വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷത്തില്‍ മിഗ് ബൈസണ്‍ വിമാനം പറത്തി ധീര പോരാളി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ; ഭീകരരെ കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് വലിയ മാറ്റങ്ങളെന്ന് വ്യോമസേനാ മേധാവി

Tuesday 8 October 2019 3:02 pm IST

 

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷം ഹിന്‍ഡണ്‍ എയര്‍ ബേസില്‍ വിപുലമായ പരിപാടികളോടെ നടന്നു. വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷത്തില്‍ ധീര പോരാളി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ മിഗ് ബൈസണ്‍ വിമാനം പറത്തി. ബലാക്കോട്ടില്‍ പാകിസ്ഥാനുമായുള്ള വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനത്തെ അതിസാഹസികമായി വെടിവെച്ചിട്ട അഭിനന്ദനുള്‍പ്പെടെയുള്ള സൈനിക സംഘത്തെ വ്യോമസേന ഇന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ഭീകരരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനത്തെ വ്യോമസേനാ വേധാവി അഭിനന്ദിച്ചു.

ഭീകരരെ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാര്‍ നയം ബലാകോട്ടിലെ വ്യോമാക്രമണത്തിലൂടെ തെളിഞ്ഞതാണെന്ന് വ്യോമസേന തലവന്‍ ആര്‍കെഎസ് ബദൗരിയ പറഞ്ഞു. രാജ്യസുരക്ഷയില്‍ വ്യോമാക്രമണത്തിന്റെ തന്ത്രപരമായ പ്രസക്തിയാണ് അവിടെ തെളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുല്‍വാമ ആക്രമണം രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ പൂര്‍ണ്ണമായും വെല്ലുവിളിച്ചാണ് ഭീകരര്‍ നടപ്പിലാക്കിയത്. ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 40 സിആര്‍പിഎഫ് ജവാന്‍മാരെയാണ്. പ്രത്യാക്രമണം എന്ന നിലയിലാണ് ബലാകോട്ടില്‍ ജയ്ഷെ കേന്ദ്രത്തെ വ്യോമസേന ആക്രമിച്ചത്. രാജ്യ സുരക്ഷ നയത്തില്‍ തന്നെ വലിയൊരു മാറ്റമാണ് സര്‍ക്കാര്‍ ഇതിലൂടെ നടപ്പാക്കിയത്. ഭീകരരെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച മാറ്റം ഏറ്റവും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്നോരൊറ്റ തീരുമാനം മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേനാ ദിനത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും എയര്‍ ഷോ പ്രദര്‍ശനം നടത്തി. തേജസ്, അന്റോനോവ് ആന്‍-32 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്ററുകള്‍ എന്നിവ എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. വ്യോമസേനാ ദിനവുമായി ബന്ധപ്പെട്ട് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെഎസ് ബദൗരിയ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോണ്‍ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളെ അഭിസംബോധന ചെയ്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുപ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.