എസ്എഫ്‌ഐ വര്‍ഗ്ഗീയ സംഘടനകളേക്കാള്‍ ഭയാനകം:ധാര്‍മികതയും സദാചാരബോധവും നഷ്ടപ്പെട്ടു ;കലാലയങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് എഐഎസ്എഫ്

Sunday 21 July 2019 10:11 am IST

കൊല്ലം: എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ കൊല്ലം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്.  വര്‍ഗ്ഗിയ സംഘടനകളേക്കാള്‍ ഭയാനകമായ നിലയിലാണ് എസ്എഫ്‌ഐയുടെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം.

ക്യാമ്പസുകളില്‍ എഐഎസ്എഫിനെ മുഖ്യ ശത്രുവായാണ് എസ്എഫ്‌ഐ കാണുന്നതെന്നും കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിലടക്കം എസ്എഫ്‌ഐ നിലപാടുകള്‍ക്കെതിരെ എഐഎസ്എഫ് അതിശക്തമായി രംഗത്തെത്തിയിരുന്നു.

അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്എഫ്ഐയുടേത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ എഐഎസ്എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ കോളേജുകളില്‍ ഭരണം ലഭിച്ചാലും എഐഎസ്എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെയും എഐഎസ്എഫ് രംഗത്തെത്തി. കെ.ടി.ജലീല്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു.  ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങളാണ് നടന്നുവരുന്നത്. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറിമറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ എസ്.എഫ്.ഐ.യെ ഭൂരിപക്ഷം കമ്മിറ്റികളും നിശിതമായി വിമര്‍ശിച്ചു. കൊല്ലം എസ്.എന്‍.കോളേജ് ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിലേതുപോലെ ഇടിമുറികള്‍ പ്രവര്‍ത്തിക്കുകയാണ്.

ധാര്‍മികതയും സദാചാരബോധവും നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്ന എസ്.എഫ്.ഐ ആശയപോരാട്ടംകൊണ്ട് നേരിടാന്‍ കഴിയില്ലെന്നു മനസ്സിലാക്കി ജില്ലയിലുടനീളമുള്ള കലാലയങ്ങളില്‍ അക്രമം അഴിച്ചുവിടുന്നെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.