അഖിലേഷ് യാദവിന്റേതുള്‍പ്പെടെ ഒരു ഡസനോളം പ്രമുഖര്‍ക്ക് നല്‍കി വരുന്ന ബ്ലാക്ക് ക്യാറ്റ് സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

Tuesday 23 July 2019 3:31 pm IST

 

ലഖ്നൗ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പടെ ഒരു ഡസനോളം പ്രമുഖര്‍ക്ക് നല്‍കി വരുന്ന ബ്ലാക്ക് ക്യാറ്റ് സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അഖിലേഷിനുള്ളത്. 

കേന്ദ്ര സായുധ പോലീസ് സേനയുടെ കീഴില്‍ സുരക്ഷ നല്‍കി വരുന്ന പ്രമുഖരുടെ പട്ടികയുടെ പുനഃപരിശോധനയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍  അഖിലേഷിന് നല്‍കി വരുന്ന സുരക്ഷ പൂര്‍ണമായും പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ  വിവരം ലഭിച്ചിട്ടില്ല. അതേ സമയം അഖിലേഷിന്റെ പിതാവും സമാജ് വാദി നേതാവുമായ മുലായം സിങ് യാദവിന്  നല്‍കി വരുന്ന സുരക്ഷാസംവിധാനം തുടരും.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഖിലേഷിനെ രാജ്യത്തെ പ്രമുഖരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സുരക്ഷ നല്‍കിയത്. അത്യാധുനിക ആയുധങ്ങളുമായി ദേശീയസുരക്ഷാസേനയിലെ 22 പേരടങ്ങുന്ന സംഘമാണ് അഖിലേഷിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്രം എടുത്തിരിക്കുന്നത്.  

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ്‌സിംഗ് ബാദൽ, അസം മുഖ്യമന്ത്രി സര്‍ബനന്ദ സോനാവാള്‍, ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള , മുന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി തുടങ്ങിയവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർ. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.