ആഗോള നിക്ഷേപക സംഗമം എന്ന പ്രഹസനം

Thursday 9 January 2020 6:09 am IST

കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം (അസെന്റ് 2020) നടക്കുകയാണ്. കേരളത്തിലെ ഹോട്ടലുകളും, കടകളും അടച്ചിട്ട്, ഗതാഗതം തടസ്സപ്പെടുത്തി ഹര്‍ത്താല്‍ പ്രതീതിയില്‍ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട പണിമുടക്ക് നടന്നതാവട്ടെ ഇന്നലെയും. കേരളത്തില്‍ നിക്ഷേപ പ്രതീക്ഷ വച്ചുപുലര്‍ത്തി എത്തിയിട്ടുള്ളവര്‍ക്ക് എന്ത് സൂചനയാണ് അത് നല്‍കിയിട്ടുണ്ടാവുക എന്നും ചിന്തിക്കണം. ജനുവരി പതിനൊന്നിനാകട്ടെ മരടിലെ ഫഌറ്റ് പൊളിക്കല്‍ മഹോത്സവവും. ഇതിനിടെയാണ് സംസ്ഥാനത്തെ പ്രമുഖ വ്യവസായിയായ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടക്ക് നേരെ നടന്ന ആക്രമം. നിക്ഷേപക സംഗമത്തിന് എത്തിയവരെ ഇതെല്ലാം തീര്‍ച്ചയായും നിരാശപ്പെടുത്തും. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ആഗോള നിക്ഷേപക സംഗമത്തെ വിലയിരുത്തേണ്ടത്. 

പെട്രോ കെമിക്കല്‍, ലൈഫ് സയന്‍സ്, ഇലക്ട്രോണിക്സ്, ലൈറ്റ് എഞ്ചിനിയറിങ്, ഭക്ഷ്യ സംസ്‌കരണം, പ്രതിരോധം തുടങ്ങിയവയെ കേരളത്തിലെ നിക്ഷേപ സാധ്യതാ മേഖലകളായാണ് സര്‍ക്കാര്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് ആരംഭിക്കുന്ന പാര്‍ക്കുകളില്‍  പ്രവാസികള്‍ക്ക് മുതല്‍ മുടക്കാന്‍ വേണ്ടിയാണ് ജനുവരി ഒമ്പതിനും പത്തിനും കൊച്ചിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് (അസെന്റ് 2020) നടത്തുന്നത്.

ചേര്‍ത്തലയില്‍ മറൈന്‍ ഫുഡ് പാര്‍ക്കിലും പാലക്കാട്ട് ലൈറ്റ് എഞ്ചിനിയറിങ് പാര്‍ക്കിലും  തിരുവനന്തപുരത്ത് തോന്നയ്ക്കലില്‍ സ്ഥിതി ചെയ്യുന്ന,  പൂര്‍ത്തീകരിക്കാത്ത,  ലൈഫ് സയന്‍സ് പാര്‍ക്കിലും പാലക്കാട്  പണി പൂര്‍ത്തികരിക്കാത്ത ഡിഫന്‍സ് പാര്‍ക്കിലും  തിരുവനന്തപുരത്ത് കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലും  നിക്ഷേപ അവസരമുണ്ടാകുമെന്നാണ് കേരള സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന ഉറപ്പ്.

ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് മേഖലയില്‍ ഡിപി വേള്‍ഡ് 3500 കോടി രൂപയുടെയും ലുലു ഗ്രൂപ്പ് ചില്ലറ വില്‍പ്പന മേഖലയില്‍ 1500 കോടിയുടേയും ആസ്റ്റര്‍ ഗ്രൂപ്പ് ആരോഗ്യമേഖലയില്‍ 500 കോടിയുടേയും ആര്‍പി ഗ്രൂപ്പ് ടൂറിസം മേഖലയില്‍ 1000 കോടിയുടേയും നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുന്നത്. ഇത് മുഖ്യമന്ത്രിയുടെ തോഴന്മാര്‍ക്ക് വേണ്ടിയുള്ള ചില സൗജന്യങ്ങള്‍ ഒരൂക്കിക്കൊടുക്കല്‍ ആണന്ന ആരോപണവും നിലവിലുണ്ട്. ആന്തൂരിലെ സാജന്റെ മരണത്തിന്റെ കാര്യവും കാരണവും രാഷ്ട്രീയ കേരളത്തില്‍ ഇന്നും അവശേഷിക്കുന്നു എന്നതും ഇവിടെ പ്രസക്തമാണ്.

ജനുവരി പതിനൊന്നിന് രാവിലെ മരടിലെ സ്‌ഫോടനമാണ്. അതിസങ്കീര്‍ണമായ നിയമ നടപടികളിലൂടെ കടന്നുപോയ ഫഌറ്റ് വിവാദത്തിലെ യഥാര്‍ഥ പ്രതികള്‍ ഇടത്പക്ഷം ഭരിച്ച ഗ്രാമപഞ്ചായത്ത് തന്നെയാണെന്നാണ് കേസിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. തീരദേശ പരിപാലന നിയമപ്രകാരം മരടിന്റെ സ്ഥാനമെവിടെയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താത്ത സംസ്ഥാന സര്‍ക്കാരിനും ഇതില്‍ പങ്കുണ്ട്.

1986 ല്‍ പാര്‍ലമെന്റ് പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം എല്ലാ സംസ്ഥാനങ്ങളും അവരവരുടെ തീരദേശത്തെ സോണ്‍ 1, 2, 3 എന്നിങ്ങനെ വിഭജിച്ച് ഇീമേെമഹ ദീില ങമിമഴലാലി േജഹമി നടപ്പാക്കണം. സോണ്‍ 2 ലെ സ്ഥലങ്ങളില്‍ ഉപാധികളോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. സോണ്‍ ഒന്നിലും സോണ്‍ 3ലും  നിര്‍മാണ പ്രവര്‍ത്തനം പാടില്ല. മരടില്‍ സംഭവിച്ചത് രാഷ്ട്രീയ അഴിമതിയാണ്. 

കെടുകാര്യസ്ഥതയുടെയും നിയമലംഘനത്തിന്റെയും പുകയും പൊടിയും മരടിലുയരുന്നതും സംഗമത്തിനെത്തുന്നവര്‍ കാണും. ദേശവ്യാപകമായി നടത്തിയ പണിമുടക്കില്‍ കേരളം മാത്രം നിശ്ചലമായതും നിക്ഷേപര്‍ക്ക്  എന്ത് സൂചനയാണ് നല്‍കുക? നിക്ഷേപക സംഗമത്തിന് കേരളത്തിലെത്തിയ വ്യവസായികള്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്ന കാര്യത്തില്‍ രണ്ടാമതൊന്നു കൂടി ചിന്തിക്കില്ല എന്ന് എന്താണുറപ്പ്.ഇതിലും വലിയ തിരിച്ചടിയാണ് വ്യവസായികള്‍ക്കെതിരെയുള്ള ആക്രമവും ആത്മഹത്യയും. ഇവിടെ നിക്ഷേപം നടത്താന്‍ പറ്റിയ സ്ഥലമല്ല എന്നു നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ ഉപകരിക്കുന്ന വിധത്തിലാണ് കേരളത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.

ഇതിനിടയിലാണ് സംസ്ഥാനത്തെ പ്രമുഖ വ്യവസായിയായ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടക്ക് നേരെ നടന്ന ആക്രമം. കല്ലേറില്‍ അദ്ദേഹത്തിനും പരിക്കേറ്റു. പണമുള്ള മാനേജ്‌മെന്റിന് എന്തുമാകാമെന്ന നിലപാടിന് മറുപടി നല്‍കും എന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞതിന് പിന്നാലെയാണ് ആക്രമം.

611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലുമായി 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്. മുത്തൂറ്റ് ഫിനാന്‍സ് 28% ഓഹരികള്‍ പൊതുജനങ്ങളുടെ പക്കലുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആണ്. ഈ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് വളര്‍ച്ച മുരടിച്ചതും, ലാഭകരമല്ലാത്തതാമായ 43 ശാഖകള്‍ അടയ്ക്കുവാനും ഇടയായത്. 2016-ല്‍ കേരളത്തിലെ ശാഖകളില്‍ 2650 കോടി രൂപയുടെ ബിസിനസ്സ് ഉണ്ടായിരുന്നത് തുടര്‍ച്ചയായി ഉണ്ടായ സമരങ്ങള്‍ മൂലം കഴിഞ്ഞ  മൂന്ന് വര്‍ഷമായി ,ബിസിനസ്സ് കുറഞ്ഞ്, 1200 കോടി രൂപ എന്ന അവസ്ഥയിലെത്തി.  കേരളത്തിലെ ശാഖകളുടെ ശരാശരി ബിസിനസ് രണ്ട് കോടി രൂപയായി കുറഞ്ഞപ്പോള്‍ കേരളത്തിന് പുറത്തുള്ള ശാഖകളുടെ ബിസിനസ്സ് ശരാശരി 9 കോടിയായി ഉയരുകയും ചെയ്തു. കമ്പനിയുടെ ആകെയുള്ള 37,500 കോടി രൂപയുടെ ബിസിനസ്സില്‍ കേരളത്തിന്റെ ഓഹരി വെറും 1,200 കോടി രൂപ (കേവലം 3%) മാത്രമാണ്.രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങള്‍ ചെയ്യാതെയും, പാര്‍ട്ടി സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസവും അനാവശ്യ സമരവും കേരളത്തെ പിന്നോട്ട് നയിക്കുന്നു. ഈ സാഹചര്യത്തില്‍ നിക്ഷേപ സംഗമമെന്ന തൊലിപ്പുറത്തെ ചികിത്സയല്ല ആവശ്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.