മഹാപാരമ്പര്യത്തിലെ ഗുരുകവി

Saturday 30 November 2019 4:54 am IST
"അക്കിത്തത്തിനൊപ്പം എസ്. രമേശന്‍നായര്‍"

ലയാളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവി, ഗുരുകവി ആരെന്നു ചോദിച്ചാല്‍ അത് മഹാകവി അക്കിത്തമാണ്. ഒരു മഹാ പാരമ്പര്യത്തിന്റെ ഒടുവിലത്തെ കണ്ണികൂടിയാണ്. കാരണം മാറ്റങ്ങള്‍ എന്ന പേരില്‍ വരുന്ന ചില വൈകൃതങ്ങള്‍ നമ്മുടെ ഭാഷയെ, സാഹിത്യത്തെ, കവിതയെ ഒക്കെ വല്ലാതെ ശിഥിലീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതിനിടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ദീപഗോപുരമാണ് അക്കിത്തം. 

അദ്ദേഹത്തിന്റെ ജ്ഞാനപീഠ ലബ്ധിയില്‍ എന്റെ സന്തോഷം എന്താണെന്നു വച്ചാല്‍ വ്യക്തിപരമായി എന്റെ ഗുരുകവിയുമാണ് അദ്ദേഹം. 1975 മുതല്‍ 85 വരെ പത്തുവര്‍ഷം തൊട്ടടുത്തിരുന്ന് തൃശൂര്‍ ആകാശവാണിയില്‍ ഞങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. അക്കാലത്ത് അക്കിത്തം എഴുതിയ മുഴുവന്‍ കവിതകള്‍ക്കും പേരിട്ടിട്ടുള്ളത് ഞാനാണ്. കവിത എഴുതിത്തരും രമേശന്‍നായര്‍ ഒരു പേരിടൂ എന്ന് പറയും; അങ്ങനെയായിരുന്നു പതിവ്. 

എന്നോടുള്ള വാത്സല്യം പിന്നെയുമുണ്ട്. അക്കിത്തത്തിന്റെ രചനകളില്‍ ആരും അത്ര കാര്യമായി പരിഗണിക്കാതെ പോയ കവിതാ വിഭാഗമുണ്ട്, കുട്ടിക്കവിതകള്‍. കുട്ടിക്കവിതകള്‍ എന്തുകൊണ്ട്, എന്നു ചോദിച്ചാല്‍, കുഞ്ഞുങ്ങളില്‍നിന്നേ വേണം ഈ സംസ്‌കാരം രൂപപ്പെട്ടുവരാന്‍. മുതിര്‍ന്നവര്‍ക്കുള്ള കവിതകള്‍ കതിരില്‍വളം വയ്ക്കുന്നതുപോലെയാണ്. 

മലയാളത്തില്‍ ഇത്രയധികം കുട്ടിക്കവിതകള്‍ എഴുതിയ മഹാകവി വേറെയില്ല. അക്കിത്തത്തിന്റെ നൂറ്റി ഇരുപതില്‍ പരം കുട്ടിക്കവിതകളുടെ സമാഹാരമുണ്ട്. അതിന് അവതാരിക എഴുതാനായത് എനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ്. അതില്‍ ഞാന്‍ പറയുന്നുണ്ട്, കുട്ടികളെ ഇങ്ങനെ എടുത്ത് കടമ്പില്‍ കയറ്റി വിടുന്ന അക്കിത്തത്തിന്റെ വാത്സല്യമാണ് ആ കവിതകള്‍. ആ വാത്സല്യത്തില്‍ എന്നെയും എടുത്ത് അവതാരികയിലൂടെ ആ കടമ്പിന്റെ കൊമ്പില്‍ കയറ്റി വിടുകയല്ലേ അക്കിത്തം ചെയ്തിരിക്കുന്നത്. 

അദ്ദേഹത്തിന്റെ വലിയൊരു മനസ്സ്, വലിയ മനുഷ്യസ്‌നേഹത്തിന്റെ പാരമ്യം, കൂടെ നില്‍ക്കുന്നവരോടുള്ള പരിഗണന, മറ്റുള്ളവര്‍ക്കായി കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ അത് അവനവന്റെ മനസ്സിലെ സൗരമണ്ഡലമായി മാറുന്ന അനുഭവം. ഇതിലൊക്കെക്കവിഞ്ഞ് എന്താണ് ഒരു കവിക്ക്. അതിന്റെ പരിപൂര്‍ണതയാണ് മഹാകവി അക്കിത്തം. ആ മഹാകവിയുടെ, മഹാപാരമ്പര്യത്തിലെ ഒരു കണ്ണിയായ, ആ ഗുരുകവിയുടെ ശിഷ്യകവിയായ  ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നപോലെ ആനന്ദം മലയാളത്തില്‍ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ, എന്ന് എനിക്ക് സംശയമുണ്ട്. അതനുഭവിക്കാനും വേണം ഒരു അര്‍ഹത. ആ അര്‍ഹത ഏറ്റവും കൂടുതല്‍ ഉള്ളയാളാണ് ഞാന്‍. 

മലയാളത്തിന്റെ മഹത്വം അംഗീകരിക്കപ്പെടുന്നു. ആര്‍ഷമായിട്ടുള്ള ഒരു മഹാ പാരമ്പര്യത്തിന്റെ ഒഴുക്കുവറ്റാത്ത ധാര; അതൊരു ന്യൂനതയൊന്നുമല്ല എന്ന് തെളിയിച്ച കവിയാണ് അക്കിത്തം. അതിപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനശ്വരമാണ് ധര്‍മം, ധര്‍മത്തിന്റെ വഴികള്‍. അതിലൂടെ ഇത്രയും കാലം സഞ്ചരിച്ച കവിയാണ് അക്കിത്തം. അതിന് കിട്ടിയ വലിയൊരു അംഗീകാരമാണ് ഈ ജ്ഞാനപീഠം. അതിലൂടെ മലയാളികള്‍ അംഗീകരിക്കപ്പെട്ടു.

മലയാള ഭാഷ കൂടുതല്‍ ധന്യമാണ്. അതിനെ സ്‌നേഹിക്കണം, വിശ്വസിക്കണം, സ്വാംശീകരിക്കണം. നമ്മുടെ മാതൃഭാഷയെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റണം എന്നൊരു മഹാ സന്ദേശംകൂടി ഈ സമ്മാനത്തിന് പിന്നിലുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.