മുഖ്യമന്ത്രിക്ക് പിന്നാലെ വിദേശ യാത്രക്കൊരുങ്ങി കുട്ടി സഖാക്കളും; ധൂര്‍ത്തിനുള്ള പണം ഖജനാവില്‍ നിന്ന് നല്‍കുന്നത് എസ്എഫ്‌ഐ നേതാക്കളുടെ നേതൃപാടവം മെച്ചപ്പെടുത്താനെന്ന പേരില്‍

Monday 9 December 2019 5:48 pm IST
എഴുപത് സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെയാണ് സര്‍ക്കാര്‍ നേതൃപാടവത്തിനായി വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നത്. ഇതില്‍ ഭൂരിഭാഗവും എസ്എഫ്‌ഐ നേതാക്കളാണ്.

തിരുവനന്തപുരം: നേതൃത്വ പാടവം മെച്ചപ്പെടുത്താന്‍ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ നേതൃപാടവത്തിനായി സര്‍ക്കാര്‍ ചെലവില്‍ എസ്എഫ്‌ഐ നേതാക്കളെ ലണ്ടനിലേക്ക് അയക്കാന്‍ പിണറായിയും സംഘവും. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രക്ക് ശേഷം തിരിച്ചെത്തിയതേയുള്ളു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്‌ക്കൊരുങ്ങുന്നത്. 

എഴുപത് സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെയാണ് സര്‍ക്കാര്‍ നേതൃപാടവത്തിനായി വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നത്. ഇതില്‍ ഭൂരിഭാഗവും എസ്എഫ്‌ഐ നേതാക്കളാണ്. മേമ്പൊടിക്ക് മറ്റ് വിദ്യാര്‍ത്ഥി യൂണിയനില്‍പ്പെട്ടവരുമുണ്ട്. ലണ്ടനിലാണ് പരിശീലനം. അടുത്തമാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കി. 

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് അയക്കുന്നത്. നേരത്തെ പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയപ്പോള്‍ തന്നെ സംഭവം വിവാദമായിരുന്നു. കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പാസ്‌പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് വകുപ്പ് നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ലെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര. കലാലയ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കുട്ടി സഖാക്കളാണ് വിദേശത്ത് പോയി നേതൃപാടവം അഭ്യാസിച്ച് നന്നാകാനൊരുങ്ങുന്നത്. കണ്ടറിയണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.