പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു; ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് എ.കെ. ബാലന്‍

Sunday 26 January 2020 12:25 pm IST

പാലക്കാട് : സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റേത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള നീക്കമാണെന്ന് രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഏ.കെ. ബാലന്‍. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് പ്രമേയം അവതരിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ഈ രൂക്ഷ വിമര്‍ശനം. 

സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയില്‍ എന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ട. പൗരത്വ വിഷയത്തില്‍ പ്രതിപക്ഷം സംസ്ഥാനത്തെ ജനങ്ങളെ മുതലെടുക്കാന്‍ ശ്രമം നടത്തി വരികയാണ്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും എ.കെ.ബാലന്‍ അറിയിച്ചു. 

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുന്നത് ഇത് ആദ്യമല്ല. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

ഗവര്‍ണറും, സര്‍ക്കാരും, സ്പീക്കറും ഭരണഘടനാപരമായ കടമകള്‍ നിര്‍വ്വഹിക്കും. അതില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അത് ചര്‍ച്ച ചെയ്യണം. നിയമസഭ അതിനുള്ള വേദിയായാല്‍ തന്നെ തെറ്റൊന്നുമില്ല . പക്ഷെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം വിഷയത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.