് തിരിച്ചുവന്ന ദഷിണാഫ്രിക്കയും മികച്ച പ്രകടനം നടത്തിയതോടെ കളി ആവേശകരമായി. എങ്കിലും ആദ്യപകുതിയില്‍ സമനില ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഇതോടെ ആദ്യപകുതിയില്‍ നൈജീരിയ 1-0ന് മുന്നില്‍. 

രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കൂടുതല്‍ ഒത്തൊരുമ കാണിച്ചു. ഇതിന് 71-ാം മിനിറ്റില്‍ ഫലം കണ്ടു. നല്ലൊരു ഹെഡ്ഡറിലൂടെ ബൊന്‍ഗാനി സുംഗു ദക്ഷിണാഫ്രിക്കായി സമനില നേടി. ആയിരുന്നു ഗോള്‍ നേടിയത്. പിന്നീടും ദക്ഷിണാഫ്രിക്ക തന്നെ കളി നിയന്ത്രിച്ചെങ്കിലും അവസാന നിമിഷം നൈജീരിയ വിജയ ഗോള്‍ നേടി. ട്രൂസ്റ്റ് ഇകോങ് ആയിരുന്നു വിജയ ഗോള്‍ നേടിയത്. ഐവറി കോസ്റ്റും അള്‍ജീരിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് സെമിയില്‍ നൈജീരിയയുടെ എതിരാളികള്‍.

ബെനിന്‍സിനെതിരായ മത്സരത്തില്‍ 69-ാം മിനിറ്റില്‍ ഇഡ്രിസ്സ ഗുയെ നേടിയ ഏക ഗോളിന് വിജയിച്ചാണ് സെനഗല്‍ സെമിയിലെത്തിയത്. മഡഗാസ്‌കര്‍-ടുണീഷ്യ മത്സര വിജയികളാണ് സെമിയില്‍ സെനഗലിന്റെ എതിരാളികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.