കാര്‍ഷിക രംഗത്തും വേണം മെയ്ക്ക് ഇന്‍ ഇന്ത്യ

Friday 28 June 2019 3:39 am IST
വ്യാവസായിക മേഖലയിലെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി കാര്‍ഷികമേഖലയിലും വ്യാപിപ്പിക്കണം. കര്‍ഷകരില്‍ വലിയ വിഭാഗത്തെ, അതുവഴി കാര്‍ഷിക-വ്യാവസായിക രംഗത്തേക്ക് മാറ്റിക്കൊണ്ടു പോകാനാകും. ഇതുമൂലം അടിസ്ഥാന കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകരുടെ എണ്ണം കുറയും. കാര്‍ഷിക അനുബന്ധ വ്യവസായങ്ങളിലെ വലിയൊരു വിഭാഗത്തിന് സ്ഥിരമായ തൊഴില്‍ ലഭിക്കുകയും ചെയ്യും.

നിലവില്‍ ഇന്ത്യയിലെ 60 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ നിലനില്‍ക്കുന്നവരാണ്. ഇത് ക്രമാതീതമായി ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനമാക്കി കുറക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം കാര്‍ഷികമേഖലയില്‍നിന്നുള്ള ആഭ്യന്തര മൊത്തവരുമാനത്തിന്റെ വിഹിതം 25 ശതമാനമായി വര്‍ദ്ധിപ്പിക്കുകയും വേണം. 

എങ്ങനെ സാധിക്കും 60ല്‍നിന്ന് 25 ശതമാനത്തിലേയ്ക്കുള്ള ഈ ഇറക്കം? അതിന് വഴിയുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന വ്യവസായസംരംഭങ്ങള്‍ തുടങ്ങണം. ഉദാഹരണത്തിന്-നാളികേരം. നാളികേരത്തില്‍നിന്ന് വെളിച്ചെണ്ണ മാത്രമാണ് പ്രധാനമായും എടുക്കുന്നത്. അതിനുപകരം സാങ്കേതികമായി കണ്ടെത്തിയിട്ടുള്ളതുപോലെ നൂറില്‍പരം ഉല്‍പന്നങ്ങള്‍ നാളികേരത്തില്‍നിന്ന് ഉല്‍പാദിപ്പിക്കാം. കറികളില്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ തേങ്ങാപാല്‍, തേങ്ങാപ്പൊടി തുടങ്ങിയ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാമെന്ന് പലരാജ്യങ്ങളും പഠിപ്പിക്കുന്നു. മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉണ്ടാക്കുമ്പോള്‍ അതിനുവേണ്ടി വരുന്ന തൊഴിലാളികളെയും, അവരുടെ കുടുംബങ്ങളെയും ഇത്തരം മൂല്യവര്‍ദ്ധിത വസ്തുക്കളുടെ മേഖലയിലേക്ക് മാറ്റികൊണ്ടുവരണം.  

ഇതിനായി അന്തര്‍ദേശീയ വിശകലനം നടത്തണം. ഏതെല്ലാം ഉല്‍പന്നങ്ങള്‍ക്കാണ് രാജ്യങ്ങളില്‍ ആവശ്യക്കാരുള്ളതെന്നും, വിലനിലവാരത്തിലും ഗുണമേന്മയിലും എവിടെ നില്‍ക്കുന്നെന്നും കൃത്യമായി മനസ്സിലാക്കണം. അവര്‍ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ മത്സരാധിഷ്ഠിതമായ വിലയില്‍ തയ്യാറാക്കുകയാണ് ആധുനികവല്‍ക്കരണത്തിലൂടെ കാര്‍ഷികമേഖലയില്‍ നടക്കേണ്ടത്. നമ്മുടെ നാട്ടിലുണ്ടാകുന്ന മാങ്ങ, അച്ചാറായും പിന്നീട് മാമ്പഴമായും ഉപയോഗിക്കപ്പെടുന്നു. ഇതില്‍നിന്നും ഇന്ത്യന്‍ കമ്പോളത്തിലേയ്ക്കും വിദേശ കമ്പോളത്തിലേയ്ക്കും കൊടുക്കാവുന്ന ജ്യൂസുകളും, മാമ്പഴസത്തുകളും, ഉണക്കിയ മാമ്പഴ വിഭവങ്ങളുമെല്ലാം വലിയരീതിയില്‍ തൊഴിലിന് വഴിതുറക്കും. വിവിധയിനം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും കമ്പോളങ്ങള്‍ പിടിച്ചെടുക്കാനും ഇതുസഹായിക്കും. ഓരോയിനം കാര്‍ഷികോല്‍പന്നത്തിന്റെയും വൈവിധ്യവല്‍ക്കരണം സാങ്കേതികമായി ശരിയാക്കി, ചെറുകിട കര്‍ഷകനെപോലും ആ കമ്പോളത്തിലേയ്ക്ക് എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഈ വിധത്തില്‍ ഓരോ കാര്‍ഷികോല്‍പന്നത്തില്‍നിന്നും മൂല്യവര്‍ദ്ധിത വസ്തുക്കള്‍ അതാത് മേഖലയില്‍തന്നെ ഉല്‍പാദിപ്പിച്ച് ആഗോളമാര്‍ക്കറ്റുകളിലും, ഇന്ത്യന്‍ മാര്‍ക്കറ്റിലും വിതരണം നടത്തണം. സാമാനേ്യന സന്തുലിതമായ വിലനിലവാരവും അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് വൈവിധ്യങ്ങളായ ഉല്‍പന്നങ്ങളും സ്ഥിരതയാര്‍ന്ന വിലയില്‍ ലഭ്യമാകും. 

138 കോടിയോളം ജനങ്ങളുള്ള ഇന്ത്യയില്‍ പല്ലിട കുത്താനുള്ള ടൂത്ത്പിക്കുകള്‍ പോലും ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്നുവെന്നത് നാണക്കേടാണ്. വ്യാവസായിക മേഖലയിലെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി കാര്‍ഷികമേഖലയിലും വ്യാപിപ്പിക്കണം. ഇതിലൂടെ കര്‍ഷകരില്‍ വലിയ വിഭാഗത്തെ കാര്‍ഷിക-വ്യാവസായിക രംഗത്തേക്ക് മാറ്റിക്കൊണ്ടുപോകാനാകും. ഇതുമൂലം അടിസ്ഥാന കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകരുടെ എണ്ണം കുറയും. സ്ഥിരമായി തൊഴില്‍ ലഭിക്കുന്ന കാര്‍ഷിക അനുബന്ധ വ്യവസായങ്ങളിലെ വലിയൊരു വിഭാഗത്തിന് സ്ഥിരമായ തൊഴില്‍ ലഭിക്കുകയും ചെയ്യും.  ഈ വിധത്തിലുള്ള സാങ്കേതികവും ലോക മാര്‍ക്കറ്റ് ഡിമാന്റുകള്‍ അനുസരിച്ചുള്ളതും, ഭാരതത്തിലെ വിവിധ മേഖലകള്‍ അനുസരിച്ചുള്ളതുമായ വിധത്തില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് മാര്‍ക്കറ്റുകളിലേക്ക് അയക്കുയാണ് കാര്‍ഷിക പ്രതിസന്ധി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടുന്നതിനുള്ള പ്രതിവിധി. ജൈവകാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ ആവശ്യം ഏറിവരുന്ന കാലമായതുകൊണ്ട് അത്തരം രംഗങ്ങളിലും പ്രാമുഖ്യം നല്‍കുന്നത് കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമായിരിക്കും. വിപണി കണ്ടെത്തണം. ഏതെല്ലാം സമയങ്ങളില്‍ ഏതെല്ലാം കാര്‍ഷിക ഉല്‍ന്നങ്ങള്‍, ഏതെല്ലാം വിപണികളില്‍ ആവശ്യമുണ്ടെന്ന് കൃത്യമായി കണക്കെടുക്കണം. അതനുസരിച്ച് ഉല്‍പാദന മേഖലകളില്‍ നിര്‍ദേശാനുസരണം മാത്രം കൃഷി നടപ്പാക്കണം. ഉല്‍പന്നങ്ങള്‍ ദീര്‍ഘനാളത്തേക്ക് സൂക്ഷിക്കാവുന്ന സ്റ്റോറേജുകള്‍ ഉണ്ടാക്കുകയും കാര്‍ഷികോല്‍പന്നങ്ങളില്‍നിന്ന് മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ആത്മഹത്യയില്‍നിന്ന് രക്ഷപ്പെടാനാകൂ. മറ്റെല്ലാ സഹായങ്ങളും താല്‍ക്കാലികം മാത്രമായിരിക്കും.  

2017-18ലെ ഇക്കണോമിക് സര്‍വെ അനുസരിച്ച് 50 ശതമാനത്തിലധികം ജനങ്ങള്‍ തൊഴിലെടുക്കുന്നത് കൃഷിയിലാണ്. പക്ഷേ, ഇന്ത്യയുടെ ആഭ്യന്തര മൊത്തവരുമാനത്തിന്റെ 17, 18 ശതമാനം മാത്രമെ കൃഷിയില്‍നിന്ന് ഉണ്ടാകുന്നുള്ളൂ. ട്രാക്റ്ററുകളുടെ കൂടുതല്‍ വില്‍പന കൃഷി കൂടുതല്‍ യന്ത്രവല്‍ക്കരിക്കുന്നതിന്റെ സൂചനയാണ്.  ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് 2001ല്‍ 58.12 ശതമാനം പേര്‍ കാര്‍ഷികവൃത്തിയില്‍ തൊഴില്‍ എടുത്തിരുന്നുവെങ്കില്‍ 2050 ആകുമ്പോള്‍ ഇത് 25.7 ശതമാനമാകും. അഗ്രികള്‍ച്ചര്‍, ഗവേഷണം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള തുക 2010-11ല്‍ 5393 കോടി രൂപയായിരുന്നത് 2017-18ല്‍ 6800 കോടിയായി. ഗ്രാമങ്ങളില്‍നിന്ന് പുരുഷന്മാര്‍ വലിയ തോതില്‍ നഗരങ്ങളിലേയ്ക്ക് കുടിയേറുന്നതുമൂലം കാര്‍ഷിക വൃത്തിയില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടിവരുന്നു. ആഗോളതലത്തില്‍തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും പ്രാദേശികമായ കാര്‍ഷിക/ജൈവ സുരക്ഷിതത്വത്തിലും സ്ത്രീകള്‍ക്ക് വലിയപങ്കാണ് കണ്ടുവരുന്നത്.

അമേരിക്കന്‍ ഐക്യനാടുകളുടെ കണക്കെടുത്താല്‍ 2 ശതമാനം ജനങ്ങള്‍ മാത്രമാണ് നേരിട്ട് കൃഷി ചെയ്യുന്നത്. അമേരിക്കയില്‍ 2007ല്‍ തന്നെ 2.2 ദശലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ (37,30,000 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ ശരാശരി 169 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ളവ) പ്രവര്‍ത്തിക്കുന്നു. ഈ വിസ്തൃതിതന്നെ ഇന്ത്യാരാജ്യത്തിന്റെ മൊത്തംവിസ്തൃതിയെക്കാള്‍ 5 ലക്ഷം സ്‌ക്വയര്‍ കിലോമിറ്റര്‍ കൂടുതലാണെന്ന് കാണാം. ലോകമാകെ കണക്കെടുക്കുമ്പോള്‍ ലോകജനസംഖ്യയുടെ 60 ശതമാനത്തോളം ആളുകള്‍ ഇപ്പോഴും ജീവിതം നയിക്കുന്നത് കൃഷിയെ ആസ്പദമാക്കിയാണ്. അമേരിക്കയുടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 5.5 ശതമാനത്തോളം, ഏകദേശം ഒരു ട്രില്യന്‍ ഡോളര്‍ കൃഷിയില്‍നിന്നാണ് ഉണ്ടാകുന്നത്. മത്സ്യബന്ധനം, വനവിഭവങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് അമേരിക്കയുടെ കൃഷിസംബന്ധമായ സാമ്പത്തിക വ്യവസ്ഥ. 2017ല്‍ 11 ശതമാനം അമേരിക്കക്കാര്‍ക്ക് ജോലിനല്‍കിയത് കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ്. അതിലേറ്റവുമധികം ഭക്ഷണം നല്‍കല്‍, ഭക്ഷണശാലകള്‍ എന്നിവയാണ്. കൃഷി മാത്രമായി ആഭ്യന്തര മൊത്തവരുമാനത്തിന്റെ 1.3 ശതമാനവും നല്‍കുന്നു. 2 ശതമാനം ജനങ്ങള്‍ക്ക് 5.5 ശതമാനം ആഭ്യന്തരമൊത്ത ഉല്‍പാദനം ഉണ്ടാകുന്നു എന്നര്‍ത്ഥം. ഭാരതത്തില്‍ ഏകദേശം 52 ശതമാനം ജനങ്ങള്‍ക്ക് 17 ശതമാനം മാത്രം ആഭ്യന്തര മൊത്ത ഉല്‍പാദനം ഉണ്ടാകുന്ന സ്ഥാനത്താണിത്.

ചൈനയിലാകട്ടെ, മൊത്തം തൊഴില്‍ മേഖലയിലെ 17.5 ശതമാനമാണ് കൃഷിമേഖല നല്‍കുന്നത്. ഇസ്രായേലില്‍ 1 ശതമാനം തൊഴില്‍ കൃഷി നല്‍കുന്നു. ഇസ്രായേല്‍ അസംസ്‌കൃത വസ്തുക്കള്‍, പെട്രോളിയം പദാര്‍ത്ഥങ്ങള്‍, ഗോതമ്പ്, വാഹനങ്ങള്‍ തുടങ്ങിയ മിക്കവാറും സാധനങ്ങള്‍  ഇറക്കുമതി ചെയ്താണ് അവരുടെ വ്യാവസായിക ആവശ്യങ്ങളും നിറവേറ്റുന്നത്. ഇസ്രായേലിലെ ഗുണമേന്മയേറിയ വിദ്യാഭ്യാസ സമ്പ്രദായവും അതുല്യമികവുള്ള ജനങ്ങളുമാണ് സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങള്‍. 2010-11ലെ എന്‍എസ്എസ്ഒ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ശരാശരി കൃഷിയിടത്തിന്റെ വലിപ്പം 1.2 ഹെക്ടറാണ്. ചൈനയില്‍  ഇതിന്റെ പകുതിയില്‍ താഴെ. 1960കളില്‍ ഇന്ത്യയിലും ചൈനയിലും താരതമേ്യന ഒരുപോലെയുള്ള കൃഷിയിടങ്ങളായിരുന്നു. 2010 ആയപ്പോഴെയ്ക്കും ഈ കൃഷിയിടങ്ങളില്‍നിന്നുള്ള വരുമാനം ചൈനയുടെ കാര്യത്തില്‍ ഇന്ത്യയെ അപേക്ഷിച്ച് 2.5, ഇരട്ടിയോളമാണ്. ഇതിനൊരു പ്രധാനകാരണം പൊതുമേഖലയിലുള്ള മൂലധന നിക്ഷേപംതന്നെ.  കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചൈനയില്‍ കാര്‍ഷികരംഗത്തുണ്ടാകുന്ന പൊതുമൂലധനത്തിന്റെ തോത് ശരാശരി 20 ശതമാനത്തിലധികമാണ്.

തൊഴിലുകളും നമുക്ക് ഉത്പാദിപ്പിക്കാം

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.